Sunday, April 14, 2013

നഷ്ടം സഹിക്കാന്‍ ജനങ്ങള്‍, കൊള്ളയടിക്കാന്‍ സ്വകാര്യമേഖല

വൈദ്യുതി നിരക്കിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ക്കും അതിന് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനുമെതിരെ ഡല്‍ഹിയില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന സമയമാണിത്. ആം ആദ്മി പാര്‍ടിയുടെ നേതാവ് അരവിന്ദ് കെജ്രിവാള്‍ നിരാഹാര സമരത്തിലാണ്. അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കള്‍ വൈദ്യുതിനിരക്ക് അടയ്ക്കാതെ പ്രതിഷേധ സമരത്തിലാണ്്. ഇതിന്റെ പേരില്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് വൈദ്യുതി നിഷേധിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വൈദ്യുതിനിരക്കില്‍ 30 ശതമാനത്തിലധികം വര്‍ധനവാണ് ഡല്‍ഹിയിലുണ്ടായത്. സ്വകാര്യവല്‍ക്കരണം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഡല്‍ഹിയിലെ വൈദ്യുതിനിരക്ക് മൂന്നിരട്ടിയിലധികം വര്‍ധിച്ചു. വൈദ്യുതി നിരക്ക് കുറയ്ക്കണമെന്ന് ഡല്‍ഹി വൈദ്യുതി റഗുലേറ്ററി അതോറിട്ടി നിര്‍ദ്ദേശിച്ചിട്ടും സ്വകാര്യ കമ്പനികള്‍ അത് കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. ഏറ്റവുമൊടുവില്‍ 2013 മാര്‍ച്ചില്‍ വിതരണ കമ്പനികള്‍ ശരാശരി മൂന്ന് ശതമാനം നിരക്ക് കൂട്ടി.

സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ ഷീലാ ദീക്ഷിത് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. എല്ലാ വര്‍ഷവും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ സ്വകാര്യ വിതരണ കമ്പനികളെ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചിരിക്കയാണ്. ഡല്‍ഹി ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍(ഡിഇആര്‍സി) പല തവണയും ഈ കമ്പനികളുടെ നിര്‍ദേശങ്ങള്‍ക്ക് കൂട്ടുനിന്നെങ്കിലും 23 ശതമാനം നിരക്ക് കുറയ്ക്കണമെന്ന് 2010ല്‍ വിതരണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അത് അനുസരിക്കാന്‍ കമ്പനികള്‍ തയ്യാറായില്ല. അവര്‍ക്ക് തോന്നുമ്പോഴെല്ലാം നിരക്ക് വര്‍ധിപ്പിക്കുകയാണ്. 2011ല്‍ 22 ശതമാനം നിരക്കുവര്‍ധന വരുത്തി. 2012 ഫെബ്രുവരിയില്‍ അഞ്ച് ശതമാനവും മെയ് മാസത്തില്‍ രണ്ട് ശതമാനവും ജൂലൈയില്‍ 26 ശതമാനവും നിരക്ക് വര്‍ധിപ്പിച്ചു. ഇക്കൊല്ലം മാര്‍ച്ചില്‍ മൂന്ന് ശതമാനവും വര്‍ധനവ് വരുത്തി. ഡല്‍ഹിയിലെ വൈദ്യുതി വിതരണ സംവിധാനമാകെ മെച്ചപ്പെടുത്തുമെന്നു പറഞ്ഞാണ് സ്വകാര്യവല്‍ക്കരണം നടപ്പാക്കിയത്. എന്നാല്‍ ആദ്യത്തെ മൂന്ന് വര്‍ഷത്തിനിടയില്‍ തന്നെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

വിവിഐപികള്‍ താമസിക്കുന്ന ന്യുഡല്‍ഹി ഏരിയയിലൊഴികെ മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ട് സമ്മാനിക്കുന്ന വിതരണ കമ്പനികള്‍, ജനങ്ങളില്‍ നിന്ന് പണം കൊള്ളയടിക്കുന്നതില്‍ മാത്രം സാമര്‍ഥ്യം കാട്ടുകയാണെന്ന വിമര്‍ശനം ശക്തമായി. വൈദ്യുതി വിതരണ സംവിധാനത്തിനും നിരക്കുവര്‍ധനക്കുമെതിരായാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ ഏറ്റവും ശക്തമായ സമരം നടക്കുന്നത്. വൈദ്യുതി പുനഃസംഘടന നടപ്പാക്കി 2007 വരെയുള്ള കാലത്ത് വിതരണരംഗം താറുമാറാകുകയും പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജനങ്ങള്‍ വൈദ്യുതിയില്ലാതെ നരകിക്കുകയും ചെയ്ത കാലയളവില്‍ സ്വകാര്യ വിതരണ കമ്പനികള്‍ 20 ശതമാനം ലാഭമുണ്ടാക്കി. 3500 കോടി രൂപയുടെ സബ്സിഡിയാണ് ഇക്കാലയളവില്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചത്. അവരുടെ നഷ്ടങ്ങള്‍ നികത്താന്‍ സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നതോടൊപ്പം നഷ്ടം നികത്താന്‍ നിരക്കുവര്‍ധന യഥേഷ്ടം നടത്താന്‍ അനുമതിയും നല്‍കിയിരിക്കയാണ്. വിതരണ കമ്പനികളുടെ പിടിപ്പുകേടിന് പിഴയൊടുക്കേണ്ടത് ജനങ്ങള്‍. ഡല്‍ഹി വൈദ്യുതി ബോര്‍ഡ്(ഡിവിബി) എന്ന പൊതുമേഖലാ സ്ഥാപനം പുനഃസംഘടിപ്പിച്ച് സ്വകാര്യവല്‍ക്കരണം നടപ്പാക്കിയപ്പോള്‍ വലിയ അഴിമതിയാണ് നടത്തിയത്. ഡല്‍ഹി വൈദ്യുതിബോര്‍ഡിന്റെ സ്വത്തുക്കളുടെ മൂല്യം 3107 കോടി രൂപ കുറച്ചുകാട്ടിയെന്ന് ചൂണ്ടിക്കാട്ടിയത് സിഎജി റിപ്പോര്‍ട്ടിലാണ്. ഈ കുറച്ചുകാട്ടിയതിന്റെ നേട്ടം സ്വകാര്യ കമ്പനികള്‍ കൊയ്തു. ഡിവിബിക്ക് കിട്ടേണ്ട കുടിശിക തുകയുടെ പേരിലും വലിയ നഷ്ടപരിഹാരത്തുക സ്വകാര്യ കമ്പനികള്‍ നേടിയെടുത്തു. 2002 ജൂലൈയിലാണ് പൊതുമേഖലയിലെ ഡല്‍ഹി വൈദ്യുതി ബോര്‍ഡിനെ വിഭജിച്ച് ഏഴ് കമ്പനികള്‍ രൂപീകരിച്ചത്. ഹോള്‍ഡിങ് കമ്പനിയായി ഡല്‍ഹി പവര്‍ കമ്പനി, ജനറേഷന്‍ കമ്പനികളായി ഇന്ദ്രപ്രസ്ഥ പവര്‍ ജനറേഷന്‍ കമ്പനി ലിമിറ്റഡ്(ഐപിജിസിഎല്‍), പ്രഗതി പവര്‍ കമ്പനി ലിമിറ്റഡ്(പിപിസിഎല്‍), പ്രസരണ കമ്പനിയായി ഡല്‍ഹി ട്രാന്‍സ്കോ ലിമിറ്റഡ്(ട്രാന്‍സ്കോ), വിതരണ കമ്പനികളായ റിലയന്‍സിനു കീഴിലുള്ള ബിഎസ്ഇഎസ് രാജധാനി, ബിഎസ്ഇഎസ് യമുന, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാറ്റ പവര്‍ ഡല്‍ഹി എന്നീ കമ്പനികളുമായാണ് പുനഃസംഘടന നടന്നത്. വിതരണ കമ്പനികളില്‍ സര്‍ക്കാരിന് 49 ശതമാനം വീതമാണ് ഓഹരികള്‍. സ്വകാര്യ കമ്പനികള്‍ 51 ശതമാനം ഓഹരികള്‍ നേടി നിര്‍ണായക അധികാരം കൈക്കലാക്കി. 2010ല്‍ ഡല്‍ഹി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായി ബിജേന്ദര്‍സിങ് പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് വൈദ്യുതി നിരക്ക് 23 ശതമാനം കുറയ്ക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. വിതരണക്കമ്പനികള്‍ ഉടന്‍ തന്നെ ഉന്നതതല അട്ടിമറി നടത്തി. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കമ്മീഷന്‍ ചെയര്‍മാനെത്തന്നെ മാറ്റിക്കൊണ്ടാണ് പ്രതികരിച്ചത്. പിന്നീട് ചെയര്‍മാനായി വന്ന പി ഡി സുധാകര്‍ സ്വകാര്യ വിതരണ കമ്പനികളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കുന്നു. വിതരണ കമ്പനികള്‍ വന്‍ ലാഭമുണ്ടാക്കുന്നുവെന്നും അതിനാല്‍ നിരക്ക് കുറയ്ക്കണമെന്നുമാണ് ബിജേന്ദര്‍സിങ് ആവശ്യപ്പെട്ടത്. 2010-11 സാമ്പത്തികവര്‍ഷം വിതരണ കമ്പനികള്‍ക്ക് 630 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കമ്പനികള്‍ അവകാശപ്പെട്ടത്. എന്നാല്‍ ഡിഇആര്‍സി യുടെ കണക്കുകൂട്ടലില്‍ വിതരണ കമ്പനികളുടെ ലാഭം 2010-11 സാമ്പത്തികവര്‍ഷം 3577 കോടി രൂപയാണ്. നഷ്ടത്തിന്റെ കള്ളക്കണക്കുകളുണ്ടാക്കി ലാഭം കുന്നുകൂട്ടുന്ന സ്വകാര്യ വിതരണ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയെന്ന ചുമതല മാത്രമേ ഡല്‍ഹി സര്‍ക്കാരിനുള്ളൂ. ഇപ്പോള്‍ സ്വകാര്യ കമ്പനികളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഡിഇആര്‍സി ചെയര്‍മാന്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പ് വിചിത്രമാണ്.

സ്വകാര്യ വിതരണ കമ്പനികള്‍ നേരിടുന്ന "വലിയ നഷ്ടം" പരിഹരിക്കാന്‍ ധനസഹായം നല്‍കിയില്ലെങ്കില്‍ വൈദ്യുതിനിരക്ക് വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്നതാണത്. സ്വകാര്യ വിതരണ കമ്പനികളുടെ ലാഭ-നഷ്ട കണക്കുകള്‍ സിഎജിയെക്കൊണ്ട് പരിശോധിപ്പിച്ചാല്‍ കള്ളത്തരം പുറത്താകുമെന്ന് ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പറയുന്നു. ഇത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സ്വകാര്യ കമ്പനികള്‍ തട്ടിക്കൂട്ടുന്ന നഷ്ടക്കണക്ക് വേദവാക്യമായെടുത്ത് ഒന്നുകില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ധനസഹായം നല്‍കുക, അല്ലെങ്കില്‍ യഥേഷ്ടം നിരക്ക് കൂട്ടി ജനങ്ങളെ ഞെക്കിപ്പിഴിയാന്‍ അനുവദിക്കുക എന്നതാണ് ഗവണ്‍മെന്റ് നയം. ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള ട്രാന്‍സ്കോയില്‍ നിന്ന് സ്വകാര്യ വിതരണ കമ്പനികള്‍ വൈദ്യുതി വാങ്ങുന്ന വിലയുടെ മൂന്നിരട്ടിയാണ് ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതിനിരക്കായി ഈടാക്കുന്നത്. ഇതൊന്നും പരിശോധിക്കപ്പെടുന്നില്ല.

പൊതുമേഖലയിലെ വൈദ്യുതോല്‍പ്പാദന കമ്പനികള്‍ കല്‍ക്കരിയുടെ വിലവര്‍ധനവും മറ്റ് നിരവധി പ്രശ്നങ്ങളും നേരിട്ട് വൈദ്യുതോല്‍പ്പാദനം നടത്തി ഈ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയാണ്. ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ധനക്കും നഷ്ടപരിഹാരം ലഭിക്കുന്നത് വിതരണ കമ്പനികള്‍ക്കാണ്. വിതരണ കമ്പനികള്‍ ആ രംഗത്ത് നടത്തിയ യഥാര്‍ഥ മുതല്‍മുടക്കും കണക്കുകളില്‍ കാണിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം പല തവണ പുറത്തുവന്നിട്ടുള്ളതാണ്. ബിഎസ്ഇഎസ് കമ്പനിയുടെ നിയന്ത്രണം നിര്‍വഹിക്കുന്ന റിലയന്‍സ് എനര്‍ജി 2003-2004ല്‍ പശ്ചാത്തലസൗകര്യ വികസനത്തിന് 761 കോടി രൂപ നീക്കിവെച്ചുവെന്ന് രേഖകളില്‍ അവകാശപ്പെടുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ചെലവഴിച്ചത് 146 കോടി രൂപ. ബിഎസ്ഇഎസ് രാജധാനി കമ്പനിക്കു വേണ്ടി 2004-05ല്‍ 923 കോടി രൂപ ചെലവഴിച്ചുവെന്ന് റിലയന്‍സ് അവകാശപ്പെട്ടു. യഥാര്‍ഥത്തില്‍ ചെലവഴിച്ചത് 265.63 കോടി രൂപ. ഇത്തരം വ്യാജമായ അവകാശവാദങ്ങള്‍ ഡല്‍ഹി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അങ്ങനെതന്നെ സ്വീകരിക്കുകയും ഡല്‍ഹി സര്‍ക്കാര്‍ ഈ സ്വകാര്യ കമ്പനികള്‍ക്ക് പ്രത്യേക സാമ്പത്തികസഹായം അനുവദിക്കുകയും ചെയ്യുന്നു. പുറമേ ഈ "ചെലവു"കളുടെ പേരില്‍ ആവശ്യമുള്ളപ്പോഴെല്ലാം വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാനും കൂട്ടുനില്‍ക്കുന്നു. ഈ വ്യാജ ചെലവുകള്‍ വൈദ്യുതി വിതരണത്തിന് വേണ്ടിവരുന്ന ചെലവുകളായി അംഗീകരിച്ചാണ് സ്വകാര്യ വിതരണ കമ്പനികളുടെ കൊള്ളയ്ക്ക് അനുമതി കൊടുക്കുന്നത്. ബില്ലിങ് സംവിധാനത്തില്‍ കുഴപ്പങ്ങളുണ്ടെന്നും യഥാര്‍ഥത്തില്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ വൈദ്യുതിക്കുള്ള നിരക്ക് ബില്ലുകളില്‍ രേഖപ്പെടുത്തി നല്‍കിയിട്ടുണ്ടെന്നും റിലയന്‍സിന്റെ വിതരണ കമ്പനികളായ ബിഎസ്ഇഎസ് രാജധാനിയും ബിഎസ്ഇഎസ് യമുനയും സമ്മതിച്ചിട്ടുള്ളതാണ്. യഥാര്‍ഥത്തില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഇരട്ടിയിലധികമുള്ള വൈദ്യുതിക്കുള്ള ബില്ലാണ് ഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും കിട്ടുന്നത്. പരാതിയുമായി പോയാല്‍ പലര്‍ക്കും പകുതി വരെ നിരക്ക് കുറച്ചുകൊടുക്കാറുമുണ്ട്. ഡല്‍ഹിയിലെ മധ്യവര്‍ഗക്കാര്‍ പരാതി കൊടുക്കാനും അതിനുവേണ്ടി ദിവസം മുഴുവന്‍ ഓഫീസുകള്‍ കയറിയിറങ്ങാനും വിമുഖരായതുകൊണ്ട് വിതരണക്കമ്പനികളുടെ കൊള്ള സുഗമമായി നടക്കുന്നു. ഇത്തരം "ബില്ലുകള്‍" വിതരണക്കമ്പനികളുടെ കൊള്ളയിലെ സുപ്രധാന ഘടകമായി മാറിയിരിക്കുന്നു.

ചേരിപ്രദേശങ്ങളിലും പാവപ്പെട്ടവര്‍ താമസിക്കുന്ന കോളനികളിലും(ജെ ജെ കോളനികള്‍) വൈദ്യുതി വിതരണത്തിന്റെ പേരില്‍ നടക്കുന്ന കൊള്ള പറഞ്ഞറിയിക്കാനാവില്ല. ഇവിടെ കരാറുകാരെയാണ് മീറ്ററുകള്‍ നോക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും വിതരണത്തിന്റെ മേല്‍നോട്ടത്തിനും നിയോഗിച്ചിരിക്കുന്നത്. ഇതൊരു ക്രിമിനല്‍ സംഘമാണ്. കരാറുകാരന്‍ മാറി പുതിയ കരാറുകാരന്‍ വന്നാല്‍ കേബിളിന്റെയും മീറ്ററിന്റെയുമൊക്കെ പേരില്‍ തോന്നിയപോലെ തുക ഈടാക്കും. പണം കൊടുക്കാന്‍ വിസമ്മതിക്കുന്നവരെ ആക്രമിക്കും. അവരുടെ വൈദ്യുതിബന്ധം വിഛേദിക്കും. തോന്നിയപോലെ ബില്ലുകള്‍ നല്‍കും. ജെ ജെ കോളനികളില്‍ വൈദ്യുതി നല്‍കുന്നതിനു തന്നെ വിതരണ കമ്പനികള്‍ക്ക് ഒരു താല്‍പര്യവുമില്ല. തകരാറുണ്ടായാല്‍ പരിഹരിക്കുന്ന കാര്യത്തില്‍ ഏറ്റവും താഴ്ന്ന പരിഗണനയാണ് ഈ കോളനികള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഡല്‍ഹിയില്‍ വേനല്‍ക്കാലത്തുണ്ടായ ഏറ്റവും വലിയ വൈദ്യുതി ആവശ്യം 5178 മെഗാവാട്ട്(2012 ജൂലൈ) ആണ്. ശരാശരി പ്രതിദിനം 5000 മെഗാവാട്ട് വൈദ്യുതി ഡല്‍ഹിയിലെ ആവശ്യത്തിന് വേണം. വര്‍ഷംതോറം എട്ട് ശതമാനം വര്‍ധനയാണ് വൈദ്യുതി ആവശ്യത്തിനുണ്ടാകുന്നത്. ഇക്കൊല്ലം വേനല്‍ക്കാലത്ത് പീക്ക് അവര്‍ ഡിമാന്‍ഡ് 5500 മെഗാവാട്ട് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗയിംസിനുള്ള ഒരുക്കങ്ങള്‍ നടത്തുന്ന കാലത്ത് ഡല്‍ഹിയില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ വൈദ്യുതോല്‍പ്പാദനം മെച്ചപ്പെടുത്തി. ഡല്‍ഹിയിലും പരിസരങ്ങളിലുമുള്ള ഈ ഉല്‍പ്പാദനകേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ ആവശ്യത്തിന് വൈദ്യുതി ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ലഭിക്കുന്നുണ്ട്. ഈ തടസ്സമില്ലാത്ത വൈദ്യുതി വിറ്റ് കീശ വീര്‍പ്പിക്കുകയെന്ന ഒറ്റ ജോലി മാത്രമേ വിതരണം നിര്‍വഹിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കുള്ളൂ. അത് തടസ്സമില്ലാതെ നിര്‍വഹിക്കാന്‍ നിയമപരവും ഭരണപരവുമായ സുരക്ഷ ഒരുക്കിക്കൊടുക്കലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. സ്വകാര്യവല്‍ക്കരണത്തിന്റെ ദുരിതം മുഴുവന്‍ അനുഭവിക്കുന്നത് ജനങ്ങളും.

*
വി ജയിന്‍ ചിന്ത 12 ഏപ്രില്‍ 2013

No comments: