Monday, January 13, 2014

കോര്‍പറേറ്റുകള്‍ക്കുവേണ്ടി

2009ല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന കാലത്ത് വെറും 279 രൂപയായിരുന്നു ഡല്‍ഹിയില്‍ സിലിണ്ടറൊന്നിന് പാചകവാതകത്തിന്റെ വില. 1989ല്‍ അത് 57 രൂപയും. 57 രൂപയില്‍ നിന്ന് 279 ല്‍ എത്താന്‍ വേണ്ടിവന്നത് ഇരുപതു വര്‍ഷം. അതേ പാചകവാതകത്തിന് ഇന്ന് വില 1290 രൂപ. സബ്സിഡി കിട്ടിയാല്‍ കിട്ടിയെന്നു പറയാം. പാചകവാതക സിലിണ്ടര്‍ വേണമെങ്കില്‍ രൊക്കം 1290 രൂപ നല്‍കിയേ തീരൂ. വെറും അഞ്ചു കൊല്ലത്തിനുള്ളില്‍ വന്ന മാറ്റമാണിത്.

വിലക്കയറ്റത്തിന്റെ രൂക്ഷത വരച്ചിടാന്‍ ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. 2009 തുടങ്ങുമ്പോള്‍ 40 രൂപയായിരുന്ന പെട്രോളിന് ഇന്ന് 73 രൂപയാണ്. നാലു വര്‍ഷത്തിനുളളില്‍ 33 രൂപയുടെ വര്‍ധന. 1989ല്‍ 8.50 രൂപയായിരുന്ന പെട്രോള്‍വില 20 വര്‍ഷം കൊണ്ടാണ് 40 ല്‍ എത്തിയത്. ഇരട്ടിയിലേക്കു പറക്കാന്‍ വെറും അഞ്ചുവര്‍ഷം.

നമ്മുടെ അക്കൗണ്ടിലേക്ക് പിന്നീട് ഇടുന്ന സബ്സിഡി കിഴിച്ചാല്‍ ഗാര്‍ഹിക പാചകവാതകത്തിന് വിലവര്‍ധനയില്ല എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍പ്പിന്നെ ആ കുറഞ്ഞ വിലയ്ക്ക് തുടക്കത്തില്‍ത്തന്നെ ഗ്യാസ് നല്‍കിയാല്‍ പോരേ. 445 രൂപ കിഴിച്ചു ബാക്കി രൂപ പലിശയൊന്നുമില്ലാതെ എണ്ണക്കമ്പനികളുടെ പോക്കറ്റില്‍ ഇടണോ? ഇതിന്റെ ലക്ഷ്യം മറ്റൊന്നല്ല. ഭാവിയില്‍ ഇനിയും വില വര്‍ധിപ്പിക്കും. പക്ഷേ, സബ്സിഡി കൂടില്ല. സബ്സിഡി മാസങ്ങള്‍ കഴിഞ്ഞു കിട്ടുന്ന ഒന്നായതുകൊണ്ട് തങ്ങള്‍ കബളിപ്പിക്കപ്പെടുന്ന വിവരം ഉപഭോക്താക്കള്‍ അറിയില്ല. ഇപ്പോള്‍ ഡീസലിന് മാസം 50 പൈസ കൂട്ടുന്ന അതേ അടവ്.

സിലിണ്ടറിന്റെ എണ്ണം കൂട്ടില്ലെന്നു ശഠിച്ച മൊയ്ലി ഇപ്പോഴതു 12 ആക്കുന്ന കാര്യം പരിഗണിക്കാമെന്നു പറഞ്ഞുതുടങ്ങി. പക്ഷേ, ഒരു സിലിണ്ടറേ ഒരു സമയം കിട്ടൂ. ബുക്കു ചെയ്താല്‍ മുപ്പതു മുതല്‍ 60 ദിവസം വരെ കാത്തിരുന്നാലേ സിലിണ്ടര്‍ കിട്ടൂ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പന്ത്രണ്ടല്ല, 24 ആക്കി വര്‍ധിപ്പിച്ചാലും പ്രയോഗത്തില്‍ ആറില്‍ക്കൂടുതല്‍ കിട്ടില്ല. എന്തെല്ലാം തട്ടിപ്പുകള്‍.

കോര്‍പറേറ്റു കുത്തകകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയുടെ യഥാര്‍ഥചിത്രം പരിശോധിക്കാം.

വിദേശത്തുനിന്ന് ഒരു സിലിണ്ടര്‍ വാതകം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെലവ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതനുസരിച്ച് 1061 രൂപയാണ്. രാജ്യത്ത് ആകെ ആവശ്യമുള്ള എല്‍പിജിയുടെ 20 ശതമാനംപോലും ഇറക്കുമതി ചെയ്യേണ്ടി വരുന്നില്ല. കടത്തുകൂലിയും ബോട്ട്ലിങ് ചാര്‍ജും ചേര്‍ത്തു കഴിയുമ്പോള്‍ 1061 രൂപയ്ക്ക് റിഫൈനറിയില്‍നിന്ന് ലഭിക്കുന്ന പാചകവാതകത്തിന്റെ വില സിലിണ്ടര്‍ ഒന്നിന് 1259 രൂപയാകും. ബോട്ട്ലിങ് പ്ലാന്റിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 23 രൂപയാണ്. വിതരണക്കാരുടെ ലാഭവും മറ്റു ചെലവുകളും ചേര്‍ത്ത് 1277 രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം ഒരു സിലിണ്ടറിന്റെ മതിപ്പുവില. ഗാര്‍ഹിക സിലിണ്ടറിന് 1290 രൂപ ഈടാക്കുമ്പോള്‍ യഥാര്‍ഥത്തില്‍ 13 രൂപയുടെ വ്യത്യാസമേയുള്ളു.

വാണിജ്യസിലിണ്ടറിന്റെ കാര്യമെടുത്താലോ? ഗാര്‍ഹിക സിലിണ്ടര്‍ 14.5 കിലോഗ്രാമും വാണിജ്യ സിലിണ്ടര്‍ 19 കിലോഗ്രാമുമാണ്. ആനുപാതികമായി വില വര്‍ധിപ്പിച്ചാല്‍ വാണിജ്യസിലിണ്ടറിന് 1708 രൂപ വരും. പക്ഷേ, വര്‍ധിപ്പിച്ചത് 386 രൂപ. ഇതാണ് യഥാര്‍ഥത്തിലുള്ള തീവെട്ടിക്കൊള്ള. ന്യായീകരണമില്ലാത്ത ഈ വിലവര്‍ധനയുടെ ഫലമായി ഹോട്ടലുകളില്‍ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു.

വിലനിര്‍ണയത്തിലെ മറ്റൊരു കള്ളക്കളികൂടി പറയാം. നമുക്കാവശ്യമുളള പാചകവാതകത്തിന്റെ 20 ശതമാനംമാത്രമാണ് ഇറക്കുമതിചെയ്യുന്നത് എന്നു പറഞ്ഞുവല്ലോ. ബാക്കി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതാണ്. പക്ഷേ, ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പാചകവാതകത്തിനും ഇറക്കുമതിചെയ്യുന്ന പാചകവാതകത്തിന്റെ വില ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കുത്തകക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ സംസ്കരിക്കുമ്പോഴും പ്രകൃതിവാതകം കുഴിച്ചെടുക്കുമ്പോഴും ഉപോല്‍പ്പന്നമായി പാചകവാതകം ലഭിക്കും. ഇറക്കുമതിചെയ്യുന്ന പാചകവാതക വിലയേക്കാള്‍ എത്രയോ താഴ്ന്നതായിരിക്കും ഇങ്ങനെ ലഭിക്കുന്ന പാചകവാതകത്തിന്റെ ഉല്‍പ്പാദനച്ചെലവ്. അതിന്റെ നേട്ടം അനുഭവിക്കാനുള്ള ഭാഗ്യം ഇന്ത്യയിലെ ജനങ്ങള്‍ക്കില്ല. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് ന്യായമായ വിലയ്ക്ക് ഇന്ത്യാക്കാര്‍ക്ക് അനുഭവിക്കാന്‍ അവസരമുണ്ടാക്കുകയല്ല, കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പകരം അന്തര്‍ദേശീയ വിലയ്ക്കു വിറ്റ് കൊള്ളലാഭംകൊയ്യാന്‍ ഇന്ത്യയിലെ ഉല്‍പ്പാദകരെ കയറൂരിവിടുന്നു.

കൃഷ്ണാ ഗോദാവരി ബേസിനില്‍നിന്ന് കുഴിച്ചെടുക്കുന്ന പ്രകൃതിവാതകത്തിന് റിലയന്‍സ് നിശ്ചയിച്ച വില അംഗീകരിച്ചു നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന്റെ യഥാര്‍ഥ ഉല്‍പ്പാദന ചെലവ് 1.8 ഡോളറാണ്. മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ നടന്ന കേസില്‍ സുപ്രീംകോടതിയില്‍ വെളിപ്പെട്ട കണക്കാണിത്. ഈ വില 4.2 ഡോളറായി കേന്ദ്രസര്‍ക്കാര്‍ പുതുക്കിക്കൊടുത്തു. പക്ഷേ, അന്തര്‍ദേശീയ വില കിട്ടണമെന്നായിരുന്നു റിലയന്‍സിന്റെ ശാഠ്യം. ആ ശാഠ്യത്തെ പരസ്യമായി അനുകൂലിക്കുന്ന ആളാണ് നമ്മുടെ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. ഉല്‍പ്പാദനം കുത്തനെ വെട്ടിക്കുറച്ച് റിലയന്‍സ് സര്‍ക്കാരില്‍ വലിയ സമ്മര്‍ദം ചെലുത്തി. പാചകവാതകം അവശ്യവസ്തുവായി ഉപയോഗിക്കുന്ന ഫാക്ടറികള്‍ അടച്ചിടേണ്ട അവസ്ഥയായി. ഇറക്കുമതി കുത്തനെ കൂടി. അതോടെ വില എട്ടു ഡോളറായി വര്‍ധിപ്പിച്ചുകൊടുത്തു. എന്നിട്ടും റിലയന്‍സിന്റെ മുറുമുറുപ്പു തീര്‍ന്നിട്ടില്ല. അന്തര്‍ദേശീയ വിലയായ 14 ഡോളര്‍ ലഭിക്കാനുള്ള സമ്മര്‍ദം അവര്‍ തുടരുകയാണ്. ഇതേ കൊള്ളതന്നെയാണ് പാചകവാതകത്തിന്റെ കാര്യത്തില്‍ റിഫൈനറികളും നടത്തുന്നത്.

ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയ്ക്ക് അന്താരാഷ്ട്രവില ഈടാക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് വന്‍ ലാഭം ഉണ്ടാകുന്നുണ്ട്. ഇത് എത്രയെന്ന് ആരും വെളിപ്പെടുത്തുന്നില്ല. ഈ ലാഭം മറച്ചുവച്ചാണ് അണ്ടര്‍ റിക്കവറി എന്ന പേരില്‍ നഷ്ടക്കണക്ക് പ്രചരിപ്പിക്കുന്നത്. അണ്ടര്‍ റിക്കവറി എന്നതുതന്നെ ഒരു അനുമാനക്കണക്കാണ്. ഉപയോക്താക്കളുടെമേല്‍ ഭാരം അടിച്ചേല്‍പ്പിക്കാനുളള ഒരടവ്.

ഒരുവശത്ത് കള്ളക്കണക്കു പ്രചരിപ്പിച്ച് ഭീമമായ വിലവര്‍ധന വരുത്തുമ്പോള്‍ മറുവശത്ത് ആധാറിന്റെ പേരില്‍ മറ്റൊരു കള്ളക്കളി കളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പരമാവധി പേരെ സബ്സിഡി ആനുകൂല്യത്തിന് പുറത്താക്കുക എന്നതാണ് ആധാറിന്റെ ആത്യന്തിക ലക്ഷ്യം. ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ബന്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ നല്‍കിയ സമയപരിധി 2013 ഡിസംബര്‍ 31ന് അവസാനിച്ചപ്പോള്‍ കേരളത്തില്‍മാത്രം 50 ശതമാനത്തിലധികം കുടുംബങ്ങള്‍ പാചകവാതക സബ്സിഡി ലഭിക്കാത്തവരായി. ഇവരില്‍ ആധാര്‍ എടുക്കാത്തവരും ഏറെയുണ്ട്. രൊക്കം 1294 രൂപ മുടക്കി ഗ്യാസ് വാങ്ങാന്‍ കഴിയാത്തവരുടെ എണ്ണവും ചെറുതല്ല. സമയപരിധി രണ്ടുമാസംകൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നാണ് നമ്മുടെ ഭക്ഷ്യമന്ത്രി ആശ്വസിക്കുന്നത്. പക്ഷേ, രണ്ടു മാസം കഴിയുമ്പോഴും സ്ഥിതി ഇതുതന്നെയാവും.

ആധാറിന്റെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെയും സുപ്രീംകോടതിയെയും വെല്ലുവിളിക്കുകയാണ് ഈ കമ്പനികളും കേന്ദ്രസര്‍ക്കാരും. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി. ആധാറിന് നിയമപ്രാബല്യം നല്‍കുന്ന ബില്‍ ഇതേവരെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. ശക്തമായ ജനകീയ വികാരം ഉയര്‍ന്നപ്പോള്‍ ആധാര്‍ നിര്‍ബന്ധിതമാക്കുകയില്ല എന്നൊരു ഉറപ്പ് 2013 മെയ് 8നും ആഗസ്ത് 23നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ നല്‍കുകയുംചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്റിനു നല്‍കിയ ഉറപ്പുപോലും പാലിക്കാതെ കോര്‍പറേറ്റു കമ്പനികള്‍ക്കു മുന്നില്‍ മുട്ടിലിഴയുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളും പാര്‍ലമെന്റും കോടതിയുമൊന്നും അവര്‍ക്കൊരു പ്രശ്നമേയല്ല.

ആധാറിന്റെ മറവില്‍ സബ്സിഡി പടിപടിയായി വെട്ടിക്കുറയ്ക്കപ്പെടും. പാചകവാതകത്തിന് ഇപ്പോള്‍ വരുത്തിയ 230 രൂപയുടെ വര്‍ധന സബ്സിഡിയായി ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. ഇപ്പോള്‍ പാലിച്ചാലും ഭാവിയില്‍ അങ്ങനെയുണ്ടാകുമെന്നതിന് ഒരുറപ്പുമില്ല. വര്‍ഷത്തിലൊരിക്കല്‍ ആറുരൂപ ഒറ്റയടിക്കു വര്‍ധിപ്പിച്ചാലുണ്ടാകുന്ന രൂക്ഷമായ പ്രതിഷേധത്തെ മറികടക്കാന്‍ മാസം തോറും ഡീസലിന്റെ വില അമ്പതു പൈസ വീതം വര്‍ധിപ്പിച്ചതു നാം കണ്ടതാണ്. അതുപോലുള്ള ഒരടവാണിതും. ബാങ്ക് അക്കൗണ്ടിലേക്കു വരുന്ന സബ്സിഡിത്തുക ഉയരില്ല. അങ്ങനെ ക്രമേണ സബ്സിഡിതന്നെ ഇല്ലാതാകും. ആധാറിന്റെ മറവില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം റിലയന്‍സ് പോലുള്ള സ്വകാര്യകുത്തകകളുടെ ഖജനാവിലുമെത്തും. നിലവില്‍ സ്വകാര്യ കമ്പനികള്‍ക്കു സബ്സിഡി ആനുകൂല്യം ലഭിക്കുന്നില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം പലരീതിയില്‍ കേന്ദ്രസര്‍ക്കാര്‍തന്നെ നികത്തും. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളുടെ ലാഭത്തില്‍ ഒരുവിഹിതം പൊതുമേഖലാ വ്യാപാരക്കമ്പനികള്‍ക്ക് നല്‍കിയും ഓയില്‍ ബോണ്ടുകള്‍ ഇറക്കിയും കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളെ സഹായിക്കാറുണ്ട്.

സ്വകാര്യക്കുത്തകകള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത് വിവേചനമാണെന്ന് അന്തര്‍ദേശീയ എനര്‍ജി കമിഷനിലും മറ്റും റിലയന്‍സ് പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം വിവേചനംഇല്ലാതാക്കാനുള്ള ബാധ്യത ലോകവ്യാപാര കരാര്‍ അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റേതാണ്. അതു നിറവേറ്റാനുളള എളുപ്പവഴി ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്സിഡി പണമായി നല്‍കലാണ്. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ഏതു കമ്പനിയില്‍നിന്ന് ഗ്യാസ് വാങ്ങിയാലും ഉപയോക്താവിന്റെ അക്കൗണ്ടില്‍ സബ്സിഡി പണമായി എത്തും. അങ്ങനെ റിലയന്‍സിനും കിട്ടും കേന്ദ്രസര്‍ക്കാര്‍ പണം. ആധാറും വിലവര്‍ധനയുമൊക്കെ പൊതുമേഖലാ എണ്ണക്കമ്പനികളെ രക്ഷിക്കാനാണ് എന്ന് വീരപ്പമൊയ്ലി വീമ്പടിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ ലക്ഷ്യം റിലയന്‍സുപോലുളള സ്വകാര്യ കുത്തകകളെ സഹായിക്കുകയാണ്. മറയില്ലാത്ത ഈ കോര്‍പറേറ്റ് ദാസ്യമാണ് രൂക്ഷമാകുന്ന വിലക്കയറ്റത്തിന്റെ യഥാര്‍ഥ കാരണം.

*
ഡോ. ടി എം തോമസ് ഐസക്

No comments: