Wednesday, July 17, 2013

മമതയുടെ യുദ്ധം ജനാധിപത്യത്തിനെതിരെ

പശ്ചിമബംഗാളില്‍ 1978 മുതല്‍ വികസിപ്പിച്ചെടുത്ത പഞ്ചായത്ത് രാജ് സമ്പ്രദായത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെയാണ് ഇടതുപക്ഷ നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതികളെ ഭീഷണിപ്പെടുത്തിയും മറ്റും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പഞ്ചായത്ത്രാജിനെതിരായ ആക്രമണം ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതികളല്ല മറിച്ച്, ബ്ലോക്ക് വികസന ഓഫീസര്‍മാരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതെന്ന് തുടര്‍ന്ന് മമതസര്‍ക്കാര്‍ തീരുമാനിക്കുകയുംചെയ്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മെയില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍, സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശത്തിന് വിരുദ്ധമായി തൃണമൂല്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് തടയാനാണ് ശ്രമിച്ചത്. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, അതിനാവശ്യമായ പൊലീസ് സേനയുണ്ടായിരുന്നില്ല. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈക്കോടതിയെ സമീപിച്ചതിനാല്‍ സര്‍ക്കാരിന്റെ പദ്ധതി തടയപ്പെട്ടു. ഒടുവില്‍ ജൂലൈ 11 മുതല്‍ അഞ്ചു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചു. സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിനു പുറമെ കേന്ദ്രസേനയെ വിന്യസിക്കാനും പരമോന്നത കോടതി ഉത്തരവിട്ടു.

ജനാധിപത്യത്തിനെതിരെയുള്ള തുറന്ന യുദ്ധമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുവേളയില്‍ ദൃശ്യമായത്. സിപിഐ എമ്മിന്റെയും ഇടതുപക്ഷമുന്നണിയുടെയും ആറായിരത്തോളം സ്ഥാനാര്‍ഥികളെ നാമനിര്‍ദേശപത്രിക നല്‍കാന്‍ അനുവദിച്ചില്ല. നാമനിര്‍ദേശപത്രിക നല്‍കേണ്ട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിനുമുമ്പില്‍ തമ്പടിച്ച തൃണമൂല്‍ ഗുണ്ടാസംഘം നാമനിര്‍ദേശ പത്രിക നല്‍കാനെത്തുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ ആക്രമണം നടത്തി വിരട്ടിയോടിച്ചു. എട്ടു ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായി ആറായിരത്തോളം സ്ഥാനാര്‍ഥികള്‍ക്കാണ് നാമനിര്‍ദേശ പത്രിക നല്‍കാന്‍ കഴിയാതിരുന്നത്. പത്രിക സമര്‍പ്പിച്ച പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി പ്രചാരണം നടത്താന്‍ അനുവദിച്ചില്ല. പലയിടങ്ങളിലും അവര്‍ക്ക് സ്വന്തം വീട്ടില്‍നിന്നും ഗ്രാമത്തില്‍നിന്നും നിര്‍ബന്ധപൂര്‍വം മാറിനില്‍ക്കേണ്ടി വന്നു.

തെരഞ്ഞെടുപ്പു തീയതി അടുത്തതോടെ തൃണമൂലിന്റെ മോട്ടോര്‍ സൈക്കിള്‍ സംഘങ്ങള്‍ നാട്ടിലിറങ്ങി. ഇടതുമുന്നണി പ്രവര്‍ത്തകരെയും ജനങ്ങളെയും പ്രചാരണം നടത്തുകയോ വോട്ട് ചെയ്യുകോ ചെയ്യരുതെന്ന് ഈ സംഘം ഭീഷണിപ്പെടുത്തി. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ സൈക്കിള്‍ സംഘങ്ങള്‍ നാടുചുറ്റുന്നത് നിരോധിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍, പൊലീസും ഭരണവിഭാഗങ്ങളും മോട്ടോര്‍ സൈക്കിള്‍ സംഘങ്ങളെ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല.

ജൂലൈ 11, 15 തീയതികളിലായി രണ്ടുഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. ആറ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ മിഡ്നാപ്പുര്‍ ജില്ലയില്‍ ജനങ്ങളെ പോളിങ്ബൂത്തിലേക്ക് പോകുന്നതില്‍നിന്ന് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ജില്ലയിലെ പകുതി ബ്ലോക്കുകളില്‍ കൃത്രിമം നടക്കുകയോ ഏകപക്ഷീയമായ വോട്ടിങ് നടക്കുകയോ ചെയ്തു. പോളിങ്ബൂത്തില്‍ വിന്യസിച്ച പൊലീസാകട്ടെ, ആക്രമണങ്ങള്‍ക്കുമുന്നില്‍ വെറും കാഴ്ചക്കാരായി നിന്നു. ഇത്തരം ആക്രമണങ്ങള്‍ ബാങ്കുറ ജില്ലയിലും മറ്റ് മൂന്നു നാല് ബ്ലോക്കുകളിലും നടന്നു. പുരുളിയ ജില്ലയില്‍മാത്രമാണ് ഇത്തരം ആക്രമണങ്ങള്‍ ഇല്ലാതിരുന്നത്.

രണ്ടാംഘട്ട വോട്ടെടുപ്പുവേളയില്‍ ബര്‍ദ്വാന്‍, കിഴക്കന്‍ മിഡ്നാപ്പുര്‍ ജില്ലകളിലും ഹൂഗ്ലി ജില്ലയുടെ ചില ഭാഗങ്ങളിലും ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു. ബര്‍ദ്വാനില്‍ 849 ബൂത്തില്‍ റീപോളിങ് വേണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പിടിച്ചെടുത്ത ബൂത്തുകളിലും ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്ത ബൂത്തുകളിലുമാണ് റീപോളിങ് ആവശ്യപ്പെട്ടിട്ടുള്ളത്. അസന്‍സോളിനടുത്ത് വോട്ട് ചെയ്യാന്‍ പോകുമെന്നു പറഞ്ഞതിന്് വനിതാ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വധിച്ചു. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണര്‍ പറഞ്ഞത് ഇങ്ങനെയാണ്: "ബര്‍ദ്വാനിലെ വോട്ടെടുപ്പ് സമാധാനപരമാണെന്നു പറയാനാകില്ല. യഥാര്‍ഥത്തില്‍ ബര്‍ദ്വാനിലെ ചില ബ്ലോക്കുകളില്‍ നടന്നത് തീര്‍ത്തും അപൂര്‍വമായ സംഭവങ്ങളാണ്". രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നു ജില്ലകളിലെ ഏകദേശം 1500 ബൂത്തുകളാണ് തൃണമൂലുകാര്‍ പിടിച്ചെടുത്തത്. സുപ്രീംകോടതിയെയും ഹൈക്കോടതിയെയും ധിക്കരിച്ച് കേന്ദ്രസേനയെ പോളിങ്ബൂത്തില്‍ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. അവരെ കരുതല്‍സേനയായി നിര്‍ത്തുകയായിരുന്നു. കേന്ദ്രസേനയെ വിന്യസിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

പശ്ചിമബംഗാളില്‍ കണ്ടത് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളോടുള്ള ഫാസിസ്റ്റ് രീതിയിലുള്ള ആക്രമണമാണ്. ഭരണകക്ഷിക്കു മുമ്പില്‍ വഴങ്ങിനില്‍ക്കാന്‍ തയ്യാറാകാത്ത സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണര്‍ മീരപാണ്ഡെയ്ക്കെതിരെ മുഖ്യമന്ത്രിമുതല്‍ തൃണമൂല്‍കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും ഭര്‍ത്സനങ്ങള്‍ ചൊരിയുകയും ഭീഷണി മുഴക്കുകയുംചെയ്തു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ മമതബാനര്‍ജി വിസമ്മതിച്ചു. ഈ ആക്രമണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇടയിലും സിപിഐ എമ്മും ഇടതുപക്ഷ മുന്നണിയും തെരഞ്ഞെടുപ്പു പ്രചാരണം നടത്തി. കൂട്ടായ പ്രവര്‍ത്തനമാണ് ഇടതുമുന്നണി നടത്തിയത്.

പൊതുയോഗങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഭീകരാന്തരീക്ഷം നിലനില്‍ക്കുമ്പോഴും പാര്‍ടിയുടെയും ഇടതുമുന്നണിയുടെയും കേഡര്‍മാരും അംഗങ്ങളും കാട്ടിയ ധീരതയും ആത്മാര്‍ഥതയും പ്രശംസനീയമാണ്. ഭീകരത സൃഷ്ടിച്ചും ഭീഷണിപ്പെടുത്തിയും തൃണമൂല്‍ പല സീറ്റുകളിലും വിജയിക്കുമെന്ന കാര്യം വ്യക്തമാണെങ്കില്‍പ്പോലും. മൂന്നുഘട്ടം വോട്ടെടുപ്പുകൂടി പൂര്‍ത്തിയാകാനുണ്ട്. തൃണമൂല്‍കോണ്‍ഗ്രസിന് ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കുകവഴി "വിജയം" നേടാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ഭീകരതയും ഭീതിയും സൃഷ്ടിച്ച് തൃണമൂല്‍കോണ്‍ഗ്രസിന് എന്നും നിലനില്‍ക്കാന്‍ കഴിയില്ല. ജനങ്ങളില്‍നിന്ന് കൂടുതല്‍ കൂടുതല്‍ അകലുകമാത്രമായിരിക്കും ഫലം. ജനങ്ങളുടെ അവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കാന്‍ ദീര്‍ഘമായ പോരാട്ടത്തിന് സിപിഐ എമ്മും ഇടതുമുന്നണിയും തീരുമാനിച്ചിരിക്കുകയാണ്. ജനങ്ങള്‍ വിജയിക്കുന്ന ദിവസം വരികതന്നെചെയ്യും.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

No comments: