Thursday, April 18, 2013

രാഹുല്‍ ഗാന്ധിയുടേത് ജനാധിപത്യവിരുദ്ധതയും അപമാനകരമായ ധിക്കാരവും

നേതൃത്വത്തിന്റെ സുതാര്യത, കൂട്ടായ നേതൃത്വം എന്ന ജനാധിപത്യപരമായ നേതൃസങ്കല്‍പം, പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കുന്ന പ്രവര്‍ത്തനശൈലി-ഇവയെല്ലാം ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ നേതാക്കളുടെ സവിശേഷതകളായി കരുതപ്പെടുന്നു. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുന്ന നേതാക്കള്‍ക്ക് ഇവ കൂടാതെ ആ തലത്തിലേക്ക് എത്തിച്ചേരുക ശ്രമകരമാവും. ജനങ്ങളുടെമേല്‍ കെട്ടിയേല്‍പ്പിക്കപ്പെടുന്ന നേതാക്കള്‍ക്ക് അത്തരം ജനകീയ പരിഗണനകള്‍ വേണമെന്ന് നമുക്ക് വാശിപിടിക്കാനാവില്ല. 'ജന്മം'കൊണ്ട് നേതൃത്വത്തിലേക്ക് അവരോധിക്കപ്പെട്ടവരുടെ വംശപരമ്പരയിലെ കണ്ണിയാണ് എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. എന്നാല്‍ തന്റെ നേതൃത്വം പ്രവര്‍ത്തന പാരമ്പര്യം കൊണ്ടും അനുഭവസമ്പത്തുകൊണ്ടും ജനകീയ അംഗീകാരം കൊണ്ടും നേതൃത്വപാടവം തെളിയിച്ച നേതാക്കളെപ്പോലും അപമാനിക്കാനുള്ള അവകാശമായി രാഹുല്‍ കരുതുന്നുവെങ്കില്‍ അതിനെ അപലപനീയം എന്നല്ലാതെ മറ്റൊന്നും പറയാനാവില്ല. കെ പി സി സിയുടെ പ്രസിഡന്റും കോണ്‍ഗ്രസ് പോഷക സംഘടനകളുടെ സംസ്ഥാന-ദേശീയ നേതാവും എ ഐ സി സിയുടെ തന്നെ ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവും എം എല്‍ എയും എം പിയും മന്ത്രിയുമൊക്കെ ആയിരുന്ന രമേശ് ചെന്നിത്തലയേയും എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയേയും എം ഐ ഷാനവാസ് എം പി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും മാറ്റിനിര്‍ത്തി പട്ടാമ്പി നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയുടെ നടപടി അവരെ മാത്രമല്ല കേരളത്തിലെ കോണ്‍ഗ്രസിനെയും കേരളത്തെതന്നെയും അപമാനിക്കുന്നതിനു തുല്യമാണ്. രമേശ് ചെന്നിത്തലയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ആത്മാഭിമാനമുള്ളവരാണെങ്കില്‍ എ ഐ സി സി വൈസ് പ്രസിഡന്റിന്റെ നടപടിയെ അപലപിക്കുകയും പരസ്യമായി സംഭവത്തില്‍ മാപ്പ് ആവശ്യപ്പെടുകയും ചെയ്യണം. രാഹുല്‍ അതിന് തയ്യാറായില്ലെങ്കില്‍ മൂന്നരക്കോടി മലയാളികളുടെ ആത്മാഭിമാനം കണക്കിലെടുത്ത് തങ്ങള്‍ വഹിക്കുന്ന പാര്‍ട്ടി പദവികള്‍ രാജിവയ്ക്കാന്‍ സന്നദ്ധരാവണം.

തൃശൂര്‍ ജില്ലയിലെ അടാട്ട് പഞ്ചായത്തിലെ പുത്തന്‍ചിറ വാര്‍ഡ് ഗ്രാമസഭയില്‍ താന്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ക്കെല്ലാം ഘടകവിരുദ്ധമായിരുന്നു പട്ടാമ്പിയില്‍ രാഹുല്‍ ഗാന്ധി കാഴ്ചവച്ച നാടകം. അടച്ചിട്ട മുറികളില്‍ നിന്നും തീരുമാനമുണ്ടാക്കുന്നതാണ് രാഷ്ട്രീയക്കാരെ ജനം സംശയത്തോടെ വീക്ഷിക്കാന്‍ കാരണമെന്നാണ് ഗ്രാമസഭയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. മണിക്കൂറുകള്‍ക്കുള്ളിലാണ് തന്നെ അനുഗമിച്ച കെ പി സി സി പ്രസിഡന്റ് അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ മാറ്റിനിര്‍ത്തി രാഹുല്‍ ഗാന്ധി നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടത്തിയത്. അടച്ചിട്ട മുറികളിലെടുക്കുന്നതില്‍ നല്ല തീരുമാനമുണ്ടായാല്‍ പോലും ജനം സംശയിക്കുന്ന സ്ഥിതിയാണെന്നും......... എ ഐ സി സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിലും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന് പങ്കാളിത്തമുണ്ടാകണമെന്നതാണ് തന്റെ സ്വപ്‌നമെന്നും രാഹുല്‍ തട്ടിവിട്ടു. ഈ സ്വപ്‌നവും കോണ്‍ഗ്രസില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അരങ്ങേറുന്ന ജനാധിപത്യവിരുദ്ധ പ്രവണതകളും തമ്മില്‍ എന്തുബന്ധമാണുള്ളത്? തന്റെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയേയും സംസ്ഥാന സമിതി അധ്യക്ഷനെപ്പോലും മാറ്റിനിര്‍ത്തി കേവലം ഒരു നിയോജക മണ്ഡലം ഭാരവാഹിയോഗം ചേരാന്‍ രാഹുല്‍ കാട്ടിയത് എല്ലാ ജനാധിപത്യ മര്യാദകളുടെയും ലംഘനവും കടുത്ത ധിക്കാരവുമല്ലെങ്കില്‍ മറ്റെന്താണ്? ജനാധിപത്യത്തിന്റെ കേവല മര്യാദകള്‍ പോലും അറിയാത്തതോ, അഥവാ അറിഞ്ഞുകൊണ്ട് ഇപ്രകാരം ധിക്കരിക്കുന്നതോ, ആയ ഒരു നേതാവാണ് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടപ്പെടുന്നത് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ കാത്തിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പായി ജനങ്ങള്‍ തിരിച്ചറിയണം.

രാഹുല്‍ ഗാന്ധിയുടെ മണിക്കൂറുകള്‍ മാത്രം നീണ്ട കേരള സന്ദര്‍ശനവും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തനത്തിലെ മിന്നല്‍ പരിശോധനയും തുറന്നുകാട്ടുന്ന ജനാധിപത്യവിരുദ്ധവും ധിക്കാരം നിറഞ്ഞതുമായ സമീപനം ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതുക വയ്യ. രാജ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി അവതരിപ്പിക്കപ്പെടുന്ന രാഹുല്‍ ഗാന്ധി തിരിച്ചറിയേണ്ടത് കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും ഇന്നത്തെ അവസ്ഥയ്ക്ക് അവയുടെ മേല്‍ സുധീര്‍ഘകാലം ആധിപത്യം പുലര്‍ത്തിപ്പോരുന്ന തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം തന്നെയാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിനുനേരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സത്യസന്ധവും നീതിപൂര്‍വവും സുതാര്യവുമായ അന്വേഷണത്തിന് വിധേയമാക്കാനും അത് പൂര്‍ത്തീകരിക്കാനും പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടപ്പെടുന്ന രാഹുല്‍ സന്നദ്ധമാകുമോ? തന്റെ പിതാവിനെ അനുസ്മരിപ്പിക്കുംവിധം 'അധികാരം നിയന്ത്രിക്കുന്ന 'കാര്‍ട്ടലിനെ' തകര്‍ക്കലാണ് തന്റെ ലക്ഷ്യ'മെന്ന് പ്രഖ്യാപിച്ച രാഹുല്‍ ആ കാര്‍ട്ടല്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറുണ്ടോ? 'അധികാര ദല്ലാള്‍'മാരെ അപലപിച്ചിരുന്ന രാജീവ് ഗാന്ധി പിന്നീട് ബോഫേഴ്‌സിന്റെയും മറ്റ് ആയുധ ഇടപാടുകാരുടെയും ദല്ലാളായി പ്രവര്‍ത്തിച്ചിരുന്നുവെന്ന ആരോപണത്തില്‍ നിന്നും പൂര്‍ണ വിമുക്തി നേടിയിരിക്കുന്നില്ലെന്ന വസ്തുത വിസ്മരിക്കാനാവില്ല. ബുള്ളറ്റ് പ്രൂഫ് വാഹനമുപേക്ഷിച്ച് സാധാരണക്കാര്‍ക്കിടയിലേക്കിറങ്ങി ഗ്രാമസഭകളില്‍ പങ്കെടുക്കുന്ന രാഹുല്‍ഗാന്ധിയെപ്പറ്റി അച്ചുനിരത്തുന്നവര്‍ വിസ്മരിച്ചതും മറച്ചുവയ്ക്കാന്‍ ശ്രമിച്ചതും അദ്ദേഹത്തിന്റെ ജനാധിപത്യവിരുദ്ധതയും ധിക്കാരവും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനേറ്റ കനത്ത അപമാനവുമാണ്.

*
ജനയുഗം മുഖപ്രസംഗം 18 ഏപ്രില്‍ 2013

No comments: