Monday, April 15, 2013

നൊവാര്‍ട്ടിസ് മുട്ടുകുത്തി ശക്തമായ പോരാട്ടം തുടരണം

ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ 3 (ഡി) വകുപ്പ് ചോദ്യം ചെയ്തുകൊണ്ട് സ്വിസ് ബഹുരാഷ്ട്രകുത്തകയായ നൊവാര്‍ട്ടിസ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കമ്പനിക്കെതിരെ വിധി വന്നത് ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചിരിക്കയാണ്. ലോകവ്യാപാര സംഘടനയുടെ നിബന്ധനയ്ക്ക് വഴങ്ങി ഒന്നാം യുപിഎ സര്‍ക്കാര്‍ 2005 ല്‍ ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ മാറ്റം വരുത്തിയ അവസരത്തില്‍ ഇടതുപക്ഷ എം പി മാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അനാവശ്യ പേറ്റന്റുകള്‍ തടയുന്നതിനുള്ള 3 (ഡി) വകുപ്പ് പേറ്റന്റ് നിയമത്തില്‍ ഉള്‍പെടുത്തിയത്. കേസില്‍ നൊവാര്‍ട്ടിസിന് അനുകൂലമായ വിധിയുണ്ടായിരുന്നെങ്കില്‍ 3 (ഡി) വകുപ്പ് റദ്ദുചെയ്യപ്പെടുകയും അനാവശ്യ പേറ്റന്റുകളുടെ വലിയൊരു പ്രളയം തന്നെയുണ്ടാവുകയും ചെയ്യുമായിരുന്നു. നിരര്‍ത്ഥക പേറ്റന്റുകളെടുത്ത് പേറ്റന്റ് കാലാവധി നീട്ടിക്കൊണ്ടുപോയി ദീര്‍ഘകാലം അമിതവിലയ്ക്ക് മരുന്ന് വില്‍ക്കാനുള്ള വന്‍കിട കമ്പനികളുടെ തന്ത്രം വിജയിക്കുമായിരുന്നു.

നൊവാര്‍ട്ടിസിന്റെ തന്ത്രം

ക്രോണിക്ക് മയലോയിഡ് ലൂക്കീമിയ എന്ന രക്താര്‍ബുദത്തിന്റെ ചികിത്സയ്ക്കായി ഇമാറ്റിനിബ് മെസിലേറ്റ് (Imatinib Mesylate) എന്ന അടിസ്ഥാന രാസവസ്തു ഉപയോഗിച്ച് നൊവാര്‍ട്ടിസ് നിര്‍മ്മിക്കുന്ന മരുന്നാണ് ഗ്ലീവക്ക്. നൊവാര്‍ട്ടിസിനു പുറമേ ഇന്ത്യന്‍ കമ്പനികളായ നാറ്റ്കോ, സിപ്ലാ, ഹെട്ടറോ എന്നീ കമ്പനികളും ഇമാറ്റിനിബ് മെസിലേറ്റ് വിലകുറഞ്ഞ ജനറിക്ക് ഔഷധമായി വിറ്റുവരുന്നുണ്ട്. ഇന്ത്യന്‍ നിര്‍മിതി മരുന്നിന്റെ പത്തിരട്ടി വിലയ്ക്കാണ് നൊവാര്‍ട്ടിസ് തങ്ങളുടെ ബ്രാന്‍ഡ് മരുന്നു വില്‍ക്കുന്നത്. ഒരു മാസത്തെ ചികിത്സയ്ക്ക് ഇന്ത്യന്‍ കമ്പനികളുടെ മരുന്ന് വാങ്ങാന്‍ 10,000 രൂപ വേണ്ടിവരും. അതേസമയം നൊവാര്‍ട്ടിസിന്റെ ഗ്ലീവക്ക് ഉപയോഗിച്ചാല്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവിടേണ്ടിവരും തങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഗ്ലീവക്ക് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകളില്‍ നിന്നും വ്യത്യസ്തമായ പുതിയ മരുന്നാണെന്ന് അവകാശപ്പെട്ട് പേറ്റന്റിനായി നൊവാര്‍ട്ടിസ് ചെന്നൈയിലെ പേറ്റന്റ് ഓഫീസില്‍ അപേക്ഷനല്‍കി. ഗ്ലീവക്ക് കൂടുതല്‍ ചികിത്സാക്ഷമതയുള്ള ഇമാറ്റിനിബ് മെസിലേറ്റിന്റെ ബീറ്റാ ക്രിസ്റ്റല്‍ ഫോമിലുള്ളതാണെന്നും ഇന്ത്യന്‍ കമ്പനികളുടേത് ചികിത്സാക്ഷമത കുറഞ്ഞ ഫ്രീ ബേസ് ഫോമിലുള്ളതാണെന്നും പേറ്റന്റപേക്ഷയില്‍ നൊവാര്‍ട്ടിസ് അവകാശപ്പെട്ടു. ജൈവലഭ്യത  തങ്ങളുടെ മരുന്നിന്റെ ഫലസിദ്ധി മറ്റ് ഔഷധങ്ങളേക്കാള്‍30 ശതമാനം കൂട്ടുന്നതാണെന്നും നൊവാര്‍ട്ടിസ് വാദിച്ചു. പേറ്റന്റ് അനുവദിക്കുന്നതിനു മുന്‍പുള്ള എതിര്‍പ്പവകാശം  പ്രയോജനപ്പെടുത്തി ഇമാറ്റിനിബ് മെസിലേറ്റിന്റെ ജനറിക്ക് ഉല്പാദകരിലൊന്നായ ഹൈദരാബാദിലെ നാറ്റ്കോ കമ്പനി നൊവാര്‍ട്ടിസിന്റെ അവകാശവാദം ശാസ്ത്രീയമായി നിലനില്‍ക്കുന്നതല്ലെന്ന് പേറ്റന്റ് കണ്‍ട്രോളറെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് നൊവാര്‍ട്ടിസിന്റെ അപേക്ഷ പേറ്റന്റ് നിയമത്തിലെ 3 (ഡി) വകുപ്പ് പ്രയോഗിച്ച് പേറ്റന്റ് കണ്‍ട്രോളര്‍ തള്ളിക്കളഞ്ഞു.

3(ഡി) വകുപ്പിനെതിരെ

തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയ്ക്കും ട്രിപ്സ് നിബന്ധനകള്‍ക്കും എതിരായതുകൊണ്ട് 3(ഡി) വകുപ്പ് റദ്ദാക്കണമെന്ന പുതിയൊരു വാദവുമായി നൊവാര്‍ട്ടിസ് ചെന്നൈ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ചെന്നൈ കോടതി നൊവാര്‍ട്ടിസിന്റെ വാദം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുകയാണുണ്ടായത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിയമനിര്‍മാണം നടത്തുന്നതിനുള്ള രാജ്യത്തിന്റെ പരമാധികാരത്തെയാണ് നൊവാര്‍ട്ടിസ് യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്തത്.

ആരാണ് നൊവാര്‍ട്ടിസ്?

12000 കോടി ഡോളര്‍ ആസ്തിയും (ആറ് ലക്ഷം കോടി രൂപ) 5856 കോടി ഡോളറിന്റെ (മൂന്നു ലക്ഷം കോടി രൂപ) വാര്‍ഷിക വില്പനയുമുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഔഷധകമ്പനിയാണ് നൊവാര്‍ട്ടിസ്. സിബാ ഗീഗി , സാന്‍ ഡോസ് ലാബറട്ടറീസ് എന്നീ സ്വിസ്സ് കമ്പനികള്‍ തമ്മില്‍ ലയിച്ചാണ് 1996ല്‍ നൊവാര്‍ട്ടിസ് രൂപീകൃതമായത്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്കായി ബ്രിട്ടീഷ് സ്വിസ് കമ്പനിയായ ആസ്ട്ര സെനക്കായുമായി ചേര്‍ന്ന് സിന്‍ ജെന്റ എന്നപേരിലൊരു കമ്പനി നൊവാര്‍ട്ടിസ് 2000 ല്‍ സ്ഥാപിച്ചു. 2006 ല്‍ അമേരിക്കന്‍ ഔഷധകമ്പനിയായ ചിറോണ്‍ കോര്‍പ്പറേഷനേയും  2010ല്‍ നേത്രഔഷധങ്ങള്‍ ഉല്പാദിപ്പിക്കുന്ന ആല്‍ക്കന്‍ എന്ന സ്വിസ്സ് കമ്പനിയേയും വിലക്കെടുത്തു.അങ്ങനെ വലിയൊരു വ്യവസായ സാമ്രാജ്യമാണ് നൊവാര്‍ട്ടിസ് കെട്ടിപ്പടുത്തിട്ടുള്ളത്. സിബാഗീഗിയെന്ന ബഹുരാഷ്ട്ര രാക്ഷസന്‍ ചരിത്രപരമായി നോക്കുമ്പോള്‍ നൊവാര്‍ട്ടിസിനു സുപ്രീംകോടതിയില്‍ നേരിട്ട തിരിച്ചടി കാവ്യനീതിയായും ചരിത്രത്തിന്റെ ആവര്‍ത്തനമായും വിശേഷിപ്പിക്കാവുന്നതാണ്. അപകടകാരികളായ മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്തതിന്റെ പേരില്‍ ലോകവ്യാപകമായി അതിശക്തമായ ജനരോഷത്തെ നേരിട്ട സിബാഗീഗി തന്നെ നൊവാര്‍ട്ടിസിന്റെ മാതൃകമ്പനിയായത് യാദൃച്ഛികമല്ലെന്ന് വേണം കരുതാന്‍. ശിശുരോഗവിദഗ്ധനും ജനകീയാരോഗ്യ പ്രവര്‍ത്തകനുമായിരുന്ന ഡോ. ഒലി ഹാന്‍സണായിരുന്നു സ്വന്തം ജന്മനാട്ടില്‍ നിന്നുള്ള സ്വിസ് ബഹുരാഷ്ട്ര മരുന്നുകമ്പനിയായിരുന്ന സിബാഗീഗിയുടെ അധാര്‍മിക വിപണന തന്ത്രങ്ങള്‍ക്കെതിരെ ഐതിഹാസികമായ പോരാട്ടം നയിച്ചത്. സിബാ ഗീഗിയുടെ ലോകമെമ്പാടും വിറ്റുവന്നിരുന്ന ക്ലയോക്വിനോള്‍ അടങ്ങിയ എന്ററോവയോഫോം, മെക്സഫോം എന്നീ മരുന്നുകള്‍ അന്ധതയ്ക്കും കൈകാലുകളുടെ തളര്‍ച്ചയ്ക്കും കാരണമാവുന്ന സ്മോണ്‍ എന്ന രോഗത്തിനു ഇടയാക്കുന്നുവെന്നും കണ്ടെത്തിയത് ഒലി ഹാന്‍സണായിരുന്നു.

1960 കളുടെ ആരംഭത്തില്‍ ജപ്പാനില്‍ നിന്നാണ് സ്മോണ്‍ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 1970 കളോടെ 10,000 ത്തിലേറെ ജപ്പാന്‍കാര്‍ ഈ മാരകരോഗത്തിനടിപ്പെട്ട് ജീവച്ഛവങ്ങളായി മാറിക്കഴിഞ്ഞിരുന്നു. ഒരുതരം വൈറസ് രോഗം ബാധിക്കുന്നതുമൂലമാണ് സ്മോണ്‍ ഉണ്ടാവുന്നത് എന്നാണ് കരുതപ്പെട്ടിരുന്നത്. ഡോ. ഒലി ഹാന്‍സണ്‍ നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ് ക്ലയോക്വിനോലിന്റെ പാര്‍ശ്വഫലമായിട്ടാണ് സ്മോണ്‍ ഉണ്ടാവുന്നതെന്ന് കണ്ടെത്തിയത്. മാത്രമല്ല സിബാഗീഗി 1939 ല്‍ നേരിട്ട് നടത്തിയ പഠനങ്ങള്‍ ക്ലയോക്വിനോലിന്റെ അപകടസാധ്യതകള്‍ വെളിപ്പെടുത്തിയിരുന്നുവെന്ന വസ്തുതയും ഡോ. ഒലി ഹാന്‍സണ്‍ സിബാഗീഗിയുടെ കമ്പനിരേഖകളുടെ സഹായത്തോടെ വെളിപ്പെടുത്തി. ഇത് മറച്ച് വെച്ചുകൊണ്ടാണ് ലാഭക്കൊതിപൂണ്ട ഈ ബഹുരാഷ്ട്ര രാക്ഷസന്‍ തങ്ങളുടെ വിഷമരുന്ന് ലോകവ്യാപകായി വിറ്റുവന്നിരുന്നത്. സിബാഗീഗിക്കെതിരെ ഒലി ഹാന്‍സണ്‍ നടത്തിയ 8 വര്‍ഷം നീണ്ടുനിന്ന കോടതിയുദ്ധത്തിന്റെ അവസാനം 1978 ല്‍ പതിനായിരത്തിലേറെ സ്മോണ്‍ രോഗികള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരമായി സിബാഗീഗി നല്‍കണമെന്ന ചരിത്രപ്രസിദ്ധമായ വിധി കോടതി പ്രഖ്യാപിച്ചു. അതിനിടെ കാന്‍സര്‍ രോഗം ബാധിച്ച ഡോ. ഒലി ഹാന്‍സണ്‍ ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് ഓക്സിഫെന്‍ ബൂട്ടസോണ്‍  അടങ്ങിയ സിബാഗീഗിയുടെ ടാന്‍ണ്ടെറില്‍ എന്ന മരുന്നിന്റെ ഗുരുതരമായ പാര്‍ശ്വഫല സാധ്യതകള്‍ വെളിച്ചത്ത് കൊണ്ടുവന്നു. ടാന്‍ണ്ടെറില്‍ ലോകമാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കാന്‍ സിബാഗീഗി നിര്‍ബന്ധിതരായി.

സിബാഗീഗിയെന്ന ഭീമന്‍ ഗോലിയാത്തിനെ മുട്ടുകുത്തിച്ച ഡേവിഡായി വിശേഷിപ്പിക്കപ്പെടുന്ന ഡോ. ഒലി ഹാന്‍സണ്‍ 1985 മെയ് 24 ന് മരണമടഞ്ഞു. ഇന്നും ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ ചൂഷണത്തിനെതിരെ ലോകമെമ്പാടും പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മുഖ്യ പ്രചോദന കേന്ദ്രമാണ് ഡോ. ഒലി ഹാന്‍സണ്‍. സിബാഗീഗിയുടെ അധാര്‍മ്മിക വിപണന തന്ത്രങ്ങള്‍ തുറന്നുകാട്ടുന്ന ഒലി ഹാന്‍സണിന്റെ ഇന്‍സൈഡ് സിബാഗീഗി (Inside Ciba Geigy) എന്ന പുസ്തകം ശാസ്ത്രസാഹിത്യ പരിഷത്ത് രോഗം വില്‍ക്കുന്നവര്‍ക്കെതീരെ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തങ്ങളുടെ മാതൃകമ്പനിയായ സിബാഗീഗിയുടെ മനുഷ്യത്വരഹിതമായ വിപണന തന്ത്രങ്ങള്‍ നൊവാര്‍ട്ടിസ് പിന്തടര്‍ന്നു വരുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ഔഷധ ഗവേഷണത്തിലെ തട്ടിപ്പുകള്‍ കേസില്‍ തോറ്റുകഴിഞ്ഞപ്പോള്‍ നവീന ഔഷധങ്ങള്‍ ഗവേഷണം ചെയ്ത് മാര്‍ക്കറ്റിലെത്തിക്കാന്‍ വന്‍ചെലവും കാലയളവും വേണ്ടി വരുമെന്നും അതുകൊണ്ട് ഔഷധ ഗവേഷണത്തിനുള്ള പ്രോത്സാഹനമായി ഉദാരമായ പേറ്റന്റ് വ്യവസ്ഥയും ചെലവിന്റെ അടിസ്ഥാനത്തില്‍ മരുന്നിന് വിലനിശ്ചയിക്കാനുള്ള കമ്പനികളുടെ അവകാശവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും വാദിച്ചുകൊണ്ട് നൊവാര്‍ട്ടിസും മറ്റു ബഹുരാഷ്ട്ര കുത്തക മരുന്നുകമ്പനികളും രംഗത്ത് വന്നിരിക്കുകയാണ്. ഔഷധ ഗവേഷണത്തിലൂടെയാണ് നിലവിലുള്ള മരുന്നുകളേക്കാള്‍ മെച്ചപ്പെട്ട മരുന്നുകളും പുതുതായി ഉയര്‍ന്നുവരുന്ന രോഗങ്ങള്‍ ചികിത്സിക്കുന്നതിനാവശ്യമായ ഔഷധങ്ങളും കണ്ടെത്തേണ്ടത് എന്ന വാദം ശരിയാണ്. ട്രിപ്സ് പേറ്റന്റ് നിബന്ധനകള്‍ സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നത് പ്രധാനമായും ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തിലാണ് ഔഷധ ഗവേഷണത്തിന്റെ വിവിധ വശങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായ പരിശോധനയ്ക്കും വിലയിരുത്തലിനും വിധേയമാക്കപ്പെട്ടുവരുന്നത്. അതോടെ മുന്‍ കാലങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഔഷധ ഗവേഷണരംഗത്തെ തട്ടിപ്പുകളും അടിയൊഴുക്കുകളും പ്രശ്നങ്ങളും അതോടൊപ്പം പുത്തന്‍ സാധ്യതകളും വെളിച്ചത്ത് വന്നു തുടങ്ങിയിട്ടുമുണ്ട്.

ഇമാറ്റിനിബിന്റെ ഗവേഷണത്തിനു പിന്നില്‍ ഓറിഗണ്‍ ഹെല്‍ത്ത് ആന്റ് സയന്‍സ് സര്‍വകലാശാലയിലെ ഡോ ബ്രിയാന്‍ ഡ്രക്കര്‍ എന്ന ശാസ്ത്രജ്ഞനാണ് 1993 ല്‍ ഇമാറ്റിനിബ് മെസിലേറ്റ് അര്‍ബുദചികിത്സയ്ക്കായി പ്രയോജപ്പെടുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്ന് കണ്ടെത്തിയത്. ഡ്രക്കറിന് ഔഷധ പരീക്ഷണം നടത്തുന്നതിനുള്ള ചെലവിന്റെ 50 ശതമാനവും നല്‍കിയത് പൊതു സ്ഥാപനമായ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു. ഓറിഗണ്‍ ഹെല്‍ത്ത് ആന്റ് സയന്‍സ് സര്‍വകലാശാല 10 ശതമാനവും കാന്‍സര്‍ രോഗികളുടെ സന്നദ്ധ സംഘടനയായ ലുക്കീമിയ ആന്റ് ലിംഫോമ സൊസൈറ്റി 30 ശതമാനവും ചെലവ് വഹിച്ചു. നൊവാര്‍ട്ടിസിന്റെ മാതൃ കമ്പനിയായ സിബാഗീഗി കേവലം 10 ശതമാനം ചെലവ് മാത്രമാണ് വഹിച്ചതെന്നോര്‍ക്കണം.

പിന്നീട് നൊവാര്‍ട്ടിസായി മാറിയ കമ്പനി മനുഷ്യപരീക്ഷണത്തിനായുള്ള ചെലവ് വഹിച്ചിരുന്നുവെന്നത് ശരിതന്നെ. അപ്പോഴും രണ്ടു ലക്ഷത്തില്‍ കുറവാളുകളെ ബാധിക്കുന്ന രോഗങ്ങളുടെ (ഇത്തരം മരുന്നിനെ രോഗങ്ങള്‍ക്കുള്ള അനാഥമരുന്ന്: Orphan Drug എന്നാണ് വിളിക്കുക) ഗവേഷണത്തിനായുള്ള നികുതിയിളവുകള്‍ നൊവാര്‍ട്ടിസിന് വളരെ ഉദാരമായി സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു. പുതിയൊരു മരുന്ന് മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളിലും വെള്ളം ചേര്‍ത്തിട്ടാണ് അമേരിക്കന്‍ എഫ് ഡി ഐ ഗ്ലീവക്ക് വിപണനം ചെയ്യുന്നതിനുള്ള അനുമതിനല്‍കിയത്. 2667 പേരില്‍ മൂന്നു ഘട്ടങ്ങളിലായി പരീക്ഷണം നടത്തേണ്ട സ്ഥാനത്ത് ഗ്ലീവക്ക് കേവലം 1027 പേരെ മാത്രമാണ് ഔഷധ പരീക്ഷണത്തിന് വിധേയരാക്കിയത്. പുതിയ ഔഷധം മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള അനുമതി കിട്ടാന്‍ വളരെ നാള്‍ വേണ്ടിവരും എന്ന നൊവാര്‍ട്ടിസിന്റെ വാദത്തിലും കഴമ്പില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. 1998 ല്‍ മാത്രമാണ് നൊവാര്‍ട്ടിസ് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചത്. എന്നാല്‍ കേവലം മൂന്നു വര്‍ഷത്തിനകം 2001ല്‍ തന്നെ മരുന്ന് മാര്‍ക്കറ്റ് ചെയ്യാന്‍ എഫ് ഡി ഐ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) അനുമതി നല്‍കുകയും ചെയ്തു.

ചുരുക്കത്തില്‍ സര്‍ക്കാര്‍ഫണ്ടുപയോഗിച്ചും എഫ് ഡി ഐ യുടെ ഉദാരമായ സമീപനത്തിന്റെ സഹായത്തോടേയുമാണ് ഗ്ലീവക്ക് നൊവാര്‍ട്ടിസ് മാര്‍ക്കറ്റ് ചെയ്തതെന്ന് കാണാന്‍ കഴിയും. മാത്രവുമല്ല ഗ്ലീവക്കിന്റെ വില്പനയിലൂടെ ഇതിനകം നൊവാര്‍ട്ടിസ് 290 കോടി ഡോളര്‍ (15,000 കോടി രൂപ) സമ്പാദിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ദുരതീരാത്ത ഈ ബഹുരാഷ്ട്ര ഭീമന്‍ ഇന്ത്യന്‍ പാര്‍ലമെന്റംഗീകരിച്ച നിയമത്തെയാണ് ഇന്ത്യന്‍ കോടതികളില്‍ ചോദ്യം ചെയ്തത്. ഗവേഷണം പൊതുസ്ഥാപനങ്ങളില്‍ പൊതുവേ കരുതപ്പെടുന്നതുപോലെ ഔഷധഗവേഷണം നടക്കുന്നത് ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ നേതൃത്വത്തില്‍ മാത്രമാണെന്ന ധാരണയും ശരിയല്ല. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തുടങ്ങിയ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളും അമേരിക്കന്‍ സര്‍വകലാശാലകളുമാണ് ഒട്ടനവധി നവീന ഔഷധങ്ങള്‍ ഗവേഷണം ചെയ്ത് കണ്ടെത്തിയിട്ടുള്ളത്.ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ ബീറ്റാബ്ലോക്കേഴ്സ്, ആമാശയവ്രണത്തിനുപയോഗിക്കുന്ന എച്ച് 2 ബ്ലോക്കേഴ്സ്, സ്തനാര്‍ബുദത്തിനുള്ള ടാക്സോള്‍, എയ്ഡ്സിനുള്ള സിഡോവുഡിന്‍ തുടങ്ങിയവ ഇത്തരം സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത മരുന്നുകളാണ്. ഔഷധ പരീക്ഷണത്തിന്റേയും മറ്റും ഘട്ടത്തില്‍ മരുന്നുകമ്പനികളുമായി ഗവേഷണസ്ഥാപനങ്ങള്‍ സഹകരിക്കാറുണ്ടെന്നു മാത്രം. ഇതുമറയാക്കി ഔഷധങ്ങള്‍ക്ക് മാര്‍ക്കറ്റ് ചെയ്യാനുള്ള ലൈസന്‍സ് നേടിയോ പേറ്റന്റ് സ്വന്തമാക്കിയോ വന്‍ ലാഭം കൊയ്തെടുക്കുന്നു. നൊവാര്‍ട്ടിസ് കേസിന്റെ പ്രസക്തി നൊവാര്‍ട്ടിസ് സുപ്രീംകോടതിയിലെ കേസില്‍ വിജയിച്ച് 3 (ഡി) വകുപ്പ് റദ്ദായിരുന്നെങ്കില്‍ ഇന്ത്യയില്‍ മാത്രമല്ല മറ്റ് നിരവധി രാജ്യങ്ങളിലും ഔഷധമേഖല പ്രതിസന്ധിയിലാവുമായിരുന്നു.

3 (ഡി) വകുപ്പിന്റെ ബലത്തില്‍ നിരവധി പേറ്റന്റ് അപേക്ഷകള്‍ ഇന്ത്യന്‍ പേറ്റന്റ് ഓഫീസ് നിരസിച്ചിട്ടുണ്ട്. കേസില്‍ നോവാര്‍ട്ടിസ് വിജയിച്ചിരുന്നെങ്കില്‍ പൊതുജനാരോഗ്യമേഖലയില്‍ സാര്‍വദേശീയമായി വലിയ പ്രത്യാഘാതം ഉണ്ടാകുവാന്‍ സാധ്യതയുണ്ടായിരുന്നു. നിരസിക്കപ്പെട്ട നിരവധി പേറ്റന്റുകള്‍ പലരാജ്യങ്ങള്‍ക്കും വീണ്ടും അനുവദിക്കേണ്ടിവരും. 3 (ഡി) വകുപ്പ് മൂലം പേറ്റന്റ് അപേക്ഷനല്‍കാന്‍ മടിച്ചുനില്‍ക്കുന്ന പല വന്‍മരുന്നുകമ്പനികളും തങ്ങളുടെ നിലവിലുള്ള മരുന്നുകളില്‍ നിന്നും യാതൊരു മികവുമില്ലാത്ത മരുന്നുകള്‍ക്ക് പേറ്റന്റ് സമ്പാദിച്ച് ഭീമമായ വിലയിട്ട് മാര്‍ക്കറ്റ് ചെയ്യും. ഔഷധവില ഇനിയും കുതിച്ചുയരും. തന്ത്രങ്ങള്‍ മാറുന്നു: ശക്തമായ പോരാട്ടം തുടരണം ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ പ്രചരണ പരിപാടികളിലൂടെയും പുസ്തക പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ഔഷധങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴിയും മറ്റും പൊതുസമൂഹത്തിന് ലഭ്യമാവുകയും ചെയ്തതോടെ മരുന്നുകമ്പനികളുടെ ചൂഷണ തന്ത്രങ്ങളില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.

അവശ്യമരുന്നുകള്‍ വിലകൂട്ടി വില്‍ക്കുക, ആവശ്യമില്ലാത്ത അവസരങ്ങളിലും അവ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാരെ പ്രീണിപ്പിച്ച് പ്രേരിപ്പിക്കുക, ഔഷധ കുത്തക നിലനിര്‍ത്തുന്നതിനായി പേറ്റന്റ് അധികാരം പ്രയോഗിക്കുക, അതിനായി ലോകവ്യാപാരസംഘടന, ലോക ബൗദ്ധികസ്വത്തവകാശ സംഘടന തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ വഴി ലോകരാഷ്ട്രങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തുക, മൂന്നാം ലോകരാജ്യങ്ങളിലെ ഔഷധകമ്പനികള്‍ വിലക്കെടുത്ത് സ്വന്തമാക്കുക തുടങ്ങി വളരെ സങ്കീര്‍ണങ്ങളായ അടവുകളും തന്ത്രങ്ങളുമാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇപ്പോള്‍ പ്രയോഗിച്ച് വരുന്നത്.

നൊവാര്‍ട്ടിസ് കേസിലെ വിധി സ്വാഗതാര്‍ഹമാണെങ്കിലും അതുകൊണ്ട് മാത്രം ഇന്ത്യന്‍ ഔഷധമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിച്ച് അവശ്യമരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാനാവില്ല. നേരത്തെ മലയാളികൂടിയായ പി എച്ച് കുര്യന്‍ പേറ്റന്റ് കണ്‍ട്രോളര്‍ ആയിരുന്ന അവസരത്തില്‍ ജര്‍മന്‍ കമ്പനിയായ ബേയറുടെ വിലകൂടിയ മരുന്നിനു പകരമായി കുറഞ്ഞ വിലയ്ക്ക് മരുന്നുല്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനിയായ നാറ്റ്കോക്ക് നിര്‍ബന്ധിത ലൈസന്‍സ് പ്രകാരം അനുവാദം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ വകുപ്പുപയോഗിച്ച് കൂടുതല്‍ മരുന്നുകള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അതിനിടെ മരുന്നുവില ഇനിയും കുത്തനെ ഉയര്‍ത്താന്‍ സാധ്യതയുള്ള കമ്പോളാധിഷ്ഠിത വിലനിശ്ചയിക്കല്‍ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയുമാണ്. ഈ സാഹചര്യത്തില്‍ നൊവാര്‍ട്ടിസ് കേസിലെ വിജയത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട്, കൂടുതല്‍ ജനവിഭാഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട്, മരുന്നുകമ്പനികളുടെ പുതിയ തന്ത്രങ്ങള്‍ മനസ്സിലാക്കികൊണ്ടുള്ള കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ക്കായി ജനകീയ ആരോഗ്യപ്രസ്ഥാനങ്ങള്‍ തയ്യാറാവേണ്ടിയിരിക്കുന്നു.

*
ഡോ. ബി ഇക്ബാല്‍ ചിന്ത വാരിക

No comments: