Wednesday, January 15, 2014

ഇന്നാരംഭിക്കുന്നത് ജനങ്ങളുടെ സമരം

കേരളത്തിലെ 140 അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ ഇന്നാരംഭിക്കുന്ന നിരാഹാരസമരം അക്ഷരാര്‍ഥത്തില്‍ ജനങ്ങളുടെ സമരമാണ്. അമിതവും അനിയന്ത്രിതവുമായി അടിക്കടി പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതിനെതിരായ നിരാഹാരസമരമാണ് 1400 കേന്ദ്രങ്ങളില്‍ ഇന്നാരംഭിക്കുന്നത്. പാചകവാതകത്തിന്റെ മാത്രമല്ല എല്ലാ നിത്യോപയോഗവസ്തുക്കളുടെയും വില അനുദിനം കുതിച്ചുയരുകയാണ്. വിലക്കയറ്റത്തില്‍ ഒന്നും ചെയ്യാനില്ലെന്ന മട്ടില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നിസ്സംഗതയോടെ പകച്ചുനില്‍ക്കുന്നു. ജനസമ്പര്‍ക്ക പരിപാടിയെന്ന ചെപ്പടിവിദ്യകൊണ്ട് മറവിയിലേക്ക് തള്ളിനീക്കാന്‍ പറ്റുന്ന വിഷയമല്ല ഇത്. തികച്ചും ന്യായമായ സമരത്തെ രാഷ്ട്രീയ മുദ്രകുത്തി അവഗണിക്കാമെന്നും ആരും കരുതേണ്ടതില്ല. അതിശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നില്ലെങ്കില്‍ ജനങ്ങള്‍ നിസ്സഹായതയിലും നിരാശയിലും ആണ്ടുപോകാനിടവരുമെന്നത് തീര്‍ച്ചയാണ്. വിലവര്‍ധന തടയാന്‍ അതിശക്തമായ പ്രതിരോധസമരത്തിന് കഴിയും. ജനങ്ങളുടെ ന്യായമായ സമരങ്ങള്‍ക്കുമുമ്പില്‍ മുട്ടുമടക്കാതിരിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അങ്ങനെ ചെയ്തില്ലെങ്കില്‍ ഈ സര്‍ക്കാരിനെ അനതിവിദൂര ഭാവിയില്‍ അധികാരത്തില്‍നിന്ന് പിടിച്ചിറക്കാനും ജനങ്ങള്‍ സന്നദ്ധരാകും.

ആഗോളപ്രതിഭാസമാണെന്ന പതിവ് പല്ലവികൊണ്ട് രക്ഷപ്പെടാന്‍ കഴിയുന്നതല്ല വിലക്കയറ്റത്തിന്റെ പ്രശ്നം. ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില 3.5 ശതമാനം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് വില നിരന്തരം കുതിച്ചുയരുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, വളം, പാചകവാതകം തുടങ്ങിയ അവശ്യവസ്തുക്കള്‍ക്കനുവദിച്ച സബ്സിഡി കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നുവച്ചതാണ് വിലക്കയറ്റത്തില്‍നിന്ന് തെല്ലെങ്കിലും ആശ്വാസം ലഭിക്കാന്‍ മാര്‍ഗമില്ലാതാക്കിയത്. സബ്സിഡി വേണ്ടെന്നുവച്ചത് ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായാണ്. നിത്യോപയോഗവസ്തുക്കള്‍ ഉള്‍പ്പെടെ സകല സാധനങ്ങളുടെയും വില കമ്പോളത്തില്‍ നിശ്ചയിക്കണമെന്നതാണ് ആഗോളവല്‍ക്കരണനയം. സാധനങ്ങളുടെ ലഭ്യത കുറയുകയും ആവശ്യം കൂടുകയും ചെയ്യുന്നതനുസരിച്ച് കമ്പോളത്തില്‍ വില സ്വാഭാവികമായും വര്‍ധിക്കും. സ്വാഭാവികമായി വില വര്‍ധിക്കുന്നത് തടയാനുള്ള ബാധ്യത സര്‍ക്കാരിനില്ല എന്നതാണ് സാമ്പത്തികനയം. സബ്സിഡിയായി ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം ആവശ്യമില്ലാത്തതാണെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അതാണ് കമ്പോള സമ്പദ്വ്യവസ്ഥ (മാര്‍ക്കറ്റ് ഇക്കോണമി) എന്നു പറയുന്നത്. സബ്സിഡി നല്‍കി വിലക്കയറ്റത്തില്‍ നിന്നാശ്വാസം നല്‍കുന്നത് അനാവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. ഈ നയം മാറ്റുന്നില്ലെങ്കില്‍ സര്‍ക്കാരിനെത്തന്നെ മാറ്റുകയെന്നതാണ് ജനങ്ങളുടെ മുമ്പിലുള്ള പോംവഴി.

ജനങ്ങളെയാണെങ്കില്‍ എപിഎല്‍ എന്നും ബിപിഎല്‍ എന്നും വേര്‍തിരിച്ച് രണ്ടുതട്ടില്‍ നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സബ്സിഡി നല്‍കുന്നതിനാകട്ടെ ആധാര്‍ നിര്‍ബന്ധമാണെന്ന നില വരുത്തി. ആധാര്‍ മാത്രം പോരാ ബാങ്ക് അക്കൗണ്ടും വേണം. വര്‍ധിച്ച വില ആദ്യം ഉപയോക്താവ് നല്‍കണം. പിന്നീട് സബ്സിഡിയായി അനുവദിച്ച തുക ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും. ഇത് ആകര്‍ഷകമായ ഒരു നയമായി ചിത്രീകരിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ഫലത്തില്‍ സബ്സിഡി നിഷേധിക്കുന്ന നടപടിയായാണ് മാറിയത്. ആധാര്‍ സബ്സിഡിയുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയപരിധി നിര്‍ണയിച്ചു. സമയപരിധി അവസാനിച്ചതോടെ ഉപയോക്താക്കള്‍ വിഷമത്തിലായി. ബഹുഭൂരിപക്ഷം പേര്‍ക്കും ആധാര്‍ ലഭിച്ചിട്ടില്ല. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് ജനങ്ങള്‍ക്കുവേണ്ടി പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ സുപ്രീംകോടതിയില്‍വന്ന കേസിന് സത്യവാങ്മൂലം നല്‍കാന്‍പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിയുന്നില്ല. കോണ്‍ഗ്രസും യുഡിഎഫും പല തട്ടിലാണ്. മന്ത്രിസഭ അറിയാതെ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സര്‍ക്കാരിനുവേണ്ടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറായെന്നു പറയുന്നു. വിവരസാങ്കേതികവിദ്യ കൈകാര്യംചെയ്യുന്ന മന്ത്രി, മന്ത്രിസഭായോഗം ചേര്‍ന്ന് ഏകീകരിച്ച അഭിപ്രായമുണ്ടാക്കി തീരുമാനമെടുത്തതിന് ശേഷമേ സര്‍ക്കാരിനുവേണ്ടി സത്യവാങ്മൂലം നല്‍കാവൂ എന്ന നിലപാടെടുത്തു. അതിനിടയ്ക്കാണ് പാചകവാതകത്തിന്റെ വില വീണ്ടും വീണ്ടും വര്‍ധിപ്പിക്കാനുള്ള തീരുമാനം.

പാചകവാതകത്തിന് ഒരു സിലിണ്ടറിന് 250 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 1301 രൂപയായി. വാണിജ്യാവശ്യത്തിനുള്ളതിന് 385.9 രൂപ വര്‍ധിപ്പിച്ചു. അതിന് 2000 രൂപ കൊടുക്കേണ്ട നിലയായി. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും കൂടി. ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയെന്ന മട്ടില്‍ പാചകവാതകത്തിന് വീണ്ടും 100 രൂപ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയും കൂട്ടി. എല്ലാ മാസവും ഡീസലിന് 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ മുമ്പുതന്നെ തീരുമാനിച്ചതാണ്. വീണ്ടും ഡീസലിന് രണ്ടുരൂപ വര്‍ധിപ്പിക്കുമെന്നാണ് തീരുമാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനങ്ങളോടുള്ള ഈ വെല്ലുവിളി കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയുകയില്ല. ഉത്തരവാദിത്തബോധമുള്ള ഒരു രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍ പാചകവാതകവില വര്‍ധന ഉള്‍പ്പെടെയുള്ള വിലക്കയറ്റത്തിനെതിരെ അതിശക്തമായ ബഹുജനസമരം കെട്ടഴിച്ചുവിടാന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ഇന്നുമുതല്‍ 1400 കേന്ദ്രങ്ങളില്‍ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും നിരാഹാരസമരം ആരംഭിക്കും. പതിനായിരക്കണക്കിന് ജനങ്ങള്‍ ആബാലവൃദ്ധം ഈ സമരകേന്ദ്രങ്ങളിലെത്തി സമരത്തില്‍ പങ്കാളികളാകും. വീട്ടമ്മമാര്‍ സമരകേന്ദ്രങ്ങളിലെത്തി സമരത്തില്‍ പങ്കെടുക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യും. ഈ ജനകീയസമരത്തില്‍ പങ്കെടുക്കാന്‍ എല്ലാവിഭാഗം ജനങ്ങളും കക്ഷിഭേദമെന്യേ തയ്യാറാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: