Sunday, April 28, 2013

ഇന്ദിരാഗാന്ധി കുടുംബം: ഇടപാടുകളിലെ ഇടനിലക്കാര്‍

വിദേശ കമ്പനികളുമായുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇടപാടുകളില്‍ ഇന്ദിരാഗാന്ധിയുടെ കുടുംബത്തിലെ അംഗങ്ങള്‍ കാലാകാലങ്ങളില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നത് പുതിയ വാര്‍ത്തയൊന്നുമല്ല. ബൊഫോഴ്സ് അടക്കം നിരവധി ഇടപാടുകളില്‍ ഇന്ദിരാഗാന്ധിയുടെ കുടുംബാംഗങ്ങളോ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ പങ്കു വഹിച്ചു. ബൊഫോഴ്സ് കേസിലെ പ്രതിയായ ഒട്ടാവിയോ ക്വട്ട്റോച്ചിയെ രക്ഷപ്പെടുത്താന്‍ സോണിയാഗാന്ധിയും മറ്റും വഹിച്ച പങ്കും രഹസ്യമല്ല. ഈ ഇടപാടു പരമ്പരകള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ ഏറ്റവും ഒടുവിലത്തേതാണ് "കിസിഞ്ചര്‍ കേബിള്‍സ്" എന്ന അമേരിക്കന്‍ രഹസ്യരേഖകളില്‍ നിന്ന് ലഭിച്ചത്. വിക്കിലീക്ക്സ് ശേഖരിച്ച ഈ രേഖകള്‍ "ദി ഹിന്ദു" പത്രവുമായ അവര്‍ ഉണ്ടാക്കിയ ധാരണപ്രകാരം പത്രം അവ പ്രസിദ്ധീകരിച്ചതിലൂടെ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ മറ്റൊരു ഇടപാട് കൂടി പുറത്തുവന്നിരിക്കുന്നു.

1984ലാണ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അതിനുമുമ്പ് അദ്ദേഹം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു. അധികാരസ്ഥാനങ്ങളില്‍ നിന്നെല്ലാം അകന്നുനിന്നാണ് രാജീവ്ഗാന്ധി തന്റെ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ഔദ്യോഗികജീവിതം പൂര്‍ത്തിയാക്കിയതെന്നാണ് കരുതപ്പെട്ടിരുന്നത്്. അഴിമതിക്കറ പുരളാത്ത വ്യക്തിത്വം എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കേവലം യാത്രാവിമാന പൈലറ്റായ ഒരാള്‍ ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളില്‍ ഇടനിലക്കാരനായി സാങ്കേതിക ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. എഴുപതുകളില്‍ സ്വീഡിഷ് കമ്പനിയായ സബ്സ്കാനിയയില്‍ നിന്ന് വിഗ്ഗന്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് യാഥാര്‍ഥ്യമാക്കാന്‍ രാജീവ്ഗാന്ധിയായിരിക്കണം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് വിക്കിലീക്ക്സ് ശേഖരിച്ച "കിസിഞ്ചര്‍ കേബിള്‍സി"ല്‍ നിന്ന് ലഭിക്കുന്ന വിവരം. ഒടുവില്‍ അമേരിക്കയുടെ ഇടപെടല്‍ കാരണം സബ്സ്കാനിയക്ക് ഓര്‍ഡര്‍ ലഭിച്ചില്ല. പകരം ബ്രിട്ടീഷ് കമ്പനിയായ സെപെകാറ്റിന്റെ ജാഗ്വാര്‍ പോര്‍ വിമാനങ്ങള്‍ വിജയിച്ചു. അധികാരത്തിലെത്തുന്നതിനു മുമ്പുണ്ടായിരുന്നുവെന്ന് കരുതിയ "സംശുദ്ധ പ്രതിഛായ" 1984ല്‍ പ്രധാനമന്ത്രിയായി അധികാരസ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹത്തിന് നഷ്ടമായി. സ്വീഡിഷ് കമ്പനിയായ ബൊഫോഴ്സിന് തോക്കിടപാട് ശരിയാക്കി കൊടുത്തതില്‍ അധികാരസ്ഥാനം ദുരുപയോഗിച്ചുവെന്ന വസ്തുത പുറത്തായി. വലിയ കോളിളക്കമുണ്ടാക്കിയ ബൊഫോഴ്ച് ഇടപാട് 1989ല്‍ രാജീവ്ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി.

1974 മുതല്‍ 1976 വരെയുള്ള കാലയളവില്‍ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് അമേരിക്കയിലേക്ക് അയച്ച 41 കേബിള്‍ സന്ദേശങ്ങളിലാണ് രാജീവ്ഗാന്ധി എഴുപതുകളില്‍ തന്നെ അഴിമതി ഇടപാടുകളില്‍ മുഖ്യ കാര്‍മികനായിരുന്നുവെന്ന വിവരമുള്ളത്. 1975 ഒക്ടോബര്‍ 21ന് അയച്ച കേബിള്‍ സന്ദേശത്തില്‍ പറയുന്നു-""വിഗ്ഗന്‍ വിമാനങ്ങളുടെ ഇടപാട് സംബന്ധിച്ച ചര്‍ച്ചകളില്‍ മുഖ്യ ഇടനിലക്കാരന്‍ മിസിസ് ഗാന്ധിയുടെ മൂത്ത മകന്‍ രാജീവ് ഗാന്ധിയാണെന്ന് സ്വീഡിഷ് എംബസി ഉദ്യോഗസ്ഥന്‍ ഞങ്ങളെ അറിയിച്ചു. ഞങ്ങളുടെ അറിവില്‍ ഇദ്ദേഹത്തിന് വ്യോമയാന വ്യവസായവുമായുള്ള ഏക ബന്ധം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റാണെന്നതു മാത്രമാണ്. അദ്ദേഹത്തെ ഒരു സംരംഭകനെന്ന നിലയില്‍ ആദ്യമായാണ് ഞങ്ങള്‍ അറിയുന്നത്. മിറാഷ് വിമാനത്തിനു വേണ്ടി ഇടനിലക്കാരനായി വ്യോമസേനാ മേധാവിയുടെ മരുമകനാണ് രംഗത്തുള്ളത്. ബ്രിട്ടീഷുകാരെ സംബന്ധിച്ചുള്ള മുന്‍വിധികള്‍ കാരണം ജാഗ്വാര്‍ വിമാനങ്ങള്‍ വാങ്ങേണ്ടെന്ന് ഇന്ദിരാഗാന്ധി വ്യക്തിപരമായ തീരുമാനമെടുത്തെന്നാണ് സ്വീഡിഷുകാര്‍ പറയുന്നത്. മിറാഷ്, വിഗ്ഗന്‍ വിമാനങ്ങള്‍ തമ്മിലായിരിക്കും മത്സരം. ലോക രാഷ്ട്രീയത്തില്‍ സ്വീഡന്റെ നിഷ്പക്ഷ നിലപാട് തങ്ങള്‍ക്ക് അനുകൂല ഘടകമാകുമെന്നും സ്വീഡിഷ് അധികൃതര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാതെ ഇന്ദിരാഗാന്ധി നേരിട്ട് ചര്‍ച്ചകളില്‍ ഇടപെടുന്നത് സ്വീഡിഷ് ഉദ്യോഗസ്ഥര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. വിമാനമൊന്നിന് 40-50 ലക്ഷം ഡോളര്‍ വച്ച് 50 വിഗ്ഗന്‍ വിമാനങ്ങള്‍ വില്‍ക്കുന്നതിനാണ് ഇടപാടെന്ന് സ്വീഡിഷ് എംബസി ഉദ്യോഗസ്ഥര്‍ പറയുന്നു. മേലില്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനമെടുത്തതായും സ്വീഡന്‍ വിശ്വസിക്കുന്നു"".

1976 ഫെബ്രുവരി ആറിന് അയച്ച മറ്റൊരു കേബിളില്‍ പറയുന്നു, "ഇന്ത്യന്‍ വ്യോമസേനക്ക് വിഗ്ഗന്‍ വിമാനങ്ങള്‍ വില്‍ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സ്വീഡിഷുകാര്‍ ഒരിക്കല്‍കൂടി പ്രതീക്ഷയിലാണ്. സബ്സ്കാനിയ കമ്പനിയുടെ സെയില്‍സ് മാനേജരും സ്വീഡിഷ് വ്യോമസേനയുടെ മുന്‍ ആക്ടിങ് കമാന്‍ഡര്‍ കൂടിയായ ചീഫ് ടെക്നിക്കല്‍ അഡൈ്വസറും ഇന്ത്യന്‍ മേധാവികളുമായി ചര്‍ച്ചക്ക് പത്ത് ദിവസം മുമ്പ് ഡല്‍ഹിയില്‍ എത്തി. പുതിയ ഇന്ത്യന്‍ പ്രതിരോധമന്ത്രിയെയും പുതിയ വ്യോമസേനാ മേധാവിയെയും ആവശ്യമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സബ്സ്കാനിയ മുഖ്യ സാങ്കേതിക ഉപദേഷ്ടാവ് ഇന്ത്യയില്‍ തങ്ങുകയാണ്. പുതിയ വിഗ്ഗന്‍ വിമാനങ്ങള്‍ പറത്തിനോക്കാനായി ഇന്ത്യന്‍ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റിനെ സ്വീഡനിലേക്ക് അയക്കുമെന്ന് സ്വീഡിഷ് അധികൃതര്‍ പ്രതീക്ഷിക്കുന്നു. മുമ്പ് നിര്‍മിച്ച വിഗ്ഗന്‍ വിമാനങ്ങളുടെ ചിറകിന്റെ കുഴപ്പം മൂലം അവ പിന്‍വലിക്കേണ്ടിവന്നതിനെക്കുറിച്ച് നല്‍കിയ വിശദീകരണം ഇന്ത്യന്‍ അധികൃതര്‍ സ്വീകരിച്ചുവെന്നും സ്വീഡന്‍കാര്‍ പറഞ്ഞിട്ടുണ്ട്. വിമാനത്തിന്റെ ആയുസ്സിനെപ്പറ്റി ഇന്ത്യക്കാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. രണ്ടായിരാമാണ്ട് വരെ വിമാനം ഉപയോഗിക്കാന്‍ കഴിയും. ഇന്ത്യയില്‍ തന്നെ വിമാനത്തിന്റെ ചട്ടക്കൂട് നിര്‍മിക്കാനും എഞ്ചിന്റെ ചില ഭാഗങ്ങളും ഭാവിയില്‍ നിര്‍മിക്കാന്‍ കഴിയും. എന്നാല്‍ വിമാനത്തിന്റെ നിയന്ത്രണ സംവിധാനമായ ഇലക്ട്രോണിക്സ് പ്രയോഗമായ "ഏവിയോണിക്സ്" സ്വീഡന്‍ തന്നെയായിരിക്കും നല്‍കുക.

ബ്ലാക്ക്ബോക്സില്ലാതെ വിഗ്ഗന്‍ വിമാനങ്ങള്‍ വില്‍ക്കാനാവില്ലെന്നാണ് സ്വീഡന്റെ നിലപാട്. ഉയര്‍ന്ന വിലയാണ് മറ്റൊരു പ്രതികൂല ഘടകം. ഇന്ത്യയില്‍ നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ സ്വീഡനിലേക്ക് ഇറക്കുമതി ചെയ്യാനുള്ള സാധ്യതകളും പരിഗണിക്കുന്നു. സ്വീഡിഷ് വിദേശമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കയാണ്. വിമാനങ്ങള്‍ കടമായി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം നിലനില്‍ക്കുന്നുണ്ട്. അത് സ്വീഡന്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നാണ് തോന്നുന്നത്. എന്നാല്‍ സ്വീഡിഷ് വിദേശമന്ത്രിക്ക് ഏതു വിധേനയും വിമാന ഇടപാട് നടത്തണമെന്നുണ്ട്. അതിന് എന്തൊക്കെ സൗജന്യങ്ങളാണ് സ്വീഡന്‍ പരിഗണിക്കുന്നതെന്ന വിവരം അവര്‍ നല്‍കിയിട്ടില്ല". ഒരു യാത്രാ വിമാനത്തിന്റെ പൈലറ്റിനോട് പോര്‍വിമാനത്തിന്റെ സാങ്കേതികതകളെക്കുറിച്ച് വിശദീകരിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് സ്വീഡിഷ് അധികൃതര്‍ പറഞ്ഞതായും അമേരിക്കന്‍ കേബിളുകളില്‍ വിശദീകരിക്കുന്നുണ്ട്. ചര്‍ച്ചകള്‍ ഏറെ നടന്നെങ്കിലും വിഗ്ഗന്‍ വിമാന ഇടപാട് നടന്നില്ല. അമേരിക്ക ഇടപെട്ട് സ്വീഡനെ പിന്തിരിപ്പിക്കുകയായിരുന്നു. അമേരിക്കയുമായുള്ള സൈനിക സഹകരണത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്ന സ്വീഡന്‍ ഇന്ത്യയുമായുള്ള വിമാന ഇടപാടിന് പിന്നീട് താല്‍പര്യം കാട്ടിയില്ല. വിഗ്ഗന്‍ വിമാനത്തിലെ നിരവധി സാങ്കേതിക സംവിധാനങ്ങളും ഘടകങ്ങളും അമേരിക്ക നല്‍കിയിട്ടുള്ളതാണ്. അത് മൂന്നാമതൊരു രാജ്യത്തിന് ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് വിഗ്ഗന്‍ വിമാന ഇടപാട് അട്ടിമറിക്കാന്‍ അമേരിക്ക ഉപയോഗിച്ചത്. ഇന്ദിരാഗാന്ധി ആദ്യം വേണ്ടെന്നുവെച്ച ബ്രിട്ടീഷ് ജാഗ്വാര്‍ വിമാനങ്ങള്‍ തന്നെ പിന്നീട് ഇന്ത്യക്ക് വാങ്ങേണ്ടിവന്നു. സായുധസേനക്ക് ആവശ്യമായ ആയുധങ്ങളും വിമാനങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതില്‍ കേന്ദ്രഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും എങ്ങനെയാണ് കൈകടത്തിയിരുന്നതെന്ന് ബോധ്യപ്പെടുത്തുന്ന മറ്റൊരു വസ്തുതയാണ് വിക്കിലീക്ക്സ് വെളിപ്പെടുത്തിയിരിക്കുന്നത്.

അഴിമതി ഇടപാടുകള്‍ ഇന്ദിരാഗാന്ധി കുടുംബത്തിന് പുത്തരിയല്ല. ബൊഫോഴ്സ് തോക്കിടപാട് ലോകത്തെ ഏറ്റവും വലിയ അഴിമതിക്കഥകളിലൊന്നാണ്. തുകയുടെ വലുപ്പത്തില്‍ അതിനേക്കാള്‍ വലിയ അഴിമതി കോണ്‍ഗ്രസ് ഭരണകാലത്തു തന്നെ നടന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന 2 ജി സ്പെക്ട്രം അഴിമതി 1.76 ലക്ഷം കോടിയുടേതായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ കല്‍ക്കരി വകുപ്പിന്റെ ചുമതല കയ്യാളിയിരുന്ന സമയത്ത് നടന്ന കല്‍ക്കരിപ്പാടം വിതരണം ചെയ്യലില്‍ ഖജനാവിന് നഷ്ടമായത് പത്ത് ലക്ഷം കോടിയിലധികം രൂപയാണ്. രാജീവ്ഗാന്ധി അമ്മയുടെ തണലിലിരുന്നും പിന്നീട് സ്വന്തം നിലയില്‍ അധികാരസ്ഥാനത്തിരുന്നും അഴിമതിക്ക് ശ്രമിച്ചു. പ്രധാനമന്ത്രിയായിരിക്കെ അഴിമതി ഇടപാട് നടത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. 1986 മാര്‍ച്ചിലാണ് 28.5 കോടി ഡോളറിന്റെ(ഏകദേശം 1500 കോടി രൂപ) ബൊഫോഴ്സ് തോക്കിടപാട് കരാറില്‍ ഇന്ത്യയും സ്വീഡിഷ് കമ്പനിയായ ബൊഫോഴ്സും ഒപ്പുവെച്ചത്.

1987 ഏപ്രിലില്‍ സ്വീഡിഷ് റേഡിയോ നടത്തിയ പ്രക്ഷേപണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ബൊഫോഴ്സ് ഇടപാടിനു വേണ്ടി ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതര്‍ക്കും 64 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു സ്വീഡിഷ് റേഡിയോയുടെ വെളിപ്പെടുത്തല്‍. രാജീവ്ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും കുടുംബസുഹൃത്തും ഇറ്റലിക്കാരനുമായ ഒട്ടാവിയോ ക്വട്ട്റോച്ചിയാണ് ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങളില്‍ നിത്യസന്ദര്‍ശകനായിരുന്നു ക്വട്ട്റോച്ചി. നീണ്ടുനിന്ന നിയമയുദ്ധത്തിനു ശേഷം കോഴ ഇടപാട് സംബന്ധിച്ച അഞ്ഞൂറിലധികം രേഖകള്‍ 1997ല്‍ ഇന്ത്യാ ഗവണ്‍മെന്റിന് ലഭിച്ചു. 1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. 1999ല്‍ ക്വട്ട്റോച്ചി, രാജീവ്ഗാന്ധി എന്നിവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ക്വട്ട്റോച്ചിയെ അറസ്റ്റുചെയ്ത് ഇന്ത്യയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ശ്രമിച്ചില്ല. 2007 ഫെബ്രുവരി ആറിന് അര്‍ജന്റീനയില്‍ ക്വട്ട്റോച്ചിയെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ സിബിഐ അറസ്റ്റുവാര്‍ത്ത പുറത്തുവിട്ടത് ഫെബ്രുവരി 23ന്. അര്‍ജന്റീനയില്‍ നിന്ന് ക്വട്ട്റോച്ചിയെ ഇന്ത്യയിലെത്തിക്കാനുള്ള നിയമ പോരാട്ടത്തില്‍ സോണിയാഗാന്ധി ഇടപെട്ട് ബോധപൂര്‍വം കാലതാമസം വരുത്തുകയും പിഴവുകളുണ്ടാക്കുകയും ചെയ്തു. മലേഷ്യയില്‍ വച്ച് ക്വട്ട്റോച്ചിയെ അറസ്റ്റുചെയ്യാന്‍ സിബിഐക്ക് ലഭിച്ച അവസരവും ബോധപൂര്‍വം പിഴവുകളുണ്ടാക്കി നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ പൂര്‍ണമായും തദ്ദേശീയമായി നിറവേറ്റണമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറയുന്നുണ്ട്. പക്ഷേ പറയുന്നതിനു വിപരീതമായാണ് അദ്ദേഹത്തിന്റെ കീഴിലും കാര്യങ്ങള്‍ നടക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ കാലത്തിനനുസരിച്ച് നിറവേറ്റാന്‍ ചുമതലപ്പെട്ട പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആര്‍ഡിഒ) നോക്കുകുത്തിയായിട്ട് കാലം ഏറെയായി.

വിദേശത്തുനിന്ന് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഇറക്കുമതി ചെയ്ത് കോടികളുടെ കമ്മീഷന്‍ തട്ടിയെടുക്കുന്ന സംഘം ഇന്ത്യയുടെ ഭരണത്തലപ്പത്തു തന്നെയിരിക്കുമ്പോള്‍ ഡിആര്‍ഡിഒ എങ്ങനെ അതിന്റെ ധര്‍മം നിറവേറ്റും? ഡിആര്‍ഡിഒയെ മരവിപ്പിച്ചു നിര്‍ത്തി വിദേശരാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തി കോടികള്‍ കമ്മീഷന്‍ തട്ടുകയെന്നത് എ കെ ആന്റണിയുടെ കീഴിലും നടന്നുകൊണ്ടിരിക്കുന്നു. പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനു പകരം ദോശ, ഇഡ്ഡലി, ചപ്പാത്തി എന്നിവ മികച്ച രീതിയില്‍ ഉണ്ടാക്കിയെടുക്കാനുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് ഡിആര്‍ഡിഒ ചെയ്യുന്നത്. പ്രതിരോധ ആവശ്യത്തിന് ഡിആര്‍ഡിഒ തന്നെ മറ്റ് ഏജന്‍സികളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങിനല്‍കുന്നുമുണ്ട്. വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകളിലും രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങളല്ല പ്രധാന ഘടകം; കമ്മീഷനാണ്. അതിനുവേണ്ടി ഒരു സാധാരണ വാണിജ്യ സര്‍വീസിലെ പൈലറ്റായ രാജീവ്ഗാന്ധി പോര്‍വിമാനങ്ങള്‍ക്കായുള്ള ഇടപാടില്‍ പ്രധാന ചര്‍ച്ച നടത്തുന്നു. രാജ്യത്തിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇത്തരം ചര്‍ച്ചകളും അതിന് ചുക്കാന്‍പിടിക്കുന്ന ഇടനിലക്കാരും തടസ്സമാകുന്നു.
 
1948ല്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ജീപ്പ് ഇറക്കുമതി മുതല്‍ ബൊഫോഴ്സിലൂടെ ഏറ്റവുമൊടുവില്‍ എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ സംഭവിച്ച ടട്രാ ട്രക്ക് ഇടപാട്, അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടിനുള്ള നീക്കം എന്നിവയിലൊക്കെ ഉന്നത ഭരണാധികാരികളും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദല്ലാള്‍മാരുമായി നടത്തിയ ഒത്തുകളിയുടെ കഥകളാണ് പുറത്തുവന്നത്. പുറത്തുവന്ന കഥകളേക്കാള്‍ ഞെട്ടിക്കുന്നതായിരിക്കും ഇനിയും പുറത്തുവരാനുള്ള കഥകള്‍. ഒരു കാര്യം ഉറപ്പ്. ഇന്ത്യ നടത്തിയ എല്ലാ പ്രധാന പ്രതിരോധ ഇടപാടുകളിലും ഭരണനേതൃത്വത്തിലുള്ളവരോ അവരുമായി അടുപ്പമുള്ളവരോ നിയമവിരുദ്ധമായ ആനുകൂല്യവും കോഴയും കൈപ്പറ്റിയിട്ടുണ്ട്. ഇതുവരെ നടന്ന എല്ലാ പ്രതിരോധ ഇടപാടുകളും സംബന്ധിച്ച് വിശ്വസനീയമായ ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിച്ചാല്‍ മാത്രമേ എല്ലാ സത്യങ്ങളും വെളിപ്പെടുകയുള്ളൂ.

*
വി ജയിന്‍ ചിന്ത 28 ഏപ്രില്‍ 2013

No comments: