Saturday, April 19, 2014

ഹൃദയത്തിലേറിയ എഴുത്തുകാരന്‍

ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ നിര്യാണത്തില്‍ കൊളംബിയക്കാരെപ്പോലെതന്നെ നമ്മള്‍ മലയാളികളും ദുഃഖിതരായിരിക്കും. കാരണം മാര്‍ക്വേസ്, നമ്മള്‍ അത്രയധികം ഹൃദയത്തില്‍ ഏറ്റെടുത്ത ഒരെഴുത്തുകാരനാണ്.

ഏകദേശം പതിനഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം അര്‍ബുദ ബാധിതനായിരുന്നു. എന്നാല്‍, ലോകത്തിലെ മുഴുവന്‍ അക്ഷരസ്നേഹികളുടെയും പ്രാര്‍ഥനകളുടെ ഫലമായിട്ടായിരിക്കണം അദ്ദേഹം അതിനെ അതിജീവിച്ചു. അതിനുശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹം മറവിരോഗവും മാനസിക വിഭ്രാന്തികളും കാരണം ദുരിതം അനുഭവിക്കുകയായിരുന്നു.

അറുപതുകള്‍ നമുക്ക് സാര്‍ത്രിന്റെയും കമ്യുവിന്റെയും കാലമായിരുന്നു. അസ്തിത്വവാദത്തിന്റെയും നിരര്‍ഥകതാ വാദത്തിന്റെയും അശാന്തികളില്‍നിന്നു നമ്മെ മോചിപ്പിക്കുന്നതില്‍ മാര്‍ക്വേസിന്റെ കൃതികളും ചിന്തകളും വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിലവിലുള്ളതിനു പകരം വയ്ക്കുവാന്‍ എന്തെങ്കിലും ഒന്നുണ്ടാകുമ്പോഴാണ് സാഹിത്യം മുന്നോട്ടു പോകുന്നത്. നമ്മള്‍ സാര്‍ത്രിനും കമ്യൂവിനും പകരം വയ്ക്കാന്‍ കണ്ടെത്തിയത് മാര്‍ക്വേസിനെയായിരുന്നു.

1982ല്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന അദ്ദേഹത്തിന്റെ നോവലിന് നൊബേല്‍ സമ്മാനം ലഭിച്ചതോടെയാണ് മാര്‍ക്വേസ് നമ്മുടെ ഇടയില്‍ പ്രശസ്തനായത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ള നോവലുകളില്‍ ഒന്നാണിത്. നമ്മുടെ നോവല്‍സങ്കല്‍പ്പങ്ങളെ അതാകെ മാറ്റിമറിച്ചു. മാജിക് റിയലിസം എന്ന അത്ഭുതകരമായ ഒരു രചനാരീതി അദ്ദേഹം വളര്‍ത്തിയെടുത്തു. ലാറ്റിനമേരിക്കയിലെ ക്രൂരരായ ഏകാധിപതികളില്‍നിന്നും വിപ്ലവകാരികളില്‍നിന്നും കൊടുംദാരിദ്ര്യത്തില്‍ നിന്നും ഹിംസയില്‍നിന്നും രൂപംകൊണ്ട ഒന്നായിരുന്നു മാജിക് റിയലിസം. അതിലൂടെ അദ്ദേഹം സമാന്തരമായ ഒരു ലാറ്റിനമേരിക്കന്‍ ലോകം സൃഷ്ടിച്ചു. ദൈവങ്ങളെപ്പോലും അമ്പരപ്പിച്ച ഭാവനയുടെ ഒരു മഹാവിസ്ഫോടനമായിരുന്നു മാജിക് റിയലിസം. ആ ലോകം ലാറ്റിനമേരിക്കയുടേതു മാത്രമല്ല, ലോകത്തിന്റെ മുഴുവനുമായി മാറി. നമ്മള്‍ മലയാളികളുടേതും.

മാര്‍ക്വേസിന്റെ ലോകവീക്ഷണം ഇടതുപക്ഷത്തിന്റേതായിരുന്നു. ചിലിയന്‍ ഏകാധിപതി പിനോഷെയുടെ വലതുപക്ഷ കാഴ്ചപ്പാടുകള്‍ക്കു വിരുദ്ധമായി വികസിച്ചതായിരുന്നു അത്. ഫിദെല്‍ കാസ്ട്രോയുടെ ആത്മസുഹൃത്തായിരുന്നു മാര്‍ക്വേസ്. അവര്‍ ഒന്നിച്ചായിരുന്നു ഡല്‍ഹി സന്ദര്‍ശിച്ചത്. പാവങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന ഓള്‍ഡ് ഡല്‍ഹിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ സൈക്കിള്‍ റിക്ഷയില്‍ കയറി സഞ്ചരിക്കുന്ന മാര്‍ക്വേസിനെക്കുറിച്ച് ഡല്‍ഹിയിലെ പത്രങ്ങള്‍ അന്ന് എഴുതുകയുണ്ടായി. എത്രയോ എഴുത്തുകാര്‍ മരിച്ചിരിക്കുന്നു. വിസ്മൃതിയില്‍ ആണ്ടുപോയിരിക്കുന്നു. അങ്ങനെയായിരിക്കില്ല മാര്‍ക്വേസ്. ധിഷണപരമായി ഉന്നതങ്ങളില്‍ വിഹരിക്കുമ്പോഴും ജനങ്ങളുടെ ഇടയിലായിരുന്നു മാര്‍ക്വേസിന്റെ മനസ്സ്. ബുദ്ധിജീവികളും സാധാരണക്കാരും ഒരേ ആവേശത്തോടെ വായിച്ച എഴുത്തുകാരനായിരുന്നു മാര്‍ക്വേസ്. അതുകൊണ്ടുതന്നെ അദ്ദേഹം അനശ്വരനായിരിക്കും.

*
എം മുകുന്ദന്‍

No comments: