Wednesday, November 6, 2013

ദുരൂഹതകളുയര്‍ത്തുന്ന അമേരിക്കന്‍ കപ്പല്‍

തൂത്തുക്കുടിക്കടുത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ആയുധങ്ങളുമായി പിടിയിലായ അമേരിക്കന്‍ കപ്പലിനെ രക്ഷപ്പെടുത്താന്‍ അന്തസ്സുകെട്ട പ്രവര്‍ത്തനങ്ങളാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കല്‍ക്കരി കുംഭകോണ കേസിലും കേരളത്തിലെ സോളാര്‍ അഴിമതി കേസിലും ആരോപണവിധേയരെ രക്ഷിക്കാന്‍ അന്വേഷണം അട്ടിമറിക്കുന്ന അതേ മനസ്സോടെതന്നെയാണ് രാജ്യസുരക്ഷയ്ക്കു നേരേ വെല്ലുവിളി ഉയര്‍ത്തുന്ന സംഭവത്തിലും ഇന്ത്യന്‍ താല്‍പര്യങ്ങളെ താഴ്ത്തിക്കെട്ടി അമേരിക്കന്‍ കപ്പലിനെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് ജാര്‍ഖണ്ഡ്-ബിഹാര്‍ അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ക്ക് അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ ലഭിച്ചത് സുരക്ഷാസേന കണ്ടെത്തിയിരുന്നു. അതുസംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും ചെയ്തു. എവിടെയെത്തി ആ അന്വേഷണം? ആരും ഒന്നും മിണ്ടുന്നില്ല. ഒരു കേസ് തേച്ചുമായ്ച്ചു കളയാന്‍ അത് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചാല്‍ മതി എന്ന അവസ്ഥയിലെത്തിയിരിക്കുന്നു.

2012 ആഗസ്ത് 29ന് ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ സിലോദാര്‍ വനത്തില്‍ മാവോയിസ്റ്റുകളുടെ പക്കല്‍ നിന്ന് കണ്ടെടുത്ത കോള്‍ട്ട് എം-16 ഇനത്തില്‍ പെട്ട തോക്കുകള്‍ അവര്‍ക്ക് എവിടെനിന്നാണ് ലഭിച്ചതെന്നെങ്കിലും കണ്ടെത്തേണ്ടതല്ലേ? അതോ കണ്ടെത്തിയിട്ടും വെളിപ്പെടുത്താതിരിക്കുന്നതാണോ? ഈയിടെ അമേരിക്കന്‍ സുരക്ഷാ സ്ഥാപനമായ അഡ്വന്റ്ഫോര്‍ട്ടിന്റെ എം വി സീമാന്‍ ഗാര്‍ഡ് ഓഹിയോ എന്ന കപ്പലില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ ആര്‍ക്ക് നല്‍കാനായിരുന്നുവെന്നത് പുറംലോകം ഇനി അറിയുമോ എന്ന് സംശയമാണ്. അറസ്റ്റിലായ കപ്പല്‍ ജീവനക്കാര്‍ കുറേനാള്‍ കോടതി കയറിയിറങ്ങുകയും ജനങ്ങള്‍ ഈ സംഭവം മറക്കുകയും ചെയ്യുമ്പോള്‍ കുറ്റവാളികളെ കണ്ടെത്താതെ അന്വേഷണ ഏജന്‍സികള്‍ പിന്‍മാറും. അതിനപ്പുറം എന്തെങ്കിലും സംഭവിക്കണമെങ്കില്‍ മന്‍മോഹന്‍സിങ്ങിന്റെ അമേരിക്കന്‍ വിധേയത്വ നയത്തിന് കാര്യമായ എന്തെങ്കിലും മാറ്റമുണ്ടാകണം. അതല്ലെങ്കില്‍ മാറിവരുന്ന സര്‍ക്കാരിന് കുറ്റവാളികളെ കണ്ടെത്തണമെന്ന താല്‍പര്യമുണ്ടാകണം. അമേരിക്കയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രത്യേക താല്‍പര്യമുണ്ട്. അതിന് അവര്‍ മുമ്പ് തെരഞ്ഞെടുത്തിരുന്ന സ്ഥലം ദീഗോഗാര്‍ഷ്യയാണ്. ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ബംഗാള്‍ സമുദ്രത്തിലേക്ക് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്തിന്? കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ നടപടികളെ സഹായിക്കാന്‍ ഏഡന്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യക്ക് തെക്കുള്ള ഭാഗത്തുമാണ് എം വി സീമാന്‍ ഗാര്‍ഡ് ഒഹിയോ കപ്പലിന് നില്‍ക്കാനുള്ള അനുമതിയുള്ളത്. എന്നിട്ടും ബംഗാള്‍ സമുദ്രത്തില്‍ തമിഴ്നാട് തീരത്ത് എന്തിനാണ് അവര്‍ കറങ്ങിനടന്നത്?

കൂടംകുളം ആണവനിലയത്തിനും തൂത്തുക്കുടിക്കുമിടയിലുള്ള സമുദ്രഭാഗത്ത് ഒരു മാസത്തോളം ഈ കപ്പല്‍ ഉണ്ടായിരുന്നു. ഇതേ സമയത്താണ് കൂടംകുളം ആണവനിലയത്തെ ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ മുദ്രയുള്ള ആയുധം പിടിച്ചെടുക്കുക, ഈ വര്‍ഷം കൂടംകുളത്തിനടുത്ത് അമേരിക്കന്‍ കപ്പല്‍ ഒരു മാസത്തോളം കറങ്ങുക, കൂടംകുളം ആണവനിലയത്തിനു നേരേ ആക്രമണം നടത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കുക. ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും തോന്നും. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അങ്ങനെയൊരു സംശയമേയില്ല.

അമേരിക്കയുടെ കളിക്കപ്പല്‍ കളിച്ചുകളിച്ച് അബദ്ധത്തില്‍ ബംഗാള്‍ സമുദ്രത്തില്‍ എത്തിപ്പെട്ടതാണെന്ന മട്ടിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കാര്യങ്ങളെ കാണുന്നത്. അമേരിക്കന്‍ കപ്പലിന്റെ പദ്ധതികള്‍ സംബന്ധിച്ച ഒരു വിവരവും ഇനി അന്വേഷണത്തിലൂടെ പുറത്തുവരില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാം. നാവികരെ ജയിലിലിട്ടിട്ടുണ്ട്. അതില്‍ തന്നെ അമേരിക്കന്‍ പൗരന്‍മാര്‍ തീരെയില്ല. കപ്പല്‍ ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യങ്ങളിലെ പൗരന്‍മാരെക്കൊണ്ട് നടത്താമെന്നതാണ് അമേരിക്കയുടെ മനസ്സിലിരുപ്പ്. അതും കടല്‍ക്കൊള്ളയില്‍ നിന്ന് കപ്പലുകള്‍ക്ക് സംരക്ഷണം കൊടുക്കാനെന്ന പേരില്‍. ആഗസ്തില്‍ കൊച്ചി തുറമുഖത്ത് മൂന്ന് ദിവസം തങ്ങിയ കപ്പലില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് കപ്പല്‍ ജീവനക്കാര്‍ നല്‍കിയ സ്റ്റേറ്റ്മെന്റ്. കപ്പലിനുള്ളില്‍ കയറി വിശദമായ പരിശോധന നടത്തിയശേഷമാണോ ആയുധമില്ല എന്ന വിവരം തുറമുഖ അധികൃതര്‍ക്ക് ലഭിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. കപ്പല്‍ എവിടെനിന്ന് വന്നാണ് കൊച്ചിയില്‍ നങ്കൂരമിട്ടത് എന്ന വിവരവും അന്വേഷിച്ചറിയേണ്ടതുണ്ട്.

കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ കപ്പല്‍ വീണ്ടും ഇന്ത്യന്‍ മേഖലയിലേക്കു തന്നെ മടങ്ങിവന്ന് കടലില്‍ ചുറ്റിയടിക്കുകയായിരുന്നു. കടല്‍ക്കൊള്ളക്കാരില്‍ നിന്ന് കപ്പലുകളെ സംരക്ഷിക്കാന്‍ ആയുധങ്ങള്‍ നല്‍കുന്ന ചുമതലയാണ് തങ്ങള്‍ക്കെന്നാണ് കപ്പലിന്റെ ഉടമസ്ഥര്‍ അറിയിച്ചത്. ഏതൊക്കെ കപ്പലിന് എവിടെ വച്ചൊക്കെ ആയുധങ്ങള്‍ നല്‍കി എന്ന വിവരം ലഭിക്കേണ്ടതല്ലേ? നിരവധി സംശയങ്ങളാണ് ജനങ്ങളുടെ മനസ്സിലുള്ളത്. അവയ്ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ ദേശസുരക്ഷ വച്ച് ചൂതാട്ടം നടത്തുന്നവരാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എന്ന ധാരണ കൂടുതല്‍ ബലപ്പെടും. വന്‍തോതില്‍ ആയുധങ്ങള്‍ ഇന്ത്യന്‍ തീരത്തേക്ക് എത്തിക്കാനുള്ള പദ്ധതിയാണിതെന്ന കാര്യത്തില്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് സംശയമുണ്ടാകില്ല. പല തരത്തിലുള്ള അട്ടിമറിപ്പണികള്‍ക്കും ആക്രമണങ്ങള്‍ക്കും ഇന്ത്യയില്‍ ആയുധമെത്തിച്ചതിന്റെ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. 1995 ഡിസംബറില്‍ പശ്ചിമബംഗാളിലെ പുരൂളിയ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലാറ്റ്വിയന്‍ വിമാനമായ അന്റോണോവ്-26ല്‍ നിന്ന് നിരവധി എകെ-47 തോക്കുകളും ലക്ഷക്കണക്കിന് തിരകളും വര്‍ഷിച്ച സംഭവമുണ്ടായി. ഇന്ത്യാ ഗവണ്‍മെന്റിനു കീഴില്‍ നടന്ന അന്വേഷണത്തില്‍ അതിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ല. മാത്രമല്ല, കേസിലെ പ്രധാന പ്രതി കിം ഡേവിയെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ തന്നെ നേരിട്ടിടപെട്ട് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ഇതേ കിം ഡേവി തന്നെ അടുത്തിടെ സംഭവത്തിന്റെ ചുരുളഴിച്ചു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ അറിവോടെ ഇന്ത്യന്‍ ചാരസംഘടനയായ റോയും ചില വിദേശ ഏജന്‍സികളും ചേര്‍ന്ന് പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ സായുധകലാപം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പുരൂളിയയില്‍ ആയുധം വിതറിയത് എന്ന സത്യമാണ് കിം ഡേവി വെളിപ്പെടുത്തിയത്. പുരൂളിയ മാതൃകയിലുള്ള ആയുധമെത്തിക്കല്‍ പദ്ധതിയാണോ ഇത്?

ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വളരെ സജീവമാണ്. ഇവര്‍ക്ക് ആയുധമെത്തിച്ചിരുന്ന വഴികള്‍ പലതും അടഞ്ഞുപോയി. നേപ്പാള്‍ വഴി ബിഹാറിലൂടെ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ ആയുധമെത്തിക്കുന്നതായിരുന്നു പ്രധാന പദ്ധതി. ഈ വഴി അടഞ്ഞുപോയി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആയുധമെത്തിക്കാനും ഇപ്പോള്‍ കഴിയുന്നില്ല. പാകിസ്ഥാനില്‍ നിന്നും പാക് അധീന കാശ്മീരില്‍ നിന്നും ആയുധമെത്തിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ കരമാര്‍ഗം ഇത്രയും ദൂരം സഞ്ചരിച്ച് ആയുധമെത്തിക്കുന്നതിന്റെ പരിമിതി കാരണം അതും നടന്നിട്ടില്ല. പൊലീസിനെയും സായുധസേനയെയും കടന്നാക്രമിച്ച് കീഴ്പ്പെടുത്തി അവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതായിരുന്നു മാവോയിസ്റ്റുകളുടെ മറ്റൊരു രീതി. എന്നാല്‍ അത്തരം സംഭവങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് ഗവണ്‍മെന്റിന്റെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. 2008ല്‍ സുരക്ഷാസേനയില്‍ നിന്ന് ആയുധം പിടിച്ചെടുത്ത 1200 സംഭവങ്ങളുണ്ടായപ്പോള്‍ 2011ല്‍ അത് 67 ആയി കുറഞ്ഞു.

മാവോയിസ്റ്റുകള്‍ക്ക് പുതിയ ചില മാര്‍ഗങ്ങളിലൂടെ ആയുധമെത്തുന്നുവെന്നും അത് പ്രധാനമായും വിദേശ രാജ്യങ്ങളില്‍ നിന്നാണെന്നും 2012 നവമ്പറില്‍ സിആര്‍പിഎഫ് മേധാവി പറഞ്ഞിരുന്നു. ഇവയുടെയൊക്കെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ കപ്പലിലെ ആയുധങ്ങള്‍ എത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തേണ്ടത്. അത് നടക്കുന്നില്ല. അമേരിക്കന്‍ കപ്പലിനെ രക്ഷപ്പെടുത്താന്‍ പാകത്തിലുള്ള കണ്ടെത്തലുകള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ മത്സരിക്കുന്നത്. തമിഴ്നാട് ക്യൂ ബ്രാഞ്ച് കേസ് ഏറ്റെടുത്തതാണ് കേന്ദ്ര സര്‍ക്കാരിനെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത്. ദേശീയമാനങ്ങളുള്ള കേസാണിതെന്നും അതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സി തന്നെ അന്വേഷിക്കണമെന്നും നിശ്ചയിച്ചാല്‍ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല. ദേശീയ അന്വേഷണ ഏജന്‍സിക്ക് അമേരിക്കന്‍ കപ്പലിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് അമേരിക്കയുടെ പ്രവര്‍ത്തനം.

അമേരിക്കന്‍ നാവികസേനയുടെ കപ്പലല്ല എം വി സീമാന്‍ ഗാര്‍ഡ് ഓഹിയോ. എന്നാല്‍ ലോകമാകെ തങ്ങളുടെ തറവാട് എന്ന മട്ടിലാണ് കപ്പലിന്റെ ഉടമയായ സ്വകാര്യ ഏജന്‍സിയുടെ പെരുമാറ്റം. നിയമം ലംഘിച്ച് സ്വകാര്യ വ്യക്തികളില്‍ നിന്ന് 1500 ലിറ്റര്‍ ഡീസല്‍ ഈ കപ്പലിനുവേണ്ടി വാങ്ങി. ഇതിന് പണം നല്‍കാനും ഡീസല്‍ എത്തിക്കാനുമൊക്കെ സമാന്തരമായ സംവിധാനങ്ങള്‍ ഇന്ത്യയിലുണ്ട്. നിയമാനുസൃതം ലഭിക്കേണ്ട വഴിയിലൂടെ ഡീസല്‍ വാങ്ങാന്‍ എന്തായിരുന്നു അമേരിക്കന്‍ കപ്പലിന് ബുദ്ധിമുട്ട്? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് അമേരിക്കന്‍ കപ്പല്‍ ഉയര്‍ത്തുന്നത്. അവയ്ക്കൊന്നും ഉത്തരം കണ്ടെത്താന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് താല്‍പര്യമില്ല. കപ്പല്‍ പിടിക്കപ്പെട്ടു എന്നു കണ്ടയുടന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പിനെയാണ് കപ്പലിന്റെ കമ്പനി സമീപിച്ചത്. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഇന്ത്യാ സര്‍ക്കാരില്‍ നേരിട്ട് സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി. അതിനാല്‍ സത്യം എന്തായാലും അമേരിക്കന്‍ കപ്പല്‍ നിരപരാധിയായി ഇന്ത്യന്‍ തീരം വിട്ടുപോകും.

അമേരിക്കന്‍ കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് വന്നുവെന്നും ഇത് നിയമലംഘനമാണെന്നും ഇന്ത്യന്‍ പ്രതിരോധ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മറുവാദവും ഇന്ത്യന്‍ അധികൃതര്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവന്നു. കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണെങ്കില്‍ ഇക്കാര്യത്തില്‍ നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേശകന്‍ നെഹ്ചല്‍ സന്ധു ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണം എവിടെയെത്തിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെ സമുദ്രത്തിന്റെ ഉള്ളിലേക്കാണ് ഇന്ത്യയുടെ സമുദ്രാതിര്‍ത്തി. അതിനപ്പുറമുള്ള സ്ഥലത്ത് ഏതെങ്കിലും കപ്പല്‍ എന്തെങ്കിലും ചെയ്താല്‍ നമുക്കെന്തെങ്കിലും കെട്ടിച്ചമയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു സന്ധുവിന്റെ വിശദീകരണം. തമിഴ്നാട് പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ചാടിക്കയറി പ്രതികരണം നടത്താന്‍ ആരാണ് സന്ധുവിനെ ചുമതലപ്പെടുത്തിയത്?

കപ്പലിലെ 10 ജീവനക്കാര്‍ക്കും 25 ഗാര്‍ഡുകള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പിടിയിലായതുകൊണ്ടാണ്. ഇത് മറച്ചുവെച്ചാണ് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേശകന്റെ വിശദീകരണം. നിരവധി ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഒരാഴ്ച കഴിഞ്ഞാണ് അമേരിക്കന്‍ കപ്പലിലെ ജീവനക്കാരെ അറസ്റ്റുചെയ്തത്. കപ്പല്‍ ജീവനക്കാരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. ബ്രിട്ടീഷ്, എസ്തോണിയന്‍, ഉക്രേനിയന്‍ പൗരന്‍മാരും ഇക്കൂട്ടത്തിലുണ്ട്. 35 കെ-47 തോക്കുകളും തിരകളും കണ്ടെടുത്തു. കപ്പലില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും ക്യൂ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കപ്പലിലെ രണ്ട് ജീവനക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കപ്പല്‍ കസ്റ്റഡിയിലാകുമ്പോഴേക്ക് ആത്മഹത്യക്ക് ശ്രമിക്കാന്‍ തക്കവണ്ണം എന്ത് ഗുരുതരമായ രഹസ്യങ്ങളാണ് അമേരിക്കന്‍ കപ്പലിനെ ചൂഴ്ന്നുനില്‍ക്കുന്നത്? യുപിഎ സര്‍ക്കാര്‍ ഉള്ള കാലത്തോളം ആ രഹസ്യങ്ങള്‍ പുറത്തുവരില്ലെന്ന് ഉറപ്പായും വിശ്വസിക്കാം.

*
വി ജയിന്‍ ചിന്ത 01 നവംബര്‍ 2013

No comments: