Monday, April 15, 2013

ശാക്തീകരണം: അർച്ചന മോഡൽ

സ്ത്രീകള്‍ സ്വയം തങ്ങള്‍ക്ക് കഴിവില്ലെന്ന് വിധിക്കുന്നതിന്റെ ഫലമായി നഷ്ടമാക്കുന്ന അവസരങ്ങള്‍ നിരവധിയാണ്. സര്‍വ തൊഴില്‍മേഖലയിലും സ്ത്രീകളുടെ സാന്നിധ്യവും കഴിവും തെളിയിച്ചിട്ടുണ്ടെങ്കിലും നമ്മുടെ സമൂഹത്തില്‍ അത് പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല

വിമാനം പറത്താനും കപ്പലോടിക്കാനും ബഹിരാകാശയാത്രയ്ക്കും സ്ത്രീകളുണ്ട്. എന്നാല്‍, നമ്മുടെ നാട്ടിലെ ആശാരിപ്പണിക്കും മേസ്തിരിപ്പണിക്കും സ്ത്രീകളില്ല! ഈ സ്ഥിതിക്ക് താമസിയാതെ മാറ്റം വരുമെന്ന കാഹളമാണ് ഏറ്റുമാനൂരില്‍ നിന്നുയരുന്നത്. ഏറ്റുമാനൂര്‍ അര്‍ച്ചനാ വിമന്‍സ് സെന്ററിലെത്തിയാല്‍ നമ്മുടെ ധാരണകള്‍ അപ്പാടെ മാറും. കൈയില്‍ ഉളിയും കൊട്ടുവടിയും കരണ്ടിയുമൊക്കെയായി ഒരുകൂട്ടം വനിതകള്‍. സ്ത്രീകളുടെ കഴിവുകള്‍ പുറത്തുവരിക അവര്‍ക്ക് അവസരങ്ങള്‍ നല്‍കുമ്പോഴാണല്ലോ. അര്‍ച്ചന ഇതിനുള്ള അവസരം കൊടുത്തപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റത് സ്ത്രീകളിലൂടെ കെട്ടിപ്പെടുത്ത ഒരുപറ്റം കുടുംബങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്.

സാമൂഹ്യമാറ്റങ്ങളുടെ പട്ടികയില്‍ ഒരു കണ്ണിയാകാന്‍ കെല്‍പ്പുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ ഒരു കന്യാസ്ത്രീയുടെ അര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ചരിത്രമുണ്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പ് സോഷ്യോ ഇക്കണോമിക്സ് യൂണിറ്റിലെ സാനിറ്റേഷന്‍ പ്രോഗ്രാമിലൂടെയാണ് മിസ്സ് ത്രേസ്യാമ്മ മാത്യു സാമൂഹ്യസേവനരംഗത്തെത്തുന്നത്. നിര്‍മാണമേഖലയിലെ ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നിരന്തരമായ അവഹേളനത്തിനും ചൂഷണത്തിനും ഇരയാകുന്നത് സിസ്റ്റര്‍ നേരിട്ടറിഞ്ഞു. ചാന്തുകൂട്ടുകയും കട്ടയെടുക്കുന്ന കൈയാളുമായ സ്ത്രീകളെ എന്തുകൊണ്ട് മേസ്തിരി ആക്കിക്കൂടാ എന്ന ചിന്തയിലൂടെയാണ് മിസ്സിന്റെ മനസ്സില്‍ വനിതാ മേസ്തിരി എന്ന ആശയം രൂപപ്പെടുന്നത്.

ജോലിയിടങ്ങളിലെ അസമത്വവും വേതനക്കുറവും ത്രേസ്യാമ്മ മാത്യുവിനെ വേറിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യകാല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തൃശൂര്‍ ആസ്ഥാനമാക്കിയായിരുന്നു. ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സമൂഹത്തിലുള്ള ഒബ്ലേറ്റ്സിന്റെ മേല്‍നോട്ടത്തില്‍ 1992ല്‍ പ്രവര്‍ത്തനമാരംഭിച്ച ജ്യോതി ജീവന്‍ പൂര്‍ണ ട്രസ്റ്റിനു കീഴില്‍ 2006ലാണ് കോട്ടയം ജില്ലയിലെ തെള്ളകം കേന്ദ്രമാക്കി അര്‍ച്ചനാ വിമന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്ത്രീകള്‍ സ്വയം തങ്ങള്‍ക്ക് കഴിവില്ലെന്ന് വിധിക്കുന്നതിന്റെ ഫലമായി നഷ്ടമാക്കുന്ന അവസരങ്ങള്‍ നിരവധിയാണ്.

സര്‍വ തൊഴില്‍മേഖലയിലും സ്ത്രീകളുടെ സാന്നിധ്യവും കഴിവും തെളിയിച്ചിട്ടുണ്ടെങ്കിലും നമ്മുടെ സമൂഹത്തില്‍ അത് പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല. അതുകൊണ്ടുതന്നെ തെള്ളകത്ത് നടന്ന ഉദ്യമം വിജയിപ്പിക്കാന്‍ ഏറെ പാടുപെടേണ്ടിവന്നു. അവരെ പ്രാപ്തരാക്കാന്‍ ഏറെ ബുദ്ധിമുട്ടി. സാമൂഹ്യസേവനമാണ് യഥാര്‍ഥ ദൈവസ്നേഹമെന്ന് വിശ്വസിച്ചിരുന്ന പാലാ ഉരളികുന്നം സ്വദേശിയായ മിസ്സ് ത്രേസ്യാമ്മ മാത്യു തന്റെ ജീവിതം സ്ത്രീകളുടെ ഉന്നമനത്തിനായി നീക്കി വയ്ക്കുകയായിരുന്നു. നാട്ടുകാരുടെ അവഹേളനങ്ങളും നിരന്തരമായ പരിഹാസങ്ങളും ഈ മേഖലയിലേക്ക് കടന്നുവന്നവര്‍ക്ക് ആദ്യം അനുഭവിക്കേണ്ടിവന്നു. വിദഗ്ധര്‍ നടത്തിയ നിരന്തര പരിശീലനത്തിലൂടെ സ്ത്രീകളെ പുരുഷനേക്കാള്‍ മികച്ച മേസ്തിരിയാക്കാന്‍ അര്‍ച്ചനയ്ക്ക് സാധിച്ചു. തങ്ങള്‍ക്ക് അപ്രാപ്യമെന്നും അസാധ്യമെന്നും സമൂഹം മുദ്രകുത്തിയ മേഖലയിലെ പെണ്‍പെരുമ ഇന്ന് കേരളമൊട്ടാകെ നിറഞ്ഞു.

സുനാമി താണ്ഡവമാടിയ കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ വീടു നിര്‍മിച്ചു നല്‍കാനും അര്‍ച്ചനയിലെ സ്ത്രീകള്‍ തയ്യാറായി. മാതൃകാവീട് പരിശീലനം നേടിയവര്‍ പണിതുയര്‍ത്തിയ അര്‍ച്ചനാ ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍ക്കിടെക് കെട്ടിടം, ബ്ലോക്ക് യൂണിറ്റ്, മാലിന്യസംസ്കരണത്തിനായി ഫെറോസിമന്റ് ടാങ്ക്, കുടിവെള്ളസംരക്ഷണത്തിനായി മഴവെള്ളസംഭരണി തുടങ്ങി സ്ത്രീകളുടെ മാതൃകാവീട്ടില്‍ വരെയെത്തി നില്‍ക്കുന്നു അര്‍ച്ചനയുടെ പ്രവര്‍ത്തനങ്ങള്‍. വിദഗ്ധപരിശീലനം നേടിയ രാധികയുടെയും വത്സലയുടെയും മായയുടെയും ഇന്ദിരയുടെയുമൊക്കെ കരവിരുതില്‍ നിര്‍മിച്ചതാണ് മോഡല്‍ കെട്ടിടം. അര്‍ച്ചനയിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയിലെ ഡിവിഷന്‍ ഫോര്‍ സോഷ്യല്‍ പോളിസി ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അടുത്തിടെ മിസ്സ് ത്രേസ്യാമ്മ മാത്യുവിനെ ക്ഷണിക്കുകയുണ്ടായി.

ഒന്നര മണിക്കൂറിലധികം സമയം സ്ത്രീ ശാക്തീകരണപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനായത് അര്‍ച്ചനാ വിമന്‍സ് സെന്ററിന്റെ ചരിത്രത്തിലെ പൊന്‍തൂവലായി. മേസണ്‍, കാര്‍പെന്ററി മേഖലയിലെ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളാണ് ഐക്യരാഷ്ട്രസഭയിലേക്ക് ഡയറക്ടര്‍ മിസ്സ് ത്രേസ്യാമ്മ മാത്യുവിനെ ക്ഷണിക്കാന്‍ ഇടയാക്കിയത്. പരിശീലനകേന്ദ്രം പുരുഷന്മാര്‍ ചെയ്തുപോന്ന ഇത്തരം നിര്‍മാണജോലികള്‍ സ്ത്രീകള്‍ ചെയ്തപ്പോള്‍, മുമ്പ് പലരും നെറ്റി ചുളിച്ചതുപോലെ, ഗുണനിലവാരത്തിലോ രൂപത്തിലോ മറ്റോ എന്തെങ്കിലും കുറവുവന്നോ? ഇല്ലെന്നു മാത്രമല്ല, വളയിട്ട കൈകള്‍ മേസന്‍മാരും ആശാരിമാരുമായപ്പോള്‍ അവരുടെ കരവിരുത് അതിന്റെ പൂര്‍ണതയില്‍ എത്തുകയായിരുന്നു. മേസ്തിരിപ്പണിക്കു പുറമെ ആശാരിപ്പണിയും തങ്ങള്‍ക്കു സുന്ദരമായി വഴങ്ങുമെന്ന് തെളിയിച്ച ഒട്ടേറെ വനിതകള്‍ അര്‍ച്ചനാ വിമന്‍സ് സെന്ററിലുണ്ട്.

ശാക്തീകരിക്കപ്പെട്ട വനിതകള്‍ സ്വയം പര്യാപ്തരായപ്പോള്‍ പരമ്പരാഗത തൊഴിലിനെ സംരക്ഷിക്കുന്ന ഒരുകൂട്ടായ്മയുടെ പുനര്‍സൃഷ്ടി കൂടി ഉടലെടുത്തു. ആധുനിക സാങ്കേതികവിദ്യയും നൂതന മെഷീനുകളും ഉപയോഗിച്ചുള്ള പരിശീലനം കാര്‍പന്ററി മേഖലയിലെ നിര്‍മാണത്തിലും കൂടുതല്‍ കരുത്തു പകരുന്നു. ഹോളണ്ടില്‍നിന്നെത്തുന്ന വൗട്ട് സ്റ്റോക്ക് മാന്‍ നൂതന ഡിസൈനിങ്ങില്‍ വിദഗ്ധപരിശീലനം നല്‍കുന്നു. വിദേശപരിശീലകരുടെ ശിക്ഷണം സാങ്കേതികമികവാര്‍ന്നതും ലളിതവും സ്ത്രീകള്‍ക്ക് അനായാസം കൈകാര്യംചെയ്യാവുന്നതുമാണ്. അര്‍ച്ചനയിലെത്തി കാര്‍പന്ററി പരിശീലനം നേടി ജീവിതം കരുപ്പിടിപ്പിച്ചവര്‍ നിരവധിയാണ്. വനിതാ കാര്‍പന്റര്‍മാരുടെ കരവിരുതില്‍ വിരിഞ്ഞ ഫര്‍ണീച്ചറുകള്‍ക്കും ഇന്റീരിയര്‍ ഡിസൈനിങ്ങിലെ നൂതന മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഉയര്‍ന്ന വേതനവും സാമ്പത്തികസ്ഥിതിയും തൊഴില്‍സ്ഥിരതയും ഉറപ്പായതോടെ സ്ത്രീകള്‍ ഈ മേഖലയില്‍ ഉറച്ചു നിന്നു. ശാരീരികമായും മാനസികമായുമുള്ള വെല്ലുവിളികളെ നേരിട്ട് അസംഘടിതമേഖലയില്‍ കരുത്തു തെളിയിച്ചവരാണ് ഇവിടത്തെ വനിതകളില്‍ അധികവും. തുല്യതാബോധം പുരുഷനൊപ്പമുള്ള വേതനം സ്ത്രീയെ ഉയര്‍ന്ന സാമൂഹ്യനിലവാരത്തിലേക്ക് നയിച്ചു. എന്നാല്‍, സാമ്പത്തികനിലവാരം മാത്രം കൊണ്ട് സാധാരണ സ്ത്രീയെ പൂര്‍ണതയിലേക്ക് നയിക്കാനാകില്ല, അതിനവരെ പ്രാപ്തരാക്കാന്‍ മൂല്യബോധമുള്ള ചിന്തകളിലേക്ക് നയിക്കണം.

വര്‍ഷങ്ങളായി അര്‍ച്ചന നടത്തുന്ന സെമിനാറുകളിലൂടെയും മൈന്‍ഡ് മാസ്റ്ററി പോലെയുള്ള ക്ലാസുകളിലൂടെയും ഓരോരുത്തര്‍ക്കും താന്‍ ജീവിച്ച അവസ്ഥയില്‍ മികച്ചവരാകാന്‍ കഴിഞ്ഞിരിക്കുന്നു. പെണ്ണുങ്ങളെപ്പറ്റി സമൂഹം പറയുന്ന വിലകുറഞ്ഞ വാക്കുകളില്‍നിന്ന് പെണ്ണായാല്‍ ഇവരെപ്പോലെ എന്ന വിശേഷണത്തിലേക്ക് അര്‍ച്ചനയിലെ സ്ത്രീകള്‍ കേള്‍വികേട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ അര്‍ച്ചന വെറുമൊരു പരിശീലനകേന്ദ്രം മാത്രമല്ല, തങ്ങളെ വളര്‍ത്തി വലുതാക്കിയ സ്വന്തം കുടുംബമാണ് എന്ന് ഇവര്‍ പറയും. കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും ഒരേ ചരടില്‍ കോര്‍ത്തിണക്കിക്കൊണ്ട് നടത്തിവരുന്ന ചൈല്‍ഡ് റിസോഴ്സ് സെന്റര്‍, കുട്ടികളുടെ മാനസികവും സാമൂഹികവുമായ വികാസം ലക്ഷ്യംവച്ച് അര്‍ച്ചനയില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയുന്നതിനും കുട്ടികളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ മനസ്സിലാക്കി കൗണ്‍സലിങ് നടത്തുകയുമാണ്് റിസോഴ്സ് സെന്ററിന്റെ പ്രധാന ഉദ്ദേശ്യം.

കുട്ടികള്‍ക്കായി ജീവിതനൈപുണ്യപരിശീലനം, വ്യക്തിത്വവികസന സെമിനാറുകള്‍ തുടങ്ങിയവ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിവരുന്നു. സ്ത്രീകളുടെ സാമൂഹ്യമാറ്റത്തിനുവേണ്ടി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാന്‍ അര്‍ച്ചന ഒരുക്കമാണ്. സാമ്പത്തികമായും സാമൂഹ്യമായും വനിതകളെ ശക്തിപ്പെടുത്തി സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. അടിസ്ഥാനപരമായ പരിശീലനങ്ങള്‍ ആ മേഖലയില്‍ വിദഗ്ധരാക്കാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുന്നു. സ്ത്രീകള്‍ക്കായി സോളാര്‍ ലാമ്പ് പരിശീലനം, വേയ്സ്റ്റ് മാനേജ്മെന്റ്- ഓര്‍ഗാനിക് ഫാമിങ്, ടെയ്ലറിങ് പരിശീലനം, കണ്‍സ്ട്രക്ഷന്‍ ഇന്‍ സൂപ്പര്‍വിഷന്‍ കോഴ്സ്, ഫെറോസ്മന്റ് ടെക്നോളജി, കുടിവെളളസംരക്ഷണത്തിനായി മഴവെളളസംഭരണി തുടങ്ങിയവയും അര്‍ച്ചനയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.

സ്വന്തം കഴിവുകളിലൂടെ ശാക്തീകരിക്കപ്പെട്ട ഓരോ സ്ത്രീയും ആദരിക്കപ്പെടേണ്ടവരാണ്. മറ്റനവധി പ്രശ്നങ്ങളാല്‍ തകിടംമറിയപ്പെട്ട കുടുംബങ്ങളില്‍ പട്ടിണിമാറ്റി സ്വസ്ഥതയും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയും ഉണര്‍ത്തിയതാണ് കുടുംബശ്രീയുടെ വ്യാപനം. സ്ത്രീകളെ സ്വയംപര്യാപ്തമാക്കുന്ന അനവധി സംരംഭങ്ങള്‍ കുടുംബശ്രീയുടെ വരവോടെ നമ്മുടെ നാട്ടില്‍ വളര്‍ന്നിട്ടുണ്ട്. നിരവധി സ്ഥാപനങ്ങള്‍ക്ക് പ്രചോദനവുമായി. ഇത്തരം സ്ഥാപനങ്ങളെ കണ്ടെന്ന് നടിക്കാന്‍പോലും പലപ്പോഴും നമ്മുടെ ഭരണാധികാരികള്‍ മറക്കുന്നു. ഐക്യരാഷ്ട്രസഭയില്‍വരെയെത്തിയ അര്‍ച്ചന എന്ന സ്ഥാപനത്തിന്റെ ചരിത്രവും വ്യത്യസ്തമല്ല. എന്നാല്‍, സിസ്റ്റര്‍ ത്രേസ്യാമ്മ മാത്യുവും സംഘവും കൂടുതല്‍ സ്ത്രീകളെ തൊഴില്‍ പഠിപ്പിച്ച് കരകയറ്റുകയെന്ന ലക്ഷ്യത്തോടെ പ്രയാണം തുടരുകയാണ്. ഇവിടെ നിന്ന് പരിശീലനം കിട്ടിയ അഞ്ഞൂറിലധികം സ്ത്രീകള്‍ മേസന്‍-കാര്‍പെന്ററി മേഖലയില്‍ സജീവമാണ്. ഇപ്പോള്‍ പരിശീലനത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങാന്‍ കാത്ത്, തൊഴില്‍ പഠിക്കാനായി അകത്ത് കയറാനും സ്ത്രീകള്‍ ക്യൂവിലാണ്. ഇതാണ് അര്‍ച്ചന മോഡല്‍ ശാക്തീകരണം.

*
അനുവിദ്യ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: