Monday, September 9, 2013

ഇതോ ഭക്ഷ്യസുരക്ഷ

കഴിഞ്ഞ ദിവസമാണ് ഭക്ഷ്യസുരക്ഷാ നിയമം പാര്‍ലമെന്റ് പാസാക്കിയത്. ഇനി പാവപ്പെട്ടവര്‍ ഭക്ഷണം കിട്ടാതെ വലയേണ്ടി വരില്ലെന്നാണ് യുപിഎ സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസും അവകാശപ്പെടുന്നത്. യഥാര്‍ഥ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ബില്‍ പരിഗണിക്കുന്ന വേളയില്‍ ഇടതുപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. സാര്‍വത്രിക റേഷന്‍ സംവിധാനമാണ് ഇടതുപക്ഷം വിഭാവനംചെയ്ത ഭേദഗതിയിലൂടെ ഉദ്ദേശിച്ചത്. അതിന് യുപിഎ സര്‍ക്കാര്‍ തയ്യാറല്ല. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയെന്ന ലക്ഷ്യംമാത്രമേ കേന്ദ്ര നിയമത്തിനുള്ളൂവെന്ന് അതില്‍നിന്നുതന്നെ വ്യക്തം. അത് യുപിഎയുടെയും അതിന് നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസിന്റെയും പൊതുനയത്തിന്റെ ഭാഗമാണ്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതും അതേ നയംതന്നെ.

കേരളത്തില്‍ നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി റേഷനിങ് സംവിധാനം അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ഓരോ ഘട്ടത്തിലും ശ്രമിച്ചത്. കേരളത്തിന്റെ ദേശീയ ഉത്സവമായി കണക്കാക്കുന്ന ഓണക്കാലമായിട്ടുകൂടി വിലക്കയറ്റം മുമ്പൊരിക്കലുമില്ലാതെ കുതിച്ചുയരുമ്പോള്‍ നിസ്സംഗമായി നോക്കിനില്‍ക്കുന്ന സര്‍ക്കാര്‍ നിലവിലുള്ള സംവിധാനമാകെ അട്ടിമറിക്കാന്‍കൂടി ഉത്തരവിറക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി ശക്തമായി വിപണിയില്‍ ഇടപെടുന്ന കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇനി ഇടപെടരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഉത്സവ സീസണില്‍മാത്രം വിപണിയില്‍ ഇടപെട്ടാല്‍ മതിയത്രെ. ഇതിനര്‍ഥം സ്വകാര്യലോബികള്‍ ജനങ്ങളെ ആവുന്നത്ര കൊള്ളയടിച്ചോട്ടെ എന്നാണ്. അതല്ല, സീസണുകളില്‍മാത്രം വില കുറഞ്ഞാല്‍ മതിയെന്നാണോ?

ഭക്ഷ്യസാധനങ്ങള്‍ വില കുറച്ച് നല്‍കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തിന്റെ പേരിലാണ് അതിരൂക്ഷമായ വിലക്കയറ്റം നേരിടുമ്പോഴും വിപണി ഇടപെടലുകളില്‍നിന്ന് സ്ഥാപനങ്ങളെ വിലക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ തുടങ്ങിയ എജന്‍സികളെയെല്ലാം വിലനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കിയിട്ടുണ്ട്. വിപണിയില്‍ ഇടപെടുന്നതുമൂലം സര്‍ക്കാരിന് വരുന്ന നഷ്ടം നികത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനപ്രകാരം ചീഫ് സെക്രട്ടറി അധ്യക്ഷനായി രൂപീകരിച്ച സമിതിയുടെ ശുപാര്‍ശയുടെ മറവിലാണ് പൊതുജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ഈ ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. നഷ്ടക്കണക്ക് പറഞ്ഞ് പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ മടികാണിക്കാത്തവരില്‍നിന്ന് ഇതേ പ്രതീക്ഷിക്കാവൂ എന്ന സൂചനയുമുണ്ട് ഈ ഉത്തരവില്‍.

സപ്ലൈകോ ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഓണം, ബക്രീദ്, റമദാന്‍, ക്രിസ്മസ്, വിഷു എന്നീ ഉത്സവ സീസണുകളില്‍പോലും വിപണിയില്‍ ഇടപെടുന്നതിന് നിയന്ത്രണമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദിവസങ്ങളില്‍മാത്രമേ ഇടപെടാന്‍ ഇനി അനുവാദമുള്ളൂ. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ഏതാണ്ട് മൂവായിരം ന്യായവില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ സംസ്ഥാനത്താകെ 142 ത്രിവേണി സ്റ്റോറുകളും എണ്ണൂറോളം നീതി സ്റ്റോറുകളും 220 നീതി മെഡിക്കല്‍ സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വന്‍ നഗരങ്ങളിലെ മെഗാ മാര്‍ക്കറ്റുകളും ചെറുനഗരങ്ങളിലെ ലിറ്റില്‍ ത്രിവേണി സ്റ്റോറുകളും പൊതുവിപണിയേക്കാള്‍ പത്ത് ശതമാനം വിലകുറച്ച് നിത്യോപയോഗസാധനങ്ങള്‍ വിതരണംചെയ്യുന്നു. കുട്ടനാട്ടില്‍ ഒഴുകുന്ന ത്രിവേണി പ്രവര്‍ത്തിക്കുന്നു. ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന സൂപ്പര്‍മാര്‍ക്കറ്റാണിത്. മലമ്പ്രദേശങ്ങള്‍, തീരദേശം എന്നിവിടങ്ങളില്‍ നിത്യോപയോഗ സാധനങ്ങളെത്തിക്കാന്‍ ഏഴ് സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ സഹായ സഹകരണത്തോടെ വിവിധ സഹകരണസംഘങ്ങളുടെ കീഴില്‍ ആയിരത്തിയിരുനൂറിലേറെ സഹകരണ ന്യായവില സ്റ്റോറുകളുണ്ട്. ഇതെല്ലാം പൂട്ടേണ്ടി വരും.

ഹോര്‍ട്ടികോര്‍പ് നേതൃത്വത്തില്‍ സംസ്ഥാനത്താകെ 250 വിപണനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പഴം- പച്ചക്കറി വികസന കോര്‍പറേഷന് 274 ഔട്ട്ലെറ്റുകളുണ്ട്. ഇതെല്ലാം വിപണിവിലയ്ക്ക് സാധനം വില്‍ക്കുന്നവയായാല്‍ ജനങ്ങള്‍ അകന്നുനില്‍ക്കും; സ്വാഭാവിക പരിണാമം ഈ സ്ഥാപനങ്ങളുടെ അന്ത്യവുമാകും. സപ്ലൈകോ സബ്്സിഡി നിരക്കില്‍ വിതരണംചെയ്യുന്ന 13 അവശ്യസാധനങ്ങള്‍ ഇനിമുതല്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനംമാത്രം കുറച്ചു നല്‍കിയാല്‍ മതിയെന്ന ഉത്തരവിലെ നിര്‍ദേശവും വിചിത്രമാണ്. മാര്‍ക്കറ്റില്‍ ഇടപെടുന്നതിന് ഓരോ വര്‍ഷവും എത്ര തുകയുടെ നഷ്ടം വരുമെന്ന് മുന്‍കൂട്ടി കണക്കാക്കി നല്‍കണം. ഇത് എന്തുതന്നെയായാലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനം മാത്രമായിരിക്കണം. വരും വര്‍ഷങ്ങളിലും 90 ശതമാനം കണക്കാക്കിമാത്രമേ സര്‍ക്കാര്‍ നഷ്ടം നികത്തൂവെന്നും ഉത്തരവില്‍ പറയുന്നു. ഇങ്ങനെ ഘട്ടംഘട്ടമായി സപ്ലൈകോയ്ക്ക് നല്‍കുന്ന സബ്സിഡിയും ഇല്ലാതാക്കുകയാണ്.

ചില്ലറക്കച്ചവടം കുത്തകയാക്കുന്ന വന്‍കിട മാളുകള്‍ക്കും അവയ്ക്കുപിന്നിലെ കോര്‍പറേറ്റുകള്‍ക്കും വേണ്ടി ചെറുകിട വ്യാപാരികളെ കുരുതികൊടുക്കുന്നവര്‍, ജനങ്ങള്‍ക്ക് ന്യായവിലയില്‍ അവശ്യസാധനങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതയും അടയ്ക്കുകയാണ്; സഹകരണ പ്രസ്ഥാനത്തിന്റെ വിപണിയിലെ ഇടപെടലിന് വിലങ്ങുവയ്ക്കുകയാണ്്. ഇതിനെ ജനദ്രോഹമെന്നല്ല- ജനങ്ങളോടുള്ള യുദ്ധം എന്നാണ് വിളിക്കേണ്ടത്. ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ചുമതല അല്ല എന്ന് വാദിക്കുന്നവര്‍, പിന്നെ എന്താണ് സര്‍ക്കാരിന്റെ പണി എന്നുകൂടി വ്യക്തമാക്കേണ്ടിവരും.

*
ദേശാഭിമാനി മുഖപ്രസംഗം 10 സെപ്തംബര്‍ 2013

No comments: