Friday, December 20, 2013

അനുഭവ മലിനീകരണം

ഫുട്ബോള്‍ പ്രേമികളില്‍ ചിലര്‍ക്കെങ്കിലും ഈ കഥ ഓര്‍മയുണ്ടാവും. ജുര്‍ഗന്‍ ക്ലിന്‍സ്മന്‍ എന്ന പഴയ ജര്‍മന്‍ ഫോര്‍വേഡ് കളം നിറഞ്ഞു വാഴുന്ന കാലം. 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിക്ക് വിജയം നേടിക്കൊടുക്കുന്നതില്‍ മുന്നില്‍നിന്നു ഈ സെന്റര്‍ ഫോര്‍വേഡ്. ഫോമിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഫിഫ ലോകകപ്പിലും യൂറോപ്യന്‍ കപ്പിലും ജര്‍മന്‍ പടയുടെ ആക്രമണത്തിന്റെ കുന്തമുന. ജര്‍മന്‍ ദേശീയ ടീമിനുവേണ്ടി മാത്രമല്ല, ജര്‍മനിയിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും ഫ്രാന്‍സിലും വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി ഗോളടിച്ചു കൂട്ടി ഈ കളിക്കാരന്‍. ഒരു കളിയില്‍ സ്ഥാനം തെറ്റിനിന്ന ഗോളിയെ കബളിപ്പിച്ച് പന്ത് നെറ്റിലേക്ക് പ്ലെയ്സ് ചെയ്ത ക്ലിന്‍സ്മന്‍ ഗ്യാലറിയിലെ ആര്‍പ്പുവിളിക്കൊപ്പം മൈതാന മധ്യത്തിലേക്കോടി, സഹകളിക്കാര്‍ക്കൊപ്പം ഗോളിന്റെ ആഹ്ലാദം പങ്കിടാന്‍. ഓട്ടത്തിനിടയില്‍ തിരിഞ്ഞുനോക്കിയ ക്ലിന്‍സ്മന് തന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. അപ്പോള്‍ ആരവം നിലച്ച് ഗ്യാലറി നിശ്ശബ്ദമായിരുന്നു. പന്ത് പോസ്റ്റില്‍ തട്ടി പുറത്തേക്ക്.

ലോകത്തിനു മുന്നില്‍ താന്‍ നാണംകെട്ടുവെന്ന തോന്നല്‍ ക്ലിന്‍സ്മനെ ഉലച്ചു. ടച്ച് ലൈനിന്റെ ഓരത്തുള്ള പരസ്യബോര്‍ഡിന് ഒരു തൊഴി. ബാറ്ററിയുടെ പരസ്യമുള്ള ആ ബോര്‍ഡ് കഷണങ്ങളായി ചിതറി. ഏറെ ഗോളുകള്‍ നേടിയ ആ ബൂട്ട് പരസ്യബോര്‍ഡില്‍ തുളച്ചുകയറുന്നത് അന്ന് ലോകം മുഴുവനുമുള്ള ഫുട്ബോള്‍ പ്രേമികള്‍ തത്സമയം ടെലിവിഷനില്‍ കണ്ടു. ആ ഫോര്‍വേഡിന്റെ നിരാശയിലും രോഷത്തിലും സന്തോഷിച്ചത് ജപ്പാനിലെ ബാറ്ററി ഉല്‍പ്പാദകരായിരുന്നു. അവര്‍ ക്ലിന്‍സ്മനെ സമീപിച്ചു. തങ്ങളുടെ പരസ്യബോഡ് ചവിട്ടിപ്പൊട്ടിക്കുന്ന ദൃശ്യം പരസ്യമാക്കാന്‍ ക്ലിന്‍സ്മന്റെ അനുമതി വേണം. പാതി അവസരങ്ങളില്‍ നിന്നുപോലും ഗോളുകള്‍ നേടി അമ്പരപ്പിക്കുന്ന ഈ ജര്‍മന്‍കാരന്‍ അന്ന് തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് ആരാധകരുടെ ഹൃദയത്തില്‍ ഒരു സിംഹാസനമിട്ട് ഇരിപ്പുറപ്പിച്ചു. കോടികളുടെ ആ ഓഫര്‍ തട്ടിമാറ്റി അദ്ദേഹം പറഞ്ഞു: ""എന്റെ രോഷപ്രകടനം വിറ്റു കാശാക്കാന്‍ ഉദ്ദേശിക്കുന്നില്ല.""

ഇന്ന് അമേരിക്കന്‍ ദേശീയ ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുന്ന ക്ലിന്‍സ്മന്‍ ഈ ഓഫര്‍ നിരസിക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മദ്യക്കമ്പനിയുടെയും ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപിചന്ദ് കൊക്കകോളയുടെയും പരസ്യത്തില്‍നിന്ന് കിട്ടുമായിരുന്ന കോടികള്‍ നിരാകരിക്കുന്നതിന് ഏറെ മുമ്പ്. തന്റെ വൈയക്തികാനുഭവങ്ങളും ആവിഷ്കാരങ്ങളും മൂലധന താല്‍പ്പര്യങ്ങള്‍ക്ക് അടിയറവയ്ക്കില്ല എന്നുകൂടിയാണ് ആ ഫുട്ബോളര്‍ അന്നത്തെ നിഷേധത്തിലൂടെ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒരു സമരമുഖത്ത് ഈയിടെയുണ്ടായ രോഷപ്രകടനത്തിന് തൊഴിലാളിദ്രോഹത്തിന് കുപ്രസിദ്ധനായ ഒരു മുതലാളി അഞ്ചുലക്ഷം രൂപ വിലയിടുമ്പോഴാണ് കോടികളുടെ പരസ്യപ്പണം വേണ്ടെന്ന ക്ലിന്‍സ്മന്റെ നിലപാടിന് വിലമതിക്കാന്‍ കഴിയാതെ പോകുന്നത്. ക്ലിഫ് ഹൗസിനു മുന്നിലെ ഇടതുപക്ഷ ഉപരോധ സമരവേദിയിലെ ബാരിക്കേഡുകള്‍ക്കും ക്യാമറകള്‍ക്കും ഇടയില്‍നിന്ന് ആക്രോശിച്ച സ്ത്രീയുടെ പ്രകടനത്തിന് ലഭിച്ച പാരിതോഷികമായിരിക്കും ചരിത്രത്തിലാദ്യമായി ഒരു രോഷപ്രകടനത്തിന് ലഭിക്കുന്ന പ്രതിഫലം. സ്റ്റുട്ഗര്‍ട്ടിലെ ഒരു ബേക്കറി ഉടമയുടെ മകനായ ക്ലിന്‍സ്മന്‍ ജപ്പാന്‍ കമ്പനിയുടെ കോടികളുടെ പ്രലോഭനത്തില്‍ വീഴാതിരുന്നപ്പോഴാണ് കേരളംപോലെ, ഉജ്വലമായ സമരങ്ങള്‍കൊണ്ട് പടുത്തുയര്‍ത്തപ്പെട്ട സാമൂഹ്യപരിസരമുള്ള നാട്ടിലെ ഒരു മധ്യവര്‍ഗ സ്ത്രീ അഞ്ചുലക്ഷം രൂപ ജാള്യലേശമില്ലാതെ കൈനീട്ടി വാങ്ങുന്നത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വച്ചുനീട്ടിയ അഞ്ചു ലക്ഷവും കോണ്‍ഗ്രസുകാരുടെ സ്വീകരണങ്ങളും നിഷേധിക്കാന്‍ അവര്‍ തന്റേടം കാട്ടിയിരുന്നുവെങ്കില്‍ ഒറ്റപ്പെട്ട ഇത്തരം പ്രതിഷേധങ്ങള്‍ കൂടുതല്‍ ആദര്‍ശവല്‍ക്കരിക്കപ്പെടുമായിരുന്നു. മനുഷ്യന്റെ അനുഭവങ്ങളും അനുഭൂതികളും മുമ്പും മൂലധനതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിനിമയം ചെയ്യപ്പെട്ടിട്ടുണ്ട്, വാത്സല്യവും പ്രണയവുമെല്ലാം, കരുണയും സ്നേഹവുമെല്ലാം. അയര്‍ലന്‍ഡിലെ ക്ലോഡിയസ് രാജാവിന്റെ കല്‍പ്പനകള്‍ക്ക് വിരുദ്ധമായി സൈനികരുടെ വിവാഹത്തിനും പ്രണയത്തിനും വേണ്ടി നിലകൊണ്ട ഫാദര്‍ വലന്റൈന്റെ രക്തസാക്ഷിത്വം കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കലിനുള്ള ദിനമാണിന്ന്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പോലുള്ള ആഗോള കുത്തകകള്‍ കുഞ്ഞുങ്ങളോടുള്ള മനുഷ്യന്റെ വാത്സല്യത്തെ വിറ്റു കാശാക്കിയാണ് തടിച്ചു കൊഴുക്കുന്നത്.

സ്ത്രീകളുടെ വിമോചനബോധത്തെ പരസ്യക്കാര്‍ റാഞ്ചുന്നതിനും സമീപകാലത്ത് കേരളം സാക്ഷിയായി. സ്ത്രീപക്ഷത്താണ് തങ്ങളെന്ന് വ്യാജബോധം സൃഷ്ടിച്ചാണ് "മുടി വളരാനുള്ള" തൈലം ഒരു കമ്പനി വിറ്റഴിച്ചത്. അഞ്ചുലക്ഷം രൂപ രോഷപ്രകടനത്തിന് മുതലാളി പാരിതോഷികം കൊടുത്തെങ്കില്‍ അത് അഞ്ചുകോടിയുടെ പരസ്യം മാധ്യമങ്ങളിലൂടെ ലഭിക്കുമെന്നും ഓഹരിക്കമ്പോളത്തില്‍ അതിലേറെ ലാഭം കിട്ടുമെന്നുമുള്ള മുന്നറിവോടെതന്നെയാണ്. തൊഴിലാളിസമരങ്ങളെ നേരിടാന്‍ മുമ്പ് പൊലീസിനെയും ഗുണ്ടകളെയും നിയോഗിച്ച മുതലാളിമാര്‍ക്ക് സമരം പൊളിക്കാന്‍ കൂട്ട് ഇത്തരം വ്യാജ പോരാളികളും മാധ്യമചാവേറുകളുമാണ്. മാധ്യമാധിപത്യമുള്ള സമൂഹത്തില്‍ ഇത്തരം അരാഷ്ട്രീയ സമരരൂപങ്ങള്‍ "ആദര്‍ശവല്‍ക്കരിക്കപ്പെടു"മെന്നും ഒന്നോ രണ്ടോ ദിവസത്തേക്ക് ഒറ്റയാന്‍ സമരവും അതിനുള്ള പാരിതോഷികവും ചര്‍ച്ച ചെയ്യപ്പെടുമെന്നും ആരെക്കാളും നന്നായി അറിയാം മുതലാളിക്ക്.

*
എന്‍ എസ് സജിത്

No comments: