Thursday, May 9, 2013

മാധ്യമം, സ്ത്രീ, ആഗോളവല്‍ക്കരണം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം തികഞ്ഞപ്പോള്‍ ബലാല്‍സംഗത്തിലുണ്ടായ വര്‍ദ്ധനവ് 873% ആണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയില്‍ ഒരു നിമിഷത്തില്‍ ഒരു പെണ്‍ ഭ്രൂണഹത്യ. ഓരോ മൂന്നുമിനിട്ടിലും ഒരു പെണ്‍കുഞ്ഞ് അതിക്രമത്തിനിരയാകുന്നു. ഓരോ 34 മിനിട്ടിലും ഒരു ബലാത്സംഗം. ഓരോ 42 മിനിട്ടിലും ഒരു ലൈംഗികാതിക്രമം. ഓരോ 93 മിനിട്ടിലും ഒരു സ്ത്രീധന മരണം. ഓരോ പത്തു സെക്കന്റിലും ഒരു ഗാര്‍ഹിക പീഡനം! 2001നും 2011നും ഇടയില്‍ കുട്ടികള്‍ക്കുനേരെ നടക്കുന്ന ബലാത്സംഗങ്ങളില്‍ 336% വര്‍ദ്ധനവാണുണ്ടായത്. ഇക്കാലയളവില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കണക്കുകള്‍ പ്രകാരം 48,338 പെണ്‍കുഞ്ഞുങ്ങള്‍ ബലാല്‍സംഗത്തിനിരയായി. ഇതില്‍ 2101 സംഭവങ്ങള്‍ കേരളത്തിലാണെന്നോര്‍ക്കുക. സാമ്പത്തികവളര്‍ച്ചയില്‍ കുതിച്ചുകയറാന്‍ വെമ്പിനില്‍ക്കുന്ന ഇന്ത്യയുടെ ദയനീയാവസ്ഥയെയാണ് ഈ സ്ഥിതിവിവരകണക്കുകള്‍ വരച്ചുകാട്ടുന്നത്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യ പിന്തുടരുന്ന വികലനയത്തിന്റെ ഉത്തമോദാഹരണമാണ് ഇന്ത്യന്‍ സ്ത്രീസമൂഹത്തിന്റെ ഭയാനകമായ അരക്ഷിതാവസ്ഥ. ആഴത്തില്‍ വേരോടിനില്‍ക്കുന്ന ജന്മി-നാടുവാഴിത്ത വ്യവസ്ഥയും അതിനൊപ്പം ചേര്‍ന്ന മുതലാളിത്തവും സ്ത്രീയുടെ അസമത്വവും ചൂഷണവും രൂക്ഷമാക്കിത്തീര്‍ത്തു. പുരുഷാധിപത്യഘടനയെ ബലപ്പെടുത്തുക എന്നത് മുതലാളിത്തത്തിന്റെ ആവശ്യമായിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയ്ക്കുമേല്‍ ആധിപത്യം സ്ഥാപിച്ച വ്യവസ്ഥിതിയുടെ അധീശശക്തികളുടെ ഉച്ചഭാഷിണികള്‍ ആയി മാധ്യമങ്ങള്‍ മാറി. ലാഭം മാത്രം ലക്ഷ്യമാക്കുന്ന വ്യവസായശാലകള്‍ ആയ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തപോലും ചരക്കാണ്. ആധിപത്യക്കൊതി മുഖമുദ്രയായിരിക്കുന്ന ആഗോളവല്‍ക്കരണ സംസ്കാരത്തെ താങ്ങിനിര്‍ത്തുവാനുള്ള തത്രപ്പാടില്‍ മാധ്യമങ്ങള്‍ സമൂഹത്തിനോടുള്ള കടപ്പാട് പാടേ വിസ്മരിച്ചു. മാധ്യമങ്ങളുടെ ഈ മാറ്റത്തിന്റെ ഏറ്റവും ദയനീയ ഇരകള്‍ സ്ത്രീ തന്നെയാണ്.

സാംസ്കാരിക മൂല്യങ്ങളുടെ പ്രധാന സ്രഷ്ടാക്കളാണ് മാധ്യമങ്ങള്‍. ചില പ്രത്യയശാസ്ത്ര രൂപങ്ങളെ പ്രസക്തമാക്കുവാനും മറ്റു ചിലവയെ അപ്രസക്തമാക്കുവാനും മാധ്യമങ്ങള്‍ക്കു കഴിയുന്നു. മനുഷ്യന്റെ ചിന്തയെയും പ്രവൃത്തിയെയും നയിക്കുന്ന, രൂപപ്പെടുത്തുന്ന വ്യത്യസ്തമായ സാംസ്കാരിക "ഉല്‍പന്നം" ആയി മാധ്യമങ്ങളെ കണക്കാക്കാം. ""ഉപഭോഗ വസ്തുക്കളല്ല മാധ്യമ ഉല്‍പന്നങ്ങള്‍ എന്നതല്ല അവയെ വ്യത്യസ്തമാക്കുന്നത് അവ നമ്മെത്തന്നെ "ഉല്‍പാദിപ്പിക്കുന്നു" എന്നതാണ് പ്രധാനം"" എന്നുപറഞ്ഞത് സീന്‍ സിയോച്ച്റു എന്ന മാധ്യമപണ്ഡിത ആണ്. ടെലിവിഷന്‍, പരിപാടികള്‍ അല്ല നിര്‍മ്മിക്കുന്നത്. കാഴ്ചക്കാരെയാണ് എന്ന് പറയാറുണ്ട്. ആഗോളവല്‍കൃത സംസ്കാരത്തെ അംഗീകരിക്കുന്ന ഒരു ജനവിഭാഗത്തെ സൃഷ്ടിച്ചെടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നു സാരം. ഇവിടെയാണ് നോം ചോംസ്കിയുടെ സമ്മതിയുടെ നിര്‍മ്മിതിയുടെ പ്രസക്തി. നിലനില്‍ക്കുന്ന ചൂഷണാധിഷ്ഠിത വ്യവസ്ഥിതിയെ അതേപോലെ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന പൊതു ബോധം മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നു. അനീതിക്കും അസമത്വത്തിനും എതിരെ സമരോത്സുകമായി പ്രതികരിക്കുന്നതിനു പകരം എല്ലാറ്റിനേയും "സ്വാഭാവിക"മായി കണക്കാക്കുവാനാണ് ആഗോള വല്‍കൃത മാധ്യമങ്ങള്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആണ്‍കോയ്മാ സമൂഹത്തിലെ സ്ത്രീ സങ്കല്‍പത്തെ കൂടുതല്‍ വികൃതവും അപകടകരവുമായ വിധത്തില്‍ മാധ്യമങ്ങള്‍ ഉയര്‍ത്തി കാട്ടുന്നു. കമ്പോള സംസ്കാരത്തിന്റെ മൂല്യങ്ങള്‍ സമൂഹത്തിലേക്ക് ആവര്‍ത്തിച്ച് സംവദിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ആധിപത്യംപുലര്‍ത്തുന്ന പ്രത്യയശാസ്ത്ര ധാരണകള്‍ക്ക് അനുസൃതമായി മാധ്യമങ്ങള്‍ ബിംബങ്ങളേയും ചിഹ്നങ്ങളേയും വ്യാഖ്യാനിക്കുകയും കൂട്ടി യോജിപ്പിക്കുകയും ചെയ്യുന്നു.

അങ്ങനെ പുരുഷാധിപത്യ സംസ്കാരത്തിന്റെ സ്ത്രീ - ശരീരം എന്ന വീക്ഷണമാണ് മാധ്യമങ്ങളുടെയും സ്ത്രീ സങ്കല്‍പനത്തിന്റെ അടിസ്ഥാനം. ആഗോളവല്‍ക്കൃത കാലഘട്ടത്തില്‍ ഏറ്റവും ആസ്വാദ്യവിഭവമായി വിനോദ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നത് ലൈംഗികതയാണ്. ഇന്റര്‍നെറ്റിലെ സെര്‍ച്ച് എഞ്ചിന്‍ ഏറ്റവും കൂടുതല്‍ പായുന്നത് "സെക്സ്" എന്ന പദത്തിനു പിന്നാലെയാണ്. ഇന്റര്‍നെറ്റ് സ്ക്രീനില്‍ അപ്പപ്പോള്‍ പൊന്തിവരുന്ന ലൈംഗിക വൈകൃതങ്ങളിലേക്കുള്ള ക്ഷണപ്പത്രികകള്‍ (പോപ്പ് അപ്പ്) തടയുന്നതിന് വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഇന്ത്യയില്‍ ഇല്ല. ഈ ക്ഷണം സ്വീകരിക്കുന്ന ബാല-കൗമാരക്കാര്‍ ചെന്നുവീഴുന്നത് ആഭാസകരമായ ലൈംഗികക്കെണികളിലാണ്. 13ഉം 14ഉം വയസുള്ള ആണ്‍കുട്ടികള്‍ ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ ആകുന്നുണ്ടെങ്കില്‍ അവര്‍ പോര്‍ണോയുടെ പിടിയിലകപ്പെട്ടതായി ഏതാണ്ട് ഉറപ്പിക്കാം. സ്ത്രീയെ ലൈംഗിക ശരീരം മാത്രമായി കാണുന്ന പരസ്യവിപണിയാണ് മധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. കൊക്കകോള കമ്പനി അവരുടെ ഒരു പരസ്യം നല്‍കുമ്പോള്‍ ഏതുതരം വാര്‍ത്തയുടെ അടുത്താകണം പരസ്യം കൊടുക്കേണ്ടത് എന്ന് കൃത്യമായി ആവശ്യപ്പെടുന്നു. മാത്രമല്ല, മുഖപ്രസംഗത്തിന്റെ അടുത്ത് പരസ്യം കൊടുക്കുമ്പോള്‍ ഓരോ ബ്രാന്റിന്റേയും വിപണനതന്ത്രവുമായി ചേരുന്ന വിഷയത്തെക്കുറിച്ചാവണം മുഖപ്രസംഗമെന്ന് അവര്‍ നിഷ്കര്‍ഷിക്കുന്നു.

സ്ത്രീ ശരീരങ്ങള്‍ എങ്ങനെയാകണമെന്ന് മാധ്യമങ്ങള്‍ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. ദാമ്പത്യ വിജയത്തിനും മക്കളുടെ അംഗീകാരം കിട്ടുന്നതിനും ഔദ്യോഗിക വിജയത്തിനും ഗംഭീരമായ ലൈംഗിക ജീവിതത്തിനും പ്രത്യേക അളവുകള്‍ ഉള്ള സ്ത്രീ ശരീരങ്ങള്‍ നിര്‍ബന്ധമാണ്. വാര്‍ദ്ധക്യം ദുരന്തമോ പാപമോ ആണെന്ന് സൗന്ദര്യവര്‍ധക വസ്തുക്കളുടെ കമ്പനികള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഭക്ഷണം കഴിക്കാതെ പെണ്‍കുട്ടികള്‍ അനറോക്സിയ നെര്‍വോസ എന്ന രോഗത്തിന് അടിപ്പെടുന്നത് വികസിത രാജ്യങ്ങളില്‍ മാത്രമല്ല, ഇന്ത്യ ഉള്‍പ്പെടെയുള്ള ദരിദ്രരാജ്യങ്ങളിലും ആണ്. സൗന്ദര്യാശങ്ക എന്ന രോഗം സ്ത്രീകളെയും പുരുഷന്മാരേയും ബാധിച്ചിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. സൗന്ദര്യത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധംമുലം നിരാശാരോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. സ്ത്രീയുടെ മൂല്യം നിശ്ചയിക്കുന്ന അഴകളവുകളെക്കുറിച്ചുള്ള പ്രചാരത്തിനാണ് മാധ്യമങ്ങള്‍ കൂടുതല്‍ സ്ഥലവും സമയവും മാറ്റിവെക്കുന്നത്. ശരീര സൗന്ദര്യമെന്നത് ലൈംഗികാര്‍ഷകത്വം മാത്രമാണെന്നും വന്നിരിക്കുന്നു.

വ്യക്തിയെ ലൈംഗികമായി വസ്തുവല്‍ക്കരിക്കുകയാണ് ആധുനിക മാധ്യമങ്ങള്‍ ചെയ്യുന്നത്. അഞ്ചു വയസ്സുള്ള കുഞ്ഞിനെപ്പോലും റിയാലിറ്റിഷോകള്‍ "വിലാസവതി"യാക്കുന്നു. യുവതികള്‍ കുഞ്ഞുങ്ങളുടെ വസ്ത്രവും കുഞ്ഞുങ്ങള്‍ യുവതികളുടെ വസ്ത്രവും ധരിക്കുന്നതിനു പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ശൃംഗാര ചേഷ്ടകളുമായി കുഞ്ഞുങ്ങള്‍ ടി വി സ്ക്രീനില്‍ അവതരിക്കുമ്പോള്‍ പുരുഷാധിപത്യസമൂഹം കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നു. അസ്ഥാനത്ത് ലൈംഗികത അടിച്ചേല്‍പിക്കുന്ന മാധ്യമങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും സ്ത്രീപീഡനത്തിന് തറയൊരുക്കുന്നു. ലൈംഗിക വൈകൃതങ്ങളിലേയ്ക്കും ലൈംഗികാക്രമണങ്ങളിലേയ്ക്കും സമൂഹത്തെ നയിക്കുന്ന പ്രധാന ശക്തിയായി മാധ്യമങ്ങള്‍ - പ്രത്യേകിച്ച് നവമാധ്യമങ്ങള്‍ - ഇന്ന് മാറിയിരിക്കുന്നു. ഹാസ്യപരിപാടികളും, സംഗീത വീഡിയോകളും ആണ് സ്ത്രീയെ ബുദ്ധിയോ അഭിമാനമോ ഇല്ലാത്ത ലൈംഗിക ശരീരങ്ങള്‍ മാത്രമായി ഏറ്റവും അധികം അവതരിപ്പിക്കുന്നത്. അല്‍പവസ്ത്രധാരികളായ സ്ത്രീകളും പൂര്‍ണ വസ്ത്രധാരികളായ പുരുഷന്മാരും സംഗീത വീഡിയോകളിലേയും വീഡിയോ ഗയിമുകളിലേയും സ്ഥിരം കാഴ്ചയാണ്. മാധ്യമങ്ങളിലൂടെ പുറത്തേയ്ക്കുവരുന്ന സാംസ്കാരിക സന്ദേശങ്ങള്‍ സ്ത്രീയും പുരുഷനും ആന്തരികവല്‍കരിക്കുന്നു. ബലാല്‍ക്കാരമായ ലൈംഗികബന്ധം സ്വാഭാവികവും ശരിയുമാണെന്ന് ആണ്‍കുട്ടികള്‍ കരുതുന്നു. സ്വയം ലൈംഗികാകര്‍ഷക വസ്തുവായി ചമയുവാന്‍ പെണ്‍കുട്ടിയും താല്‍പര്യം പ്രകടിപ്പിക്കുന്നു. പുരുഷനെ ബലാല്‍സംഗകാരനും സ്ത്രീയെ ബലാല്‍സംഗ ഇരയുമാക്കി മാറ്റുന്ന ആഗോളവല്‍ക്കരണ സാംസ്കാരികാവസ്ഥ ആണ് മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നത്. വിപണിമൂല്യങ്ങളെ ഇത്തരത്തില്‍ ആന്തരികവല്‍ക്കരിച്ചിരിക്കുന്ന പൊതുസമൂഹം ബലാല്‍സംഗ സംസ്കാരത്തിന് രൂപം നല്‍കുന്നു. ലൈംഗികാതിക്രമങ്ങള്‍പോലും നിസ്സംഗതയോടെ അംഗീകരിക്കുന്നതാണ് ബലാല്‍സംഗ സംസ്കാരം. സ്ത്രീയുടെ ഏകപദവി "ലൈംഗികവസ്തു" അല്ലെങ്കില്‍ ""ലൈംഗിക ഇര"" എന്നതാണെന്ന പൊതുബോധം ഏറ്റവും ക്രൂരവും നിന്ദ്യവുമായ ബലാല്‍സംഗങ്ങള്‍ക്കെതിരെപോലും പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നതിന് തടസ്സമാകുന്നു. വ്യത്യസ്ത രൂപങ്ങളില്‍ പ്രതിരോധത്തിന് തയ്യാറാകുന്ന സ്ത്രീകളെ കൂടുതല്‍ വാശിയോടെയും വൈരാഗ്യത്തോടെയും അടിച്ചമര്‍ത്തുന്നതിന് മാധ്യമങ്ങള്‍ കരുക്കള്‍ നീക്കുന്നു.

ആഭാസമായി പെരുമാറിയവനെ ശാരീരികമായി കൈകാര്യം ചെയ്ത അമൃതയേയും നിയമപരമായി അവകാശങ്ങള്‍ ചോദിച്ചു വാങ്ങിക്കൊണ്ട് ഗാര്‍ഹികപീഡനത്തെ ചെറുക്കാന്‍ ശ്രമിച്ച ഡോ. യാമിനിയേയും ലൈംഗികാക്രമണം നടത്തിയ രാഷ്ട്രീയ നേതാവിനെതിരെ 17 വര്‍ഷമായി പൊരുതുന്ന സൂര്യനെല്ലി പെണ്‍കുട്ടിയേയും അതീവ വിദഗ്ദ്ധമായി പൊതുസമൂഹത്തിനുമുന്നില്‍ അപഹാസ്യ കഥാപാത്രങ്ങള്‍ ആക്കുവാന്‍ മലയാള മാധ്യമലോകം ആസൂത്രിതവും ഗൂഢവുമായ നീക്കങ്ങള്‍ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. അശ്ലീലമനസ്ക്കനായ ഒരു പുരുഷെന്‍റ ഒളിഞ്ഞുനോട്ടത്തിനു സമാനമായ വാര്‍ത്താ അവതരണരീതി മേല്‍സൂചിപ്പിച്ച സംഭവങ്ങളില്‍ വ്യക്തമായി കാണുവാന്‍, കഴിയും. അധികാരമോ സമത്വമോ അനുഭവിക്കാതെ വിവേചനത്തിെന്‍റയും ചൂഷണത്തിെന്‍റയും അടിച്ചമര്‍ത്തലിെന്‍റയും അഗാധഗര്‍ത്തത്തില്‍നിന്നും കുതറിയെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന അപൂര്‍വം ചില പരിശ്രമങ്ങളെപ്പോലും പരാജയപ്പെടുത്തുവാന്‍ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നു.

സാമൂഹ്യമാറ്റത്തിനുതകുന്ന ചെറിയ ചലനങ്ങള്‍ പോലും വിപണിയുടെ ശക്തികള്‍ ഭയക്കുന്നു. കാരണം സ്വത്വബോധമുള്ള സ്ത്രീ സമൂഹം ആയിരിക്കും നവഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുക. ഇത് ഏറ്റവും നന്നായി തിരിച്ചറിഞ്ഞിട്ടുള്ളത് കമ്പോളശക്തികള്‍ തന്നെയാണ്. അതുകൊണ്ടാണ് ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കെതിരായ പോരാട്ടം സ്ത്രീയുടെ ചെറുത്തുനില്‍പിെന്‍റ അനിവാര്യഘടകമാകുന്നത്. അതുകൊണ്ടുതന്നെയാണ് മാധ്യമങ്ങളെ രൂക്ഷവിചാരണയ്ക്കു വിധേയമാക്കാതെ ഈ ചെറുത്തുനില്‍പ്പ് വിജയിക്കില്ല എന്നും പ്രസ്താവിക്കേണ്ടിവരുന്നത്.

*
ആര്‍ പാര്‍വതീദേവി ചിന്ത വാരിക 10 മേയ് 2013

No comments: