Monday, January 20, 2014

പണമില്ല; പാവങ്ങള്‍ക്ക് നല്‍കാന്‍

സബ്സിഡി നല്‍കാന്‍ പണമില്ലെന്ന സര്‍ക്കാരിന്റെ കള്ളപ്രചാരണം നല്ല വോള്‍ട്ടേജില്‍ നടക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ അനേകം ദരിദ്രര്‍ കഴിയുന്നിടത്ത് സബ്സിഡി സമ്പ്രദായം അത്യന്താപേക്ഷിതമാണ്. ദരിദ്രര്‍ക്കുള്ള സബ്സിഡി ഇല്ലാതാക്കലല്ല, സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കലാണ് പരിഹാരമാര്‍ഗം. എന്നാല്‍, നടക്കുന്നത് തീര്‍ത്തും അനഭിലഷണീയമായ കാര്യങ്ങളാണ്. നാടിന്റെ സമ്പത്തായ കല്‍ക്കരിപ്പാടം വിറ്റ വകയില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ട 1,86,000 കോടി രൂപ നഷ്ടമായി. സ്പെക്ട്രം കച്ചവടത്തില്‍ സര്‍ക്കാരിന്റെ വരുമാനനഷ്ടം 1,76,000 കോടി രൂപ. 2012-13 സാമ്പത്തികവര്‍ഷംമാത്രം ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് അനുവദിച്ച നികുതിയിളവ് 5,33,582 കോടി രൂപയാണെന്ന് ബജറ്റ് രേഖ പറയുന്നു. ഇങ്ങനെ ടണ്‍കണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെടുത്തിയശേഷമാണ് സര്‍ക്കാര്‍ പണമില്ലെന്ന വ്യാജപ്രചാരണം നടത്തുന്നത്.

സബ്സിഡി ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നുവെന്ന ആക്ഷേപത്തിന് അറുതിവരുത്താനാണല്ലോ ആധാര്‍സംവിധാനവും ബാങ്ക് അക്കൗണ്ട് ലിങ്കേജുമൊക്കെ കൊണ്ടുവന്നത്! പക്ഷേ, കല്‍ക്കരിപ്പാടവും സ്പെക്ട്രവും ആയുധക്കച്ചവടവും കോര്‍പറേറ്റ് സൗജന്യവുമൊക്കെ അനര്‍ഹര്‍ കൈക്കലാക്കുന്നത് തടയാന്‍ ഒരു സംവിധാനവുമില്ല. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് സബ്സിഡി കൊടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആധാറും ബാങ്ക് അക്കൗണ്ടുമൊക്കെ എത്രയോ അസംബന്ധമാണ്! ഇന്ത്യയിലെ ആറുലക്ഷംവരുന്ന ഗ്രാമങ്ങളിലെ ആദിവാസിക്കും ദളിതനും ദരിദ്രനുമൊക്കെയാണല്ലോ സബ്സിഡി കൊടുക്കേണ്ടത്. ആ പ്രദേശങ്ങളില്‍ ബാങ്ക് ശാഖ പോയിട്ട് ഒരു നടപ്പാതപോലുമില്ല. അപ്പോള്‍ ആധാറും ബാങ്ക് അക്കൗണ്ടും സബ്സിഡിയും ഈ നിരക്ഷരരായ ദരിദ്രര്‍ക്ക് എങ്ങനെ ലഭ്യമാകും? ചേരികളില്‍ മേല്‍വിലാസംപോലുമില്ലാതെ കഴിയുന്ന ദരിദ്രര്‍ പട്ടണങ്ങളില്‍ വന്ന് ബാങ്ക് അക്കൗണ്ട് തുടങ്ങി, ആധാര്‍ എടുത്ത്, അതിനെ ബാങ്ക് അക്കൗണ്ടില്‍ ബന്ധിപ്പിക്കണമെന്നതാണല്ലോ നടപടിക്രമം. മാത്രമല്ല, ഇവര്‍ കമ്പോളവിലയ്ക്ക് ആദ്യം അരിയും മണ്ണെണ്ണയും ഗ്യാസും വാങ്ങി പിന്നീട് സബ്സിഡി തുക ബാങ്കില്‍ ചെന്ന് ചെക്ക് എഴുതി വാങ്ങണമെന്നാണ് നിര്‍ദേശം. 86 കോടി ജനങ്ങളുടെ ദിവസവരുമാനം 20 രൂപയില്‍ താഴെയാണെന്ന സര്‍ക്കാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ദരിദ്രരായ ഇവര്‍ എല്ലാ ഉല്‍പ്പന്നങ്ങളും കമ്പോളവിലയ്ക്ക് വാങ്ങി പിന്നീട് സബ്സിഡി തുക ബാങ്കില്‍ പോയി വാങ്ങണമെന്ന തുഗ്ലക്ക് പരിഷ്കാരം എത്രയോ അസംബന്ധവും അബദ്ധജഡിലവുമാണ്. സുപ്രീംകോടതി വിലക്കിയ ആധാര്‍കാര്‍ഡാണ് ഒഴിച്ചുകൂടാനാകാത്ത അടിസ്ഥാനരേഖയാക്കുന്നത് എന്നത് മറ്റൊരുകാര്യം.

കമ്പോളാധിഷ്ഠിത സമൂഹനിര്‍മാണമെന്ന മുതലാളിത്തലക്ഷ്യമാണ് നടപ്പാക്കുന്നത്. കഴുത്തറപ്പന്‍ കമ്പോളവ്യവസ്ഥയ്ക്കുമുമ്പില്‍ അച്ഛനും അമ്മയുമെന്ന പരിഗണനപോലുമില്ല. വികലാംഗര്‍, ദരിദ്രര്‍, രോഗി, ആദിവാസി എന്നൊക്കെയുള്ള സവിശേഷതകളും അതിന്റെ അജന്‍ഡയിലില്ല. ഒരുകിലോ അരിക്ക് 40 രൂപ, ഗ്യാസിന് 1300 രൂപ, പെട്രോളിന് 80 രൂപ, ഡോളറിന് 70 രൂപ, ഒരു യൂണിറ്റ് വിദ്യാഭ്യാസത്തിന് അഞ്ചുലക്ഷം രൂപ, ചികിത്സയ്ക്ക് രണ്ടുലക്ഷം രൂപ എന്നിങ്ങനെയുള്ള വിലകള്‍ കമ്പോളനിയമപ്രകാരം നിശ്ചയിക്കും. പൈസയുള്ളവന് വാങ്ങാം, ആസ്വദിക്കാം. അല്ലാത്തവന് കമ്പോളമത്സരത്തിനിടയില്‍ ചതഞ്ഞരഞ്ഞ് മരണംവരിക്കാം. അങ്ങനെയാണല്ലോ മൂന്നുലക്ഷം കര്‍ഷകരെ ആത്മഹത്യ ചെയ്യിപ്പിച്ചത്.

കമ്പോളത്തെ ഭൂമിയിലെ രാജാവായി വാഴിച്ച സര്‍ക്കാരിന് പതിതരായ ജനങ്ങളോട് പ്രതിപത്തിയുണ്ടാകില്ലെന്ന് തീര്‍ച്ച. അതുകൊണ്ടാണ് പാവങ്ങള്‍ക്കുള്ള സബ്സിഡി നിര്‍ത്തലാക്കിയെന്ന് പ്രഖ്യാപിക്കാതെ, പ്രായോഗികമായി അത് നിഷേധിക്കാനുള്ള ആധാര്‍- ബാങ്ക് അക്കൗണ്ട്- ലിങ്കേജ് തുടങ്ങിയ ചിട്ടവട്ടങ്ങള്‍ ആവിഷ്കരിക്കുന്നത്. നിരാലംബരായ ഇന്ത്യന്‍ ജനതയ്ക്ക് പുതിയ നടപടിക്രമങ്ങളിലൂടെ സബ്സിഡി ലഭിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പത്തില്‍, ഒട്ടകത്തിന് സൂചിക്കുഴലിലൂടെ യാത്രചെയ്യാനാകും. ഈ കാര്യത്തില്‍ സര്‍ക്കാരിന് വേറെയും ദുഷ്ടലാക്കുകളുണ്ട്. ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ ലഭ്യമാകുന്ന സബ്സിഡി 600 രൂപയെന്ന് കരുതുക. ധനകമ്മി, ചെലവുചുരുക്കല്‍, പ്രത്യുല്‍പ്പാദനപരമല്ലാത്ത ഇനം എന്നൊക്കെ പ്രതിപാദിച്ച് സബ്സിഡി തുക മുന്നൂറായി കുറയ്ക്കാന്‍ നിമിഷനേരം മതി. സബ്സിഡി വാങ്ങാന്‍ വരുന്ന ഉപഭോക്താവ് തുക കുറഞ്ഞതിന്റെ മുഴുവന്‍ രോഷവും ശകാരവും ബാങ്ക് കൗണ്ടറിലിരിക്കുന്നവരില്‍ ചൊരിഞ്ഞ് നിരാശയോടെ മടങ്ങും. സബ്സിഡി കുറയുമ്പോഴും ക്ഷേമപെന്‍ഷന്‍ കിട്ടാതാകുമ്പോഴും നിരവധി അപ്രിയമുഹൂര്‍ത്തങ്ങളാണ് ഇത്തരത്തില്‍ സമൂഹത്തില്‍ സംജാതമാകാന്‍ പോകുന്നത്. പാവപ്പെട്ട മനുഷ്യരും ബാങ്ക് ഉദ്യോഗസ്ഥരും തമ്മില്‍ അനാവശ്യ ശണ്ഠയും തര്‍ക്കവും ഉടലെടുക്കുമെന്നത് സ്വാഭാവികം. ആട്ടിന്‍കുട്ടികളെ തമ്മിലടിപ്പിച്ച് ചോര ഊറ്റിക്കുടിക്കുന്ന ചെന്നായയുടെ ചിത്രമാണ് ഭരണാധികാരികളുടെ പ്രവൃത്തികളില്‍ നിഴലിക്കുന്നത്.

ഇങ്ങനെ ഗതിയില്ലാതെവരുന്ന സാധാരണജനങ്ങള്‍ സഹികെട്ട് ചിലപ്പോള്‍ വാവിട്ടുകരയും. അതിനെ സമരമെന്ന് വിളിക്കും. മോഹത്തിനും വിനോദത്തിനും നിര്‍വഹിക്കപ്പെടുന്ന ഒന്നല്ല കരച്ചിലും സമരങ്ങളും. പക്ഷേ, മനുഷ്യര്‍ക്ക് ജീവിതമുഖത്തുവച്ച് ക്രൂരമായ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ നടത്തുന്ന കരച്ചിലുകളെയും സമരങ്ങളെയും അവഹേളിക്കുന്നതാണ് ഇന്നത്തെ കാലം. എത്രയൊക്കെ അടികൊണ്ടാലും വേദനകൊണ്ട് പുളഞ്ഞാലും അതൊക്കെ സഹിച്ച് നിശബ്ദരായി കഴിയണമെന്നതാണ് സമരവിരോധത്തിന്റെ മറുഭാഷ്യം. ജനങ്ങള്‍ മാറത്തടിച്ച് നിലവിളിക്കുന്നതിന്റെ ഒച്ചയും ഒത്തുചേരലും മാന്യന്മാരായി കഴിയുന്നവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സവും അലോസരവും ഉണ്ടാക്കുന്നുവത്രേ! അതുകൊണ്ടാണ് പാതയോരങ്ങളിലെല്ലാം സമരം നിരോധിച്ചിരിക്കുന്നു എന്നവിധമുള്ള ഉത്തരവുകള്‍, നിയമങ്ങള്‍, എഡിറ്റോറിയല്‍ ഉദ്ബോധനങ്ങള്‍, കപട ഉപവാസങ്ങള്‍ എന്നിവ സമൃദ്ധമായി പ്രത്യക്ഷപ്പെടുന്നത്. കരയുന്നവരെ എതിര്‍ക്കാനും കളിയാക്കാനുമായി ഒട്ടേറെ സമ്മാനപദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്.

സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനപരമായ ചില സംഗതികളും ഈ വിഷയത്തില്‍ അന്തര്‍ലീനമായിട്ടുണ്ട്. വര്‍ഗാടിസ്ഥാനത്തില്‍ വിഭജിതമായ ചൂഷണ സാമൂഹ്യവ്യവസ്ഥയിന്‍കീഴില്‍ സമരവും പ്രതിഷേധവും നടത്താതെ എന്തെങ്കിലും നേട്ടം കൈവരിക്കാനാകില്ലെന്നതാണ് വസ്തുത. നമ്മുടെ സമൂഹം ആര്‍ജിച്ച പുരോഗതിയുടെയെല്ലാം അടിസ്ഥാനം ആരെങ്കിലുമൊക്കെ നടത്തിയ ത്യാഗപ്രവൃത്തിയോ സമരമോ ആണ്. സമരമെന്നത് വിത്തുധാന്യമാണ്. വിതയ്ക്കുന്നവര്‍ക്കല്ല, പിറകെ വരുന്നവര്‍ക്കാണ് പ്രയോജനം. അഥവാ ഒരു സമരരഹിത കാലയളവ് രൂപപ്പെടുന്നതിന്റെ പിഴ ഏറ്റുവാങ്ങേണ്ടി വരിക തൊട്ടുപിറകെ വരുന്ന ജനതയാണ്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ സാമൂഹ്യതകര്‍ച്ചയുടെയും അരാജകാവസ്ഥയുടെയും തൊട്ടുമുമ്പുള്ള ഇടവേളയാണ് സമരരഹിതകാലം. ബ്രിട്ടീഷുകാരെ ആട്ടിയോടിക്കാന്‍ വൈവിധ്യങ്ങളായ നിരവധി ദീര്‍ഘകാലസമരങ്ങള്‍ ഇന്ത്യന്‍ ജനത ഏറ്റെടുക്കുകയുണ്ടായി. ഓരോദിവസത്തെയും സമരത്തിനവസാനം, ഇന്ന് എന്തുനേടിയെന്ന് ചോദിക്കാന്‍ അന്നും ധാരാളം കുബുദ്ധികള്‍ ഉണ്ടായിരുന്നിരിക്കണം. ജന്മിത്വം ഇല്ലാതാക്കാനും ക്ഷേത്രത്തില്‍ കയറി തൊഴാനുള്ള അവകാശത്തിനും വിദ്യാഭ്യാസം ലഭ്യമാക്കാനും സമരം വേണ്ടിവന്നു എന്നത് ചരിത്രമാണ്. പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയില്‍ മനുഷ്യര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച "നീതി"യെ എതിര്‍ത്തുതോല്‍പ്പിച്ചത് തീക്ഷ്ണമായ സമരങ്ങളിലൂടെയാണ്. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അനുവാദം കിട്ടിയതും വഴിമുടക്കി സമരം നടത്തിയാണ്. അതതുകാലത്തെ സമരങ്ങളെ എതിര്‍ക്കാനും അടിച്ചമര്‍ത്താനും എല്ലായിടത്തും ഒരു മുതലാളിവര്‍ഗം നിലയുറപ്പിക്കാറുണ്ട്. ഇന്നും ആ ദൗത്യം തുടരുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മുതലാളിവര്‍ഗത്തിനുപുറമേ സമരവിരുദ്ധതയുടെ ഒടിയന്‍വേഷവുമായി മറ്റു ചിലര്‍കൂടി രംഗത്തെത്തുന്നു എന്നതാണ് ഇന്നിന്റെ സവിശേഷത.

*
ടി നരേന്ദ്രന്‍ ദേശാഭിമാനി

No comments: