Wednesday, March 12, 2014

തകിടംമറിഞ്ഞ രാഷ്ട്രീയ സമവാക്യങ്ങള്‍

ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി നരേന്ദ്രമോഡി രംഗപ്രവേശം ചെയ്തത് ബിഹാറിലെ പതിവ് രാഷ്ട്രീയസമവാക്യങ്ങളെ കശക്കിയെറിഞ്ഞു. ഇതോടെ ബിഹാര്‍രാഷ്ട്രീയം കലങ്ങിമറിയുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയകക്ഷി ബന്ധങ്ങളാണ് "വിഹാരങ്ങളുടെ നാട്ടി"ലുള്ളത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപിയുമായുള്ള 16 വര്‍ഷത്തെ സഖ്യം ഉപേക്ഷിച്ച് നിതീഷ്കുമാറിന്റെ ഐക്യജനതാദള്‍ പുറത്തുവന്നു. നിതീഷ്കുമാറിന്റെ ഈ നടപടിയെ ഇരു കമ്യൂണിസ്റ്റ് പാര്‍ടികളും സ്വാഗതം ചെയ്തു. നിതീഷ്കുമാറാകട്ടെ ഇടതുപക്ഷം ദേശീയതലത്തില്‍ കെട്ടിപ്പടുത്ത 11 രാഷ്ട്രീയ പാര്‍ടികളുടെ കൂട്ടുകെട്ടിന്റെ ഭാഗമാകുകയും ചെയ്തു. നിതീഷ്കുമാറിന്റെ ഈ ചടുല രാഷ്ട്രീയനീക്കങ്ങള്‍ ബിജെപിയെ ഏറെ അസ്വസ്ഥമാക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ ഐക്യജനതാദളിന് 20 സീറ്റും ഒപ്പംനിന്ന ബിജെപിക്ക് 12 സീറ്റും ലഭിച്ചു. കഴിഞ്ഞതവണത്തെ സീറ്റെങ്കിലും നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. സവര്‍ണവോട്ടും യാദവേതര പിന്നോക്കസമുദായങ്ങളും ദളിതരും ഉള്‍പ്പെട്ട 32 ശതമാനം വരുന്ന മഹാദളിത് കൂട്ടുകെട്ടുമാണ് നിതീഷിന്റെ വിജയരഹസ്യം. ബിജെപി ബന്ധം വിച്ഛേദിച്ചതോടെ സവര്‍ണവോട്ട് നിതീഷിന് നഷ്ടപ്പെടും. എന്നാല്‍, ഇതുവഴി ന്യൂനപക്ഷവോട്ട് വര്‍ധിച്ചതോതില്‍ ലഭിക്കുമെന്നും കരുതുന്നു. ഇത് ഉറപ്പിക്കാനാണ് ഇടതുമതേതര കൂട്ടുകെട്ടിനൊപ്പം നിതീഷ് ചേര്‍ന്നത്. ഇടതുപക്ഷത്തിന്റെ മതേതരനിലപാടില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള വര്‍ധിച്ച വിശ്വാസമാണ് ഇതിനു കാരണം. ബിഹാറിന്റെ "ലെനിന്‍ഗ്രാഡ്" എന്നറിയപ്പെടുന്ന ബെഗുസറായി സീറ്റും ബങ്ക സീറ്റും ഐക്യജനതാദള്‍ സിപിഐക്ക് നല്‍കി. സിപിഐ എമ്മാകട്ടെ മൂന്നു സീറ്റില്‍ തനിച്ചുമത്സരിക്കുന്നു. ജജന്‍പൂരില്‍നിന്നുള്ള മുന്‍ എംപി ദേവേന്ദ്രപ്രസാദ്യാദവും എന്‍ കെ സിങ്ങും ആര്‍ജെഡി എംഎല്‍സി ഗുലാംഗൗസും ഉള്‍പ്പെടെയുള്ളവര്‍ ഐക്യജനതാദളില്‍ എത്തിയത് നിതീഷിന് കരുത്തേകും. നിതീഷ്കുമാറിനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്ന വാശിയിലാണ് ബിജെപി. മറ്റു പിന്നോക്കസമുദായത്തില്‍പ്പെട്ട കൊയേരി നേതാവായ ഉപേന്ദ്രകുശ്വാഹയുടെ ലോക് സമതാ പാര്‍ടിയെ ബിജെപി എന്‍ഡിഎയില്‍ എടുത്തത് നിതീഷ്കുമാറിന്റെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാനാണ്. അവര്‍ക്ക് മൂന്നു സീറ്റ് നല്‍കുമെന്നും പ്രഖ്യാപിച്ചു.

സീറ്റ് നല്‍കിയിട്ടില്ലെങ്കിലും കുശ്വാഹ എന്‍ഡിഎയുടെ ഭാഗമായി. അതോടൊപ്പം ബിഹാറിലെ അവസരവാദരാഷ്ട്രീയത്തിന്റെ മുഖമായ രാംവിലാസ്പസ്വാന്റെ ലോക്ജനശക്തി പാര്‍ടിയും എന്‍ഡിഎയുടെ ഭാഗമായി. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ പ്രതിഷേധിച്ച് വാജ്പേയി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച പസ്വാനാണ് വംശഹത്യക്ക് നേതൃത്വം നല്‍കിയ മോഡിക്ക് പിന്തുണ നല്‍കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്കൊപ്പം 12 സീറ്റില്‍ മത്സരിച്ച എല്‍ജെപിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. ഹാജിപ്പൂരില്‍ ദയനീയതോല്‍വിയും പസ്വാന്‍ ഏറ്റുവാങ്ങി. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ ഒരു സീറ്റാണ് ലഭിച്ചത്. ഇക്കുറി എല്‍ജെപി മത്സരിക്കുന്നത് ഏഴു സീറ്റില്‍ മാത്രം. ഒന്നില്‍ പസ്വാനും മറ്റൊന്നില്‍ സഹോദരനും മറ്റൊന്നില്‍ മകനും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിച്ചുനിന്ന കോണ്‍ഗ്രസ് ഇക്കുറി ആര്‍ജെഡിയുമായി സഖ്യം സ്ഥാപിച്ചതാണ് മറ്റൊരു മലക്കംമറിച്ചില്‍. അഴിമതിക്കാരനായ ലാലുവുമായി ചങ്ങാത്തം വേണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍തീരുമാനം. കഴിഞ്ഞ ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തനിച്ചുമത്സരിച്ച കോണ്‍ഗ്രസ് ലോക്സഭയില്‍ രണ്ടും നിയമസഭയില്‍ നാലും സീറ്റില്‍ ഒതുങ്ങി. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു ശിക്ഷിക്കപ്പെട്ടപ്പോഴാണ് കോണ്‍ഗ്രസ് അദ്ദേഹത്തോട് കൈകോര്‍ത്തത്. സീറ്റ് ധാരണയനുസരിച്ച് ആര്‍ജെഡി 27 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മത്സരിക്കും.

എന്‍സിപിക്ക് ഒരു സീറ്റ് നല്‍കി. അതിനിടെ, ആര്‍ജെഡി സ്ഥാനാര്‍ഥിപ്പട്ടിക കലാപത്തിന് വഴിവച്ചു. ലാലുവിന്റെ മക്കള്‍ രാഷ്ട്രീയമാണ് പൊട്ടിത്തെറിക്ക് കാരണമായത്. പാടലിപുത്രം സീറ്റ് മകള്‍ മിസഭാരതിക്ക് നല്‍കിയത് ലാലുവിന്റെ വലംകൈ രാംകൃപാല്‍യാദവിനെ ചൊടിപ്പിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം ബിജെപി ടിക്കറ്റില്‍ മിസഭാരതിക്കെതിരെ മത്സരിക്കുമെന്നുറപ്പായി. ഭാര്യ റാബ്റിദേവി ലാലുവിന്റെ സ്ഥിരം മണ്ഡലമായ സരനിലും (പഴയ ചപ്ര) മത്സരിക്കുന്നു. സിപിഐ എം നേതാവ് അജിത്സര്‍ക്കാരിനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പപ്പുയാദവിനും ലാലു സീറ്റ് നല്‍കി. മധേപുരയില്‍ ഐക്യജനതാദള്‍ പ്രസിഡന്റ് ശരദ്യാദവിനെതിരെയാണ് പപ്പുയാദവ് മത്സരിക്കുന്നത്. പപ്പുയാദവിന്റെ ഭാര്യ രഞ്ജന്‍യാദവ് സുപോളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. മുന്‍ കേരളഗവര്‍ണര്‍ നിഖില്‍കുമാര്‍ ഔറംഗാബാദിലും സ്പീക്കര്‍ മീരാകുമാര്‍ സസാരത്തിലും മത്സരിക്കും.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി

No comments: