Wednesday, May 15, 2013

ഇന്ത്യയിലും വധശിക്ഷ വേണ്ട

കുറ്റവാളികളോടുള്ള സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റം അനിവാര്യമാണെന്ന ധാരണ സമൂഹത്തില്‍ അതിവേഗം ശക്തിപ്പെടുകയാണ്. മനുഷ്യാവകാശപ്രശ്നം സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തലത്തിലേക്ക് ഉയര്‍ന്നുവന്നിരിക്കുന്നു. മനുഷ്യാവകാശ ധ്വംസനം വര്‍ധിക്കുന്നുമുണ്ട്. പൊലീസിന്റെ മൂന്നാംമുറ പ്രയോഗവും ലോക്കപ്പ് മരണവും പതിവായിമാറുന്നതും കാണാതിരുന്നുകൂടാ. കുറ്റവാളികളോടുള്ള സമീപനത്തില്‍ പ്രാകൃത സമൂഹവും പരിഷ്കൃത സമൂഹവും തമ്മില്‍ ഭിന്നതയുണ്ട്. കഠിനശിക്ഷ നല്‍കിയാല്‍ മാത്രമേ കുറ്റകൃത്യം തടയാന്‍ കഴിയൂ എന്ന് ചിന്തിക്കുന്നവരുണ്ട്. ആറു വയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ മനുഷ്യാധമന്മാരായ ക്രിമിനലുകള്‍ക്കെതിരെ കൈവെട്ടല്‍, തലവെട്ടല്‍, ചാട്ടവാറുകൊണ്ടുള്ള അടി തുടങ്ങിയ ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതരം പ്രാകൃതശിക്ഷാമുറ ഇവിടെയും നടപ്പാക്കണമെന്ന് ചിന്തിക്കുന്നവരുണ്ട്. കൊലപാതകം നടത്തിയവരോടും ക്രൂരകൃത്യത്തിലേര്‍പ്പെട്ടവരോടും ദയ പാടില്ല; അവര്‍ അതിന്റെ വേദന അനുഭവിച്ചറിയുകതന്നെ വേണം എന്ന തരത്തിലുള്ള ചിന്ത സ്വാഭാവികമാണ്. അവരെ കുറ്റപ്പെടുത്താനും കഴിയില്ല. കുറ്റകൃത്യങ്ങളോടുള്ള മനുഷ്യന്റെ അടങ്ങാത്ത അമര്‍ഷവും ശക്തമായ വികാരവുമാണ് ഇത്തരം ചിന്താഗതിക്കാര്‍ പ്രകടിപ്പിക്കുന്നത്.

ഇത്രതന്നെ പ്രബലമാണ് കുറ്റകൃത്യംചെയ്തവര്‍ക്ക് പശ്ചാത്തപിക്കാനും മാറി ചിന്തിക്കാനും നല്ല മനുഷ്യനാകാനുമുള്ള അവസരം നല്‍കണമെന്ന ചിന്ത. വധശിക്ഷ നടപ്പാക്കിയാല്‍ കുറ്റംചെയ്ത ആള്‍ക്ക് മാറി ചിന്തിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നു. നൈമിഷികമായ വികാരത്തിനടിമപ്പെട്ടാണ് പലരും കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. കൊലപാതകം നടത്തി ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയരായി കഴിയുന്നവര്‍ പലരും ജയിലില്‍ മാന്യന്മാരായാണ് ജീവിക്കുന്നത്. അവര്‍ പാചകജോലിചെയ്യും, കൃഷിചെയ്യും, സഹതടവുകാരുടെ മുടി ക്രോപ്പ്ചെയ്യും. കൊലപാതകം നടത്തിയ ആളുടെ കൈവശമുള്ള മൂര്‍ച്ചയേറിയ കത്തിയെ ജയിലില്‍ കഴിയുന്നവര്‍ ഭയപ്പെടുന്നില്ല. അവര്‍ നല്ല മനുഷ്യരായി മാറിയതായി കാണാം. അതുകൊണ്ടുതന്നെയാണ് തടവുകാരോട് മനുഷ്യത്വപരമായ പെരുമാറ്റം ആവശ്യമാണെന്നു പറയുന്നത്. മോഷ്ടാക്കളോടുള്ള സമീപനമല്ല ഇതര തടവുകാരോട് ജയിലധികാരികള്‍ക്കുള്ളത്. അവരില്‍ പലരും ജയിലധികാരികളെ സഹായിക്കുന്നവരും അവരുമായി സഹകരിക്കുന്നവരുമാണ്. ജയിലില്‍നിന്ന് പാചകംചെയ്ത ചപ്പാത്തിയും പുട്ടും കറിയുമൊക്കെ ഇപ്പോള്‍ ജയിലിനു പുറത്ത് വിറ്റഴിക്കാറുണ്ട്. അതിന് ധാരാളം ആവശ്യക്കാരുമുണ്ട്. 1957ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ജയില്‍മന്ത്രിയായിരുന്ന കാലത്താണ് കേരളത്തില്‍ ജയില്‍പരിഷ്കരണം തുടങ്ങിവച്ചത്. കൊല്ലാനുപയോഗിച്ച മാരകായുധം മണ്ണില്‍ കൃഷിചെയ്യാനുപയോഗിച്ചപ്പോള്‍ നല്ല വിളയുണ്ടായതും അത് കൊയ്തെടുത്തതിലുള്ള സന്തോഷവും കൊലപാതകികള്‍ അനുഭവിച്ചറിയുമ്പോള്‍ മനസ്സില്‍ മാറ്റമുണ്ടാകുക സ്വാഭാവികമാണ്. ഇങ്ങനെ മനസ്സ് മാറാനുള്ള അവസരം കുറ്റവാളികള്‍ക്ക് നിഷേധിക്കരുതെന്ന ചിന്ത സംസ്കാരമുള്ള മനുഷ്യന്റേതാണ്; പരിഷ്കൃത സമൂഹത്തിന്റേതാണ്. കുറ്റവാളികള്‍ ജയിലിനകത്ത് ജോലിചെയ്ത് കൂലിവാങ്ങി കുടുംബത്തിലെത്തിക്കുമ്പോള്‍ അവര്‍ പുതിയ മനുഷ്യരായിമാറുകയാണ്. അതിന് അവരോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും അടിസ്ഥാനപരമായ മാറ്റം വരണം.

കുറ്റവാളികളെ തുറന്ന ജയിലിലേക്കയക്കുന്നതും അവര്‍ നല്ല മനുഷ്യരായി ജയിലില്‍നിന്ന് പുറത്തുവരാനാണ്. അവരുടെ തുടര്‍ന്നുള്ള സേവനം കുടുംബത്തിനും സമൂഹത്തിനും ലഭിക്കാനാണ്. കോടിയേരി ബാലകൃഷ്ണന്‍ ജയില്‍വകുപ്പ് കൈകാര്യംചെയ്തപ്പോഴും തടവുകാരുടെ സൗകര്യം വര്‍ധിപ്പിക്കുകയും കൂലികൂട്ടുകയും ചെയ്തു. കുറ്റകൃത്യത്തോട് രോഷം തോന്നുമ്പോഴും കുറ്റവാളികളും മനുഷ്യരാണ് എന്ന സമീപനം വേണം. അതാണ് പരിഷ്കൃത സമൂഹം ആവശ്യപ്പെടുന്നത്. മാറ്റത്തോടൊപ്പം നമ്മളും മാറണം. പുതിയ സാഹചര്യം കണക്കിലെടുത്താണ് വധശിക്ഷ വേണ്ടെന്നുവയ്ക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം ആവശ്യപ്പെട്ടത്.

രാജ്യസ്നേഹികളും നിരപരാധികളും തൂക്കിലേറ്റപ്പെട്ടതും മറന്നുകൂടാ. കയ്യൂര്‍ സഖാക്കള്‍ തൂക്കിലേറ്റപ്പെട്ടത് ആരെയെങ്കിലും കൊന്നിട്ടല്ല. രാഷ്ട്രീയവിരോധമാണ് തൂക്കിലേറ്റാനുള്ള ഏകകാരണം. ഭഗത്സിങ് എന്ന രാജ്യസ്നേഹിയാണ് തൂക്കിലേറ്റപ്പെട്ട മറ്റൊരു രക്തസാക്ഷി. സദ്ദാംഹുസൈന്‍ തൂക്കിലേറ്റപ്പെട്ടത് അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ സ്വാര്‍ഥമോഹംകൊണ്ടുമാത്രമാണ്. 1886 മെയ് മൂന്നിനും നാലിനും എട്ടു സഖാക്കളെ വെടിവച്ചുകൊന്നു. മറ്റു നാലുപേരെ തൂക്കിലേറ്റി. അവര്‍ തികച്ചും നിരപരാധികളായിരുന്നു. കണ്ണൂരില്‍ ഒരു വധക്കേസില്‍ അഞ്ചു സഖാക്കളെ വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ കോടതി വിധിച്ചു. സുപ്രീംകോടതി അവരെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കി. കെ പി ആറിനെ വധശിക്ഷയ്ക്ക് വിധിച്ചതാണ്. തൂക്കുമരത്തില്‍നിന്ന് രക്ഷപ്പെട്ടതാണ്. 97 രാജ്യങ്ങളില്‍ വേണ്ടെന്നു തീരുമാനിച്ച വധശിക്ഷ ഇന്ത്യയിലും വേണ്ടെന്നുവയ്ക്കണമെന്നാണ് സിസി ആവശ്യപ്പെട്ടത്. ഈ വിഷയം പുതിയതല്ല. നിരവധി നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ഈ വിഷയം വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ജനങ്ങളെ ബോധ്യപ്പെടുത്തണം. നിയമത്തില്‍ മാറ്റംവരുത്തി വധശിക്ഷ വേണ്ടെന്നുവയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചില ക്രൂരകൃത്യങ്ങളില്‍ മരണംവരെ ജയില്‍ശിക്ഷ വിധിക്കുന്നതായിരിക്കും ശരി.

*
ദേശാഭിമാനി മുഖപ്രസംഗം 15 മേയ് 2013

No comments: