Monday, December 16, 2013

അനിശ്ചിതമാകുന്ന പെണ്‍ജീവിതങ്ങള്‍

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ബസില്‍ യാത്രചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. മനുഷ്യത്വരഹിതമായ ക്രൂരതകള്‍ ഏല്‍പ്പിച്ച ശാരീരികാഘാതത്തില്‍നിന്ന് രക്ഷപ്പെടാനാകാതെ ഡിസംബര്‍ 29ന് അവള്‍ ജീവിതത്തോട് വിടപറഞ്ഞു. സ്ത്രീകളും വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന വിവിധ സംഘങ്ങളുടെ പ്രതിഷേധം രാജ്യമാകെ വ്യാപിച്ചു. തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ വിചാരണ വേഗത്തിലാക്കുന്നതിനും കടുത്തശിക്ഷ ഉറപ്പാക്കുന്നതിനുമായി നിലവിലുള്ള ക്രിമിനല്‍നിയമത്തില്‍ മാറ്റംവരുത്തുകയെന്ന ഉദ്ദേശ്യത്തോടെ, സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തില്‍ മൂന്നംഗകമ്മിറ്റിയെ നിയോഗിച്ചു. ജസ്റ്റിസ് വര്‍മ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു. റിപ്പോര്‍ട്ട് പൂര്‍ണമായി സ്വീകരിച്ചില്ലെങ്കിലും, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ത്രീസുരക്ഷാനിയമം പരിഷ്കരിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി.

എന്നാല്‍, ലോകത്ത് സ്ത്രീജീവിതം സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ എന്ന അപമാനകരമായ അവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ നിയമത്തിന് കഴിഞ്ഞിട്ടില്ല. ക്രൈം ക്യാപിറ്റല്‍ എന്ന വിശേഷണത്തില്‍നിന്ന് ഡല്‍ഹി മുക്തമായിട്ടുമില്ല. നിയമം നിലവില്‍വന്നശേഷമുള്ള പത്തുമാസത്തിനുള്ളില്‍ 1330 ബലാത്സംഗമാണ് ഡല്‍ഹിയില്‍മാത്രം റിപ്പോര്‍ട്ടുചെയ്തത്. 2012നേക്കാള്‍ 624 എണ്ണത്തിന്റെ വര്‍ധന. മറ്റ് ലൈംഗികാതിക്രമങ്ങള്‍ 2012ല്‍ 727 എണ്ണം റിപ്പോര്‍ട്ടുചെയ്തപ്പോള്‍ ഇക്കൊല്ലം 2844 ആയി. അതേസമയം, ഡിസംബര്‍ 16ലെ കൂട്ടബലാത്സംഗക്കേസൊഴികെ മറ്റൊന്നിനും ഇതേവരെ തീര്‍പ്പുണ്ടായിട്ടില്ല. നിയമം പരിഷ്കരിച്ചെങ്കിലും വേഗമുള്ള വിചാരണയോ പ്രതികള്‍ക്കുള്ള കടുത്തശിക്ഷയോ പ്രയോഗത്തില്‍ വന്നിട്ടില്ല എന്നര്‍ഥം.

സ്ത്രീധനനിരോധനവും (1961) ഭ്രൂണപരിശോധനാ നിരോധനവും (1994) ബാലവിവാഹ നിരോധനവും (2006) അടക്കം സ്ത്രീകള്‍ക്ക് അനുകൂലമായ നിരവധി നിയമം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍, അവ കൃത്യമായി നടപ്പാക്കുന്നില്ല. അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയും സമൂഹത്തിന്റെ സ്ത്രീവിരുദ്ധമനോഭാവവും ഇതിന് കാരണമാണ്. സ്ത്രീധനപ്രശ്നം കാരണം ഓരോ ഒന്നരമണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ. 1951ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 983 പെണ്‍കുട്ടികള്‍ എന്നതായിരുന്നു അനുപാതമെങ്കില്‍, 2011 ആയപ്പോഴേക്കും അത് 1000ന് 914 ആയി കുറഞ്ഞു. ഇന്ത്യയിലെ 80 ശതമാനം ജില്ലകളിലും സ്ത്രീകളേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ പുരുഷന്മാരാണ്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും തുല്യപരിഗണനയും അംഗീകാരവും കൊടുക്കുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലല്ലോ. പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുകയാണെന്ന് വ്യക്തം. ലോകത്താകെ നടക്കുന്ന ബാലവിവാഹത്തിന്റെ 40 ശതമാനവും ഇന്ത്യയിലാണ്. ദിവസം ശരാശരി 39,000 ബാലവിവാഹമാണ് ഇവിടെ നടക്കുന്നത്. 16, 18 വയസ്സിനിടയില്‍ 22 ശതമാനം പെണ്‍കുട്ടികളും 13, 16 വയസ്സിനിടയില്‍ 20 ശതമാനം പെണ്‍കുട്ടികളും 13 വയസ്സിനുമുമ്പ് രണ്ടുമുതല്‍ ആറ് ശതമാനംവരെ പെണ്‍കുട്ടികളും വിവാഹിതരാകുന്നു. എന്നിട്ടും, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതിയില്‍ ബാലവിവാഹത്തിനെതിരായി അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ അനുകൂലിക്കാതിരുന്നു എന്നത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധതയുടെ ആഴം വ്യക്തമാക്കുന്നു.

എല്ലാ രംഗത്തും പുരുഷന് സ്ത്രീയേക്കാള്‍ പ്രാധാന്യം നല്‍കുന്ന സാമൂഹ്യസാഹചര്യമാണ് നിലവിലുള്ളത്. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഈ പ്രവണത, ഭരണഘടനയിലെ തുല്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും അനുശാസനങ്ങളെ അതിജീവിച്ചുനില്‍ക്കുകയാണ്. അതിന്റെ സ്വാധീനം നീതിന്യായവ്യവസ്ഥയിലുള്‍പ്പെടെ പ്രബലമാണ്. പൊതുപ്രവര്‍ത്തനം, വിദ്യാഭ്യാസം, തൊഴില്‍, സാഹിത്യം, കല എന്നിങ്ങനെ വ്യാപരിക്കുന്ന രംഗങ്ങളിലെല്ലാം അപമാനത്തിന്റെ വിവിധതലങ്ങള്‍ വ്യത്യസ്തമാനങ്ങളില്‍ ഓരോ സ്ത്രീയും അനുഭവിക്കുന്നുണ്ട്. അത് നോട്ടമായും കമന്റുകളായും ചേഷ്ടകളായും അപവാദകഥകളായും പ്രകടമാകുന്നു. സദാചാരമെന്ന പുരുഷാധിപത്യസൃഷ്ടി സങ്കല്‍പ്പത്തിന്റെ സംരക്ഷകരായി സ്ത്രീകളെ അവരോധിക്കുന്ന പൊതുബോധത്തിനുള്ളില്‍ സ്ത്രീകളെ സംബന്ധിക്കുന്ന അപവാദകഥകള്‍ക്ക് വലിയതോതിലുള്ള സ്വീകാര്യതയും പ്രോത്സാഹനവുമാണ് ലഭിക്കുന്നത്. സ്ത്രീസാന്നിധ്യത്തിലുള്ള അസ്വസ്ഥതയാണ് അതിന് അടിസ്ഥാനം. നിയമനിര്‍മാണസഭകളിലെ സംവരണത്തെ എതിര്‍ക്കുന്ന അതേമനഃശാസ്ത്രംതന്നെയാണ് എല്ലാ രംഗത്തും പ്രതിഫലിക്കുന്നത്. കുടുംബത്തിനുള്ളിലുള്‍പ്പെടെ കാലങ്ങളായി അനുഭവിച്ചുവരുന്ന സാമൂഹ്യാധികാരത്തിന് ഇളക്കംതട്ടുമെന്ന് പുരുഷമേല്‍ക്കോയ്മ ഭയപ്പെടുന്നു. ആ ഭയം പ്രകടമാകാതിരിക്കാനും യാഥാര്‍ഥ്യമാകാതിരിക്കാനും സ്ത്രീകളെ നിസ്സാരവല്‍ക്കരിക്കാനും അപമാനിക്കാനും പുരുഷാധിപത്യ സമൂഹം തിടുക്കംകാട്ടുന്നു. ഭൂരിഭാഗം സ്ത്രീകളുടെയും പുരുഷന്മാരുടെയും പൊതുബോധം അതിനനുകൂലമായാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കെതിരായ നോട്ടംമുതല്‍ കൂട്ടബലാത്സംഗവും കൊലപാതകവുംവരെയുള്ള അനുഭവങ്ങള്‍ സ്ത്രീകള്‍ ക്ഷണിച്ചുവരുത്തുന്നവയായി സ്ഥാപിക്കപ്പെടുന്നു. അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് സ്ത്രീകളാണെന്ന ധാരണയ്ക്ക് പ്രചാരം നല്‍കുന്നു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ചെയ്യാന്‍പോലും തയ്യാറാകാത്ത അനീതി ചോദ്യംചെയ്യപ്പെടാതെ നിലനില്‍ക്കുന്നു. 2012 നവംബറിലാണ് പഞ്ചാബിലെ ഒരു ഗ്രാമത്തില്‍നിന്ന് 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തത്. പരാതിപ്പെട്ട് 14 ദിവസത്തിനുശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്യാന്‍ തയ്യാറായത്. ഇതിനിടയില്‍ പലതവണ ആ പതിനേഴുകാരിയെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ബലാത്സംഗത്തിലൂടെ ഏറ്റ ശാരീരിക- മാനസിക ആഘാതത്തേക്കാള്‍ ക്രൂരമായിരുന്നു സമൂഹത്തിന്റെയും ക്രമസമാധാനപാലകരുടെയും സമീപനം. നമ്മളെ മനസ്സിലാക്കാന്‍ ആരുമില്ലെന്ന് അമ്മയോട് ആവര്‍ത്തിച്ചുകൊണ്ടിരുന്ന ആ പെണ്‍കുട്ടി ഡിസംബര്‍ 26ന് ജീവനൊടുക്കി. ഇരകള്‍ പിന്നെയും പിന്നെയും പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തം. അതേസമയം, സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും നേര്‍ക്കുള്ള വെല്ലുവിളി എന്നനിലയില്‍ ഇവയെ സമീപിക്കാന്‍ ഒരു സ്ത്രീ തയ്യാറായാല്‍ അവള്‍ക്ക് നേരിടേണ്ടിവരുന്നത് കൂടുതല്‍ അപമാനകരമായ അനുഭവങ്ങളായിരിക്കും.

അരാഷ്ട്രീയ മധ്യവര്‍ഗത്തിന് സ്വാധീനമുള്ള സമൂഹത്തില്‍ ജനാധിപത്യസമരരൂപങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നതും ഭരണകൂടത്തിന് അനുകൂലമാകുന്നു. അസമത്വവും വിവേചനവും വര്‍ധിപ്പിക്കുന്ന ഭരണകൂടനയങ്ങള്‍ക്ക് അരാഷ്ട്രീയതയും പുരുഷാധിപത്യമൂല്യവും നല്‍കുന്ന പിന്തുണ മുതലാളിത്തത്തിന്റെ നിലനില്‍പ്പ് പ്രബലമാക്കുന്നു. സ്ത്രീകളുടെ ജീവിതത്തിന്റെ സുരക്ഷിതത്വവും അവകാശസംരക്ഷണവും ലളിതക്രിയകളിലൂടെ സാധ്യമാകില്ലെന്നാണ് ഈ യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഭരണകൂടത്തിനും സാമൂഹ്യപൊതുബോധത്തിനും എതിരായ സങ്കീര്‍ണ സമരരൂപങ്ങള്‍ നിരന്തരം അനിവാര്യമാകുന്നു. അവയെ പുരുഷനെതിരായ സമരം എന്നനിലയില്‍ സങ്കുചിതമായി വ്യാഖ്യാനിക്കുന്ന തന്ത്രത്തെയും നേരിടേണ്ടതുണ്ട്. പുരുഷനും സ്ത്രീയുമുള്‍പ്പെടെ അനുവര്‍ത്തിക്കുന്ന പുരുഷാധിപത്യമൂല്യബോധമാണ് അനിശ്ചിതമാകുന്ന സ്ത്രീജീവിതങ്ങളുടെ അടിസ്ഥാനം. പുരുഷാധിപത്യമൂല്യബോധത്തില്‍നിന്ന് സമൂഹത്തെ മോചിപ്പിച്ചുമാത്രമേ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും നിയമങ്ങള്‍ ഗുണകരമായ വിധത്തില്‍ നടപ്പാക്കാനും സ്ത്രീവിരുദ്ധനയങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭരണകൂടത്തെ തകര്‍ക്കാനുമുള്ള സമരം ശക്തമാക്കാനാകൂ.

*
ഡോ. പി എസ് ശ്രീകല

No comments: