Monday, April 15, 2013

അമ്മമാരെയും മറ്റുചിലരെയും പറ്റി

ഇന്നും ഇന്ത്യയില്‍ ഓരോ പത്ത് മിനിറ്റിലും പ്രസവത്തിനിടയില്‍ മരിക്കുന്ന ഒരമ്മയുണ്ട് എന്ന ലജ്ജിപ്പിക്കുന്ന സത്യത്തിന്റെ സ്മാരകംകൂടിയാണ് താജ്മഹല്‍. പറയുന്നത് മറ്റാരുമല്ല ശബാന ആസ്മിയാണ്. താജ് മഹല്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രേമത്തിന്റെ പ്രതീകമായിട്ടല്ല പകരം അനേകം പ്രസവങ്ങള്‍ക്കിടയില്‍ സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടിവന്ന മുംതാസ് മഹല്‍ എന്ന നിസ്സഹായയായ അമ്മയുടെ ശവകുടീരമായിട്ടാണ് അവര്‍ കാണുന്നത്. നാനൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കുശേഷവും അത് ഇന്നും നമ്മെ ഓര്‍മപ്പെടുത്തുന്നു, ഇന്ത്യയിലെ മാതൃശിശു ആരോഗ്യ പരിപാലനം പണ്ടത്തെ പരിതാപകരമായ അവസ്ഥയില്‍ത്തന്നെ തുടരുന്നു എന്ന്. ഇന്ത്യയിലെ അദൃശ്യരായ അമ്മമാര്‍ എന്ന ആസ്മിയുടെ ഈ ആമുഖവുമായാണ് ജയശ്രീ മിശ്ര എഡിറ്റ് ചെയ്ത അമ്മമാരെയും മറ്റു ചിലരെയുംപറ്റി (Of Mothers and Others) എന്ന പുസ്തകം എത്തുന്നത്.

ജീവിതത്തിന്റെ പല തുറകളില്‍നിന്നും വന്നെത്തിയ സ്ത്രീകള്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ മാതൃത്വത്തിനും കുട്ടികള്‍ക്കും വേണ്ടി ഓരോരുത്തരും എന്തെങ്കിലും സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ജയശ്രീ മിശ്ര ഒരു പുസ്തകമാണ് ആ മഹത്സംരംഭത്തിന് സമര്‍പ്പിച്ചത്. Save the Children എന്ന സാമൂഹിക സംഘടനയ്ക്കു വേണ്ടി കഥകളും ഉപന്യാസങ്ങളും കവിതകളും നിറഞ്ഞ ഈ സമാഹാരം അവര്‍ എഡിറ്റ് ചെയ്തപ്പോള്‍ ഇന്ത്യയിലെ കോടാനുകോടി അമ്മമാരും കുട്ടികളുമാണ് ഈ താളുകളില്‍ പ്രതിനിധാനംചെയ്യപ്പെട്ടത്. 22 എഴുത്തുകാര്‍ പലതരം മാതൃഭാവങ്ങള്‍ ഈ പുസ്തകത്തില്‍ വര്‍ണിക്കുന്നു. വികലാംഗയായ കുട്ടിയെ ഒറ്റയ്ക്ക് നോക്കുന്ന അമ്മ, അമ്മയാകാന്‍ കൊതിക്കുന്ന ട്രാന്‍സ് സെക്ഷ്വല്‍ സ്ത്രീകള്‍, കുട്ടികള്‍ നഷ്ടപ്പെട്ട അമ്മമാര്‍, ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്ന അമ്മയുടെ നൊമ്പരങ്ങള്‍, ദത്തെടുത്ത കുട്ടിയുടെ അമ്മയാകല്‍, ഭ്രൂണഹത്യക്ക് കൂട്ടുനില്‍ക്കേണ്ടിവരുന്ന അമ്മയുടെ നിസ്സഹായത, അങ്ങനെ പിന്നെയും പിന്നെയും മിന്നിമറയുന്ന അമ്മമുഖങ്ങള്‍, ഭാവങ്ങള്‍, ഭാവനകള്‍. ആകെ ഒരു പുരുഷശബ്ദമാണ് ഈ സമാഹാരത്തില്‍ നാം കേള്‍ക്കുന്നത്. ജയ് അര്‍ജുന്‍ സിങ്ങിന്റെ ഹിന്ദി സിനിമയിലെ അമ്മയെ വര്‍ണിക്കുന്ന ഈ ലേഖനം ആക്ഷേപഹാസ്യത്തിന്റെ ഒന്നാംതരം ഉദാഹരണമാണ്. ഒരേ സമയം ജനപ്രിയ സംസ്കാരത്തിന്റെ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനവും മറുവശത്ത് നമ്മുടെ സംസ്കാരത്തിന്റെ വിരോധാഭാസമെന്നു തോന്നാവുന്ന അമ്മ മഹത്വവല്‍ക്കരണവും ലിംഗവിവേചനവും അനാവരണംചെയ്യുന്ന ലേഖനവുമാണിത്.

മാതൃത്വത്തിന്റെ വ്യവസ്ഥാപിത ഭാവങ്ങളില്‍നിന്നും വാര്‍പ്പ് രൂപങ്ങളില്‍നിന്നും ഏറെ വ്യതിചലിച്ച് യാഥാര്‍ഥ്യത്തോടടുത്തു നില്‍ക്കുന്ന സ്ത്രീജീവിതത്തിന്റെ ചിത്രങ്ങള്‍ പകര്‍ന്നുനല്‍കാന്‍ എഴുത്തുകാര്‍ക്കും സമ്പാദകയ്ക്കും കഴിഞ്ഞു എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. മഹാഭാരതത്തിലെ കുന്തിയുടെ ചിത്രണത്തെ ഉടച്ചുവാര്‍ക്കുന്ന നമിത ഗോഖലെയുടെ കുന്തിയുടെ വിധ്വംസക മാതൃത്വവും ഉര്‍വശി ബുടാലിയയുടെ എന്തുകൊണ്ട് അമ്മയാവേണ്ട എന്ന് തീരുമാനമെടുത്തു എന്ന ലേഖനവും ഏറെ ശ്രദ്ധേയമാണ്. മീന അലക്സാണ്ടറുടെ കവിതകളും ശശി ദേശ്പാണ്ഡേയുടെ കഥയും മഞ്ജു കപൂറിന്റെ ആത്മലേഖനവും ഒക്കെ അമ്മയാകല്‍ എന്ന അവസ്ഥയെക്കുറിച്ചും അത് ഒരു സ്ത്രീയില്‍ ഉണര്‍ത്തുന്ന പലതരം സ്വത്വബോധങ്ങളും, അവളുടെ ശരീരം, എഴുത്ത്, സമൂഹം എന്നിവയെക്കുറിച്ചുമുള്ള പുതിയ അറിവുകളും, ചിന്തകളും, ചോദ്യങ്ങളും അതീവ സൂക്ഷ്മതയോടെ പരിശോധിക്കുന്നു. പെണ്‍ഭ്രൂണഹത്യ മുതല്‍ ഗാര്‍ഹികപീഡനം വരെ, ഇന്ത്യയിലെ കോടാനുകോടി സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എല്ലാ നീതിന്യായ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് നിലനില്‍ക്കുമ്പോള്‍തന്നെ മധ്യവര്‍ഗ സമൂഹത്തിലെങ്കിലും സൂക്ഷ്മസംവേദനക്ഷമത കൂട്ടാന്‍ ഇതുപോലെയുള്ള പുസ്തകങ്ങള്‍ സഹായിക്കും എന്ന് പ്രത്യാശിക്കാം. സുബാന്‍ ആണ് പ്രസാധകര്‍.

*
ഡോ. മീന ടി പിള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് 14 ഏപ്രില്‍ 2013

No comments: