Monday, December 2, 2013

തേജ് പാലും നിയമവും

തെഹല്‍കയിലെ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ മുഖ്യപത്രാധിപരില്‍ നിന്നുണ്ടായ ലൈംഗികാതിക്രമത്തെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്ലേവിനിടെയാണ് തരുണ്‍ തേജ്പാല്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് പത്രപ്രവര്‍ത്തക പരാതിയില്‍ പറയുന്നത്. കേസിലെ പ്രതിയായ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഇരയോട് മാപ്പുപറഞ്ഞ് ആറുമാസം അവധിയില്‍ പോയതിനാല്‍ കേസ് അവിടെ തീരേണ്ടതാണെന്നമട്ടില്‍വരെ വ്യാഖ്യാനങ്ങള്‍ വന്നുകഴിഞ്ഞു. ഇത്തരമൊരു മാപ്പ് ലഭ്യമാക്കലിലൂടെ പ്രശ്നം "തീര്‍ക്കാന്‍" മുന്‍കൈ എടുത്ത പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയെ അഭിനന്ദിക്കാനും പലരുമുണ്ടായി.

എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം തേജ്പാല്‍ കാട്ടിയ അതിക്രമം ഇത്തരത്തില്‍ ഏതെങ്കിലും മധ്യസ്ഥര്‍ക്ക് മാപ്പു വാങ്ങി തീര്‍ക്കാവുന്ന കുറ്റമല്ല. രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന്് പാര്‍ലമെന്റ് പാസാക്കിയ 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) ആക്ടിന്റെ പരിധിയില്‍വരുന്ന ക്രിമിനല്‍ കുറ്റമാണ്. ഈ നിയമം ഇന്ത്യക്കാര്‍ക്കെല്ലാം ബാധകമാണ്. മാധ്യമ മേധാവികള്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്താല്‍ മാപ്പുപറഞ്ഞ് അവധിയില്‍ പോയാല്‍ മതിയാകും എന്നൊരു വകുപ്പ് ഈ നിയമത്തിലില്ല. ബലാത്സംഗത്തിന് കൂടുതല്‍ കടുത്ത ശിക്ഷ നിശ്ചയിക്കുകയും ബലാത്സംഗത്തിന്റെ നിര്‍വചനം കൂടുതല്‍ വിപുലമാക്കുകയും ഇതുവരെ ഇന്ത്യന്‍ നിയമങ്ങളില്‍ ഇല്ലാതിരുന്ന ചില കുറ്റങ്ങള്‍ ക്രിമിനല്‍ നിയമത്തില്‍ ചേര്‍ക്കുകയുമാണ് 2013ലെ നിയമം ചെയ്തത്. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവു നിയമം, ക്രിമിനല്‍ നടപടി നിയമം എന്നിവയില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തത്. ബലാത്സംഗത്തിനു പകരമായാണ് "ലൈംഗികാതിക്രമം" എന്ന വാക്ക് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനുകീഴില്‍ പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന്റെ നിര്‍വചനവുംതിരുത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പില്‍ ഇതനുസരിച്ച് മാറ്റംവരുത്തിയിട്ടുണ്ട്. സാമ്പ്രദായികാര്‍ഥത്തില്‍ നടക്കുന്ന ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധത്തിനപ്പുറം പലതും ഈ നിയമപ്രകാരം ബലാത്സംഗമാണ്. ശരീരത്തിനുള്ളിലേക്കുള്ള മറ്റുതരത്തിലുള്ള കടന്നുകയറ്റങ്ങളും പുതിയ നിര്‍വചനപ്രകാരം ബലാത്സംഗമാണെന്ന് മാറ്റംവരുത്തിയശേഷമുള്ള 375-ാം വകുപ്പിലെ എ. ഉപവകുപ്പില്‍ പറയുന്നു.

ഗോവാ പൊലീസ് രേഖപ്പെടുത്തിയ എഫ്ഐആര്‍ അനുസരിച്ച് ഇത്തരത്തിലുള്ള ശാരീരിക കടന്നാക്രമണങ്ങള്‍ തേജ്പാലില്‍നിന്നുണ്ടായി. അതുകൊണ്ട് തേജ്പാലിനെതിരായ കുറ്റം ബലാത്സംഗമാണ്. നിയമത്തിലെ 376-ാം വകുപ്പില്‍ ബലാത്സംഗത്തില്‍ത്തന്നെ കൂടുതല്‍ ശിക്ഷ നല്‍കേണ്ട കുറ്റങ്ങള്‍ വിവരിക്കുന്നുണ്ട്. ജയിലിലും പൊലീസ് കസ്റ്റഡിയിലും മറ്റും നടക്കുന്ന ബലാത്സംഗങ്ങളെയാണ് മുഖ്യമായും ഇക്കൂട്ടത്തില്‍ പെടുത്തുന്നത്. ഈ പട്ടികയില്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ആറാമത്തെ വിഭാഗമായി പറയുന്നത് ഇങ്ങനെയാണ്: ബലാത്സംഗംചെയ്യുന്നയാള്‍ ഇരയുടെ ബന്ധുവോ രക്ഷിതാവോ അധ്യാപകനോ ഇരയ്ക്ക് വിശ്വാസമുള്ള വ്യക്തിയോ ഇരയുടെ മേല്‍ അധികാരമുള്ള വ്യക്തിയോ നടത്തുന്ന ബലാത്സംഗം. ഇത്തരക്കാര്‍ കുറ്റംചെയ്താല്‍ കുറഞ്ഞ ശിക്ഷയായി 10 വര്‍ഷത്തെ കഠിനതടവാണ് നിയമം പറയുന്നത്. ഇത് ജീവിതകാലം മുഴുവന്‍ നീളുന്ന ജീവപര്യന്തംവരെയും ആകാമെന്നും നിയമം വ്യക്തമാക്കുന്നു. തേജ്പാലിന്റേത് ഇത്തരത്തില്‍പെടുന്ന കുറ്റമാണ്. പരാതിക്കാരിയുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നയാളും മേലധികാരിയുമാണ് തേജ്പാല്‍. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന പ്രതി മാത്രമാണ് നിയമത്തിനു മുന്നില്‍ തേജ്പാല്‍. തൊഴിലിടങ്ങളിലെ ലൈംഗികപീഡനവും ഈ കേസിലുണ്ട്. അതുകൊണ്ട് തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം ഓഫീസിലെ തര്‍ക്കപരിഹാര കമ്മിറ്റിക്ക് വിചാരണചെയ്തു തീര്‍ക്കാവുന്ന കുറ്റമാണെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നു.

ഇതിനു നിയമപരമായ നിലനില്‍പ്പില്ല. തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. വിശാഖ കേസിലെ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തുവന്നിരുന്നത്.

 എന്നാല്‍ 2013 ഏപ്രില്‍ 23ന് ഇതിനായി പുതിയ നിയമം(The Sexual Harassment of Women at Workplace (PREVENTION, PROHIBITION and REDRESSAL) Act, 2013)   നിലവില്‍ വന്നു. എന്നാല്‍ ഈ നിയമത്തിന് ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തുനിഞ്ഞിട്ടുമില്ല. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത് ലൈംഗികപീഡന (Sexual harassment)മാണ്. പ്രത്യക്ഷവും പരോക്ഷവുമായ മോശം പെരുമാറ്റം, സ്പര്‍ശനം, ലൈംഗികാഭ്യര്‍ഥന നടത്തല്‍, അശ്ലീലച്ചുവയുള്ള പരാമര്‍ശം, അശ്ലീലം പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍. ഇത്തരം കുറ്റങ്ങള്‍ ഉണ്ടായാല്‍ ചെയ്യേണ്ട കാര്യം ഈ നിയമത്തില്‍ പറയുന്നു. ഏറെയും സ്ഥാപനത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍.

ശിക്ഷ കിട്ടേണ്ട കുറ്റങ്ങള്‍ പൊലീസിനെ തൊഴിലുടമ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. 50,000 രൂപവരെ പിഴശിക്ഷ കിട്ടാവുന്ന കുറ്റങ്ങളേ ഈ നിയമത്തിന്റെ പരിധിയില്‍ വരൂ. ഓഫീസില്‍ ഒരു യുവതി കൊലചെയ്യപ്പെട്ടാല്‍ ഈ നിയമപ്രകാരം കമ്മിറ്റികൂടി നടപടിയെടുത്താല്‍ പോര. ബലാത്സംഗം നടന്നാലും അതുപോര. അതേപ്പറ്റി കമ്മിറ്റിക്ക് അന്വേഷിക്കുകയും സ്ഥാപനത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കുകയുമാകാം. പക്ഷേ അത് ലൈംഗികാതിക്രമ (Sexual offence)മാണ്. അതിന് കേസ് വേറെ നടക്കണം. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) പ്രകാരമുള്ള ശിക്ഷ കിട്ടുകയും വേണം. ഗോവ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ തേജ്പാലിനെതിരെ ആ നിയമനടപടി തുടങ്ങിക്കഴിഞ്ഞു.

*
അഡ്വ. കെ ആർ ദീപ (email:advocatekrdeepa@gmail.com)

No comments: