Thursday, April 11, 2013

കാസ്ട്രോയുടെ നാട്ടില്‍

സിപിഐ എം പ്രതിനിധിസംഘത്തിന്റെ ഭാഗമായി വൃന്ദ കാരാട്ടുമൊത്ത് ഒരാഴ്ച ഞാന്‍ ക്യൂബ സന്ദര്‍ശിച്ചു. എന്റെ നാലാമത്തെ ക്യൂബാ സന്ദര്‍ശനമായിരുന്നു ഇത്. നേരത്തെയുള്ള എല്ലാ യാത്രകളും അന്താരാഷ്ട്ര സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കാനായിരുന്നു. ഇപ്പോഴാണ് ക്യൂബന്‍ നേതാക്കളെ കാണാനും ചര്‍ച്ചചെയ്യാനും രാജ്യത്തിന്റെ പുരോഗതി നേരിട്ട് മനസ്സിലാക്കാനും കഴിയുംവിധമുള്ള സന്ദര്‍ശനം സാധ്യമായത്.

1959 ജനുവരി ഒന്നിനാണ് ക്യൂബന്‍ വിപ്ലവം നടന്നത്. ഫിദല്‍ കാസ്ട്രോയും ക്യൂബന്‍ സര്‍ക്കാരും തങ്ങള്‍ക്ക് വഴങ്ങില്ലെന്ന് വ്യക്തമായതോടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആയിരത്തിത്തൊള്ളായിരത്തി അറുപതോടെ അമേരിക്ക ഗൂഢാലോചന ആരംഭിച്ചു. ക്യൂബയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. 1961ല്‍ അമേരിക്ക ക്യൂബന്‍ കൂലിപട്ടാളത്തെ പ്ലായ ഗിരോണിലേക്ക് (ബേ ഓഫ് പിഗ്സ്) അയച്ചു. ഇവരെ ക്യൂബന്‍സേന പരാജയപ്പെടുത്തുകയും പിടികൂടുകയും ചെയ്തു. എങ്കിലും അമേരിക്ക ഈ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. കാസ്ട്രോയെ വധിക്കാന്‍ അറുനൂറിലേറെ തവണയാണ് അവര്‍ ശ്രമിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം അമേരിക്ക ഉപരോധം ശക്തമാക്കി. സാമ്പത്തികമായി ഞെരുക്കി വിപ്ലവത്തെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. 1991ല്‍ സോവിയറ്റ് യൂണിയന്‍ നിലംപൊത്തിയതോടെ ക്യൂബ കടുത്ത വിഷമസന്ധിയിലായി. പ്രധാന ഉല്‍പ്പന്നമായ പഞ്ചസാരയുടെ കമ്പോളം നഷ്ടമായി. എണ്ണ, ഭക്ഷണം എന്നിവയുടെ വിതരണവും തടസ്സപ്പെട്ടു. എന്നാല്‍, ഫിദല്‍ കാസ്ട്രോയുടെയും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ക്യൂബയുടെയും നേതൃത്വത്തില്‍ ജനങ്ങള്‍ വിഷമവും അവഗണനയും കടിച്ചമര്‍ത്തി ഈ "പ്രത്യേകകാലഘട്ടത്തെ" അതിജീവിച്ചു. സാമ്രാജ്യത്വത്തിനും നവ ഉദാരവല്‍ക്കരണ ആക്രമണത്തിനുമെതിരെ ക്യൂബയുടെ ചെറുത്തുനില്‍പ്പ് ലാറ്റിനമേരിക്കന്‍ ജനതയെ ആവേശം കൊള്ളിച്ചു. അതുവരെയുള്ള ക്യൂബയുടെ ഒറ്റപ്പെടല്‍ ഇല്ലാതായി.

ആദ്യ സഖ്യകക്ഷി വെനസ്വേലയുടെ പ്രസിഡന്റായി 1998ല്‍ തെരഞ്ഞെടുക്കപ്പെട്ട ഹ്യൂഗോ ഷാവേസായിരുന്നു. എണ്ണ സമ്പന്നമായ വെനസ്വേല എണ്ണ നല്‍കാന്‍ തുടങ്ങിയതോടെ ക്യൂബയ്ക്ക് ജീവശ്വാസം ലഭിച്ചു. ക്യൂബയും വെനസ്വേലയും തമ്മിലുള്ള രാഷ്ട്രീയസഖ്യം ഷാവേസിനെ ബൊളീവാറിയന്‍ വിപ്ലവം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചു. 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ ഇടതുപക്ഷം ബ്രസീലിലും ബൊളീവിയയിലും ഇക്കഡോറിലും അര്‍ജന്റീനയിലും മറ്റു രാഷ്ട്രങ്ങളിലും മുന്നേറ്റം ഉണ്ടാക്കി. എല്ലാവരും ക്യൂബയുടെ സുഹൃത്തുക്കളായി. ക്യൂബ ഇപ്പോള്‍ സമ്പദ്വ്യവസ്ഥയ്ക്ക് പുതുരൂപം നല്‍കി ഉല്‍പ്പാദന- സാമൂഹ്യമേഖലയ്ക്ക് പുനരുജ്ജീവനം നല്‍കുകയാണ്. 2011ല്‍ ചേര്‍ന്ന ആറാമത് പാര്‍ടി കോണ്‍ഗ്രസ് സാമ്പത്തിക മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. ജനങ്ങള്‍ക്കിടയില്‍ വിപുലമായ ചര്‍ച്ച നടത്തിയശേഷമാണ് പാര്‍ടി കോണ്‍ഗ്രസ് ഇത് അംഗീകരിച്ചത്. സര്‍ക്കാര്‍മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയ്ക്കുകയാണ് ഈ പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ കാതല്‍. മൊത്തം തൊഴില്‍ശക്തിയുടെ 85 ശതമാനവും തൊഴിലെടുക്കുന്നത് സര്‍ക്കാര്‍ സര്‍വീസിലാണ്.

തൊഴില്‍ എന്തെന്ന് നോക്കാതെയാണ് ശമ്പളം ലഭിക്കുന്നത്. "ഓരോരുത്തരുടെയും കഴിവനുസരിച്ച്, ഓരോരുത്തരുടെയും പ്രവൃത്തിയനുസരിച്ച്" എന്ന സോഷ്യലിസ്റ്റ് തത്വമാണ് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള അഞ്ചുലക്ഷം പേരെ സ്വയം തൊഴിലിലേക്കും ചെറുകിട വ്യവസായങ്ങളിലേക്കും കാര്‍ഷികമേഖലയിലേക്കും മാറ്റി. ഇവര്‍ക്ക് ഭൂമിയും നല്‍കി. ഞങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ ഈ മാറ്റം എങ്ങനെയാണ് നടക്കുന്നതെന്ന് മനസ്സിലായി. ചില വിഭാഗം ജീവനക്കാര്‍ക്ക് പച്ചക്കറിയും പഴവര്‍ഗങ്ങളും മറ്റു വിളകളും കൃഷിചെയ്യുന്നതിനായി നഗരത്തില്‍ ഭൂമി നല്‍കി. ഭക്ഷ്യവസ്തുക്കള്‍ പ്രധാനമായും ഇറക്കുമതിചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഭക്ഷ്യവസ്തുക്കളുടെ വര്‍ധിച്ച ആവശ്യം പരിഹരിക്കുകയെന്നതും ഈ നയത്തിന്റെ ലക്ഷ്യമാണ്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ഒഴിവാക്കപ്പെട്ടവരെ തെരുവിലേക്കെറിയുകയല്ല ക്യൂബ ചെയ്തത്. മറ്റു തൊഴിലിലേക്ക് മാറ്റുകയാണുണ്ടായത്. അവര്‍ക്ക് പരിശീലനം നല്‍കുകയും വിവിധ മേഖലകളില്‍ സ്വയംതൊഴില്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുകയുംചെയ്തു.

ഉദാഹരണത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ബാര്‍ബറായ വ്യക്തിയോട് സ്വയം തൊഴിലെന്ന നിലയില്‍ അതേ തൊഴില്‍ തുടരാന്‍ ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകളും കടകളും തുറന്നിട്ടുണ്ട്. എന്നാല്‍, ഇത് മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കിന് വഴിവക്കില്ലെന്ന് പാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും നേതാക്കള്‍ ഊന്നിപ്പറഞ്ഞു. മിനിമം കൂലിയും സാമൂഹ്യസുരക്ഷയുമുള്ള സ്വയംതൊഴില്‍ സ്ഥാപനങ്ങളില്‍ കുറച്ചു തൊഴിലാളികള്‍ക്ക് ജോലി നല്‍കാനാകും. ലാഭമുണ്ടാകുന്നതിനനുസരിച്ച് നികുതി നല്‍കേണ്ടി വരും. മൂലധനം കൂടുതലായി സഞ്ചയിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നിയന്ത്രണ സംവിധാനം ഉണ്ടാകും. കാര്‍ഷിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനായി കൂട്ടായ ഉല്‍പ്പാദനവും വായ്പയും ഉറപ്പുവരുത്തുന്നതിന് കാര്‍ഷിക സഹകരണസ്ഥാപനങ്ങളും സര്‍വീസ് സഹകരണ സ്ഥാപനങ്ങളും നിലവിലുണ്ട്. നേരത്തെ ക്യൂബ ഏകവിള ഉല്‍പ്പാദനത്തില്‍നിന്ന് മാറുകയെന്ന വിഷമമേറിയ ഘട്ടവും തരണംചെയ്തു.

പ്രധാനവിള കരിമ്പും പ്രധാന വ്യാവസായിക ഉല്‍പ്പന്നം പഞ്ചസാരയുമാണ്. സോവിയറ്റ് യൂണിയനും കോമികോണ്‍ രാഷ്ട്രങ്ങളും മുന്തിയ വിലയ്ക്ക് ഇത് വാങ്ങിയതോടെ ഉല്‍പ്പാദനവും ശക്തിപ്പെട്ടു. സോവിയറ്റ് കമ്പോളം അപ്രത്യക്ഷമാവുകയും പഞ്ചസാരയുടെ വില അന്താരാഷ്ട്ര കമ്പോളത്തില്‍ ഇടിയുകയും ചെയ്തതോടെ ക്യൂബ കാര്‍ഷിക ഉല്‍പ്പാദനം വൈവിധ്യവല്‍ക്കരിക്കുകയും പഞ്ചസാരയെമാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയുംചെയ്തു. രണ്ടായിരത്തിരണ്ടോടെ കരിമ്പുകൃഷിചെയ്ത പ്രദേശം പകുതിയായി കുറച്ചു. പകുതി പഞ്ചസാരമില്ലുകള്‍ അടച്ചിട്ടു. ഇതോടെ തൊഴിലില്ലാതായ മില്‍ത്തൊഴിലാളികള്‍ക്ക് എന്ത് സംഭവിച്ചു? ഈ തൊഴിലാളികള്‍ക്ക് മുഴുവന്‍ പരിശീലനം നല്‍കി മറ്റു ജോലികളിലേക്ക് മാറ്റി. നിരവധിപേര്‍ കോളേജുകളില്‍ പഠിച്ച് ബിരുദം നേടി വിദഗ്ധ ജോലികള്‍ നേടി. ഇതുപോലെയാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളവരെയും മാറ്റുന്നത്. മറ്റു തൊഴിലുകളിലേക്ക് മാറ്റുന്നതുവരെ ആറുമാസം അവര്‍ക്ക് ശമ്പളം പൂര്‍ണമായും നല്‍കി. എല്ലാവര്‍ക്കും സാമൂഹ്യസുരക്ഷയും ലഭിച്ചിരുന്നു. ഈ പുതിയ സാമ്പത്തിക മാര്‍ഗനിര്‍ദേശങ്ങളാണ് "മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കായി" ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് തെറ്റായ പ്രചാരണമാണെന്ന് മേല്‍പറഞ്ഞ കാര്യങ്ങളില്‍നിന്നുതന്നെ വ്യക്തമാകും.

ഉപരോധത്തിന്റെ ഭാഗമായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴും മികച്ച വിദ്യാഭ്യാസ-ആരോഗ്യ സംവിധാനം ക്യൂബ നിലനിര്‍ത്തി. ജനകീയ സാക്ഷരതാ പ്രചാരണത്തിലൂടെ നിരക്ഷരത നിര്‍മാര്‍ജനംചെയ്തു. അതിനുശേഷം പ്രാഥമിക- സെക്കന്‍ഡറി- സര്‍വകലാശാലാ വിദ്യാഭ്യാസം സൗജന്യമാക്കിയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ക്യൂബ വികസിപ്പിച്ചെടുത്തത്. സമഗ്രമായ ആരോഗ്യ സംരക്ഷണ സംവിധാനവും സൃഷ്ടിച്ചു. പ്രാഥമികതലത്തില്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ദ്വിതീയതലത്തില്‍ ആശുപത്രികളും മൂന്നാംതലത്തില്‍ പ്രത്യേക ഇന്‍സ്റ്റിറ്റ്യൂട്ടുകളും സ്ഥാപിക്കപ്പെട്ടു. ക്യൂബയില്‍ 1000 പേര്‍ക്ക് 6.7 ഡോക്ടര്‍മാരുണ്ട്. അമേരിക്കയില്‍ ഇത്് 2.4 മാത്രമാണ്. ക്യൂബന്‍ ഡോക്ടര്‍മാരെയും നേഴ്സുമാരെയും മറ്റു രാജ്യങ്ങളിലും ആരോഗ്യസേവനത്തിനായി നിയോഗിച്ചിരിക്കുകയാണ്.

ക്യൂബയില്‍ വനിതകളുടെ മുന്നേറ്റവും ശ്രദ്ധേയമാണ്. പാര്‍ടി കേന്ദ്രകമ്മിറ്റിയിലെ 42 ശതമാനവും സ്ത്രീകളാണ്. നാഷനല്‍ അസംബ്ലിയിലെ 48.5 ശതമാനം അംഗങ്ങളും സ്ത്രീകളാണ്. വിദ്യാഭ്യാസരംഗത്തെ 68 ശതമാനം പേരും ആരോഗ്യരംഗത്തെ 78 ശതമാനം പേരും സ്ത്രീകളാണ്. റേഷന്‍ സംവിധാനംവഴി എല്ലാ പൗരന്മാര്‍ക്കും ഉയര്‍ന്ന സബ്സിഡിയോടെ ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്യുന്നു. സാര്‍വത്രികമായ പൊതുവിതരണശൃംഖലവഴി അരി, ഇറച്ചി, മുട്ട, പച്ചക്കറികള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വിതരണംചെയ്യുന്നു. ഇതെല്ലാംകൊണ്ടുതന്നെ രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും ഇല്ലെന്നു മാത്രമല്ല, യാചകരെ കാണാനും കഴിയില്ല. എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും ലഭ്യമാണ്. ലോകത്ത് അസമത്വം ഏറ്റവും കുറഞ്ഞ രാജ്യമാണ് ക്യൂബ. ജനങ്ങള്‍ വൈകാരികമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ഈ സാമൂഹ്യ സംവിധാനത്തെ എല്ലാ തടസ്സങ്ങളെയും തട്ടിനീക്കി അവര്‍ പ്രതിരോധിക്കുകയാണ്. വിപ്ലവചരിത്രത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ക്യൂബ പ്രവേശിച്ചിരിക്കുകയാണ്.

2006 മുതല്‍ ഫിദല്‍ കാസ്ട്രോ സര്‍ക്കാരിന്റെയും പാര്‍ടിയുടെയും ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നു. റൗള്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെയും പാര്‍ടിയുടെയും ഘടന നവീകരിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. പുതിയൊരു നേതൃത്വവും ഉയര്‍ന്നുവരുന്നു. രാഷ്ട്രീയപരമായും ആശയപരമായും ഉയര്‍ന്ന ബോധമുള്ള, വിവിധങ്ങളായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കെല്‍പ്പുള്ള വിവിധ തലങ്ങളിലുള്ള പാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും നേതാക്കളെ ഞങ്ങള്‍ കണ്ടു. ഉയര്‍ന്ന സാക്ഷരതയും വിദ്യാഭ്യാസവും ഉന്നത നിലവാരത്തിലുള്ള രാഷ്ട്രീയബോധവുമുള്ള ജനതയാണ് ക്യൂബയിലേത്.

ഫിദല്‍ കാസ്ട്രോയുടെയും ചെ ഗുവേരയുടെയും വിപ്ലവാത്മകമായ ആദര്‍ശങ്ങള്‍ ക്യൂബന്‍ യുവത്വത്തില്‍ കാണാനാകും. സാന്ത ക്ലാര നഗരവും ഞങ്ങള്‍ കണ്ടു. 1958ല്‍ ബാറ്റിസ്റ്റ എന്ന ഏകാധിപതിക്കെതിരെ ചെ ഗുവേരയും ഗറില്ലകളും നിര്‍ണായകമായ പോരാട്ടം നടത്തിയ സ്ഥലമാണിത്. 1968ല്‍ ബൊളീവിയയില്‍വച്ചാണ് ചെ ഗുവേര കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെയും കൂടെയുണ്ടായിരുന്ന ഗറില്ലാ പോരാളികളുടെയും ഭൗതികാവശിഷ്ടങ്ങള്‍ 1997ലാണ് ക്യൂബയിലേക്ക് കൊണ്ടുവന്നതും സ്മാരകം പണിതതും. സാഹസികനായ ഈ വിപ്ലവകാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ആ സ്മാരകവും ഞങ്ങള്‍ സന്ദര്‍ശിച്ചു. ക്യൂബ സന്ദര്‍ശനം സിപിഐ എമ്മും ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരമായി. അതോടൊപ്പം സോഷ്യലിസ്റ്റ് ക്യൂബയ്ക്കും പോരാളികളായ ജനതയ്ക്കും ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കാനുള്ള അവസരവുമായി.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 11 ഏപ്രില്‍ 2013

No comments: