Wednesday, November 27, 2013

പ്ലീനത്തിന്റെ സവിശേഷത

പാലക്കാട് പ്ലീനത്തിലേക്ക്

സിപിഐ എമ്മിന്റെ വിശേഷാല്‍ സമ്മേളനം പാലക്കാട്ട് ചേരുന്ന ഈ കാലഘട്ടം, കേരള രാഷ്ട്രീയം സുപ്രധാനമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്ന സമയംകൂടിയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദലുയര്‍ത്തി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയി. അതിന്റെ ഫലമായി നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആഗോളവല്‍ക്കരണനയങ്ങള്‍ അതിതീവ്രമായി നടപ്പാക്കുകയാണ്. കേരളത്തിന്റെ നേട്ടങ്ങള്‍ ഒന്നിനുപുറകെ ഒന്നായി തകര്‍ക്കപ്പെടുന്നു. ലോകപ്രസിദ്ധമായ കേരള വികസനമാതൃകയുടെ അടിത്തറയായ ഭൂപരിഷ്കരണനടപടികള്‍ അട്ടിമറിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നു.

ലാഭകരമായി പ്രവര്‍ത്തിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് പോകുന്നു. കുടിവെള്ളംപോലും സ്വകാര്യവല്‍ക്കരിക്കുന്നു. കെഎസ്ആര്‍ടിസി തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായ കേരളത്തില്‍ അറുപതോളം കര്‍ഷകര്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യ ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ വാണിജ്യശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കായി തകര്‍ക്കപ്പെടുന്നു. ക്ഷേമപദ്ധതികളെല്ലാം താളംതെറ്റി. സാമ്പത്തികനിലയും തകരുന്നു. വിലക്കയറ്റം എല്ലാ സീമകളും ലംഘിച്ചു. വെള്ളം, വൈദ്യുതി, പാല്‍ നിരക്കുകളും ബസ്ചാര്‍ജും വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഇവ തടഞ്ഞുനിര്‍ത്തുന്നതിന് ഒരു തരത്തിലുള്ള പദ്ധതിയും ഈ സര്‍ക്കാരിനില്ല.

ട്രഷറിയില്‍ 3881 കോടി രൂപയുടെ മിച്ചം 2011 മാര്‍ച്ച് 31ന് നീക്കിവച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമൊഴിഞ്ഞത്. എന്നാല്‍, കെടുകാര്യസ്ഥതമൂലം ഇപ്പോള്‍ സാമ്പത്തികപ്രതിസന്ധിയിലേക്ക് കേരളം നീങ്ങുന്നു. അധികാരവികേന്ദ്രീകരണ പ്രക്രിയ അട്ടിമറിക്കപ്പെട്ടു. 1997 മുതല്‍ കഴിഞ്ഞവര്‍ഷംവരെ വികേന്ദ്രീകരണ സൂചികയില്‍ ഒന്നാംസ്ഥാനത്തായിരുന്ന കേരളം, യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാംവര്‍ഷം മൂന്നാംസ്ഥാനത്തായി. പാര്‍പ്പിടപദ്ധതികളെല്ലാം അട്ടിമറിച്ചു.

കേരളത്തിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് മതനിരപേക്ഷ സമൂഹത്തിന്റെ നിലനില്‍പ്പ്. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വര്‍ഗീയശക്തികള്‍ അഴിഞ്ഞാടാന്‍ തുടങ്ങി. കഴിഞ്ഞ നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുപ്രകാരംതന്നെ വര്‍ഗീയ സ്വഭാവമുള്ള 362 കേസുകള്‍ ഉണ്ടായി. രണ്ടുപേര്‍ കൊല്ലപ്പെട്ടു. വര്‍ഗീയശക്തികള്‍ക്ക് പരിലാളനയും പരിരക്ഷയും നല്‍കുന്ന സമീപനമാണ് യുഡിഎഫിന്റേത്. ഇതിന്റെ ഫലമായി തീവ്രവാദ ശക്തികള്‍ നാട്ടിലാകമാനം തലയുയര്‍ത്തി. തീവ്രവാദികളുടെ നേതൃത്വത്തിലുള്ള സദാചാര പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നു.

ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്ന ആറന്മുള വിമാനത്താവളം പദ്ധതി നടപ്പാക്കുന്നതിന് എല്ലാ പാരിസ്ഥിതിക നിയമങ്ങളെയും കാറ്റില്‍പറത്താന്‍ യുഡിഎഫ് സന്നദ്ധമായി. അതേ അവസരത്തില്‍ ജനങ്ങളെ മുള്‍മുനയില്‍നിര്‍ത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ജനാധിപത്യവിരുദ്ധമായി അടിച്ചേല്‍പ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് യുഡിഎഫ് സര്‍ക്കാരിന് ഒരു മടിയുമില്ല. പരിസ്ഥിതിയുടെ പേരുപറഞ്ഞ് മലയോര ജനതയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാരിന് കെജിഎസ് ഗ്രൂപ്പിന്റെ കാര്യംവരുമ്പോള്‍ ഇവയൊന്നും ബാധകമല്ലാതായി. ഈ സര്‍ക്കാരിന് ആരോടാണ് താല്‍പ്പര്യമെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു പരിശ്രമവും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. മുന്നണിയിലെ രാഷ്ട്രീയ പ്രതിസന്ധി ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. യുഡിഎഫിനെ നയിക്കുന്ന മുഖ്യകക്ഷിയായ കോണ്‍ഗ്രസ് തമ്മില്‍തല്ലിലും കലഹത്തിലും മുഴുകി. ഘടകകക്ഷികള്‍ പരസ്യമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കേള്‍ക്കാത്ത രീതിയിലുള്ള അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത്. കോടതി പരാമര്‍ശം ഉണ്ടായിട്ടുപോലും മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് ഉമ്മന്‍ചാണ്ടിക്ക് താല്‍പ്പര്യം. മന്ത്രിസഭയിലെ അംഗങ്ങള്‍ കൈക്കൂലിക്കാരും അഴിമതിക്കാരുമാണെന്ന് ചീഫ്വിപ്പുതന്നെ പരസ്യമായി പ്രസ്താവിക്കുന്നു. രാഷ്ട്രീയ പ്രതിസന്ധി കാരണം മുങ്ങാന്‍പോകുന്ന കപ്പലായി യുഡിഎഫ് മാറി. ഇതെല്ലാം മറച്ചുവയ്ക്കുന്നതിന് വില്ലേജ് തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായി ജനസമ്പര്‍ക്കപരിപാടി സംഘടിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.

എല്‍ഡിഎഫ് അധികാരത്തിലിരുന്ന കാലത്ത് ക്രമസമാധാന നിലയില്‍ കേരളം ഒന്നാംസ്ഥാനത്തായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. ഗുണ്ടാസംഘങ്ങളും പെണ്‍വാണിഭസംഘങ്ങളും ബ്ലേഡ് മാഫിയയുമെല്ലാം നാട്ടില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. ജനങ്ങള്‍ക്ക് സൈ്വരജീവിതം ഉറപ്പുവരുത്തേണ്ട പൊലീസിന് അത്തരം പ്രവര്‍ത്തനങ്ങളിലല്ല താല്‍പ്പര്യം. രാഷ്ട്രീയ താല്‍പ്പര്യത്തോടെ എതിരാളികളെ കള്ളക്കേസില്‍ കുടുക്കുന്നതിനുള്ള ഗൂഢാലോചന നടത്താനാണ് ഈ സംവിധാനത്തെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. കള്ളക്കേസുകള്‍ ഉയര്‍ത്തി നേതൃത്വത്തെതന്നെ തകര്‍ത്ത് അതിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയെ ദുര്‍ബലമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഇവിടെ നടന്നു. അതിനെയെല്ലാം അതിജീവിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിന് പാര്‍ടിക്ക് സാധിക്കുകയും ചെയ്തു. കഴിഞ്ഞ സംസ്ഥാനസമ്മേളനത്തിനുശേഷം ഈ പ്ലീനം ചേരുന്ന കാലയളവുവരെ പാര്‍ടിക്കെതിരായി വലിയ തോതിലുള്ള ആക്രമണമാണ് വലതുപക്ഷ ശക്തികളും ഇടതുതീവ്രവാദികളും എല്ലാംചേര്‍ന്ന് നടത്തിയത്.

കേരളത്തിന്റെ രാഷ്ട്രീയം ഇടതുപക്ഷശക്തികളുടെ പ്രാധാന്യവും കരുത്തും ഏറെ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ഈ വിശേഷാല്‍ സമ്മേളനം ചേരുന്നത്. കമ്യൂണിസ്റ്റ് പാര്‍ടി നിലകൊള്ളുന്നത് രാജ്യത്ത് കമ്യൂണിസവും സോഷ്യലിസവും സ്ഥാപിക്കുന്നതിനാണ്. എന്നാല്‍, അതിനു മുന്നോടിയായി രാജ്യത്തെ സാഹചര്യം പരിശോധിച്ച് ജനകീയ ജനാധിപത്യവിപ്ലവം സംഘടിപ്പിക്കുന്നതിനാണ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് മുന്നോട്ടുപോകണമെങ്കില്‍ എല്ലാ മേഖലയിലും സമരംനടത്താന്‍ അനുയോജ്യമായ പാര്‍ടിസംഘടന ആവശ്യമാണ്. ഇക്കാര്യം പാര്‍ടിപരിപാടിയില്‍ പറയുന്നുണ്ട്- വിപ്ലവപ്രസ്ഥാനത്തെ നയിക്കുന്നതിനും എല്ലാ മുന്നണികളിലും സമരം നടത്തുന്നതിനുമായി ഒരു ബഹുജന വിപ്ലവപാര്‍ടി വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ബഹുജനപ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുത്തുകൊണ്ടും അതോടൊപ്പംതന്നെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനം കൂടുതല്‍ ദൃഢമാക്കിക്കൊണ്ടും അത്തരമൊരു പാര്‍ടി, ജനങ്ങള്‍ക്കിടയിലുള്ള തങ്ങളുടെ അടിത്തറ നിരന്തരം വികസിപ്പിക്കേണ്ടതുണ്ട്. ജനാധിപത്യകേന്ദ്രീകരണത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശക്തവും അച്ചടക്കമുള്ളതുമായ പാര്‍ടി അതിനാവശ്യമാണ്. തൊഴിലാളിവര്‍ഗത്തോടും അധ്വാനിക്കുന്ന ജനങ്ങളുടെ മറ്റെല്ലാ വിഭാഗങ്ങളോടുമുള്ള ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി, പാര്‍ടി നിരന്തരം സ്വയം വിദ്യാഭ്യാസം നടത്തുകയും പുനര്‍വിദ്യാഭ്യാസം നടത്തുകയും സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ നിലവാരം പുതുക്കുകയും സംഘടനാപരമായ ശക്തി കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്. (പാര്‍ടി പരിപാടി, 8.4) ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടന വര്‍ത്തമാനകാലത്ത് ഏത് തരത്തിലായിരിക്കണം എന്നും അവ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും 20-ാം പാര്‍ടി കോണ്‍ഗ്രസുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി അഞ്ച് സുപ്രധാന കടമകള്‍ സംഘടനാരംഗത്ത് മുന്നോട്ടുവയ്ക്കുകയും ചെയ്തു. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടന്ന സംസ്ഥാനസമ്മേളനത്തിലും ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ടി കോണ്‍ഗ്രസും സംസ്ഥാനസമ്മേളനവും മുന്നോട്ടുവച്ച ഇത്തരം കടമകള്‍ എത്രത്തോളം പൂര്‍ത്തീകരിക്കപ്പെട്ടു എന്ന പരിശോധന നടത്തുന്നതിന് പാര്‍ടി സംസ്ഥാനകമ്മിറ്റി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ വിശേഷാല്‍ സമ്മേളനം ചേരുന്നത്. 2012 ഡിസംബര്‍ 29, 30 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് ചില തീരുമാനങ്ങളെടുത്തു. ഏരിയാകമ്മിറ്റികളില്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് പരിശോധന നടത്തണമെന്ന് നിശ്ചയിച്ചു. ഇത് സംബന്ധിച്ച് ഒരു ചോദ്യാവലി പാര്‍ടി സംസ്ഥാനകമ്മിറ്റി തയ്യാറാക്കി ഏരിയ കമ്മിറ്റികള്‍ക്ക് നല്‍കി. ഈ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ഏരിയ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ച് ഏരിയ കമ്മിറ്റിയില്‍ത്തന്നെ ചര്‍ച്ചനടക്കുകയുണ്ടായി. പ്രസ്തുത റിപ്പോര്‍ട്ടും ആ യോഗങ്ങളില്‍ പങ്കെടുത്ത സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടുകളും പരിശോധിച്ച് സംസ്ഥാനകമ്മിറ്റി വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. സംസ്ഥാനകമ്മിറ്റിക്കു കീഴിലുള്ള എല്ലാ ഘടകങ്ങളുടെയും ശക്തിദൗര്‍ബല്യങ്ങള്‍ അതിലൂടെ വ്യക്തമായി. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാകമ്മിറ്റിതന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി വിശദമായ ചര്‍ച്ച നടത്തുകയുംചെയ്തു. അതുകൂടി പരിഗണിച്ചുള്ള റിപ്പോര്‍ട്ടാണ് ഈ പ്ലീനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ജില്ലാകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് താഴെതലങ്ങളില്‍ ചര്‍ച്ച ചെയ്യുകയാണ്. ആ ചര്‍ച്ചയുടെ അനുഭവങ്ങള്‍കൂടി സ്വാംശീകരിച്ചാണ് പ്രതിനിധി സഖാക്കള്‍ പ്ലീനംരേഖ ചര്‍ച്ചചെയ്യാന്‍ എത്തുന്നത്.

പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങള്‍, വര്‍ഗ- ബഹുജനസംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രതിനിധികളായുള്ള സമ്മേളനത്തില്‍ സംസ്ഥാനകമ്മിറ്റി അംഗീകരിച്ച രേഖ അവതരിപ്പിക്കുകയും അവിടെ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുടര്‍തീരുമാനങ്ങള്‍ എടുക്കുകയുമാണ് ചെയ്യുക. ആ തീരുമാനം പാര്‍ടിയില്‍ ഉടനീളം നടപ്പാക്കി പാര്‍ടി സംഘടനയെ കൂടുതല്‍ ഊര്‍ജസ്വലമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇങ്ങനെ സംഘടനയില്‍ ആകമാനം ചര്‍ച്ചചെയ്ത് തയ്യാറെടുപ്പ് നടത്തി തയ്യാറാക്കിയ രേഖ ചര്‍ച്ചചെയ്യാന്‍ വിശേഷാല്‍ സമ്മേളനം ചേരുന്നത് പാര്‍ടിയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഇതാണ് മറ്റ് പ്ലീനങ്ങളില്‍നിന്ന് പാലക്കാട് പ്ലീനത്തെ വ്യത്യസ്തമാക്കുന്നത്.

സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിനുള്ള ഇടപെടല്‍ നടത്തുമ്പോള്‍, കേരളീയ സമൂഹത്തിന്റെ സവിശേഷതകളെ മനസ്സിലാക്കിയുള്ള ഇടപെടലാണ് പ്ലീനം ലക്ഷ്യംവയ്ക്കുന്നത്. അതിനാല്‍ത്തന്നെ കേരളത്തില്‍ നിലനില്‍ക്കുന്ന വര്‍ഗഘടനയെയും സാമൂഹ്യവികാസത്തിന്റെ വിവിധ ഘട്ടങ്ങളെയും ഓരോ വിഭാഗവും എത്തിനില്‍ക്കുന്ന അവസ്ഥയെയും ഇതില്‍ വിശകലനംചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെ നയിക്കാനുതകുന്ന സംഘടന രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തമാണ് ഈ വിശേഷാല്‍ സമ്മേളനം ഏറ്റെടുത്തിരിക്കുന്നത്.

കേരളത്തില്‍ 4,01,704 മെമ്പര്‍ഷിപ്പുള്ള, ഏറ്റവും വലിയ പാര്‍ടിയാണ് സിപിഐ എം. എന്നാല്‍, ചില പ്രത്യേക പ്രദേശങ്ങളില്‍ പാര്‍ടിക്ക് വേണ്ടത്ര സ്വാധീനമില്ലാത്ത പ്രശ്നവുമുണ്ട്. അവിടങ്ങളില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ പ്ലീനം രൂപംനല്‍കും. ചുരുക്കത്തില്‍ സംഘടനാപരമായി നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങളെയാകെ പരിഹരിച്ച് കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടുപോകുന്ന ഒന്നായിരിക്കും പാലക്കാട്ടെ വിശേഷാല്‍ സമ്മേളനം. പാര്‍ടി സംഘടനയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറാന്‍പോകുന്ന ഈ സമ്മേളനത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു. (അവസാനിച്ചു)
*
പിണറായി വിജയന്‍

No comments: