Monday, May 13, 2013

സ്ത്രീപീഡനങ്ങളുടെ സാമൂഹ്യപശ്ചാത്തലം

ഇന്ത്യയുടെ ഓരോ ദിവസവും പുലരുന്നത് പെണ്‍മക്കള്‍ക്ക് നേരെയുള്ള അതിഭീകരമായ ആക്രമണവാര്‍ത്തയുമായാണ്. ഈ പൈശാചികത ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഇതൊരു ദേശീയ അപമാനമാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ അപരിഹാര്യമായ പ്രശ്നമല്ല. ഭരണാധികാരികള്‍ക്ക് ഇച്ഛാശക്തിയും സാമൂഹ്യപ്രതിബദ്ധതയുമുണ്ടെങ്കില്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമാണ്. സമൂഹത്തിലെ പുരുഷാധിപത്യമൂല്യങ്ങളാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണമാകുന്നത്. അതാകട്ടെ സാമൂഹ്യവ്യവസ്ഥിതികളുടെ സൃഷ്ടിയാണ്. സ്വതന്ത്ര ഇന്ത്യയില്‍ നിലനില്‍ക്കുകയും വളര്‍ന്നുവരികയും ചെയ്ത ഫ്യൂഡല്‍ - മുതലാളിത്ത വ്യവസ്ഥിതിയുടെ ബാക്കി പത്രമാണ് നമുക്ക് ചുറ്റും കാണുന്ന ഭീകരമായ അതിക്രമങ്ങള്‍. ബോധപൂര്‍വ്വമായ ഇടപെടലുകള്‍ പ്രശ്നപരിഹാരത്തിന് ആവശ്യമാണ്.

സ്വതന്ത്ര ഇന്ത്യയുടെ സാമൂഹ്യാവസ്ഥയെക്കുറിച്ച് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സുവര്‍ണജൂബിലി ആഘോഷവേളയില്‍ അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ അര്‍ത്ഥവത്താണ്. അമ്പത് വര്‍ഷം പിന്നിട്ടിട്ടും സ്വതന്ത്ര ഇന്ത്യയില്‍ പൗരന്മാര്‍ക്ക് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ലഭ്യമായില്ല എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ""രാജ്യം നേടിയ സാമ്പത്തികവളര്‍ച്ച ജനകോടികളുടെ ജീവിതത്തില്‍ യാതൊരു പ്രതിഫലനവുമുണ്ടാക്കിയില്ല, നമുക്ക് ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ സാങ്കേതിക വിദഗ്ദ്ധരുണ്ട്, അതേസമയം ലോകത്തിലെ കൊടുംപട്ടിണിക്കാരില്‍ ഏറ്റവും കൂടുതല്‍ പേരും ഇന്ത്യയിലാണ്. പോഷകാഹാരക്കുറവ് കൊണ്ട് മനുഷ്യര്‍ ദൈനംദിനം മരിച്ചുവീഴുന്ന രാജ്യത്ത് യഥാര്‍ത്ഥ ജനാധിപത്യം പുലരില്ല"". ദളിത് സ്ത്രീയുടെ മേല്‍ സാഡിസം (മറ്റുള്ളവരെ പീഡിപ്പിച്ച് ആനന്ദിക്കുന്ന സ്വഭാവം) അടിച്ചേല്‍പിക്കുന്നു എന്നും ഇത് കോളേജുകളിലും മറ്റും നടക്കുന്ന റാഗിങ്ങിെന്‍റ മറ്റൊരു പതിപ്പാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.രാവിലെ പത്രങ്ങളും ടിവിയും നോക്കിക്കാണുമെങ്കില്‍ ഹൃദയം ഉരുക്കുപോലെ കഠിനമാക്കേണ്ടതായി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സാമ്പത്തിക ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും സാംസ്കാരിക അപചയത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ജനങ്ങള്‍ നിശബ്ദരായി സഹിക്കുകയാണെന്നും "സാധു വിരണ്ടാല്‍" സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്നും രാഷ്ട്രപതി മുന്നറിയിപ്പു നല്‍കി. മുന്‍ രാഷ്ട്രപതിയുടെ പ്രസംഗം ആരാണ് ചെവിക്കൊണ്ടത്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അത് പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുകപോലുമുണ്ടായില്ല. ഭരണാധികാരികള്‍ കേട്ടഭാവം നടിച്ചില്ല. ആ പ്രസംഗത്തിനുശേഷം വീണ്ടും 13 വര്‍ഷങ്ങള്‍ കടന്നുപോയി.

കോണ്‍ഗ്രസ് - ബിജെപി ഗവണ്‍മെന്‍റുകള്‍ മാറി മാറി വന്നിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഉപരിപ്ലവും വൈകാരികവുമായ ചില പ്രചരണങ്ങള്‍ നടത്തുന്നതല്ലാതെ ഇന്ത്യന്‍ ഭരണാധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഡല്‍ഹി സംഭവത്തിനുശേഷം നിശ്ചയിച്ച ജസ്റ്റിസ് ജെ എസ് വര്‍മ്മ കമ്മീഷന്‍ വളരെ ശാസ്ത്രീയമായ റിപ്പോര്‍ട്ട് ഗവണ്‍മെന്‍റിന് സമര്‍പ്പിച്ചു. സ്ത്രീ പീഡനം തടയുന്നതിന് ഗവണ്‍മെന്‍റിെന്‍റ ഉത്തരവാദിത്വം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സ്ത്രീപീഡനങ്ങള്‍ നടക്കുന്നതിനുകാരണം ""ഭരണപരാജയം"" ആണെന്ന് വര്‍മ്മ കമ്മീഷന്‍ വെട്ടിത്തുറന്ന് പറഞ്ഞു - ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ വിവിധ ഘടകങ്ങളെ ജനാധിപത്യവല്‍കരിച്ചുകൊണ്ടാണ്. നിയമനിര്‍മ്മാണസഭകള്‍, നീതിനിര്‍വ്വഹണ വിഭാഗം, നീതിന്യായ കോടതികള്‍, മാധ്യമങ്ങള്‍ ഇവയിലൊക്കെ ജനാധിപത്യബോധം ഉണ്ടാക്കിയെടുക്കണം. നിയമസഭയില്‍ ചൂടപ്പംപോലെ നിയമങ്ങള്‍ പാസ്സാക്കിയിട്ട് കാര്യമില്ല. അവ നടപ്പാക്കാന്‍ വിവിധ ഘടകങ്ങളുടെ ഏകോപനം ഉണ്ടാക്കണം.

2013ല്‍ പാസ്സാക്കിയ ക്രിമിനല്‍ (ഭേദഗതി) നിയമം ബലാല്‍സംഗവിരുദ്ധ നിയമം എന്നാണ് അറിയപ്പെടുന്നത്. എന്നിട്ടും ഡല്‍ഹിയിലും രാജ്യത്താകെയും ബലാല്‍സംഗങ്ങളും അതിക്രമങ്ങളും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. നീതിനിര്‍വഹണവിഭാഗവും നീതിന്യായകോടതിയും പുനഃസംഘടിപ്പിക്കാത്തതാണ് വിഷയം. പൊലീസ് സമ്പന്നരുടെ സേവകരും നോക്കുകുത്തിയുമായി മാറുന്നു. ബലാല്‍സംഗത്തിന് വിധേയയായി പരാതിയുമായി ചെന്ന ബാലികയെ പിടിച്ച് ലോക്കപ്പില്‍ ഇട്ടുപൂട്ടാന്‍ മടിക്കാണിക്കാത്ത പൊലീസിനെ ഉപയോഗിച്ച് എന്ത് നീതിയാണ് നടപ്പാക്കുക? മനുഷ്യരുടെ ഇടയിലെ ദാരിദ്ര്യവും, അവഗണനയും എല്ലാം കുറ്റകൃത്യം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. പൗരന്മാരില്‍ മഹാഭൂരിപക്ഷത്തിനും തങ്ങള്‍ ഈ രാജ്യത്തിന്റെ അന്തസ്സുറ്റ പൗരന്മാരാണെന്ന ബോധമില്ല. അഥവാ ആ ബോധം നാം ഉണ്ടാക്കിയെടുത്തിട്ടില്ല. നിരക്ഷരരായ "വോട്ടു ബാങ്കുകള്‍" മാത്രമാണ് അവര്‍. കടമകളോ അവകാശങ്ങളോ തിരിച്ചറിയാന്‍ കഴിയാത്ത പട്ടിണിക്കാര്‍. വിധിക്ക് കീഴ്പെട്ടിരിക്കുന്ന അവരെ മദ്യവും മയക്കുമരുന്നും എളുപ്പത്തില്‍ അടിമയാക്കുന്നു. ഒപ്പം മുതലാളിത്ത ഉപഭോഗ ഭ്രാന്തും ലൈംഗിക അരാജകത്വവും അവരുടെ മനസ്സിനെ ഭ്രമിപ്പിക്കുന്നു.

സമൂഹത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാനില്ലാത്ത മനസ്സുകളില്‍ പിശാചിെന്‍റ വാസം തുടങ്ങുന്നു. അവര്‍ സഹജീവികളെ പീഡിപ്പിച്ച് രസിക്കുന്നു. ഇതുപോലെ സമ്പന്നവര്‍ഗ്ഗത്തിലും സാഡിസ്റ്റുകള്‍ രൂപംകൊള്ളും. അന്യായമായി ഉണ്ടാക്കിയ പണം സുഖലോലുപമായ ജീവിതത്തിനുവേണ്ടി പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ഇരകളാക്കാനുള്ള മനോഭാവത്തിലേക്ക് നയിക്കും. ഒന്നിനും ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താത്ത ഗവണ്‍മെന്‍റ് ഇതിനെല്ലാം പ്രേരകശക്തിയായി നില്‍ക്കുന്നു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ സാമൂഹ്യവ്യവസ്ഥിതിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തിനെതിരെ ചെറുവിരലനക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉത്തര്‍പ്രദേശിലെ നട്പുര ഗ്രാമത്തില്‍ 12 വയസ്സുമുതല്‍ പെണ്‍കുട്ടികള്‍ വേശ്യാവൃത്തിക്ക് വിനിയോഗിക്കപ്പെടുന്നതും ചുവന്ന തെരുവുകളില്‍ ഇന്ത്യന്‍ ബാല്യം ഹോമിക്കപ്പെടുന്നതും ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നില്ല. മുതലാളിത്ത ഉപഭോഗ ഭ്രാന്ത് ലൈംഗികവ്യാപാരത്തിന് വഴി തുറക്കുന്നതും ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സിനിമ, മറ്റ് മാധ്യമങ്ങള്‍ എന്നിവയിലൂടെ കച്ചവടം പൊടിപൊടിക്കുന്നതും ഭരണവര്‍ഗ്ഗം കണ്ട മട്ട് നടിക്കുന്നില്ല. കൂടെ മതവര്‍ഗ്ഗീയവാദികള്‍ നടത്തുന്ന സ്ത്രീവിരുദ്ധ ജല്‍പനങ്ങള്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകുന്നില്ല. സ്ത്രീകള്‍ എക്കാലത്തും രണ്ടാംതരം പൗരന്മാരാണെന്നും സ്ത്രീവിമോചനം അസാദ്ധ്യമാണെന്നും പരസ്യ പ്രസ്താവന നടത്തിയിട്ടും അവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. സ്ത്രീസമൂഹം ലിംഗവിവേചനത്തിന് പാത്രമായത് എങ്ങനെയെന്ന ചരിത്ര പശ്ചാത്തലം ബോദ്ധ്യപ്പെടുത്താന്‍ മുന്‍കൈ എടുക്കേണ്ടത് ഗവണ്‍മെന്‍റാണ്. മനുഷ്യരാശിയുടെ പകുതിവരുന്ന വിഭാഗം അടിമ നുകം പേറാന്‍ തുടങ്ങിയത് സാമൂഹ്യവ്യവസ്ഥിതികളില്‍ ഉണ്ടായ മാറ്റങ്ങളുടെ ഭാഗമായാണ്. സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവത്തോടെയും വര്‍ഗ്ഗ വിഭജനത്തിന്റെയും ഭാഗമായാണ് അത് സംഭവിച്ചത്. അതുകൊണ്ട് തന്നെ ചൂഷണരഹിതമായ സമൂഹസൃഷ്ടിയിലൂടെ വേണം സ്ത്രീപീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍.

മനുഷ്യര്‍ കൂട്ടമായി ഇര തേടി ജീവിച്ചിരുന്ന പ്രാകൃത കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ വിവേചനമുണ്ടായിരുന്നില്ല. മനുഷ്യകുലത്തിന്റെ നിലനില്‍പ് അന്ന് ഏറ്റവും പ്രധാന ആവശ്യമായതിനാല്‍ സ്ഥിരമായി ഒരിടത്ത് താമസിക്കുന്നതിനും, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നതിനും ഇടയായി. ഗോത്ര ജീവിതകാലത്ത് സമൂഹത്തില്‍ മാന്യമായ പദവിയാണ് സ്ത്രീകള്‍ക്ക് ലഭ്യമായത്. "മാതൃദായ" ഘടനയിലൂടെ സാമൂഹ്യബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്ന രീതി ഉണ്ടായി. പിന്നീട് സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവത്തോടെയാണ് സ്ത്രീയുടെ അടിമത്തം ആരംഭിക്കുന്നത്. പ്രവൃത്തി വിഭജനത്തിന്റെ ഭാഗമായി കുഞ്ഞുങ്ങളുടെ സംരക്ഷണവും കൃഷിയും ഭക്ഷണം വിതരണം ചെയ്യലും സ്ത്രീകളുടെ ചുമതലയാവുകയും കാട്ടുമൃഗങ്ങളെ വേട്ടയാടിപ്പിടിക്കലും കന്നുകാലി വളര്‍ത്തലും മറ്റ് വസ്തുക്കളുടെ ശേഖരണവും പുരുഷെന്‍റ ഉത്തരവാദിത്വമാവുകയും ചെയ്തു. അപ്പോഴും സ്ത്രീകള്‍ക്ക് രണ്ടാംതരം പദവി കല്‍പിക്കപ്പെട്ടിരുന്നില്ല.

സ്വകാര്യസ്വത്ത് എന്ന നിലയില്‍ അന്ന് കൈവശം വന്നത് വളര്‍ത്തുമൃഗങ്ങളായിരുന്നു. അത് പുരുഷെന്‍റ ഉടമസ്ഥതയിലായതിനാല്‍ സമ്പത്തിന്റെ അധിപന്‍ പുരുഷനാണ് എന്ന സ്ഥിതി ക്രമേണ ഉണ്ടായി. കൂട്ടായ ജീവിതത്തില്‍നിന്ന് ഒറ്റപ്പെട്ട കുടുംബമായും ഏക ഭര്‍തൃബന്ധത്തിലേക്കും മനുഷ്യസമൂഹം പരിണമിച്ചു. ചരിത്രപരമായി പുരോഗമനപരമായ ഒന്നാണ് ഏകഭര്‍തൃത്വമെങ്കിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം വീട്ടടിമത്തത്തിന്റെ പിന്നോക്കാവസ്ഥയും അതോടൊപ്പം വന്നുചേര്‍ന്നു. ഇന്ന് മുതലാളിത്ത സമൂഹത്തില്‍ കുടുംബം ജനാധിപത്യം ലേശം പോലുമില്ലാത്ത മുതലാളിത്തത്തിന്റെ യൂണിറ്റ് ആയി മാറിയിരിക്കുന്നു. ജനാധിപത്യപരമായ സ്ത്രീ പുരുഷ ബന്ധത്തിന് പകരം യജമാന-ഭൃത്യബന്ധമായി മുതലാളിത്ത ലോകത്തില്‍ സ്ത്രീ പുരുഷ ബന്ധം തരംതാഴുന്നു. ഗാര്‍ഹികപീഡനങ്ങളും കുടുംബഛിദ്രവും അതിെന്‍റ പ്രതിഫലനമാണ്.

മുതലാളിത്ത വികസനം സ്ത്രീകള്‍ക്ക് സമ്മാനിക്കുന്നത് വിവിധ തരത്തിലുള്ള ചൂഷണങ്ങളാണ്. പൗരന്‍, തൊഴിലാളി, സ്ത്രീ (ലിംഗപരം) എന്നീ നിലകളിലെല്ലാം സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നു. തുല്യ ജോലിക്ക് തുല്യവേതനം എന്ന ആശയം ഇതേവരെ പ്രാവര്‍ത്തികമായിട്ടില്ല. അടിസ്ഥാനപരമായി സമൂഹത്തിന്റെ മനോഭാവത്തിന് മാറ്റമുണ്ടാക്കാന്‍ കഴിയുന്ന സോഷ്യലിസ്റ്റ് ആസൂത്രണ പ്രക്രിയയില്‍ മാത്രമേ സ്ത്രീ വിമോചനം സാദ്ധ്യമാവുകയുള്ളൂ. സോവിയറ്റ് റഷ്യയില്‍ വിപ്ലവാനന്തരം പാസ്സാക്കിയ കുടുംബ നിയമങ്ങളും സ്ത്രീ സംരക്ഷണ നിയമങ്ങളും കേവലം കടലാസ്സില്‍ മാത്രം ഒതുങ്ങിയില്ല. വിവാഹമോചനം, ജീവനാംശം, വിവാഹം രജിസ്റ്റര്‍ ചെയ്യല്‍, സ്വത്തവകാശം, നിയമാനുസൃതമല്ലാത്ത പിതൃത്വം എന്ന വ്യാഖ്യാനം ഇല്ലാതാക്കി എല്ലാ കുട്ടികള്‍ക്കും പിതൃസ്വത്തവകാശം ലഭ്യമാക്കല്‍ തുടങ്ങി ഒട്ടേറെ പരിഷ്കൃത തീരുമാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കപ്പെട്ടു. ബലാല്‍സംഗങ്ങളും സ്ത്രീ പീഡനങ്ങളും ഗൗരവമായി പരിഗണിച്ച് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭ്യമാക്കി.

അടുത്ത കാലത്ത് വെനിസ്വേലയിലും ഈ രീതിയിലുള്ള മാറ്റമുണ്ടായി. സോവിയറ്റ് റഷ്യയില്‍ സോഷ്യലിസ്റ്റ് ആസൂത്രണം തകര്‍ന്നപ്പോള്‍ സ്ത്രീകളുടെ അവകാശങ്ങളും പദവിയും വീണ്ടും ലംഘിക്കപ്പെട്ടു. ഇന്ത്യയില്‍ ജനാധിപത്യ ഗവണ്‍മെന്‍റിന്റെ സംവിധാനങ്ങള്‍ ശക്തവും ജനാധിപത്യപരവുമാക്കി മാറ്റിക്കൊണ്ടു മാത്രമേ സ്ത്രീപീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയുകയുള്ളൂ. നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പൊലീസിനെ ജനകീയമാക്കുക. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പു കല്‍പിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുക. മാധ്യമങ്ങള്‍ സ്ത്രീപദവി സംരക്ഷിക്കാന്‍ ഉതകുന്ന പ്രചരണങ്ങള്‍ ഏറ്റെടുക്കുക. സ്ത്രീകളെ അപമാനിക്കുന്നത് ഗൗരവമായ കുറ്റകൃത്യമായി സമൂഹത്തെ ബോധ്യപ്പെടുത്തുക. സാമൂഹ്യ അസമത്വങ്ങള്‍ പരിഹരിക്കാന്‍ ക്ഷേമപദ്ധതികള്‍ ശക്തമാക്കുക തുടങ്ങി നാനാവിധമായ ഇടപെടല്‍ ഉണ്ടാകേണ്ടതാണ്. ഇന്ത്യയിലെ ബൂര്‍ഷ്വ - ഭൂപ്രഭു ഗവണ്‍മെന്‍റ് ഇതൊന്നും ചെയ്യാന്‍ തയ്യാറാവാത്തതുകൊണ്ടാണ് ഭയാനകമായ തോതില്‍ അതിക്രമങ്ങള്‍ പെരുകുന്നത്. ജനങ്ങളുടെ അതിശക്തമായ ഇടപെടലിലൂടെ മാത്രമേ ഇത് തിരുത്താന്‍ കഴിയുകയുള്ളൂ.

*
കെ കെ ശൈലജ ടീച്ചര്‍ ചിന്ത വാരിക

No comments: