Sunday, December 15, 2013

ഒടുവില്‍ വേഷംകെട്ടുവിദ്യയും

പുരാണത്തില്‍ അവതാരവര്‍ണനയുണ്ട്. മത്സ്യ കൂര്‍മ വരാഹാദികള്‍ വിപത്കാല രക്ഷയ്ക്ക് അവതരിക്കുമെന്ന്. ഇപ്പോള്‍ കേരളദേശത്ത് അഴിമതിയില്‍ ആറാടുന്ന ഉമ്മന്‍ചാണ്ടിയുടെ രക്ഷയ്ക്കായി മനോരമാദി മാധ്യമങ്ങളുടെ ഗര്‍ഭപാത്രം ഒരു എല്‍ഡിഎഫ് സമരവിരോധിയായ "ആം ആദ്മി"യെ പ്രസവിച്ചിരിക്കുകയാണ്; സമരത്തിനുനേരെ പൊട്ടിത്തെറിക്കുന്ന സ്കൂട്ടര്‍ സഞ്ചാരിയെ. സോളാര്‍ തട്ടിപ്പുവീരന്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്കും ജുഡീഷ്യല്‍ അന്വേഷണത്തിനുംവേണ്ടിയുള്ള ജനകീയസമരത്തെ അപഹസിക്കാന്‍ വേഷംകെട്ടിയ ഈ അവതാരകയ്ക്ക് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി എന്ന ധനാഢ്യന്‍ തന്റെ കമ്യൂണിസ്റ്റുവിരോധ സമരനിധിയില്‍നിന്ന് അഞ്ചുലക്ഷം രൊക്കമായി നല്‍കുമെന്ന് വിളംബരംചെയ്തു.

എല്‍ഡിഎഫ് സമരവിരോധിയായ മഹിളയുടെ "മിന്നുന്ന" പ്രകടനവും കൊച്ചൗസേഫിന്റെ വിളംബരവും ആഘോഷിക്കുന്ന മനോരമ നയിക്കുന്ന മാധ്യമലോബിക്ക് ലക്ഷ്യമൊന്നുമാത്രം. അഴിമതിയുടെ കൊടിമരമേറിയ ഉമ്മന്‍ചാണ്ടി അഭംഗുരം മുഖ്യമന്ത്രിയായി വാണരുളണം. സോളാര്‍ സമരവിരുദ്ധ മാധ്യമപ്രചാരണത്തിനുവേണ്ടിയാണ് സന്ദര്‍ഭോചിതമായി കൊച്ചൗസേഫ് അഞ്ചുലക്ഷം എടുത്തെറിഞ്ഞത്. ചുമട്ടുതൊഴിലാളികള്‍ 50 രൂപ കൂലിക്കൂടുതല്‍ ചോദിച്ചപ്പോള്‍ ഭാര്യയെയും കൂട്ടി ഒരുനേരം ചുമടിറക്കി വാര്‍ത്താതാരമായി മാറിയ ചിറ്റിലപ്പള്ളി, സമരവിരോധത്തിന് അഞ്ചുലക്ഷം ദാനംനല്‍കിയതിനെ അത്ഭുതമായി കാണേണ്ടതില്ല. അഴിമതിക്കാരനായ മുഖ്യമന്ത്രിയുടെ രാജിക്കായി കറുത്ത ഷര്‍ട്ടൂരി വീശിയ പ്രവാസിയായ തൊഴിലാളി യുവാവിന്റെ മര്‍മംതകര്‍ത്ത മര്‍ദകവീരന്‍ എഎസ്ഐക്ക് ഇനി പലിശസഹിതം പാരിതോഷികം കൊച്ചൗസേഫ് വകയായി കിട്ടിയേക്കും.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് നിലകൊള്ളുന്ന നന്തന്‍കോട്ട് പ്രതിഷേധസമരം ആദ്യസംഭവമല്ല. ഇ കെ നായനാരും വി എസ് അച്യുതാനന്ദനും കെ കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ സമരങ്ങളും കണ്ണീര്‍വാതകപ്രയോഗവും ലാത്തിച്ചാര്‍ജുമൊക്കെ നടന്നിട്ടുണ്ട്. എന്നാലിപ്പോള്‍ ഉമ്മന്‍ചാണ്ടി സേവയ്ക്കുവേണ്ടി എല്‍ഡിഎഫ് സമരത്തിനുനേരെ ആം ആദ്മി പ്രതിഭാസം ഉയരാന്‍ പോകുന്നുവെന്ന കിനാവാണ് മനോരമാദികള്‍ കാണുന്നത്. ഡല്‍ഹിയിലുയര്‍ന്ന "ചൂല്‍" ഉമ്മന്‍ചാണ്ടിക്കെതിരെയല്ല, അഴിമതിക്കാരനായ മുഖ്യമന്ത്രിക്കെതിരെ സമരംചെയ്യുന്നവര്‍ക്കുനേരെയാണ് ഉയരുകയെന്നാണ് മനോരമ സ്വന്തം ചര്‍മബലം പരീക്ഷിച്ച് നിരീക്ഷിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ "ചൂല്‍" എന്നും ഒരു രാഷ്ട്രീയ പ്രതീകമാണ്്. എന്നാല്‍, നാലു സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം നേരിടുകയും ആം ആദ്മി പാര്‍ടി ഡല്‍ഹിയില്‍ 28 സീറ്റ് നേടി വിജയക്കുതിപ്പിനടുത്തെത്തുകയും ചെയ്തതോടെ അതിന് ശക്തിപകര്‍ന്നിരിക്കുകയാണ്. ആ പാര്‍ടിയുടെ നേതാവായ മുന്‍ ആദായനികുതി ഉദ്യോഗസ്ഥന്‍ അരവിന്ദ് കെജ്രിവാള്‍, 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെ കാല്‍ലക്ഷത്തില്‍പ്പരം വോട്ടിന് തോല്‍പ്പിച്ചപ്പോള്‍ ആം ആദ്മി പാര്‍ടിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ ചൂല്‍ പൊതുവര്‍ത്തമാനങ്ങളിലും മാധ്യമവ്യവഹാരഭാഷയിലും സജീവമായി ഉപയോഗിക്കുന്ന വാക്കായി.

നവലിബറല്‍ സാമ്പത്തികനയവും അതിന്റെ മറവിലെ വന്‍ ഭരണാഴിമതിയും ഇന്ത്യയെ നാണംകെടുത്തി. 2ജി സ്പെക്ട്രംമുതല്‍ കല്‍ക്കരികുംഭകോണംവരെയുള്ള അഴിമതികണ്ട് ഞെട്ടിയ ജനങ്ങള്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ബദല്‍ തേടിയപ്പോള്‍ ഡല്‍ഹിയില്‍ കണ്ടെത്തിയ പോംവഴിയാണ് ആം ആദ്മി പാര്‍ടി. ഇത്തരം അനുഭവങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ എന്‍ ടി ആര്‍ തരംഗം ഇത്തരത്തിലെ പഴയകാല ഏടാണ്. 2012 നവംബര്‍ 27നാണ് ആം ആദ്മി പാര്‍ടി രൂപംകൊള്ളുന്നത്. അങ്ങനെ ഒരുവര്‍ഷം പ്രായമുള്ള പാര്‍ടി ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ ജനദ്രോഹഭരണത്തിനെതിരെ സിനിമാക്കാരനായ എന്‍ ടി രാമറാവു തേര് തെളിച്ചപ്പോള്‍ ആന്ധ്രയിലെ ജനങ്ങള്‍ ഏറെക്കുറെ ഒന്നടങ്കം അദ്ദേഹത്തിന്റെ പാര്‍ടിക്കൊപ്പം കൂടിയത് ആറുമാസത്തിനുള്ളിലായിരുന്നു.

അഴിമതി നിയന്ത്രണത്തിനുവേണ്ടി ജനലോക്പാല്‍ നിയമംകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ചുനടന്ന അണ്ണാഹസാരെയുടെ നിരാഹാരസമരത്തിലെ മുന്നണി നേതാക്കളിലൊരാളായിരുന്നു കെജ്രിവാള്‍. ആ നിരാഹാരം ആവശ്യം നേടാതെ അവസാനിച്ചു. പിന്നീട് അഴിമതിഭരണത്തിന് അറുതിവരുത്താന്‍ രാഷ്ട്രീയകക്ഷി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആശയത്തില്‍, ഹസാരെയുമായി തെറ്റി കെജ്രിവാള്‍ രൂപീകരിച്ചതാണ് ആം ആദ്മി പാര്‍ടിയെന്ന എഎപി. അഴിമതിഭരണം തുടച്ചുനീക്കാന്‍ ചൂല്‍ ഉയര്‍ത്തുക എന്നതാണ് ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം നല്‍കിയ സന്ദേശം. ഇങ്ങനെ ജനവിരുദ്ധഭരണത്തിന് താക്കീതായ ചൂലിനെ ഉമ്മന്‍ചാണ്ടിയുടെ അഴിമതിഭരണത്തെ സേവിക്കാനുള്ള ഉപകരണമായി മാറ്റുന്നതിനുള്ള വിദ്യയാണ് മനോരമ അഭ്യസിക്കുന്നത്.

സോളാര്‍ തട്ടിപ്പുവീരനായ ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നില്ലെങ്കില്‍ കേരളത്തിലെ വീട്ടമ്മമാര്‍ ചൂലേന്തുമെന്ന് ക്ലിഫ്ഹൗസിനുമുന്നിലെ അനിശ്ചിതകാല ഉപരോധസമരം ഉദ്ഘാടനംചെയ്ത പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാലു ദിവസമായി സമരം ശക്തമായി തുടരുകയുമാണ്. അത് മനോരമയ്ക്കും കൂട്ടാളികള്‍ക്കും സഹിക്കുന്നതായില്ല. അവരുടെ ഉപശാലയില്‍ രൂപംകൊണ്ട വേഷംകെട്ടുവിദ്യയായിരുന്നു വീട്ടമ്മയുടെ പൊട്ടിത്തെറി നാടകം. നാലു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസും യുഡിഎഫും അച്ചാണിതെറിച്ച ചക്രംപോലെ അന്തംവിട്ട് കറങ്ങുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഭരണം ഒരുനിമിഷം വേഗത്തില്‍ അവസാനിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയടക്കം കോണ്‍ഗ്രസിലെ നല്ലൊരുപങ്ക് നേതാക്കളും പ്രവര്‍ത്തകരും. സര്‍ക്കാരിനെയും മുന്നണിയെയും നയിക്കാന്‍ ഉമ്മന്‍ചാണ്ടി കൊള്ളില്ലെന്ന നിരാശയിലാണ് മുസ്ലിംലീഗ് നേതാക്കള്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും റബര്‍ വിലയിടിവും കാരണം കേന്ദ്രസര്‍ക്കാരിനെതിരെ സമരരംഗത്തുവരികയാണ് കേരളകോണ്‍ഗ്രസ് എം. ഇങ്ങനെ യുഡിഎഫ് എന്ന രാഷ്ട്രീയസംവിധാനം തകര്‍ച്ചയുടെ വക്കിലാണ്.

സോളാര്‍ തട്ടിപ്പുകേസും ഭൂമി കുംഭകോണകേസും വന്നതോടെ സരിത-സലിംരാജ് കമ്പനിയുടെ ഭരണത്തിന് സംസ്ഥാനത്തെ അടിയറവച്ച ഭരണാധികാരി എന്ന വിശേഷണമാണ് ഉമ്മന്‍ചാണ്ടി നേടിയത്. എല്ലാവിഭാഗം ജനങ്ങളുടെ ജീവിതവും വഴിമുട്ടിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന ഭരണാധികാരിയുടെ രാജിക്കും ജുഡീഷ്യല്‍ അന്വേഷണത്തിനുംവേണ്ടിയുള്ള ബഹുജനസമരമാണ് എല്‍ഡിഎഫ് നിയമവിധേയമായി നടത്തുന്നത്. ഇതിനെ കരിതേയ്ക്കാനാണ് സന്ധ്യ എന്ന സ്കൂട്ടര്‍യാത്രക്കാരിയുടെ നാടകീയ രോഷപ്രകടനത്തെ രാഷ്ട്രീയപ്രചാരണമാക്കിയത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കെ മുരളീധരന് വോട്ടുപിടിക്കാന്‍ കൈപ്പത്തി ചിഹ്നം ബ്ലൗസില്‍ കുത്തി വീടുതോറും കയറിയിറങ്ങിയ അടിയുറച്ച കോണ്‍ഗ്രസ് വളന്റിയറാണ് ഇവര്‍. അവരെ രാഷ്ട്രീയമില്ലാത്ത വീട്ടമ്മ എന്ന മട്ടില്‍ വലതുപക്ഷ മാധ്യമങ്ങള്‍ എല്‍ഡിഎഫ് സമരത്തിനെതിരായ പ്രതീകമെന്ന മട്ടില്‍ അവതരിപ്പിക്കുന്നത് വലിയൊരു തട്ടിപ്പാണ്്.

ക്ലിഫ്ഹൗസിനുമുന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഒരു വഴിയും ഉപരോധിച്ചിട്ടില്ല. ബാരിക്കേഡുവച്ച് വഴിയടച്ചത് പൊലീസാണ്. കാക്കിക്കാരോട് തട്ടിക്കയറുന്നതിനുപകരം സമരത്തിനെതിരെ വര്‍ത്തമാനവുമായിറങ്ങിയ സ്കൂട്ടര്‍യാത്രക്കാരിയുടെ വാക്കുകളില്‍ നിറഞ്ഞത് ഡല്‍ഹിയിലെ ആം ആദ്മി പ്രതിഷേധമാണെന്നാണ് മനോരമ ലേഖകന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനെതിരെ ഉയരുന്ന സമരപ്രതീകമായ ചൂലിനെ അഴിമതിവീരനായ മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ദുര്‍ബല പരിചയാക്കുകയാണ് മനോരമ. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി സമരംചെയ്ത് വ്യാഴാഴ്ച അറസ്റ്റുവരിച്ചവര്‍ കോവളം നിയോജകമണ്ഡലത്തില്‍നിന്നുള്ളവരായിരുന്നു. അവരില്‍ 90 ശതമാനവും അതിദരിദ്രരും സാധാരണക്കാരുമായിരുന്നു. സമരവുമായി ബന്ധപ്പെട്ട് മനോരമയും ദേശാഭിമാനിയും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒന്നാംപേജ് ചിത്രങ്ങള്‍ നോക്കിയാല്‍ സ്കൂട്ടര്‍ സഞ്ചാരിണിയാണോ സമരംചെയ്തവരാണോ ആം ആദ്മി (സാധാരണക്കാര്‍) എന്ന് മനസ്സിലാകും.

ഒന്നാം ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ അമേരിക്കന്‍ പണം വാങ്ങി നടത്തിയ വിമോചനസമരകാലത്ത് കൊച്ചമ്മമാരെ കുറ്റിച്ചൂലുംകൊടുത്ത് ഇറക്കിവിട്ടതിന്റെ തികട്ടലാണ് മനോരമയ്ക്ക്. "അരിവാളല്ലിത്, ചുറ്റികയല്ലിത്, കുറ്റിച്ചൂലാ സര്‍ക്കാരേ, ഇ എം എസേ സൂക്ഷിച്ചോ" എന്ന മുദ്രാവാക്യംവിളിയുടെ ഓളത്തിലാണ് ഇക്കൂട്ടര്‍ ഇപ്പോഴും. പക്ഷേ, ഉമ്മന്‍ചാണ്ടിയുടെ അഴിമതിഭരണത്തിന് അന്ത്യംകുറിക്കാനായി അമ്മമാരും സഹോദരിമാരും പതറാത്ത സംഘശക്തി പ്രകടിപ്പിക്കുകയാണ് ഇന്നീ നാട്ടില്‍. അതിന്റെ ശബ്ദം മാധ്യമപിന്തിരിപ്പന്മാരുടെ കാതുകള്‍ക്ക് കേള്‍ക്കാനാകുന്നില്ലെങ്കിലും നാട് കേള്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങള്‍ വെറുക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനത്തിന് അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.

*
ആര്‍ എസ് ബാബു

No comments: