Friday, April 12, 2013

വിജയമുറപ്പിച്ച് മഡുറോ

വെനസ്വേലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷം വെനസ്വേലയെ ധീരോദാത്തമായ നിലയില്‍ നയിക്കുകയും സ്വന്തം രാജ്യത്തെ, ലോകമനഃസാക്ഷിക്കുമുമ്പില്‍ പ്രതിഷ്ഠിക്കുകയും ചെയ്ത അതിപ്രഗത്ഭനായ ഭരണാധികാരി ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തെതുടര്‍ന്നാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ക്യാന്‍സര്‍ ബാധിതനായി ശയ്യാവലംബിയായിരിക്കെയാണ് 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഷാവേസ് വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടനാപരമായി വൈസ് പ്രസിഡന്റുപദം വഹിച്ചിരുന്ന നിക്കൊളാസ് മഡുറോ മോര്‍സ് ഇപ്പോള്‍ ആക്ടിങ് പ്രസിഡന്റും യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് വെനസ്വേലയുടെ സ്ഥാനാര്‍ഥിയുമാണ്. പ്രസിഡന്റുസ്ഥാനത്തേക്ക് ഏഴുപേര്‍ മത്സരിക്കുന്നുണ്ടെങ്കിലും പ്രധാന എതിരാളി കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷാവേസിനെതിരെ മത്സരിച്ച ഹെന്റിക് കാപ്രിലോസാണ്. എക്കാലത്തും ഷാവേസിനെതിരെയുള്ള ഗൂഢാലോചനകള്‍ക്കും അട്ടിമറിശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയ സാമ്രാജ്യത്വത്തിന്റെ അരുമസന്താനമാണ് കാപ്രിലോസ്.

വെനസ്വേലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തയാണ്. അഭിപ്രായസര്‍വേകളില്‍ നിക്കൊളാസ് മഡുറോയ്ക്ക് 49.5 ശതമാനംമുതല്‍ 55 ശതമാനംവരെ വോട്ട് കണക്കാക്കുമ്പോള്‍, കാപ്രിലോസിന് 36 ശതമാനംവരെ വോട്ട് ലഭിക്കുമെന്നാണ് സൂചന. എന്നാല്‍, സാമ്രാജ്യത്വപക്ഷപാതികളായ ചില മാധ്യമ വിശകലനക്കാര്‍ കാപ്രിലോസിന് വിജയിച്ചുവരാനുള്ള നേരിയ സാധ്യത വിലയിരുത്തിയുള്ള പംക്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മഡുറോയുടെ തെരഞ്ഞെടുപ്പുപ്രചാരണങ്ങളിലും വ്യത്യസ്തത പ്രകടമാണ്. ബസ് ഡ്രൈവറായിരുന്ന അദ്ദേഹം സ്വന്തമായി ബസ് ഓടിച്ചാണ് പല സ്ഥലങ്ങളിലും പ്രചാരണം നടത്തുന്നത്. നിക്കൊളാസ് മഡുറോ കാരക്കാസിലാണ് ജനിച്ചത്. ഹൈസ്കൂള്‍ പഠനകാലത്ത്് വിദ്യാര്‍ഥിസംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചു. ബസ് ഡ്രൈവറായി ജോലി സ്വീകരിച്ച നിക്കൊളാസ്, മോട്ടോര്‍തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ നേതാവായി ഉയര്‍ന്നു. രാഷ്ട്രീയത്തില്‍ ഷാവേസിന്റെ ഉറ്റ സഖാവായി. 2006ല്‍ അദ്ദേഹം ഷാവേസിന്റെ മന്ത്രിസഭയില്‍ വിദേശമന്ത്രിയായി പ്രവര്‍ത്തിച്ചു. 2012ല്‍ വൈസ് പ്രസിഡന്റായി. അദ്ദേഹത്തിന്റെ ഭാര്യ സീലിയ ഫ്ളോറസ് യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടിയിലെ അറിയപ്പെടുന്ന പ്രവര്‍ത്തകയും പ്രസിദ്ധ അഭിഭാഷകയുമാണ്. ഷാവേസ് 14 വര്‍ഷം അധികാരത്തിലിരുന്ന കാലഘട്ടം വെനസ്വേലയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി.

അമേരിക്കന്‍ എണ്ണക്കമ്പനികളെല്ലാം ദേശസാല്‍ക്കരിച്ചു. 30 ലക്ഷം ഹെക്ടര്‍ ഭൂമി കൃഷിക്കാര്‍ക്ക് വിതരണംചെയ്തു. നഗര- ഗ്രാമ വ്യത്യാസം കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. ക്യൂബയുടെ സഹായത്തോടെ ആരോഗ്യരംഗത്ത് വമ്പിച്ച പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. വെനസ്വേലയിലെ നിരക്ഷരത നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ യുനെസ്കോ പ്രശംസിച്ചു. 14 വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവരുടെ എണ്ണം 49.8 ശതമാനത്തില്‍നിന്ന് 26.5 ശതമാനത്തിലേക്ക് എത്തിച്ചു. ലോക രാഷ്ട്രീയമണ്ഡലത്തില്‍ വെനസ്വേലയെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞു. ഹ്യൂഗോ ഷാവേസിന്റെ സോഷ്യലിസ്റ്റ് നടപടികളെ, 96 ശതമാനം വരുന്ന കത്തോലിക്കരില്‍ ഭൂരിപക്ഷവും അനുകൂലിക്കുന്നതായാണ് കാണുന്നത്. നിക്കൊളാസ് മഡുറോ ഷാവേസിന്റെ എല്ലാ നിലപാടുകളെയും പിന്തുണയ്ക്കുകയും അദ്ദേഹം തെളിച്ച സോഷ്യലിസത്തിന്റെ പാതയിലൂടെ മുന്നോട്ടുപോകുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്യൂഗോ ഷാവേസിനെ ആധുനിക വെനസ്വേലയുടെ നായകനാക്കിയ വെനസ്വേലന്‍ ജനത, അദ്ദേഹത്തിന്റെ ശിഷ്യനായ നിക്കൊളാസ് മഡുറോ മോര്‍സിനെ പ്രസിഡന്റുപദവിയില്‍ എത്തിക്കുമെന്നത് സുനിശ്ചിതം.

*
കെ ജെ തോമസ് ദേശാഭിമാനി 12 ഏപ്രില്‍ 2013

No comments: