Friday, August 30, 2013

ഭക്ഷ്യസുരക്ഷയോ രാഷ്ട്രീയലക്ഷ്യമോ?

കാത്തിരുന്ന ഭക്ഷ്യസുരക്ഷാ ബില്‍ ഒടുവില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വന്നിരിക്കയാണ്. സ്വാതന്ത്ര്യത്തിന്റെ 65 വര്‍ഷം പിന്നിട്ടിട്ടും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ രാജ്യത്തുണ്ടായിരുന്ന ജനസംഖ്യക്ക് ഏതാണ്ട് തുല്യമാണ് ഇന്ന് ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം. ആഗോള ഹംഗര്‍ റിപ്പോര്‍ട്ടുപ്രകാരമുള്ള പട്ടിണിസൂചിക അനുസരിച്ച് 81 രാജ്യങ്ങളില്‍ 67-ാംസ്ഥാനത്താണ് ഇന്ത്യ. പോഷകാഹാരക്കുറവുള്ളവരുടെ എണ്ണത്തിലും ഇന്ത്യതന്നെ മുന്നില്‍. 1991നുശേഷം രാജ്യത്ത് നടപ്പാക്കിയ ഉദാരവല്‍ക്കരണനയങ്ങള്‍ ഭക്ഷ്യസുരക്ഷയെ ബാധിച്ചു. കാര്‍ഷികപ്രതിസന്ധി, ഭക്ഷ്യോല്‍പ്പാദനത്തിലുണ്ടായ ചാഞ്ചാട്ടം, ജനങ്ങളുടെ വാങ്ങല്‍ശേഷിയിലുണ്ടായ ഗണ്യമായ കുറവ്, പൊതുവിതരണസമ്പ്രദായം വിഭജിച്ച് പരിമിതപ്പെടുത്തിയത് എന്നിവയാണ് പ്രധാന കാരണങ്ങള്‍.

എല്ലാ പൗരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഉറപ്പാക്കുന്ന, ലോകത്ത് സമാനതകളില്ലാത്ത പദ്ധതിയെന്ന് അവകാശപ്പെട്ടാണ് ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവരുന്നത്. എന്നാല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനേക്കാള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് സുരക്ഷിതമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയായുധമാണ് ഈ ബില്ലെന്ന വിമര്‍ശവുമുണ്ട്. ആ വിമര്‍ശം ശരിവയ്ക്കുന്നതും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നതുമായ ചില സാഹചര്യങ്ങള്‍ അവഗണിക്കാനാകില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ നൂറുദിവസംകൊണ്ട് ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുമെന്നാണ് ആദ്യത്തെ നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞത്. അതിനുശേഷം 1500 ദിവസം പിന്നിട്ടിട്ടാണ് ഈ ബില്‍ കൊണ്ടുവരുന്നത്. ഈ കാലതാമസത്തിന് മറ്റാരുമല്ല ഉത്തരവാദി. ബില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ ഇത്രയുംകാലം ആരും തടഞ്ഞിട്ടില്ല. അപ്പോള്‍ ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുക എന്നതിനേക്കാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു നിയമം പാസാക്കി സ്വന്തം രാഷ്ട്രീയസുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുക എന്നതാണ് യുപിഎയുടെ ഉദ്ദേശ്യമെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതുതന്നെ അനുചിതമായ നടപടിയായിരുന്നു. രാഷ്ട്രീയപ്രചാരണമെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും അതിനുണ്ടായിരുന്നില്ല. ഈ രാഷ്ട്രീയ ഉദ്ദേശ്യവും ആത്മാര്‍ഥതയില്ലായ്മയും പ്രതിഫലിപ്പിക്കുന്നതാണ് ബില്ലിലെ പല വ്യവസ്ഥകളും.

സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബില്‍ യഥാര്‍ഥത്തില്‍ പഴയതില്‍നിന്നുള്ള പിന്നോക്കംപോക്കാണ്. 2011ലെ ബില്‍ അഞ്ചംഗകുടുംബത്തിന് മൂന്നു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കാന്‍ വ്യവസ്ഥചെയ്ത സ്ഥാനത്ത്, ഒരു വ്യക്തിക്ക് അഞ്ചു കിലോ എന്നാക്കി ചുരുക്കിയിരിക്കയാണ് ഇപ്പോഴത്തെ ബില്ലില്‍. അതായത് അഞ്ചംഗകുടുംബത്തിന് നേരത്തെ 35 കിലോ ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 25 കിലോമാത്രമാകും. കുടുംബങ്ങളിലെ അംഗസംഖ്യ കുറവായ കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ നഷ്ടം വലുതായിരിക്കും. വില നിശ്ചയിക്കുന്നതിലും ഒളിച്ചുകളി പ്രകടമാണ്. അരി, ഗോതമ്പ്, പയര്‍ എന്നിവയ്ക്ക് യഥാക്രമം മൂന്നു രൂപ, രണ്ടു രൂപ, ഒരു രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരുന്നത്. പുതിയ ബില്ലില്‍ മൂന്നുവര്‍ഷത്തേക്കുമാത്രമായിരിക്കും ഈ വില പ്രാബല്യത്തിലുണ്ടാവുക. അതിനുശേഷം താങ്ങുവിലയേക്കാള്‍ കൂടാത്ത വില കേന്ദ്രസര്‍ക്കാരിന് നിശ്ചയിക്കാമെന്നാണ് വ്യവസ്ഥ. വില വര്‍ധിപ്പിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന ഈ വ്യവസ്ഥയില്‍ അപകടം പതിയിരിക്കുന്നുണ്ട്.

രാജ്യത്തെ ഗ്രാമീണജനതയില്‍ 75 ശതമാനവും നഗരജനതയില്‍ 50 ശതമാനവും ആകെ ജനസംഖ്യയുടെ 67 ശതമാനവും ഭക്ഷ്യസുരക്ഷാപദ്ധതിയുടെ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഒന്നാമതായി, 67 ശതമാനത്തെമാത്രം ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാപദ്ധതിതന്നെ അപര്യാപ്തമാണ്. സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായമാണ് നടപ്പാക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് 90 ശതമാനത്തെയെങ്കിലും ഉള്‍ക്കൊള്ളുന്നതായിരിക്കണം പൊതുവിതരണസംവിധാനം. ദാരിദ്ര്യം കണക്കാക്കാന്‍ ആസൂത്രണ കമീഷന്‍ ആവിഷ്കരിച്ച പഴയ മാനദണ്ഡമനുസരിച്ച് ഗ്രാമപ്രദേശങ്ങളില്‍ 2100 കലോറിയും നഗരങ്ങളില്‍ 2200 കലോറിയും ഊര്‍ജം ഭക്ഷണത്തില്‍നിന്ന് ഒരു വ്യക്തിക്ക് ലഭിക്കേണ്ടതുണ്ട്. ആ മാനദണ്ഡമനുസരിച്ച് കണക്കാക്കിയാല്‍ ഇപ്പോള്‍ ഇന്ത്യയിലെ ഗ്രാമീണജനതയില്‍ 75 ശതമാനവും നഗരജനതയില്‍ 69 ശതമാനവും പട്ടിണിക്കാരാണെന്നാണ് പ്രൊഫ. ഉത്സ പട്നായിക്കിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്.

അറുപത്തേഴ് ശതമാനത്തെ ഉള്‍ക്കൊള്ളുന്നതെന്ന സര്‍ക്കാരിന്റെ അവകാശവാദത്തിലും പഴുതുകളുണ്ട്. 2011-12ലെ കണക്ക് അടിസ്ഥാനമാക്കി ആസൂത്രണ കമീഷന്‍, പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ അനുപാതം സംബന്ധിച്ച പട്ടിക ഭക്ഷ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയടക്കം 13 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയായ 67 ശതമാനത്തില്‍ കുറവ് ആളുകളേ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളൂ. യുപി, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ എട്ട് സംസ്ഥാനങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുടെ അനുപാതം ദേശീയ ശരാശരിയേക്കാള്‍ കൂടും. മാത്രമല്ല, 12 സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന 75 ശതമാനത്തേക്കാള്‍ കുറവായിരിക്കും പദ്ധതിക്കുകീഴില്‍ വരുന്ന ഗ്രാമീണ ഗുണഭോക്താക്കളുടെ എണ്ണം. 12 സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്ന 50 ശതമാനത്തേക്കാള്‍ കുറവായിരിക്കും നഗര ഗുണഭോക്താക്കളുടെ എണ്ണം. പദ്ധതി 67 ശതമാനത്തിനുമാത്രമായി പരിമിതപ്പെടുത്താന്‍ ആസൂത്രണ കമീഷന്‍ സ്വീകരിച്ച യുക്തിസഹമല്ലാത്ത മാനദണ്ഡങ്ങളുടെയും യാന്ത്രികസമീപനങ്ങളുടെയും ഫലമാണിത്. എപിഎല്‍, ബിപിഎല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ആസൂത്രണ കമീഷന്‍ സ്വീകരിച്ചതും വിശ്വാസ്യത നഷ്ടപ്പെട്ടതുമായ മാനദണ്ഡങ്ങള്‍ ചില്ലറ ഭേദഗതികളോടെ ബാധകമാക്കിയാണ് 67 ശതമാനമെന്ന ദേശീയ ശരാശരിയില്‍ എത്തിച്ചത്. ഈ പ്രക്രിയയില്‍ ഭക്ഷ്യസുരക്ഷാപദ്ധതിക്കുകീഴില്‍ വരേണ്ടവരെ സംബന്ധിച്ച് മാനദണ്ഡം നിശ്ചയിക്കേണ്ട സംസ്ഥാന സര്‍ക്കാരിന്റെ അധികാരം അട്ടിമറിക്കപ്പെട്ടു. ആസൂത്രണ കമീഷന്‍ നിശ്ചയിച്ച പരിധിക്കകത്ത് ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായി.

കേരളം, തമിഴ്നാട്, കര്‍ണാടകം, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ത്രിപുര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങി ഒരുഡസന്‍ സംസ്ഥാനങ്ങളിലെങ്കിലും ഈ ബില്ലില്‍ അവകാശപ്പെടുന്നതിനേക്കാള്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാപദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം കൂടുതല്‍ ബിപിഎല്‍ കാര്‍ഡുകള്‍ നല്‍കുകയും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. എപിഎല്‍ കാര്‍ഡുടമകള്‍ക്കും മിതമായ വിലയ്ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ ബില്‍ ഇപ്പോഴുള്ള രൂപത്തില്‍ നടപ്പാക്കുകയെന്നാല്‍ കേരളമുള്‍പ്പെടെ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ അനുഭവിക്കുന്ന ഭക്ഷ്യസുരക്ഷാ ആനുകൂല്യത്തില്‍നിന്ന് പുറത്താകുമെന്നര്‍ഥം. 2010-11നും 2013-14നുമിടയിലുള്ള കണക്കുകള്‍ കാണിക്കുന്നത്, എപിഎല്‍ വിഭാഗത്തിനുള്ള കേന്ദ്രവിഹിതമായ അരി തുടര്‍ച്ചയായി 70 ശതമാനത്തിനുമുകളില്‍ എടുത്തിട്ടുണ്ട്. പലപ്പോഴും ഇത് 90 ശതമാനംവരെ എത്തിയിട്ടുമുണ്ട്. എപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവരെ ഭക്ഷ്യവിലക്കയറ്റം എത്രത്തോളം ബാധിക്കുന്നുവെന്നതിന്റെ തെളിവാണ് പൊതുവിതരണസംവിധാനത്തോടുള്ള അവരുടെ വര്‍ധിച്ച ആശ്രിതത്വം കാണിക്കുന്നത്. എപിഎല്‍, ബിപിഎല്‍ വിഭജനത്തിന്റെ മാനദണ്ഡം എത്രത്തോളം അശാസ്ത്രീയമാണെന്നതിന്റെ മാനദണ്ഡംകൂടിയാണിത്. ആസൂത്രണ കമീഷന്റെ പരിധി നടപ്പാക്കുമ്പോള്‍ മിതമായ വിലയ്ക്ക് ഭക്ഷ്യധാന്യം ലഭിക്കുന്ന എപിഎല്‍ വിഭാഗത്തിന്റെ അവകാശംകൂടിയാണ് ഹനിക്കപ്പെടുക.

വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ നിലനില്‍ക്കുന്ന മെച്ചപ്പെട്ട ഭക്ഷ്യസുരക്ഷാപദ്ധതികളെ മാതൃകയാക്കിയും ഉള്‍ക്കൊണ്ടും ഭക്ഷ്യസുരക്ഷാനിയമം വിപുലീകരിക്കുന്നതിനുപകരം സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട പദ്ധതികള്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തി തുടരാമെന്ന ബില്ലിലെ വ്യവസ്ഥ വിചിത്രമാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിമിതിയും പരാജയവും സ്വയം സമ്മതിക്കലാണ്. കേന്ദ്രം ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്.

നിയമം ഈ രൂപത്തില്‍ നടപ്പായാല്‍ ഏറെക്കുറെ സാര്‍വത്രിക പൊതുവിതരണസംവിധാനമുള്ള കേരളത്തിന് അതൊരു നഷ്ടക്കച്ചവടമായിരിക്കും. കേന്ദ്രവിഹിതം കുറയാനും വില കൂടാനും എപിഎല്‍ കാര്‍ഡുടമകള്‍ ഒഴിവാക്കപ്പെടാനും ഇന്നത്തെ നിലയിലുള്ള നിയമം കാരണമാകും. ആശങ്കകള്‍ പരിഹരിക്കുമെന്നും സംസ്ഥാനതാല്‍പ്പര്യം സംരക്ഷിക്കുമെന്നും കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ ഭംഗിവാക്ക് പറയുന്നതല്ലാതെ മൂര്‍ത്തമായ നിര്‍ദേശങ്ങളോ ഭേദഗതികളോ ഒന്നും കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.

യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ച തുകയ്ക്കുവിധേയമായി ഗുണഭോക്താക്കളുടെ എണ്ണവും ഭക്ഷ്യധാന്യവിഹിതവും കണക്കാക്കി ബില്‍ കൊണ്ടുവരികയാണ് ചെയ്തിട്ടുള്ളത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതിനേക്കാള്‍ രാഷ്ട്രീയനേട്ടമുണ്ടാക്കുക എന്നതുമാത്രമായി കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യം ചുരുങ്ങുന്നു. നിയമം നടപ്പാക്കാന്‍ ആവശ്യമായിവരുന്ന അധിക ഭക്ഷ്യധാന്യം ഭക്ഷ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 40 ലക്ഷം ടണ്‍മാത്രമാണ്. കഴിഞ്ഞ കുറെക്കാലമായി രാജ്യത്തിന് ആവശ്യമുള്ളതിന്റെ ഇരട്ടിയോളം ഭക്ഷ്യധാന്യ കരുതല്‍ശേഖരം നമുക്കുണ്ട്. വന്‍തോതില്‍ കരുതല്‍ശേഖരം കാത്തുസൂക്ഷിക്കാന്‍ വലിയ സാമ്പത്തികബാധ്യതയുണ്ടാകും. യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാരിന് ഈ സാധ്യത ഉപയോഗിച്ച് ഇതിനേക്കാള്‍ മെച്ചപ്പെട്ടതും വിപുലവുമായ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ കഴിയും.

ഇതിനകം വിവാദമായ പണം നേരിട്ട് കൈമാറല്‍ പദ്ധതിയുമായി ഭക്ഷ്യസുരക്ഷാപദ്ധതിയെ ഭാവിയില്‍ ബന്ധപ്പെടുത്താനുള്ള ആപല്‍സാധ്യത നിലനില്‍ക്കുന്നു. ഇത് ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഉദ്ദേശ്യത്തെത്തന്നെ തകര്‍ക്കാന്‍ കാരണമാകും. ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ശമനമില്ലാത്ത ഒരു പാര്‍ശ്വഫലമായി വിലക്കയറ്റം തുടരുമ്പോള്‍, ഭക്ഷ്യസബ്സിഡിക്കുപകരം നേരിട്ട് പണം നല്‍കുന്നത് ജനങ്ങളെ സുരക്ഷിതരാക്കുകയല്ല, അരക്ഷിതരാക്കുകയാണ് ചെയ്യുക. ബാങ്കിലെത്തുമെന്ന് പറയുന്ന സബ്സിഡിപ്പണം മുന്‍കൂട്ടി നിശ്ചയിച്ചതായിരിക്കുകയും ഭക്ഷ്യധാന്യങ്ങളുടെ വില നിരന്തരം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് ഭക്ഷ്യസുരക്ഷ ഉണ്ടാവുക.

സിപിഐ എമ്മും ഇടതുപക്ഷവും വ്യക്തവും മൂര്‍ത്തവുമായ ഒട്ടേറെ ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദായനികുതി നല്‍കുന്നവരൊഴികെയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പൊതുവിതരണം ലക്ഷ്യമാക്കുന്നതാണ് സിപിഐ എമ്മിന്റെ ഭേദഗതികള്‍. ഭക്ഷ്യധാന്യങ്ങള്‍ക്കുപുറമേ ആവശ്യമായ അളവില്‍ പഞ്ചസാര, പാചക എണ്ണ, പയര്‍വര്‍ഗങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ ആവശ്യമായ ഭേദഗതികളും മുന്നോട്ടുവച്ചിട്ടുണ്ട്. ബില്‍ ഒരു വ്യക്തിക്ക് അഞ്ചു കിലോ ഭക്ഷ്യധാന്യം വ്യവസ്ഥചെയ്യുമ്പോള്‍ സിപിഐ എം ആവശ്യപ്പെടുന്നത്, വ്യക്തിക്ക് ഏഴു കിലോയോ കുടുംബത്തിന് 35 കിലോയോ ഏതാണ് കൂടുതല്‍ അതുറപ്പാക്കണമെന്നാണ്. മൂന്നുവര്‍ഷത്തിനുശേഷം ഭക്ഷ്യധാന്യവില താങ്ങുവിലയുമായി ബന്ധപ്പെടുത്തുന്ന നിര്‍ദേശത്തെ സിപിഐ എം എതിര്‍ക്കുകയും മൂന്നു രൂപയ്ക്കുപകരം രണ്ടു രൂപയ്ക്ക് അരി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ബില്ലിന് അമിതമായ കേന്ദ്രീകൃതസ്വഭാവം ഉള്ളതിനാല്‍ പദ്ധതിനടത്തിപ്പിന്റെ ചെലവു പങ്കുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരുകളോട് കൂടിയാലോചന നടത്തുകയും സമ്മതം വാങ്ങുകയും ചെയ്യണമെന്ന ഭേദഗതിയും മുന്നോട്ടുവയ്ക്കുന്നു. പണം നേരിട്ട് നല്‍കുന്ന പദ്ധതി ഭക്ഷ്യസുരക്ഷയുമായി ബന്ധിപ്പിക്കരുതെന്ന ഭേദഗതിയും സിപിഐ എം മുന്നോട്ടുവച്ചു. രാഷ്ട്രീയ അഭ്യാസമെന്നതിലുപരി, ഭക്ഷ്യസുരക്ഷ ഒരു അവകാശമായി ഉറപ്പുവരുത്തുന്നതിന് ഈ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്.

*
എം ബി രാജേഷ് ദേശാഭിമാനി

No comments: