Saturday, November 2, 2013

ക്രിക്കറ്റ് എന്ന കായികാനുഭവം; ചരിത്രത്തിലും സംസ്കാരത്തിലും

ക്രിക്കറ്റ് എന്ന കായികാനുഭവത്തിന്റെ ചരിത്രപശ്ചാത്തലം കളി എന്ന അനുഭവത്തിന്റെ ഹേതുക്കളിലേക്ക് അഥവാ ആസ്പദങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ബ്രിട്ടന്റെ കോളനികളായിരുന്ന പിന്‍നില രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട കളിയാണ് ക്രിക്കറ്റ്. അടിമത്തത്തില്‍ കഴിഞ്ഞിരുന്ന പിന്‍നില രാജ്യങ്ങളില്‍ തങ്ങളുടെ സാംസ്കാരികമായ അധീശത്വം ഉറപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ "ഇറക്കുമതി"യുടെ പിന്നിലുണ്ട്. വെറും ഒരു കളി എന്നതിലുപരി സാമ്രാജ്യത്വത്തിന്റെ മറ്റു ലക്ഷ്യങ്ങള്‍ക്ക് സാധകമായ ഒരുപകരണം എന്ന നിലയിലാണ് ക്രിക്കറ്റ് പ്രചരിപ്പിക്കപ്പെട്ടത്. കോളനിവത്കരണത്തിന്റെ ഫലമായി ക്രിക്കറ്റിനെ അടയാളപ്പെടുത്തുമ്പോള്‍ മറ്റ് പല വസ്തുതകളും പരിഗണനാര്‍ഹങ്ങളാകുന്നുണ്ട്, വിശേഷിച്ചും സമകാല സന്ദര്‍ഭങ്ങളില്‍. ബ്രിട്ടീഷ് കോളനീകരണത്തിന്റെ ഭാഗമായി ഇംഗ്ലീഷുകാര്‍ പകര്‍ന്നുനല്‍കിയ ഈ കായികവിനോദം എല്ലാ അര്‍ഥത്തിലും ഇംഗ്ലീഷ് കാലാവസ്ഥകള്‍ക്കും പരിതോവസ്ഥകള്‍ക്കും ഇണങ്ങുന്നതായിരുന്നു. വര്‍ഷത്തില്‍ അധികദിവസങ്ങളിലും മഞ്ഞിന്റെ - തണുപ്പിന്റെ അന്തരീക്ഷമുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ചും നേരംകൊല്ലിയായ ഒരു പ്രിയവിനോദമായി ക്രിക്കറ്റ് മാറിയതില്‍ അത്ഭുതമില്ല. ഇംഗ്ലീഷുകാര്‍, തങ്ങളുടെ സ്വന്തം കളി എന്ന മട്ടില്‍ ക്രിക്കറ്റിന് മേല്‍കോയ്മയുടെ, കുത്തകാവകാശത്തിന്റെ ധാര്‍ഷ്ട്യം പുലര്‍ത്തിയിരുന്നതില്‍ അസ്വാഭാവികതയുമില്ല. എന്നാല്‍ ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍, കൊടും ചൂടേറ്റ് മണിക്കൂറുകള്‍ കായികാധ്വാനത്തില്‍ മുഴുകുക എന്നത് എത്രമേല്‍ കഠിനമാണെന്ന വസ്തുത ശ്രദ്ധിക്കണം. താരതമ്യചിന്തയിലൂടെ മുന്നോട്ടുപോയാല്‍, കുത്തകയുടെയും കോയ്മയുടെയും ബലതന്ത്രങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തിയിരുന്ന ക്രിക്കറ്റിനെ ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങള്‍ സ്വാംശീകരിക്കുകയും സ്വായത്തമാക്കുകയും ഉടമ/അടിമ ബന്ധ ത്തില്‍നിന്ന് ക്രമേണ മോചിപ്പിച്ച് ജനാധിപത്യസ്വഭാവത്തില്‍ ഉറപ്പിക്കുകയും ചെയ്തു എന്നുള്ള ചരിത്രസത്യത്തിലാണ് നാം എത്തിച്ചേരുക.

മൂന്നാംലോക ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ പലതാണ്. അവ്യവസ്ഥിതത്വത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലുകളില്‍ നടക്കുകയും സാമൂഹിക ദുരിതങ്ങള്‍ക്കു നടുവില്‍ സ്ഥിരമായി വ്യസനിക്കുകയും ചെയ്യുന്ന ശരാശരി ഇന്ത്യക്കാരന് ക്രിക്കറ്റ് വ്യക്തിപരമായ പ്രതീക്ഷയുടെ ഒരു ഇടം ഒരുക്കിക്കൊടുത്തതിന്റെ സാംസ്കാരിക പശ്ചാത്തലവും നാം കാണുക തന്നെ വേണം. വാസ്തവത്തില്‍, ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതിരോധത്തിന്റെയും സങ്കരസംസ്കൃതിയായി ക്രിക്കറ്റ് നമ്മുടെ പൊതുബോധത്തില്‍ വിലയം പ്രാപിക്കുകയാണ് ചെയ്തത്. സാമൂഹിക സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുകയും സാംസ്കാരിക മൂല്യങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും സാര്‍വത്രികമായ സ്വീകാര്യതയെക്കുറിച്ച് സംശയങ്ങളുണ്ടാകുകയും ചെയ്ത അവസരത്തില്‍ ക്രിക്കറ്റ് പോലുള്ള കളികള്‍ നമ്മുടെ അഭിലാഷങ്ങളുടെയും വിശ്വാസങ്ങളുടെയും സാധ്യതയായിത്തീര്‍ന്നു എന്നുപറയാം. അധീശത്വം ഉയര്‍ത്തുന്ന നിയന്ത്രണ രേഖകളെ നിഷ്പ്രയാസം തകര്‍ത്ത്, ഉടമ/അടിമബോധം മായ്ച്ചുകളഞ്ഞ്, ജനാധിപത്യത്തിന്റെ വിശാലഭൂമികയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ മുന്‍പുതന്നെ കഴിഞ്ഞിട്ടുണ്ട്. സച്ചിനിലെത്തുമ്പോള്‍, കളിക്കാരനു ചുറ്റും വിപുലമായ ഒരു സംവേദന മണ്ഡലം കൂടി ഉയര്‍ന്നുവരുന്നുണ്ട്. അതിജീവനമോഹങ്ങളുടെയും പ്രതീക്ഷകളുടെയും വിജയത്തിന്റെയും ഈ സംവേദന മണ്ഡലത്തില്‍ സച്ചിനുമായി, അദ്ദേഹത്തിന്റെ കളിയുമായി സൂക്ഷ്മവിനിമയം സ്ഥാപിച്ച പ്രേക്ഷകലക്ഷങ്ങള്‍ സച്ചിന്‍ എന്ന കളിക്കാരന്റെ കായികസ്വത്വവുമായി താദാത്മ്യം പ്രാപിക്കുകയായിരുന്നു, വാസ്തവത്തില്‍. മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത ദൈവം എന്ന വിശേഷണം പോലും ഇവിടെ പ്രത്യേകം നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. കോടിക്കണക്കിന് ജനങ്ങളുടെ മുഴുവന്‍ പ്രതീക്ഷ ഏതാണ്ട് ഒറ്റയ്ക്കു വഹിക്കുക എന്നതിലെ വെല്ലുവിളി എത്ര വലുതാണെന്ന് എടുത്തുപറയേണ്ടതില്ല. മികച്ച സ്കോര്‍ നേടാതെ സച്ചിന്‍ ഔട്ടാകുന്ന കളിയില്‍ ഇന്ത്യ തോല്‍ക്കും എന്ന അന്ധവിശ്വാസമടക്കമുള്ളവയ്ക്ക് കാരണം ഈ പ്രതീക്ഷയുടെ ബൃഹത്തായ പ്രവര്‍ത്തനമല്ലാതെ മറ്റൊന്നുമല്ല.

കളിയുടെ ഗതിനിയന്ത്രണം മുഴുവന്‍ ഒരാളിലാണെന്ന് വിശ്വസിക്കുമ്പോള്‍ അയാള്‍ കളിയിലെ ദൈവമാകുന്നു. സങ്കല്‍പങ്ങളിലെ ദൈവം മുകളിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ ഗ്രൗണ്ടിലെ ദൈവം ബാറ്റ് വീശി കളി നിയന്ത്രിക്കുന്നു. ആദ്യത്തേത് അപ്രാപ്യമാണെങ്കില്‍ രണ്ടാമത്തേത് പ്രാപ്യമാണ്. അരൂപമായതിനെക്കാള്‍ രൂപമുള്ളവയോടാണ് നമുക്ക് പണ്ടും പ്രതിപത്തി. കളിയിലെ ദൈവത്തിനാകട്ടെ മതവുമില്ല. ഏത് മേഖലയിലും നേട്ടങ്ങള്‍ കൈവരിക്കുകയും രാഷ്ട്രമൊന്നാകെ ഉറ്റുനോക്കുംവിധത്തിലുള്ള ഔന്നത്യത്തിലെത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് ചുറ്റും പരിവേഷങ്ങളുണ്ടാകുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല. ജനമനസ്സുകളില്‍ അവര്‍ വിഗ്രഹങ്ങളാകും. വ്യക്തിപൂജ ഏത് സന്ദര്‍ഭത്തിലും പ്രോത്സാഹനമര്‍ഹിക്കുന്ന ഒന്നല്ലെങ്കിലും സമൂഹത്തിന്റെയൊന്നാകെയുള്ള പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്കാരം സാധിക്കുന്ന ശക്തമായൊരു വിനിമയബന്ധത്തെ അംഗീകരിക്കുന്നതില്‍ തെറ്റില്ല. മതാതീതവും മനുഷ്യസാധാരണവുമായ ഒരു യുക്തിയിലാണ് ക്രിക്കറ്റ് ദൈവത്തിന്റെ വിഗ്രഹസൃഷ്ടി എന്നുള്ളതും തള്ളിക്കളയാന്‍ കഴിയില്ല. വ്യക്തിയുടെ കഴിവുകളിലും അയാളുടെ മാന്യമായ ഇടപെടല്‍ രീതികളിലും വിശ്വാസമര്‍പ്പിക്കുക എന്ന (അ)രാഷ്ട്രീയമായ അവബോധം ഇവിടെ നിരന്തരം മേല്‍ക്കൈ നേടുന്നു.

സച്ചിന്‍ എന്ന കളിക്കാരന്‍ 

ഒരു തൊഴില്‍ എന്ന നിലയില്‍ ഏതു കളിയെയും നോക്കിക്കാണാനുള്ള ധൈര്യം ശരാശരി ഭാരതീയന് ഇന്നുമില്ല. വിദ്യാഭ്യാസാനന്തരം സ്ഥിരവരുമാനമുള്ള ഒരു തൊഴില്‍ നേടുകയും ജീവിതസ്ഥിരത കണ്ടെത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍നിന്ന് മാറിച്ചിന്തിക്കുന്ന ഒരു യുവതലമുറ ഒരിക്കലും ഇവിടെ ഉണ്ടായിട്ടില്ല. അപവാദങ്ങളുണ്ടാകാം. പക്ഷേ ഭൂരിപക്ഷത്തിന്റെ നിലയ്ക്കനുസരിച്ചാണല്ലോ എല്ലായ്പ്പോഴും സ്ഥിതിവിവരക്കണക്കുകള്‍ രൂപപ്പെടുക. കളിക്കാന്‍ ആര്‍ക്കും കഴിയും. കളിക്കാരനാകാന്‍ ചിലര്‍ക്കു മാത്രമേ കഴിയുകയുള്ളൂ. ആ ചിലരില്‍ത്തന്നെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ചുരുക്കം പേര്‍ക്കേ കഴിയൂ. ഈ ചുരുക്കം പേരില്‍ ഏറ്റവും മികച്ച കളിക്കാരനാകുന്നത് ആരാണ്? അവസരങ്ങളുടെ, അര്‍പ്പണബുദ്ധിയുടെ, കഠിനാദ്ധ്വാനത്തിന്റെ എല്ലാം സുദീര്‍ഘങ്ങളായ ആഖ്യാനങ്ങള്‍കൊണ്ട് ഇപ്പറഞ്ഞ മികവിലേക്കുള്ള സഞ്ചാരപഥങ്ങള്‍ വിവരിക്കാന്‍ കഴിയും. പക്ഷേ പറയാനെളുപ്പമാണ്; പ്രവര്‍ത്തിക്കാന്‍ വിഷമവും. ബാല്യകൗമാരകാലങ്ങളില്‍ കൂട്ടുകാരും സമപ്രായക്കാരായ മറ്റ് കുട്ടികളും കുട്ടിക്കാലത്തിന്റെ ആഹ്ലാദത്തിമിര്‍പ്പുകളില്‍ മുഴുകുമ്പോള്‍ ക്രിക്കറ്റ് പരിശീലനത്തിന്റെ കഠിനമുറകളിലാണ് താന്‍ മുഴുകിയിരുന്നതെന്ന് സച്ചിന്‍ സ്വയം ഹൃദയഭാഷയില്‍ വിശദീകരിച്ചിട്ടുള്ളത് നമുക്കറിയാം. ഇന്നും ദിവസവും രണ്ട് മണിക്കൂര്‍ പരിശീലനത്തിനായി സച്ചിന്‍ നീക്കിവയ്ക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ അതിശയം തോന്നേണ്ടതുള്ളൂ, പഠിച്ചുതീരാത്ത വിദ്യയെക്കുറിച്ചും പരിശീലിച്ചു മെച്ചപ്പെടുത്താവുന്ന കഴിവുകളെക്കുറിച്ചും തിരിച്ചറിയുന്നവര്‍ ഇന്നും നമ്മുടെ രാജ്യത്തുണ്ട് എന്ന ഒരേയൊരു കാര്യത്തില്‍.

ഒരു കളിക്കാരനില്‍ അര്‍പ്പിക്കപ്പെട്ട പ്രതീക്ഷ നാള്‍ക്കുനാള്‍ വളര്‍ന്ന് അയാള്‍ക്കത് കനത്ത ഭാരമായിത്തീരാം. എല്ലാ കളികളും ഒരുപോലെ മികവുറ്റതാക്കാന്‍ അമാനുഷര്‍ക്കുപോലും കഴിഞ്ഞെന്നു വരില്ല. 2006 മാര്‍ച്ച് 19-ല്‍ സച്ചിന്റെ സ്വന്തം ഗ്രൗണ്ടായ (ഹോം ഗ്രൗണ്ട്) വാങ്കഡെയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍, ആദ്യ ഇന്നിംഗ്സില്‍ ഇരുപതിലേറെ പന്തുകള്‍ അഭിമുഖീകരിച്ച സച്ചിന്‍ ഒരു റണ്‍ മാത്രം നേടിയത് ഓര്‍ക്കാം. ഔട്ടായി പവലിയനിലേക്ക് മടങ്ങിയ സച്ചിനെ കാണികളില്‍ ചിലര്‍ കൂക്കിവിളിച്ചത് ഇന്നും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയ്ക്കുശേഷമാണ് സച്ചിന്‍ തോളിലെ പരിക്കിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. കളിക്കാരന്‍ എന്ന നിലയില്‍ ഫോം കണ്ടെത്താന്‍ ക്ലേശിച്ചിട്ടുള്ള മറ്റ് സന്ദര്‍ഭങ്ങളും സച്ചിന്റെ കരിയറിലുണ്ടായി. പക്ഷേ, ഹര്‍ഷാരവങ്ങളെയും കൂക്കിവിളികളെയും സമചിത്തതയോടെ സമീപിക്കുന്ന ഒരു സ്ഥിതപ്രജ്ഞന്‍ സച്ചിനില്‍ എന്നും ഉണര്‍ന്നിരുന്നു.

മൈക്ക് ഡെന്നിസ് സംഭവം ഇതിന് മറ്റൊരുദാഹരണമാണ്. ചുരുക്കം വാക്കുകളില്‍ ഈ സംഭവം ഇവിടെ സൂചിപ്പിക്കാം. 2001-ല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനവേളയില്‍ രണ്ടാം ടെസ്റ്റിനിടെ അമിതമായി അപീല്‍ ചെയ്തതിന് ഇന്ത്യയിലെ ഏതാനും കളിക്കാര്‍ക്കും ടീമംഗങ്ങളെ നിയന്ത്രിക്കാത്തതിന്റെ പേരില്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും മാച്ച് റഫറിയായിരുന്ന മൈക്ക് ഡെന്നിസ് പിഴ നല്‍കുകയും പന്തില്‍ കൃത്രിമം കാണിച്ചു എന്ന ആക്ഷേപത്തില്‍ സച്ചിനെ മത്സരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അടുത്ത ടെസ്റ്റ് മത്സരത്തില്‍ സച്ചിന് വിലക്കേര്‍പ്പെടുത്തി. വംശീയതയുമായി ചേര്‍ത്തുവച്ച് പ്രസ്തുതസംഭവം വാദകോലാഹലങ്ങളിലേക്ക് നീങ്ങുകയും പിന്നീട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ സച്ചിന്റെ വിലക്ക് മാറ്റുകയും ചെയ്തു. സച്ചിനെപ്പോലൊരു ക്രിക്കറ്ററുടെ കായിക ജീവിതത്തില്‍, എന്തിന്, പ്രതിച്ഛായയില്‍ത്തന്നെ കരിനിഴല്‍ വീഴ്ത്താമായിരുന്ന ഈ സംഭവത്തെ തന്റെ സ്ഥിതപ്രജ്ഞയിലൂടെ മാത്രമാണ് സച്ചിന്‍ തരണം ചെയ്തത്.

മാച്ച് ഫിക്സിങ്ങിന്റെയും മറ്റും ഞെട്ടിപ്പിക്കുന്ന കഥകളും യാഥാര്‍ഥ്യങ്ങളും ഇന്ന് ക്രിക്കറ്റിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍പിച്ചിരിക്കുന്നു. കാലം കൊണ്ടുവരുന്ന മാറ്റങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ ഇളകാതെ, സ്വപ്രത്യയസ്ഥൈര്യത്തില്‍ നിലകൊള്ളുക എന്നത് ഏത് സന്ദര്‍ഭത്തിലും വലിയൊരു കാര്യമാണ്. ജീവിതത്തിന്റെയും ക്രിക്കറ്റിന്റെയും അനിശ്ചിതത്വങ്ങളില്‍ കാലുറപ്പിച്ചുകൊണ്ട് അചഞ്ചല നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു എന്നതിലേറെ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കളിയുടെ പൊതുസ്ഥലത്ത് ചേര്‍ത്തുപിടിച്ചുകൊണ്ട്, താനറിയാതെ ഒരു സൂചകമായി മാറിക്കൊണ്ട് ഒരു ദേശത്തിന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന കളിക്കാരന്റെ കാലാതീതമായ പ്രസക്തി.

കളിക്കാരന്റെ സ്വത്വം നിര്‍ണയിക്കുന്നതില്‍ കളിയുടെമേല്‍ അയാള്‍ക്കുള്ള ആധിപത്യമാണ് ഏറ്റവും പ്രധാനം. കളിയിലൂടെ ഇത്രത്തോളം സ്വയം നിര്‍ണയിക്കുകയും നിര്‍വചിക്കുകയും സ്വയം നവീകരണം നടത്തുകയും ചെയ്തിട്ടുള്ള മറ്റൊരു കളിക്കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെന്നല്ല ലോകക്രിക്കറ്റിലുമില്ല. ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമാണ് തന്റെ ഇന്നോളമുള്ള സ്വപ്നമെന്ന് മറ്റൊരു കളിക്കാരനും ഇത്രമേല്‍ നെഞ്ചുകീറി പറഞ്ഞിട്ടുണ്ടാവില്ല. ഈ സ്വപ്നത്തില്‍ താന്‍ ജീവിക്കുന്നതിന്റെ സന്തോഷം മറ്റൊരാള്‍ക്കും ലോകമനഃസാക്ഷിയോട് ഇപ്രകാരം പങ്കുവയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ടാവില്ല. അതെ, കളിയാണ് കാര്യം; സ്വപ്നമാണ് ജീവിതം.

*
ഡോ. ആര്‍ ശ്രീലതാവര്‍മ്മ ദേശാഭിമാനി വാരിക 27 ഒക്ടോബര്‍ 2013

1 comment:

Jomy said...

ക്രിക്കറ്റ്‌ കാണാനുള്ള കളിയല്ല, അത് മൈതാനത്ത് ഇറങ്ങി കളിക്കനുള്ളതാണ്.ക്രിക്കറ്റ് മാത്രമല്ല എല്ലാ കായിക വിനോദങ്ങളും കളിക്കാനുള്ളതാണ്.ടി.വി യില്‍ കളി കണ്ടിരിക്കാണ് പൊതുവെ എല്ലാവരും താല്പര്യപ്പെടുന്നത്. മൈതാനത്ത് ഇറങ്ങി കളിച്ചാല്‍ ആരോഗ്യവും മാനസികമായ ഉന്മേഷവും ഉണ്ടാകും. മനുഷനെ മടിയനാക്കുന്ന ഇത്തരം മത്സരങ്ങള്‍ക്ക് അമിതമായ വാര്‍ത്ത‍ പ്രാധാന്യം നല്‍കാതിരിക്കുക എന്നത് തന്നെയാണ് ഉചിതമായത്. മറ്റു രാജ്യങ്ങളില്‍ കായിക താരങ്ങളെ, കായിക മത്സരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത് കായിക ശേഷിക്കും ആരോഗ്യത്തിനുമുള്ള പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടിയാണ്.ഉറച്ച കായിക ശേഷിയുള്ള ,നല്ല ആരോഗ്യമുള്ള തലമുറകള്‍ ഉണ്ടായാല്‍ മാത്രമേ രാജ്യ പുരോഗതിയുണ്ടാകൂ. ഇന്ത്യയില്‍ പക്ഷെ എന്തെങ്കിലും കൊറിച്ചു, വെറുതെ കളി കണ്ടിരിക്കുന്ന പ്രവണതയാണ് കാണപെടുന്നത്. http://malayalatthanima.blogspot.in