Saturday, April 20, 2013

വെറുപ്പിന്റെ പ്രചാരകര്‍

ആദ്യ ഭാഗം - ഒഞ്ചിയത്ത് സംഭവിക്കുന്നത്

രണ്ടാം ഭാഗം - ആര്‍.എം.പി എന്ന ട്രോജന്‍ കുതിര

മൂന്നാം ഭാഗം - ക്രിമിനലുകളുടെ താ‍വളം

""എല്ലാ തുറയിലുംപെട്ടവര്‍ എന്നെ വന്നു കാണുകയും എന്നോട് സംസാരിക്കുകയുംചെയ്തു. അവര്‍ പറഞ്ഞ ഒരു കഥ എന്നെ ശരിക്കും ഭയപ്പെടുത്തി. സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാളികയുടെ അടുത്തേക്കുപോലും കേരളത്തിലെ ആര്‍ക്കും പോകാന്‍ സാധിക്കില്ലത്രെ! ""വിജയന്‍! എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ചന്ദ്രശേഖരന് അയാളുടെ ജീവന്‍ നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ചില ഒഞ്ചിയം സഖാക്കളെ ഈ മാളിക അവരുടെ നഗ്നനേത്രങ്ങള്‍ക്ക് മുമ്പില്‍ കാട്ടിക്കൊടുക്കാന്‍ അതിനരികിലേക്ക് അയാള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ധൈര്യം കാട്ടി എന്നതാണ് എന്നവര്‍ പറയുമ്പോള്‍, എന്റെയുള്ളില്‍ ഒരു ഭയം പൊന്തിവരുന്നു.""

ഈ വാക്കുകള്‍ വന്നത് മഹാശ്വേതാ ദേവിയില്‍നിന്നാണ്. ഒഞ്ചിയത്ത് മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തിനായി വീല്‍ചെയറിലിരുത്തി കൊണ്ടുവന്ന മഹാസാഹിത്യകാരിയുടെ "കണ്ടെത്തല്‍" പ്രധാന വാര്‍ത്തകളില്‍ ഇടം നേടി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമായി സിപിഐ എമ്മിനെയും പിണറായി വിജയനെയും ബന്ധപ്പെടുത്താന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധബുദ്ധിശാലയില്‍ പിറന്ന ഈ കത്തിന്റെ ഉള്ളടക്കം മഹാശ്വേത അറിഞ്ഞുകാണണമെന്നില്ല. സിപിഐ എമ്മിനെതിരായ വാളായി അവരെ സി ആര്‍ നീലകണ്ഠന്‍ പൊട്ടിച്ചിരിച്ച് തള്ളിക്കൊണ്ടുവരുന്ന കാഴ്ച "മാതൃഭൂമി"യിലൂടെ കേരളം കണ്ടതാണ്. "എന്റെ കണ്ണുകള്‍കൊണ്ടതു കാണുന്നതുവരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കില്ല" എന്നായിരുന്നു പിണറായിയുടെ വീടിനെക്കുറിച്ച് മഹാശ്വേതയുടെ കത്തില്‍. ""നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നവര്‍ പറഞ്ഞ തരത്തിലുള്ള ഒന്നാണോ എന്റെ വീട് എന്ന് നേരിട്ടുകണ്ട് മനസിലാക്കാന്‍ സ്നേഹാദരങ്ങളോടെ നിങ്ങളെ ആ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ഈ ക്ഷണം നിരസിക്കില്ല എന്നു കരുതട്ടെ. നിങ്ങള്‍ക്ക് സൗകര്യമുള്ള ഏതു ദിവസവും അവിടേക്ക് വരാവുന്നതാണ്. വീടിന്റെ വാതിലുകള്‍ തുറന്നുതന്നെയിരിക്കും......."" എന്നാണ് അതിന് പിണറായി മറുപടി നല്‍കിയത്. മഹാശ്വേതാ ദേവിയെ പിന്നീട് വടക്കന്‍കേരളത്തില്‍ കണ്ടിട്ടില്ല. അവരെ കൊല്‍ക്കത്തയില്‍നിന്ന് വിമാനത്തില്‍ കയറ്റി കൊണ്ടുവന്നവര്‍ പിന്നെ അക്കാര്യം മിണ്ടിയിട്ടുമില്ല. ചന്ദ്രശേഖരന്റെ കൊലപാതകവുമായി സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും ബന്ധിപ്പിക്കാന്‍ നടത്തിയ നാടകങ്ങളില്‍ ഒന്നില്‍മാത്രമാണ് മഹാശ്വേത അഭിനയിച്ചത്.

സിപിഐ എമ്മില്‍നിന്ന് പുറത്തായ ആളാണ് ചന്ദ്രശേഖരന്‍ എന്നതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം പാര്‍ടിക്കുമേല്‍ ആരോപിക്കുന്നതിന് സൗകര്യമുണ്ട്. ചന്ദ്രശേഖരന്റെ പരിക്കേല്‍പ്പിക്കപ്പെട്ട ശരീരം ആശുപത്രിയിലെത്തുമ്പോള്‍തന്നെ ആക്രമണത്തില്‍ സിപിഐ എം പങ്കാളിത്തം ആരോപിക്കാന്‍ മത്സരിച്ചവരില്‍ കേരള മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമുണ്ട്. അന്വേഷണമോ വിശ്വസനീയമായ വിവരമോ തെളിവുകളോ ഇല്ലാതെ നടത്തിയ ആ വിധിയെഴുത്താണ് മാധ്യമങ്ങള്‍ തുടര്‍ന്നും ഏറ്റെടുത്തത്.

2013 മാര്‍ച്ച് ഇരുപത്തഞ്ചിന് നിയമസഭയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സിപിഐ എമ്മിലെ പി കെ ഗുരുദാസന് രേഖാമൂലം നല്‍കിയ മറുപടിയില്‍ (ചോദ്യം1887) ഇങ്ങനെ പറയുന്നു: ""ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടശേഷം മുഖ്യമന്ത്രി ഒരുതവണയും ആഭ്യന്തരമന്ത്രി മൂന്നു തവണയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മറ്റു രണ്ടു കേന്ദ്രമന്ത്രിമാരും മറ്റു ഏഴു സംസ്ഥാന മന്ത്രിമാരും ഒരു തവണ വീതവും ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുകയുണ്ടായി"".മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി പ്രകാരം ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി കൊലപാതകം നടന്നതിന്റെ പിറ്റേന്ന് ചന്ദ്രശേഖരന്റെ വീട്ടിലെത്തിയെന്നും പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയിരുന്നു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടിയില്‍ വിശദീകരിക്കുന്നു. ടി പി ചന്ദ്രശേഖരനും ആര്‍എംപിയും പറയുന്നത് യുഡിഎഫ് വിരുദ്ധ രാഷ്ട്രീയമാണ്. പിന്നെങ്ങനെ സര്‍ക്കാരിനും മന്ത്രിപ്പടയ്ക്കും ചന്ദ്രശേഖരനോട് ഇത്രയും താല്‍പ്പര്യമുണ്ടായി എന്ന ചോദ്യത്തിനുത്തരം ആര്‍എംപിയോടുള്ള സ്നേഹംകൊണ്ട് എന്നല്ല. മറിച്ച്, സംഭവവുമായി സിപിഐ എമ്മിനെ ബന്ധപ്പെടുത്താനുള്ള പശ്ചാത്തലസൗകര്യം അവര്‍ മനസ്സില്‍ കണ്ടു എന്നതാണ്.

മെയ് നാലിന് ചന്ദ്രശേഖരന്റെ കൊലപാതകം നടന്ന് നിമിഷങ്ങള്‍ക്കകം ആരംഭിച്ച സിപിഐ എം വിരുദ്ധ പ്രചാരണത്തിന് പിന്നെ ഇടവേളയുണ്ടായിട്ടില്ല. അതിന്റെ തീവ്രത കുറയുന്നു എന്നു തോന്നുന്ന ഘട്ടങ്ങളില്‍ മഹാശ്വേതയും ടീസ്റ്റ സെത്തല്‍വാദുമൊക്കെ ആര്‍എംപിയുടെ അതിഥികളാകുന്നു. അതല്ലാത്തപ്പോള്‍ "സ്തൂപം തകര്‍ക്കല്‍" പോലുള്ള നാടകങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സിപിഐ എമ്മിനെ അടച്ച്, പാര്‍ടിയുടെ കോഴിക്കോട് ജില്ലയിലെ നേതാക്കളെ, കണ്ണൂരിലെ ചില നേതാക്കളെ, ഏറ്റവുമൊടുവില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെത്തന്നെ.. ആസൂത്രിതമായ കുറ്റപ്പെടുത്തലുകളും പ്രചാരണങ്ങളുമാണ് അരങ്ങേറിയത്. ആര്‍എംപിയുടെ ആത്മീയ നേതൃത്വം ഏറ്റെടുത്ത കെ കെ രമയും നേതൃസ്ഥാനത്ത് അയോഗ്യന്‍ എന്ന് ആര്‍എംപിക്കാര്‍തന്നെ വിധിയെഴുതുന്ന എന്‍ വേണുവും പാതിവഴിയിലെവിടെയോ നുഴഞ്ഞുകയറിയെത്തി ആര്‍എംപിയുടെ താത്വികാചാര്യപ്പട്ടം സ്വയം അണിഞ്ഞ കെ എസ് ഹരിഹരനും ഇക്കഴിഞ്ഞ ഒരു കൊല്ലം നടത്തിയ പ്രസ്താവനകളിലുണ്ട് അവര്‍ക്ക് എന്താണ് വേണ്ടതെന്ന്. പൊലീസന്വേഷണം സിപിഐ എമ്മിന്റെ പ്രമുഖരായ ചില നേതാക്കളിലേക്കെത്തിക്കാന്‍ അമ്പരപ്പിക്കുന്ന സമ്മര്‍ദമാണുണ്ടായത്. തെളിവിന്റെയോ യുക്തിയുടെയോ നേരിയ അംശംപോലും ഇല്ലാതിരുന്നിട്ടും പൊലീസ് സംഘം അതിന് ശ്രമിച്ചു- ഒടുവില്‍ ചെയ്യാവുന്നതത്രയും ചെയ്തു. എന്നിട്ടും പാര്‍ടിതലത്തിലേക്ക് എത്തിക്കാനായില്ല.

കെ എസ് ഹരിഹരന്‍ പ്രഖ്യാപിച്ചു: പിണറായിയാണ് ഒന്നാം പ്രതിയെന്ന്. പിണറായി വിജയന്‍ കേസ് വഴിമാറ്റാന്‍ ശ്രമിക്കുന്നുവെന്നും "ഉന്നത ബന്ധം" പുറത്തുകൊണ്ടുവരണമെന്നും കെ കെ രമ ആവര്‍ത്തിച്ചു. കേരളത്തിലെ ഏറ്റവുമധികം ബഹുജന പിന്തുണയുള്ള രാഷ്ട്രീയ പാര്‍ടിയുടെ സെക്രട്ടറിക്കെതിരെ ആസൂത്രിതവും സംഘടിതവുമായ പ്രചാരണം ഏറ്റെടുത്തത് ആര്‍എംപി മാത്രമല്ല, യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളാകെയുമാണ്. കെ എസ് ഹരിഹരന്‍ എന്ന രാഷ്ട്രീയക്കോമാളിയെന്നുപോലും വിശേഷിപ്പിക്കാവുന്ന കഥാപാത്രം മൈക്കിനുമുന്നില്‍ നിന്ന് പിണറായി വിജയനെതിരെ സംസ്കാരം തൊട്ടുതീണ്ടാത്ത പ്രകടനം ആവര്‍ത്തിച്ചു നടത്തിയപ്പോള്‍ ഊറിയ ചിരിയോടെ അതിന് പരമാവധി പ്രചാരം നല്‍കാന്‍ "സംസ്കാര സമ്പന്നരായ" മാധ്യമങ്ങള്‍ മത്സരിച്ചു.

വെറുപ്പിന്റെ പ്രചാരണവും കൊലവിളികളും പ്രകോപന പ്രസംഗങ്ങളും തുടര്‍ച്ചയായി വന്നു. സിപിഐ എം എന്ന പ്രസ്ഥാനം പക്ഷേ, സമചിത്തതയോടെയാണ് അതിനെ നേരിട്ടത്. നേരിയ പ്രകോപനംപോലും വിപല്‍ക്കരമായ പ്രത്യാഘാതത്തിലേക്ക് നാടിനെ നയിക്കുമെന്ന തിരിച്ചറിവില്‍, കണ്‍മുന്നില്‍ നടക്കുന്ന ആര്‍എംപി ആക്രമണത്തെപ്പോലും നിയമത്തിന്റെ വഴിയില്‍മാത്രം നേരിടാന്‍ പാര്‍ടി തയ്യാറായതുകൊണ്ടാണ്, ഒഞ്ചിയം മേഖലയില്‍നിന്ന് ഏകപക്ഷീയമായ സിപിഐ എം വിരുദ്ധ ആക്രമണങ്ങളുടെമാത്രം ഉറവയുണ്ടായത്.

ചന്ദ്രശേഖരനെ ആഘോഷമാക്കിയത് വലതുപക്ഷമാധ്യമങ്ങളാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനവും ആര്‍എംപി നേതാക്കള്‍ പ്രതിപക്ഷ നേതാവിനെ കാണാന്‍ തിരുവനന്തപുരത്തെത്തുന്നതും സിപിഐ എമ്മിനെതിരായ വാര്‍ത്തകളാക്കി അവര്‍ അവതരിപ്പിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ പോളിങ് നിലയേക്കാള്‍ പ്രാധാന്യം ഒഞ്ചിയത്തെത്തിയ വി എസിന് അവര്‍ നല്‍കിയത് വി എസിനോടോ ആര്‍എംപിയോടോ ഉള്ള മമതകൊണ്ടായിരുന്നില്ല- അത് യുഡിഎഫിന് സഹായകമാകും എന്ന ബോധ്യം കൊണ്ടായിരുന്നു. വാര്‍ത്തകള്‍ അന്ധമായി വിശ്വസിക്കുന്ന, പലയാവൃത്തി കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ശരിയല്ലേ എന്ന സന്ദേഹമുയരുന്ന മനസ്സുകളിലേക്ക് സിപിഐ എമ്മിനും നേതൃത്വത്തിനുമെതിരായ വെറുപ്പിന്റെ വിഷം കുത്തിവയ്ക്കുന്ന പ്രക്രിയയാണ് പടിപടിയായി വന്നത്. ചിലര്‍ അതില്‍ വീണു. ചിലര്‍ സിപിഐ എമ്മിനെതിരായ കടുത്ത ശത്രുതയുടെ വഴിയിലെത്തി. ഒളിഞ്ഞും തെളിഞ്ഞും സിപിഐ എമ്മിനെ ആക്രമിക്കാനുള്ള ആലോചനകള്‍ നടന്നു. അതിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഇല്ലായ്മചെയ്യാനുള്ള പദ്ധതി ഒരുങ്ങിയത്.
(അവസാനിക്കുന്നില്ല)

*
പി എം മനോജ് ദേശാഭിമാനി 20 ഏപ്രില്‍ 2013

അഞ്ചാം ഭാഗം - മാസങ്ങള്‍ നീണ്ട ആസൂത്രണ

No comments: