Tuesday, July 2, 2013

ഫാസിസ്റ്റ് വിരുദ്ധ പോരാട്ട നായകന്‍

ജൂലൈ രണ്ട്; ഉജ്വല കമ്യൂണിസ്റ്റ് വിപ്ലവകാരി ജോര്‍ജ് ദിമിത്രോവിന്റെ ചരമദിനം. തടവറകളുടെ കൂരിരുട്ടിനും കൈകാലുകള്‍ ബന്ധിച്ച ഇരുമ്പുചങ്ങലകള്‍ക്കും എല്ലുനുറുക്കുന്ന കൊടിയ മര്‍ദനങ്ങള്‍ക്കും തകര്‍ക്കാനാകാത്ത നിശ്ചയദാര്‍ഢ്യത്തിന്റെയും അചഞ്ചല വിപ്ലവബോധത്തിന്റെയും മഹാമാതൃകകള്‍ ഏറെയുണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തില്‍. അവര്‍ക്കിടയില്‍ പോരാട്ടവീറിന്റെയും സൈദ്ധാന്തികത്തെളിമയുടെയും നേതൃപാടവത്തിന്റെയും ജ്വലിക്കുന്ന പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്നു അനശ്വരനായ ഈ വിപ്ലവകാരി. ലോകമെങ്ങുമുള്ള വിപ്ലവകാരികള്‍ക്ക് സ്വജീവിതത്തിന്റെ പോരാട്ടചരിത്രംകൊണ്ട് മാതൃക തീര്‍ത്തു ദിമിത്രോവ്.

ബള്‍ഗേറിയയിലെ റദോമീര്‍ ജില്ലയില്‍ കൊവാച്ചേവ്സി ഗ്രാമത്തില്‍ 1882 ജൂണ്‍ 18ന് ജനിച്ച ദിമിത്രോവ് തൊഴിലാളിവര്‍ഗത്തിന്റെ സേനാനായകനായി വളര്‍ന്ന ചരിത്രം ലോക കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രവുമായി ഇഴചേര്‍ന്നതാണ്. ജീവിതപ്രയാസങ്ങള്‍ക്കിടയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടാനാകാതെ 13-ാം വയസ്സില്‍ പ്രിന്റിങ് തൊഴിലാളിയായി. കിട്ടുന്നതെന്തും ഉറക്കമിളച്ച് വായിച്ചും വേണ്ടത് കുറിച്ചുവച്ചും വിജ്ഞാനത്തിന്റെ ഉയരങ്ങള്‍ ചവിട്ടിക്കയറിയ ദിമിത്രോവ്, ലോക ട്രേഡ് യൂണിയന്‍ നേതൃനിരയിലേക്കും കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ആധുനിക ബള്‍ഗേറിയയുടെ പ്രധാനമന്ത്രിപദത്തിലേക്കും നടന്നുകയറി. ലോക ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ രേഖപ്പെടുത്തിയ ചരിത്രത്തിലെ എക്കാലത്തെയും ഉന്നതനായും അറിയപ്പെട്ടു അദ്ദേഹം.

1900ല്‍ പ്രിന്റേഴ്സ് ട്രേഡ് യൂണിയന്‍ സെക്രട്ടറിയായി. 1902ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി അംഗമായ അദ്ദേഹം പാര്‍ടിയില്‍ നടന്ന സംഘടനാഭിന്നിപ്പില്‍ മാര്‍ക്സിസ്റ്റ് നിലപാടുയര്‍ത്തിപ്പിടിച്ചവരുടെ നേതൃനിരയിലെത്തി. 1904ല്‍ സോഫിയായിലെ പാര്‍ടി സംഘടനയുടെ സെക്രട്ടറിയായി. 1909ല്‍ കൂടിയ പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയില്‍ എത്തി. 1908ല്‍ "റബോത്നി ഷെസ്കി വെസ്തനിക്ക"" എന്ന പ്രസിദ്ധീകരണത്തില്‍ ട്രേഡ് യൂണിയന്‍ പംക്്തിയുടെ പത്രാധിപരായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ ഇടപെടല്‍ സമരബോധമുള്ള തൊഴിലാളിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. പാര്‍ലമെന്ററി അവസരങ്ങളെ തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടവേദിയാക്കാന്‍ അദ്ദേഹം പരിശ്രമിച്ചു.

1913ല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1915ല്‍ ബള്‍ഗേറിയയുടെ യുദ്ധപങ്കാളിത്തത്തിനെതിരെ വിജ്ഞാപനമിറക്കിയതിന് വിചാരണചെയ്ത് തടവിലിട്ടു. 1919 ഡിസംബര്‍ 23ന് കമ്യൂണിസ്റ്റ് പാര്‍ടി സോഫിയയില്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത റെയില്‍വേ, പോസ്റ്റല്‍, ടെലിഗ്രാഫ് ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ നടന്ന 55 ദിവസത്തെ തൊഴിലാളി പണിമുടക്കിനെ സര്‍ക്കാര്‍ അടിച്ചമര്‍ത്തി. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഒളിവില്‍ പോകേണ്ടിവന്നു. ഒളിവിലിരുന്ന് പാര്‍ടിക്ക് നേതൃത്വം കൊടുക്കുമ്പോള്‍ത്തന്നെ 1920ല്‍ എതിരാളികളെ അമ്പരപ്പിച്ച് മുനിസിപ്പല്‍ യോഗത്തില്‍ പ്രത്യക്ഷപ്പെട്ട് ബജറ്റിനെക്കുറിച്ചുള്ള പാര്‍ടിനയം വിശദീകരിച്ച് പൊലീസ് പിടിയില്‍പ്പെടാതെ രക്ഷപ്പെട്ട സംഭവവുമുണ്ടായി. വെടിയുണ്ടയില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ചരിത്രവുമുണ്ട്. കൊമിന്റോണിന്റെ രണ്ടാം കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സോവിയറ്റ് യൂണിയനിലേക്ക് പാര്‍ടിനേതാവ് കൊളറോവിനൊപ്പം കരിങ്കടലിലൂടെ നടത്തിയ രഹസ്യയാത്രയില്‍ കൊടുങ്കാറ്റില്‍പ്പെട്ട് തീരത്തടുത്ത ബോട്ടില്‍നിന്ന് റൊമാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. ജയില്‍മോചനത്തിന് ബാള്‍ക്കന്‍ ജനതയുടെ പ്രക്ഷോഭവും സോവിയറ്റ് യൂണിയന്റെ ഇടപെടലുമുണ്ടായി.

ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തശേഷം 1921 ജനുവരിയില്‍ മോസ്കോയില്‍ എത്തി കോമിന്റോണിന്റെ മൂന്നാം കോണ്‍ഗ്രസില്‍ പങ്കെടുത്തു. അതിനുശേഷം ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണലിന്റെ കേന്ദ്ര കൗണ്‍സലിലേക്ക് തെരഞ്ഞെടുത്തു. ഈ അവസരത്തില്‍ മഹാനായ ലെനിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ചെറുകിട ഭൂവുടമകള്‍ അടങ്ങുന്ന കൃഷിക്കാരെയും ജനസാമാന്യത്തെയും ഉള്‍പ്പെടെ തൊഴിലാളിവര്‍ഗചേരിയിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ബോധ്യപ്പെടുത്തി. അഞ്ചാം കോണ്‍ഗ്രസില്‍ ഇന്റര്‍നാഷണലിന്റെ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്തു. 1923 ജൂണ്‍ ഒമ്പത്; ബള്‍ഗേറിയയുടെ ചരിത്രത്തില്‍ ഫാസിസ്റ്റുകള്‍ അധികാരത്തില്‍ വന്ന ദുര്‍ദിനം. എങ്കിലും അതേവര്‍ഷം സെപ്തംബര്‍ 23ന് ഫാസിസത്തിനെതിരെ ആദ്യത്തെ സായുധകലാപം നടത്താന്‍ പാര്‍ടി മുന്നോട്ടുവന്നു. സമരം പരാജയപ്പെട്ടു. ദിമിത്രോവും കൊളറോവും കൂട്ടരും സമരമുന്നണിയില്‍നിന്ന് യുഗോസ്ലാവിയയിലേക്ക് കടന്നു. കലാപത്തിനുശേഷം വിയന്നയില്‍നിന്ന് പാര്‍ടിപത്രം ദിമിത്രോവിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരണം തുടങ്ങി. ഒളിവിലിരുന്ന പത്തുകൊല്ലവും ഫാസിസ്റ്റ് ബള്‍ഗേറിയക്കെതിരെ ലോക പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു.

ഇതിനിടെ ബള്‍ഗേറിയന്‍ കോടതി അദ്ദേഹത്തിനെതിരെ രണ്ടു വധശിക്ഷ വിധിച്ചു. ജര്‍മനിയില്‍ ഒളിവുജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഈ ഒളിവുജീവിതത്തിനിടയില്‍ അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു. അതും ഭീകരവും കുപ്രസിദ്ധവുമായ റീഷ്സ്റ്റാഗ് തീവയ്പ് കേസില്‍ പ്രതിയാക്കപ്പെട്ട്. ലോകത്തിലെതന്നെ ആകാംക്ഷാഭരിതമായ വിചാരണകളിലൊന്നായി ചരിത്രത്തില്‍ ഈ കേസ് ഇടംപിടിച്ചു. യഥാര്‍ഥ കമ്യൂണിസ്റ്റ് പോരാളിയുടെ അചഞ്ചലവും ധീരോദാത്തവുമായ ബൗദ്ധിക ന്യായവിചാരണയുടെ ചോദ്യശരങ്ങളാല്‍ മുറിവേറ്റ് സാക്ഷിക്കൂട്ടില്‍നിന്ന ഫാസിസ്റ്റ് ഭീകരന്മാരുടെ ക്രൂരതയും കാപട്യവും ലോകസമക്ഷം നഗ്നമാക്കപ്പെട്ടു. കൈകാലുകള്‍ ചങ്ങലയിട്ട് തടവറയില്‍ ബന്ധനസ്ഥനാക്കിയിട്ടും തളരാതെ ജര്‍മന്‍ നിയമങ്ങള്‍ പഠിച്ചെടുത്ത് കേസ് സ്വയം വാദിക്കുകയായിരുന്നു ദിമിത്രോവ്. പ്രതിക്കൂട്ടില്‍നിന്ന് ഹിറ്റ്ലറുടെ ഫാസിസ്റ്റ് പ്രധാനമന്ത്രി ഹെര്‍മന്‍ ഗോറിങ്ങിനെയും പ്രചാരണമന്ത്രി ഗീബല്‍സിനെയും കോടതിയെയും പ്രോസിക്യൂട്ടറെയും മാത്രമല്ല ഭരണപരവും രാഷ്ട്രീയപരവും സംഘടനാപരവും സൈനികവും സാംസ്കാരികവുമായ ഫാസിസ്റ്റ് ഭീകരതയുടെ ജനവിരുദ്ധതയാകെ തൊലിയുരിച്ച് ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ ആ വാദത്തിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു.

അദ്ദേഹത്തിനുമുന്നില്‍ ജര്‍മന്‍ ഫാസിസ്റ്റുകള്‍ നാണിച്ച് തലതാഴ്ത്തി. അവസാനം പ്രതികള്‍ കുറ്റക്കാരല്ലെന്ന് വിധിച്ച് സുപ്രീംകോടതി 1933 ഡിസംബര്‍ 23ന് തീവയ്പ് കേസ് അവസാനിപ്പിച്ചു. എന്നിട്ടും അദ്ദേഹത്തെ മോചിപ്പിച്ചില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മോചനത്തിനായി ലോകമെങ്ങും ഉയര്‍ന്ന ശബ്ദത്തെ അവഗണിക്കാന്‍ ജര്‍മന്‍ ഫാസിസ്റ്റുകള്‍ക്കായില്ല. 1934 ഫെബ്രുവരി 23ന് അദ്ദേഹം മോചിതനായി. സോവിയറ്റ് യൂണിയന്‍ ദിമിത്രോവിനെ വരവേറ്റു. അറുപത്തഞ്ച് കമ്യൂണിസ്റ്റ് പാര്‍ടികളെ പ്രതിനിധാനംചെയ്ത് 513 പേര്‍ പങ്കെടുത്ത ഇന്റര്‍നാഷണലിന്റെ ഏഴാം കോണ്‍ഗ്രസ് 1935 ജൂലൈ 25ന് മോസ്കോയില്‍ക്കൂടി അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1943 മേയില്‍ ഇന്റര്‍നാഷണല്‍ പിരിച്ചുവിടുംവരെ ആ സ്ഥാനത്തു തുടര്‍ന്നു. ഏഴാം കോണ്‍ഗ്രസില്‍ ഫാസിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടും അതിന്മേലുള്ള ചര്‍ച്ചയ്ക്കുള്ള സുദീര്‍ഘമായ മറുപടിയും കോണ്‍ഗ്രസ് ഉപസംഹരിച്ചു നടത്തിയ പ്രസംഗവും ചരിത്രത്തില്‍ ഇടംനേടി.

റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ത്തന്നെ ഫാസിസത്തിന്റെ വര്‍ഗസ്വഭാവം വിശദീകരിച്ചു. അവ്യക്തതയ്ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വിരാമമിട്ട് ഫാസിസത്തെ ശരിയായി നിര്‍വചിക്കുകയും അതിനെ തകര്‍ക്കാനുള്ള മാര്‍ഗരേഖ ഒരുക്കുകയും ചെയ്ത റിപ്പോര്‍ട്ടായിരുന്നു അത്. ഫാസിസ്റ്റ് പടയോട്ടത്തെ തകര്‍ത്ത് രണ്ടാം ലോക മഹായുദ്ധം അവസാനിക്കുകയും സോഷ്യലിസ്റ്റ് മുന്നേറ്റം ഉറപ്പാക്കുകയും കോളനിവാഴ്ചയുടെ അടിവേരു തകരുകയും ചെയ്തപ്പോള്‍ "ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണി" എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം വിജയകിരീടമണിഞ്ഞു. പില്‍ക്കാലത്ത് ഇന്ത്യന്‍ ഫാസിസ്റ്റുകളെ തറപറ്റിക്കാന്‍ ദിമിത്രോവിന്റെ ഈ സിദ്ധാന്തത്തെ ഇ എം എസും സിപിഐ എമ്മും പ്രയോജനപ്പെടുത്തി. 1945 നവംബര്‍ 5ന് ദിമിത്രോവ് ബള്‍ഗേറിയയില്‍ തിരിച്ചെത്തി. ഫാസിസ്റ്റ് വിരുദ്ധ യുദ്ധകാലത്തുതന്നെ "ഫാദര്‍ലാന്റ് മുന്നണി" യുടെ പരിപാടിക്ക് കരടു തയ്യാറാക്കിയ ദിമിത്രോവ് കമ്യൂണിസ്റ്റ് പാര്‍ടിക്ക് മേധാവിത്വമുള്ള ആ മുന്നണിയെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിച്ചു. ആധുനിക ബള്‍ഗേറിയയുടെ പ്രധാനമന്ത്രിയായപ്പോഴും പാര്‍ടി സംഘടനയെ കരുത്തുറ്റതാക്കാന്‍ തീവ്ര അഭിലാഷത്തോടെ പരിശ്രമിച്ചു.

ബള്‍ഗേറിയന്‍ വര്‍ക്കേഴ്സ് (കമ്യൂണിസ്റ്റ്) പാര്‍ടിയുടെ 1948 ഡിസംബര്‍ 19 ലെ അഞ്ചാം കോണ്‍ഗ്രസ്സില്‍ ദിമിത്രോവ് അവതരിപ്പിച്ച റിപ്പോര്‍ട്ട് മാര്‍ക്സിയന്‍ സംഘടനാചരിത്രത്തിലെ മറ്റൊരേടാണ്. 1891 ലെ പാര്‍ടി രൂപീകരണം മുതല്‍ അതുവരെയുള്ള ചരിത്രത്തെ ആറുഘട്ടമായി തിരിച്ച് വിമര്‍ശന സ്വയം വിമര്‍ശനരീതിയില്‍ തയ്യാറാക്കിയ അമൂല്യമായ ഈ സംഘടനാരേഖ ദീര്‍ഘദര്‍ശനവും പ്രതിബദ്ധതയുമുള്ള ഈ വിപ്ലവനേതാവിനെ അതുല്യനാക്കുന്നു. ലെനിനും സ്റ്റാലിനുമുള്‍പ്പെടെ സമുന്നത നേതൃനിരയുമായി ഹൃദയബന്ധം സ്ഥാപിച്ച ഈ മാര്‍ക്സിസ്റ്റ് ആചാര്യന്‍ വിപ്ലകാരികളുടെ ചരിത്രപുസ്തകത്തില്‍ ജ്വലിക്കുന്ന അധ്യായം കൂട്ടിച്ചേര്‍ത്ത് 1949 ജൂലൈ 2ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

*
ജെ വിക്രമക്കുറുപ്പ് ദേശാഭിമാനി

No comments: