Monday, December 2, 2013

അവസാനിക്കുന്നില്ല ഈ അവഗണന

രാജ്യത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമാണ് ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍; അഥവാ അംഗപരിമിതര്‍. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് വിദ്യാഭ്യാസം നേടി, അര്‍ഹതപ്പെട്ട തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോള്‍ ഈ വിഭാഗത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ട മൂന്ന് ശതമാനം സംവരണംപോലും അട്ടിമറിക്കപ്പെടുന്നു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷയനുഭവിക്കുന്ന ഹതഭാഗ്യരായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ സംരക്ഷിക്കേണ്ടത് ആരോഗ്യമുള്ള ജനസമൂഹത്തിന്റെ കടമയല്ലേ? അത് നടപ്പാക്കുന്നതിന് പകരം മുഖംതിരിഞ്ഞ് നില്‍ക്കുന്നതാണോ പരിഷ്കൃത സമൂഹത്തിന്റെ സമീപനം?

മൂന്ന് പതിറ്റാണ്ടുമുമ്പ് 1981ല്‍ അന്താരാഷ്ട്ര വികലാംഗ വര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഇന്ത്യയിലും കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും മൂന്ന് ശതമാനം ഉദ്യോഗസംവരണം അംഗപരിമിതര്‍ക്കായി നീക്കിവയ്ക്കാന്‍ തീരുമാനിച്ചു. ഈ നിയമന തീരുമാനം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേന്ദ്രസ്ഥാപനങ്ങളില്‍പ്പോലും ഈ നിര്‍ദേശം പാലിക്കാന്‍ തയ്യാറായിട്ടില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗത്തിന്, സമൂഹികനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടി 1995ല്‍ പിഡബ്ല്യുഡി ആക്ട് (പേഴ്സണ്‍ വിത്ത് ഡിസ്എബിലിറ്റീസ് ആക്ട്) ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി. ഈ നിയമത്തിലൂടെ അംഗപരിമിതരുടെ വിദ്യാഭ്യാസം, പാര്‍പ്പിടം, തൊഴില്‍ പുനരധിവാസം, സംരക്ഷണം, തുല്യനീതി, തുല്യസമത്വം മുതലായ എല്ലാ വിഷയങ്ങളും പരാമര്‍ശിച്ചാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്ട് പാസാക്കിയത്. 1981ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുശതമാനം ഉദ്യോഗസംവരണം ആക്ടിലും ഉണ്ടായിരുന്നു. ഇങ്ങനെ നിയമം ഉണ്ടായിരുന്നിട്ടുപോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്ന ദുര്‍ബലരെ അവഗണിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയിലും ബാങ്കിങ്, ടെലികോം, ഇന്‍ഷുറന്‍സ് മേഖലയിലും നിയമപരമായ നിയമനം നടക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷമായി മുകളില്‍ പ്രതിപാദിച്ച മേഖലകളില്‍ ഒരു അംഗപരിമിതനെപ്പോലും നിയമിച്ചിട്ടില്ല. 1995ലെ പിഡബ്ല്യുഡി ആക്ടില്‍ മൂന്ന് ശതമാനം ഉദ്യോഗസംവരണം സ്വകാര്യമേഖലയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം കാറ്റില്‍പ്പറത്തിയതിനാല്‍, സ്വകാര്യ സ്ഥാപനങ്ങളിലൊന്നുംതന്നെ നിയമനം നടക്കുന്നില്ല. ഈ ജനവിഭാഗത്തിന് തൊഴില്‍ പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി സദാശിവം ഒരുമാസംമുമ്പ് ഒരു കേസ് വിചാരണവേളയില്‍ വിധി പ്രസ്താവിക്കുകയുണ്ടായി. ആ വിധിയില്‍ കഴിഞ്ഞ കാലഘട്ടങ്ങളിലെ വികലാംഗരുടെ നിയമനത്തിന്റെ കണക്ക്, ബാക്ലോഗ് ഉള്‍പ്പെടെ പരിശോധിച്ച് രണ്ടുമാസത്തിനകം, നിയമനം നടത്തി റിപ്പോര്‍ട്ടുചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. 1955ലെ ആക്ടില്‍ പോരായ്മകള്‍ ഏറെയുണ്ടെങ്കിലും ശാരീരിക വൈകല്യമുള്ളവരുടെ മാഗ്നകാര്‍ട്ടയാണ്. സംസ്ഥാനത്ത് 29 ലക്ഷം വികലാംഗരുണ്ടെന്ന കണക്ക് കേരള മുഖ്യമന്ത്രി അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്.

രാജ്യത്ത് അംഗപരിമിതര്‍ 18 കോടിയുണ്ട്. ഇത് ലോകാരോഗ്യ സംഘടനയുടെ കണക്കാണ്. ഈ കണക്ക് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. വൈകല്യമുള്ള ആളുകളുടെ കണക്ക് തിട്ടപ്പെടുത്തിയാല്‍മാത്രമേ ഈ വിഭാഗത്തിന് നല്‍കേണ്ട ആനുകൂല്യങ്ങളുടെ തുക നീക്കിവയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയൂ. ഈ ലോക വികലാംഗദിന വേളയിലെങ്കിലും, വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സഹോദരങ്ങള്‍ക്ക് ചെറിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ധനസഹായവും പലിശരഹിത വായ്പയും പഞ്ചായത്തുകള്‍ വഴിയും ദേശസാല്‍കൃത ബാങ്കുകള്‍ വഴിയും നല്‍കാനുള്ള നടപടി സ്വീകരിക്കണം. വിദ്യാഭ്യാസം നേടിയ ആളുകള്‍ക്ക് യോഗ്യതയനുസരിച്ച് സംവരണതത്വപ്രകാരം നിയമനം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ച് ഈ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരേണ്ടതുണ്ട്.

*
പരശുവയ്ക്കല്‍ മോഹനന്‍ (ഡിഎഡബ്ല്യുഎഫ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments: