Friday, May 31, 2013

യുഡിഎഫ് ഭരണവും വിദ്യാഭ്യാസവും

അറുപതുലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതും യുഡിഎഫ് സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതും ഒരേസമയത്താണ്. പ്രത്യാശയും നിരാശയും ഉണ്ടാക്കുന്ന സന്ദര്‍ഭം. പുത്തനുടുപ്പും പുസ്തകങ്ങളും പുതുമോഹങ്ങളുമായി ഭാവികേരള സ്രഷ്ടാക്കള്‍ വിജ്ഞാനസമ്പാദനത്തിനായി പുറപ്പെടുന്നു എന്നതാണ് പ്രത്യാശയ്ക്കുകാരണം. അവരുടെ മോഹങ്ങളെയും ഭാവിയെയും തല്ലിക്കെടുത്തുന്നതാണ് യുഡിഎഫ് ഭരണം എന്നതാണ് നിരാശയ്ക്കടിസ്ഥാനം. എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ചുവച്ചതെല്ലാം യുഡിഎഫ് തച്ചുടയ്ക്കുന്നുവെന്നതാണ് അനുഭവം.

വിദ്യാര്‍ഥിക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്നതും കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെ ശക്തിപ്പെടുത്തുന്നതുമായ നടപടികളായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസപരിഷ്കാരങ്ങള്‍. പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തെ ഒന്നായി കണ്ടുകൊണ്ടുള്ള സമഗ്രമായ ഒരു രേഖയാണ് 2007ലെ പാഠ്യപദ്ധതി ചട്ടക്കൂട്. വിദ്യാഭ്യാസവിദഗ്ധരും അഖിലേന്ത്യാ വിദ്യാഭ്യാസ ഏജന്‍സികളും അതിനെ പ്രശംസിക്കുകയും മറ്റ് സംസ്ഥാനങ്ങളോട് കേരളത്തിന്റെ പാഠ്യപദ്ധതി സമീപനം സ്വീകരിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. കൊളോണിയല്‍ ഭരണത്തെ ഊട്ടിയുറപ്പിക്കാന്‍ ഇവിടെ നടപ്പാക്കിയ അധ്യാപകകേന്ദ്രിതമായ ചേഷ്ടാവാദബോധനരീതിയെ മാറ്റി വിദ്യാര്‍ഥികേന്ദ്രിതമായ ജ്ഞാനനിര്‍മിതി സമ്പ്രദായം നടപ്പാക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. സ്വാഭാവികമായും പാരമ്പര്യവാദികളും കൊളോണിയല്‍ ബാധയില്‍നിന്ന് മോചിതരാകാത്ത ബുദ്ധിജീവികളും അതിനെ എതിര്‍ത്തു. കെപിസിസി ഒരു വിദ്യാഭ്യാസകമീഷനെ നിയോഗിച്ച് ബദല്‍രേഖ തയ്യാറാക്കുകയും ചെയ്തു. ആ രേഖയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനുവേണ്ടിയാണ് കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിച്ചതും പാഠ്യപദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ കോഴയും ജാതി-മതപ്രീണനവും അവസാനിപ്പിക്കുന്നതിനുവേണ്ടിയാണ് ഏകജാലകപ്രവേശനസമ്പ്രദായം ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ഥികളുടെ ക്ഷേമം മാത്രം മുന്‍നിര്‍ത്തി നടപ്പാക്കിയ ഈ പ്രവേശനസമ്പ്രദായത്തെ പ്രത്യക്ഷസമരത്തിലൂടെയും നിയമയുദ്ധത്തിലൂടെയും പരാജയപ്പെടുത്തുന്നതിന് ന്യൂനപക്ഷാവകാശവും സാമുദായികസംവരണവും ഉയര്‍ത്തിപ്പിടിച്ച് ജാതിമതസംഘടനകളെ ഇളക്കിവിട്ടത് യുഡിഎഫ് ആണ്. യോഗ്യതയും അര്‍ഹതയുമുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സുതാര്യമായി പ്രവേശനം നല്‍കുന്ന സമ്പ്രദായത്തെ കോടതി അംഗീകരിച്ചു. എന്നാല്‍, ആ സമ്പ്രദായത്തെ വികലമാക്കുന്നതിനുവേണ്ടി സിബിഎസ്ഇയുടെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു. അവിടെയും കോടതിയുടെ ഇടപെടല്‍മൂലം ഏകജാലകസംവിധാനത്തെ നിലനിര്‍ത്താന്‍ സാധിച്ചു. എഴുപതിനായിരത്തോളം വരുന്ന പ്രൊഫഷണല്‍ കോഴ്സ് സീറ്റുകളുടെ വീതംവയ്പിനെപ്പറ്റിയുള്ള ചര്‍ച്ചകളാണ് കേരളത്തില്‍ ഒരു പതിറ്റാണ്ടായി നടക്കുന്നത്.

കേരളത്തിന്റെ നിത്യജീവിതത്തെ മുന്നോട്ടുനയിക്കുന്ന ഉദ്യോഗസ്ഥരും അധ്യാപകരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചെറുകിടക്കച്ചവടക്കാരുമൊക്കെ ആയിത്തീരുന്നവര്‍ പഠിക്കാനെത്തുന്ന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ അവഗണിക്കപ്പെടുകയായിരുന്നു. അവിടത്തെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ബോധനരീതിയും മൂല്യനിര്‍ണയവും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തിനായി ചില്ലിക്കാശുപോലും നീക്കിവയ്ക്കാത്ത സര്‍വകലാശാലകള്‍ക്കായിരുന്നു ഇതിന്റെയൊക്കെ അക്കാദമികമായ നേതൃത്വം. ഈ ദുരവസ്ഥയ്ക്കറുതിവരുത്താനും സര്‍വകലാശാലകള്‍ക്ക് ദിശാബോധമുണ്ടാക്കാനും സഹായിക്കുന്നതായിരുന്നു ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ രൂപീകരണം. യോഗ്യതയും ശേഷിയുമുള്ളവരെ തെരഞ്ഞുപിടിച്ച് അതിന്റെ നേതൃസ്ഥാനത്തെത്തിക്കുകവഴി ഉന്നതവിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റാന്‍ കൗണ്‍സിലിന് കഴിഞ്ഞു. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ബിരുദതല വിദ്യാഭ്യാസസമ്പ്രദായത്തെ ഉടച്ചുവാര്‍ക്കുന്നതാണ് കൗണ്‍സില്‍ മുന്നോട്ടുവച്ച സെമസ്റ്റര്‍ സമ്പ്രദായത്തിലെ നിര്‍ദേശങ്ങള്‍.

ഘടനാപരവും അക്കാദമികവുമായ പുനഃസംഘാടനമായിരുന്നു ലക്ഷ്യം. വര്‍ഷാന്ത്യങ്ങളില്‍ നടത്തുന്ന പരീക്ഷകളെ അര്‍ധവാര്‍ഷിക പരീക്ഷകളാക്കി മാറ്റി പരീക്ഷകളുടെ എണ്ണം കൂട്ടി സര്‍വകലാശാലകളുടെ ഭാരം വര്‍ധിപ്പിക്കുന്ന വികല പരിഷ്കാരമായിട്ടാണ് കൊളോണിയല്‍ ദാസന്മാര്‍ ഇതിനെ കണ്ടത്. എന്നാല്‍, പാഠ്യവിഷയങ്ങളിലും അവയുടെ ബോധനസമീപനത്തിലും സമഗ്രമായ മാറ്റം നിര്‍ദേശിക്കുന്നവയായിരുന്നു കൗണ്‍സിലിന്റെ പരിഷ്കാരങ്ങള്‍. പഠിതാക്കളുടെ അന്വേഷണകൗതുകത്തെയും വിമര്‍ശനചിന്തയെയും യുക്തിബോധത്തെയും ഉത്തേജിപ്പിക്കുന്നതായിരുന്നു പുതിയ പദ്ധതി. അതിനാല്‍ത്തന്നെ വിദ്യാര്‍ഥികള്‍ക്ക് അതിനോടെതിര്‍പ്പുണ്ടായിരുന്നില്ല. വിദ്യാര്‍ഥിക്ഷേമത്തിനുവേണ്ടി ആകര്‍ഷകമായ സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്.

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി അയ്യായിരം രൂപവീതമുള്ള പതിനായിരം സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം പ്രതിവര്‍ഷം അയ്യായിരം രൂപ ലഭിക്കുകയെന്നത് അങ്ങേയറ്റം ആകര്‍ഷകംതന്നെ. ഒന്നാംവര്‍ഷ ബിരുദ ക്ലാസില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥിക്കും ആദ്യവര്‍ഷം 12,000, രണ്ടാംവര്‍ഷം 18,000, മൂന്നാംവര്‍ഷം 24,000, ആ കുട്ടി മികവോടുകൂടി ഒന്നാംവര്‍ഷ ഹിന്ദി ക്ലാസിലെത്തുകയാണെങ്കില്‍ ആദ്യവര്‍ഷം 40,000, രണ്ടാംവര്‍ഷം 60,000 എന്നിങ്ങനെ ഭീമമായ തുക സ്കോളര്‍ഷിപ്പായി നല്‍കുന്ന വ്യവസ്ഥ ഇന്ത്യയില്‍ത്തന്നെ മറ്റൊരു സംസ്ഥാനത്തും ഉണ്ടെന്നു തോന്നുന്നില്ല. ഇത്തരത്തില്‍ വിദ്യാര്‍ഥിക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്നതും ജനാധിപത്യബോധവും അന്വേഷണത്വരയുമുള്ള ഒരു കേരളസമൂഹത്തെ സൃഷ്ടിക്കുന്നതിന് പര്യാപ്തവുമായ നടപടികളായിരുന്നു എല്‍ഡിഎഫ് നടപ്പാക്കിയത്. ഏതുതരത്തിലുള്ള ചൂഷണത്തെയും എതിര്‍ക്കാനുള്ള ചങ്കൂറ്റം ആര്‍ജിക്കുന്ന ഒരു തലമുറ വളര്‍ന്നുവരുന്നതിനെ ഭയപ്പെടുന്നവര്‍ എല്‍ഡിഎഫ് തുടങ്ങിവച്ച നടപടികളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സ്വാശ്രയവിദ്യാലയങ്ങള്‍ തുടങ്ങാന്‍ അനുവദിച്ചാല്‍ രണ്ടു താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാം. ഹ്രസ്വകാലാടിസ്ഥാനത്തില്‍ വിദ്യാഭ്യാസക്കച്ചവടക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന്റെ ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കാം. നിലവിലുള്ള പാഠ്യപദ്ധതിയും പൊതുവിദ്യാലയങ്ങളും രാഷ്ട്രീയബോധമുള്ള തലമുറയെയാണ് സൃഷ്ടിക്കുന്നത്. അതൊഴിവാക്കാന്‍ പൊതുമേഖലയെ ക്ഷീണിപ്പിക്കുകയും സ്വാശ്രയമേഖലയെ പോഷിപ്പിക്കുകയുമാണ് വേണ്ടത്. ഇതുതന്നെയാണ് സ്വയംഭരണ കോളേജുകള്‍ തുടങ്ങാനുള്ള നീക്കത്തിന്റെയും പിന്നില്‍. കച്ചവടതാല്‍പ്പര്യവും അരാഷ്ട്രീയവല്‍ക്കരണവും ഒരേസമയം നടക്കും. നാക് എന്ന അഖിലേന്ത്യാ സംഘടനയുടെ എപ്ലസ് ഗ്രേഡ് കിട്ടിയ കോളേജുകള്‍ക്കാണ് സ്വയംഭരണപദവി നല്‍കുന്നത് എന്നാണ് പറയുന്നത്. ആ സംഘടനയുടെ അംഗീകാരം കിട്ടാന്‍ തമിഴ്നാട്ടിലെ ചില കോളേജുകാര്‍ മദിരാക്ഷിവരെ കാഴ്ചവച്ച വാര്‍ത്ത ഏതാനും വര്‍ഷം മുമ്പ് കേട്ടിരുന്നു. കേരളത്തിലെ ചില കോളേജുകളിലെത്തിയ നാക് വിദഗ്ധന്മാര്‍ കുരുമുളകും കശുവണ്ടിയും തേയിലയും ഏലവും ഉപഹാരമായി ചോദിച്ചുവാങ്ങിയതായും കേട്ടു. അങ്ങനെ സമ്പാദിക്കുന്ന എപ്ലസ് കോളേജുകളില്‍ വിദ്യാര്‍ഥിപ്രവേശനം, പാഠ്യപദ്ധതി രൂപീകരണം, പരീക്ഷ, ഫലപ്രഖ്യാപനം ഇത്യാദികളൊക്കെ അതതിടത്തുതന്നെ നടക്കുന്നു.

ബിരുദം നല്‍കാനുള്ള കടമ മാത്രമാണ് സര്‍വകലാശാലയ്ക്കുള്ളത്. സര്‍വകലാശാല നടത്തുന്ന പരീക്ഷയില്‍ത്തന്നെ ഉയര്‍ന്ന മാര്‍ക്ക് നല്‍കാമെന്ന വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലിലാണ്. അപ്പോള്‍ സ്വയംഭരണ കോളേജുകാര്‍ ഉയര്‍ന്ന നിലവാരം സമ്പാദിക്കുന്നതിനുവേണ്ടി എന്തൊക്കെ ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കുന്നതോടുകൂടി അവിടെയും ജനാധിപത്യം അട്ടിമറിക്കപ്പെടും. പാഠ്യപദ്ധതി രൂപീകരണത്തിലും വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപകനിയമനത്തിലും സുതാര്യത നഷ്ടപ്പെടും. സാമൂഹികശാസ്ത്രവിഷയങ്ങളിലൂടെയും ഭാഷാപഠനത്തിലൂടെയും വര്‍ഗീതയും മതമൗലികവാദവും സ്വത്വരാഷ്ട്രീയവും പരിപോഷിപ്പിക്കാന്‍ സാധിക്കും. ജനാധിപത്യകേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ സാധിക്കും. ജാതി-മത സംഘടനകളുടെ ചൊല്‍പ്പടിക്കു നിന്നുകൊണ്ട് കേരളം ഭരിക്കുന്ന യുഡിഎഫ് ഈ സംസ്ഥാനത്തെ തമോവല്‍ക്കരിക്കുകയാണ്. വിദ്യാഭ്യാസത്തിലൂടെ സംസ്ഥാനത്തെ ജനാധിപത്യവല്‍ക്കരിക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. യുഡിഎഫാകട്ടെ ജനാധിപത്യത്തെ സംഹരിക്കുന്നു. എല്‍ഡിഎഫ് വിദ്യാഭ്യാസത്തെ വിമോചനത്തിനുള്ള ഉപകരണമായാണ് കണ്ടത്. എന്നാല്‍, സംസ്ഥാനത്തെ പാരതന്ത്ര്യത്തിലും വര്‍ഗീയതയിലും ആഴ്ത്താനാണ് യുഡിഎഫ് വിദ്യാഭ്യാസത്തെ ഉപയോഗിക്കുന്നത്.

*
വി കാര്‍ത്തികേയന്‍നായര്‍

No comments: