Friday, April 19, 2013

ഗുജറാത്ത് കൂട്ടക്കൊലക്കേസുകളും നരേന്ദ്ര മോഡിയുടെ ഭാവിയും

പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഭവി സംബന്ധിച്ച അന്തിമ തീരുമാനം ആരുടേതായിരിക്കും? ബി ജെ പിയോ എന്‍ ഡി എയോ അതിന്റെ ഘടകകക്ഷികളോ അതോ രാജ്യത്തെ നീതിന്യായ സംവിധാനമോ? അന്തിമ തീരുമാനം ആരുടേതുതന്നെയായാലും നീതിന്യായ കോടതികള്‍ക്ക് അതില്‍ നിര്‍ണായക പങ്കുണ്ടാകും. 2002 ലെ ഗുജറാത്ത് വംശീയ ഉന്മൂലനം സംബന്ധിച്ച് ഇനിയും അവസാനിക്കാത്ത കോടതി നടപടികളാണ് ഇത്തരമൊരു നിഗമനത്തിന് ആധാരം.

ഗുജറാത്ത് കലാപത്തില്‍ കൊലചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം പി എഹ്‌സാന്‍ ജഫ്രിയുടെ വിധവ സാകിയ ജഫ്രി ഗുല്‍ബര്‍ഗ സൊസൈറ്റി കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടി (എസ് ഐ ടി) നെതിരെ അഹമ്മദാബാദ് മെട്രോ പോളിറ്റിന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതോടെയാണ് പുതിയ സംഭവവികാസം. എസ് ഐ ടി 2012 ഫെബ്രുവരി 8 ന് സമര്‍പ്പിച്ച ക്‌ളോഷര്‍ റിപ്പോര്‍ട്ട് തിരസ്‌കരിച്ച് സ്വതന്ത്ര ഏജന്‍സിയെകൊണ്ട് തുടരന്വേഷണം നടത്തി നരേന്ദ്ര മോഡിയടക്കം ആരോപണവിധേയരായ 59 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് പുതിയ പെറ്റീഷന്‍ ആവശ്യപ്പെടുന്നത്. സാകിയ ജഫ്‌റിയുടെ പരാതി ഫയലില്‍ സ്വീകരിച്ച മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് ഏപ്രില്‍ 24 മുതല്‍ തുടര്‍ച്ചയായി കേസ് കേള്‍ക്കും.

ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ 59 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് 2006 ജൂണ്‍ 8 ന് സാകിയ ജഫ്രി ഒരു പരാതിയില്‍ സുപ്രിംകോടതിയോട് ആഭ്യര്‍ഥിച്ചിരുന്നു. സുപ്രിംകോടതി മുന്‍ സി ബി ഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍ തലവനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) നിയോഗിച്ചു. അന്വേഷണം നടത്തിയ എസ് ഐ ടി മോഡിയടക്കം പ്രതികളെ കുറ്റവിമുക്തരാക്കി അഹമ്മദാബാദ് മെട്രോപോളിറ്റന്‍ കോടതിയില്‍ ക്‌ളോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

ഗോദ്ര സംഭവത്തെ തുടര്‍ന്ന് മോഡിയുടെയും മന്ത്രിസഭാംഗങ്ങളുടെയും ആരോപണവിധേയരായ വി എച്ച് പി അംഗങ്ങളുടെയും ആസൂത്രിത ഗൂഢാലോചനയുടെ ഫലമായി നടപ്പാക്കിയതാണ് ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയെന്നും അത് തെളിയിക്കുന്ന മൊഴികളും രേഖകളും എസ് ഐ ടി മറച്ചുവയ്ക്കുകയായിരുന്നുവെന്നും പരാതിക്കാരി വാദിക്കുന്നു. 514 പേജ് വരുന്ന പെറ്റീഷന്‍ മൂന്നു വാല്യങ്ങള്‍ വരുന്ന അനുബന്ധങ്ങളും 10 സി ഡികളും സഹിതമാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്ന് സാകിയ ജഫ്രി എസ് ഐ ടിയില്‍ നിന്നും നേടിയെടുത്ത രേഖകള്‍ മോഡിക്കും സംഘത്തിനുമെതിരെ നിര്‍ണായക തെളിവുകളാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഗോദ്ര തീവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതശരീരം അഹമ്മദാബാദില്‍ കൊണ്ടുവരാന്‍ അനുവദിച്ചതും മൃതശരീരങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചതും വൈകാരിക അന്തരീക്ഷത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിച്ചതുമാണ് ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയത്. ഇതിനെതിരെ വ്യക്തമായ മുന്നറിയിപ്പുകള്‍ ബന്ധപ്പെട്ട പൊലീസ് കേന്ദ്രങ്ങള്‍ നല്‍കിയിട്ടും കലാപം തടയാന്‍ മോഡിയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും ശ്രമം ഒന്നുമുണ്ടായില്ല. ഈ വസ്തുതകള്‍ വെളിവാക്കുന്ന മൊഴികളും തെളിവുകളും എസ് ഐ ടി അന്വേഷണരേഖകളില്‍ ഉണ്ട്. സാകിയ ജഫ്രിയുടെ പെറ്റീഷനൊപ്പം അവയും കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

സാകിയ ജഫ്രിയുടെ 'പ്രൊട്ടസ്റ്റ് പെറ്റീഷ'ന്റെ പശ്ചാത്തലത്തിലാണ് ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ ഉറ്റ സഹയോഗികളായിരുന്ന മായ കോഡ്‌നാനിയും ബാബു ബജരംഗിയും ഉള്‍പ്പെടെ നരോദ പാട്യ കൂട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ട 10 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഹര്‍ജി നീക്കം പ്രസക്തമാകുന്നത്. നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ 28 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട മായാ കോഡ്‌നാനി നരേന്ദ്ര മോഡി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട 22 പേരുടെ 14 വര്‍ഷത്തെ തടവ് 30 വര്‍ഷമാക്കി ഉയര്‍ത്തണമെന്നും ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് അറിയുന്നു. ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഏഴുപേര്‍ക്കെതിരെയും സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

മായാ കോഡ്‌നാനിയും ബാബു ബജരംഗിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് നരോദ പാട്യ കൂട്ടക്കൊലയിലുള്ള പങ്ക് എല്ലാവര്‍ക്കും അറിവുള്ളതായിരുന്നു. അതെല്ലാം അവഗണിച്ചുകൊണ്ടാണ് മായാ കോഡ്‌നാനിക്ക് കാബിനറ്റ് മന്ത്രിയായി മോഡി സ്ഥാനക്കയറ്റം നല്‍കിയത്. നാളിതുവരെയും കുറ്റാരോപിതരായവരെ സംരക്ഷിക്കാനാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നീക്കം സാകിയ ജഫ്രിയുടെ പൊട്ടസ്റ്റ് പെറ്റീഷനില്‍ നിന്ന് ശ്രദ്ധതിരിക്കാനും സ്വയം മതേതരത്വത്തിന്റെ മുഖംമൂടി എടുത്തണിയാനുമുള്ള അവസരമാക്കി മാറ്റാനാണ് മോഡി ശ്രമിക്കുന്നത്.

പ്രധാമന്ത്രിപദത്തിനുവേണ്ടിയുള്ള തന്റെ ശ്രമങ്ങളുടെ ഭാഗമായി സംഘ്പരിവാര്‍ നേതാക്കളെ ഒന്നൊന്നായി മോഡി കയ്യൊഴിയുന്നതായും പരാതിയുണ്ട്. മോഡിയും സംഘ്പരിവാറിലെ പ്രമുഖരില്‍ പലരും തമ്മിലുള്ള അകല്‍ച്ച ഇതിനകം മറനീക്കി പുറത്തുവന്നിട്ടുണ്ട്. മോഡിയും വിശ്വഹിന്ദു പരിഷത്തിലെ പ്രവീണ്‍ തൊഗാഡിയയും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിന്റെ പാതയിലാണ്.
ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസിന്റെയും നരോദ പാട്യ കൂട്ടക്കൊലക്കേസിന്റെയും പുതിയ അധ്യായം വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ണായക വഴിത്തിരിവാകും. മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിപദ മോഹം ഈ കേസുകളുടെ ഗതിവിഗതികളെ ഏറെ ആശ്രയിച്ചിരിക്കും

*
രാജാജി മാത്യു തോമസ് ജനയുഗം 19 ഏപ്രില്‍ 2013

No comments: