Monday, July 1, 2013

ഫാസിസ്റ്റ് മുറ വേണ്ട

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിരോധത്തിന്റെ സഹതാപാര്‍ഹമായ അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. ബഹ്റൈനില്‍നിന്ന് അവാര്‍ഡ് വാങ്ങി പുതുപ്പള്ളിയില്‍ എത്തിയ അദ്ദേഹം നടത്തിയ പ്രകടനം പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന തെറ്റുകാരനായ ഭരണാധികാരിയുടെ വിലാപത്തില്‍ കുറഞ്ഞ ഒന്നുമല്ല. "എല്ലാവരെയും വിശ്വസിച്ച് ഭരണരംഗത്തു മുന്നോട്ടുപോയതിനിടയില്‍ ചിലരൊക്കെ ഈ വിശ്വാസം ദുര്‍വിനിയോഗം ചെയ്തെന്ന്" ജന്മനാടായ പുതുപ്പള്ളിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ മുഖ്യമന്ത്രി മനസ്സുതുറന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത തുടരുന്നു: "എന്നെ ഞാനാക്കിയ പുതുപ്പള്ളിക്കാരുടെ മുന്നില്‍ ഏറ്റുപറയുകയാണ്; ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല- ഉമ്മന്‍ചാണ്ടി വികാരാധീനനായി. സോളാര്‍ വിവാദത്തില്‍ തെറ്റുചെയ്ത ഒരാളും നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അവര്‍ക്ക് ദയാദാക്ഷിണ്യം കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു." ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നലെവരെ പറഞ്ഞുനിന്ന ഒന്നും ഇന്നദ്ദേഹത്തിന്റെ കൈയിലില്ല. കൂടെയുള്ളവരെ വിശ്വസിച്ച് കുഴപ്പത്തില്‍ ചാടിയെന്നത് ഒരു ഭരണാധികാരി പറയേണ്ട ന്യായമല്ല. ജനാധിപത്യപ്രക്രിയയിലൂടെ അധികാരസ്ഥാനത്ത് എത്തുന്നവരെ കൃത്യനിര്‍വഹണത്തില്‍ സഹായിക്കാന്‍ നിയോഗിക്കപ്പെടുന്നവരാണ് പേഴ്സണല്‍ സ്റ്റാഫ്. അവര്‍ ഒന്നടങ്കം തന്നെ ചതിച്ചെന്ന് ഒരു ഭരണാധികാരി പറഞ്ഞാല്‍, ആ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന പ്രഖ്യാപനം തന്നെയാണത്.

ഉമ്മന്‍ചാണ്ടിയുടെ വലംകൈയായി, മറ്റു മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയിലേക്ക് എത്താനുള്ള പാലമായി നിലകൊണ്ട വ്യക്തിയാണ് ടെന്നി ജോപ്പന്‍. അയാള്‍ ഇപ്പോള്‍ പത്തനംതിട്ട ജില്ലാ ജയിലിലാണ്. കുറ്റം: മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചടക്കം നടത്തിയ തട്ടിപ്പ്. കൂട്ടുകുറ്റവാളികള്‍: മുഖ്യമന്ത്രിയുമായി അടച്ചിട്ടമുറിയില്‍ "കുടുംബകാര്യം" ചര്‍ച്ചചെയ്ത ബിജു രാധാകൃഷ്ണനും തട്ടിപ്പുനായിക സരിത നായരും. മുഖ്യമന്ത്രി സംസാരിക്കുന്ന ഫോണില്‍നിന്നാണ് സരിത-ജോപ്പന്‍ സംസാരമാകെ ഉണ്ടായത്. 24 മണിക്കൂറും പൊതുജനദൃഷ്ടിയില്‍ എന്ന് ഉമ്മന്‍ചാണ്ടി ഊറ്റംകൊള്ളുന്ന ഓഫീസിലാണ്, ആ ഓഫീസിന്റെ ഉറപ്പിലാണ് ലക്ഷങ്ങള്‍ ജോപ്പന്‍സംഘം കൈപ്പറ്റിയത്. നിരവധി കേസില്‍ പ്രതി, ജയിലില്‍ പ്രസവം, തട്ടിപ്പുകാരിയെന്ന് പൊലീസ് മുന്നറിയിപ്പ്- ഈ ചരിത്രമെല്ലാമുള്ള സരിത നായര്‍ സെക്രട്ടറിയറ്റിലെ തന്റെ ഓഫീസില്‍ വിലസുന്നതും താന്‍ പറക്കുമ്പോഴെല്ലാം ഡല്‍ഹിക്കു പറക്കുന്നതും കാണാനുള്ള കണ്ണ് ഉമ്മന്‍ചാണ്ടിക്ക് ഇല്ലെന്നാണോ? അങ്ങനെയെങ്കില്‍ ഒരു നിരപരാധിയുടേതല്ല- കഴിവുകെട്ട, അയോഗ്യനായ ഒരു രാഷ്ട്രീയക്കാരന്റെ ചിത്രമാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് പറയേണ്ടിവരും.

ജോപ്പന്‍ മാത്രമല്ല പ്രതി. മുഖ്യമന്ത്രിയുടെ മറ്റൊരു നിഴലായ ജിക്കുമോനുമുണ്ട് തെളിയിക്കപ്പെട്ട സരിതാ ബന്ധം. ഡല്‍ഹിയിലെ ഉമ്മന്‍ചാണ്ടിയുടെ പ്രതിപുരുഷന്‍ തോമസ് കുരുവിള അതിനു പുറമെ. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചില ഉന്നതരും സോളാര്‍ തട്ടിപ്പുപണത്തിന്റെ പങ്ക് ചോദിച്ചുവാങ്ങിയിട്ടുണ്ടെന്ന് ജോപ്പന്‍ മൊഴി നല്‍കിയ വാര്‍ത്തയും വന്നു. ഇവരൊക്കെത്തന്നെ അവിശ്വസനീയമാംവണ്ണം സമ്പാദിച്ചുകൂട്ടിയവരാണ്; ചെറ്റക്കുടിലില്‍നിന്ന് മണിമാളികയിലേക്ക് ചാടിക്കയറിയവര്‍. എല്ലാവരുടെയും ഉയര്‍ച്ച മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍. ഇവര്‍ക്ക് എങ്ങനെ ഇത്രയും പണം കിട്ടിയെന്ന് സംശയിക്കാന്‍ പോലും ഉമ്മന്‍ചാണ്ടിക്ക് കഴിവില്ലാത്തതാണോ?

കെ കരുണാകരന്‍ 1977ല്‍ മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടിവന്നത് രാജന്‍ കേസിലെ ഒരു വ്യാജസത്യവാങ്മൂലത്തിന്റെ പേരിലാണ്. കരുണാകരന്‍ കക്കയം ക്യാമ്പില്‍ പോയി രാജനെ ഉരുട്ടിക്കൊന്നു എന്നല്ല കേസ്. തന്റെ വകുപ്പിലെ പൊലീസുദ്യോഗസ്ഥര്‍ ചെയ്ത അരുംകൊലയ്ക്ക് ഉത്തരവാദി താനുംകൂടിയാണെന്ന കുറ്റസമ്മതം കൂടിയാണ് അന്ന് കരുണാകരന്‍ നടത്തിയത്. ഇവിടെ വകുപ്പും ഉദ്യോഗസ്ഥരുമൊന്നുമല്ല, ഉമ്മന്‍ചാണ്ടിയുടെ പ്രതിപുരുഷന്മാര്‍ തന്നെയാണ് കുറ്റവാളികളായി നഗ്നരായി നില്‍ക്കുന്നത്. "77ലും 1995ലും കരുണാകരന്റെ രാജിയിലേക്ക് നയിച്ചതിനേക്കാള്‍ വ്യക്തമായ കുറ്റാരോപണമാണ് ഉമ്മന്‍ചാണ്ടി നേരിടുന്നത്. കരുണാകരനെതിരെ ഉമ്മന്‍ചാണ്ടി തന്നെ പറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ന്യായങ്ങള്‍ വച്ച്, ഈ മുഖ്യമന്ത്രിയെ ഇനിയും വച്ചുപൊറുപ്പിക്കാന്‍ ആര്‍ക്കുകഴിയും?

ആരുടെയും തലയില്‍ കുറ്റംചാരി രക്ഷപ്പെടാന്‍ കഴിയുന്നതല്ല ഉമ്മന്‍ചാണ്ടിക്കുനേരെ ഉയര്‍ന്ന തെളിവും സംശയങ്ങളും. തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ നല്‍കിയ അന്യായത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപാടില്‍ പങ്കാളിയായി എന്ന് വെളിപ്പെടുത്തുന്നു. അന്വേഷകര്‍ ആദ്യം കടന്നുചെല്ലേണ്ട ഇടമായി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നു. എന്നിട്ടും, ജുഡീഷ്യല്‍ അന്വേഷണമോ രാജിയോ ഇല്ലെന്ന നിലപാടു തുടരുകയാണ് ഉമ്മന്‍ചാണ്ടി. എന്നാല്‍, ഓരോ ദിവസവും പുറത്തുവരുന്ന തെളിവുകള്‍ അദ്ദേഹത്തെ കൂടുതല്‍ വരിഞ്ഞുമുറക്കുന്നതാണ്. തന്റെ നില പരുങ്ങലിലായി എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടതിന്റെ ലക്ഷണം പുതുപ്പള്ളി പ്രസംഗത്തില്‍ മാത്രമല്ല, സര്‍ക്കാരിന്റെ ഓരോ നടപടിയിലും പ്രതിഫലിക്കുന്നുണ്ട്. സോളാര്‍ തട്ടിപ്പുകേസില്‍പ്പെട്ട ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യവുമായി സമരത്തിനിറങ്ങുന്ന ആരെയും അടിച്ചൊതുക്കാനുള്ള നിര്‍ദേശമാണ് പൊലീസിന് നല്‍കിയിട്ടുള്ളത്. വെള്ളം ചീറ്റിയും ലാത്തിച്ചാര്‍ജ് ചെയ്തും ഗ്രനേഡും കണ്ണീര്‍വാതകവും പൊട്ടിച്ചും സമരങ്ങള്‍ക്കെതിരെ യുദ്ധം നടത്തുകയാണ് പൊലീസ്. കൊടും തട്ടിപ്പുനടത്തിയ സ്വന്തക്കാരെ തൊടാതിരിക്കുമ്പോള്‍, സര്‍ക്കാരിനെതിരായ പത്രവാര്‍ത്തകള്‍ ഷെയര്‍ ചെയ്ത കുറ്റത്തിനുപോലും ജീവനക്കാര്‍ക്കെതിരെ പ്രതികാരനടപടി സ്വീകരിക്കുന്നു. സെക്രട്ടറിയറ്റ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തത് ഏതോ പത്രവാര്‍ത്ത ഷെയര്‍ ചെയ്തതിനാണ്. അധികാരം നഷ്ടപ്പെടുമെന്ന് വന്നപ്പോള്‍ ഫാസിസ്റ്റ് രീതിയാണ് ഉമ്മന്‍ചാണ്ടി പുറത്തെടുക്കുന്നതെന്ന് അര്‍ഥം. അതേസമയം, ആരോപണങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിടാന്‍ തയ്യാറല്ലെന്ന പരിഹാസ്യമായ പിടിവാശിയും തുടരുന്നു. അന്തസ്സില്ലായ്മയുടെയും ധിക്കാരത്തിന്റെയും കാപട്യത്തിന്റെയും കൂടാരമായ ഉമ്മന്‍ചാണ്ടിഭരണത്തെ വലിച്ചു പുറത്തേക്കിടുക എന്നത് കേരളീയന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നമായി മാറുകയാണ്. ആ ജനവികാരത്തെ നേരിടാന്‍ ഫാസിസ്റ്റ് രീതിയൊന്നും പോരെന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: