Friday, April 12, 2013

കേന്ദ്രത്തിന്റെ വിഷുക്കെണി

മലയാളികളുടെ രീതിയനുസരിച്ച് കഞ്ഞിയില്‍ മണ്ണ് വാരിയിടുക, കഞ്ഞികുടി മുട്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നവരെ സാമൂഹ്യവിരുദ്ധരുടെ പട്ടികയിലാണ് പെടുത്താറുള്ളത്. കേരളീയരുടെ അരിവിഹിതം കൂടെക്കൂടെ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും അതിനുമുന്നില്‍ നിസ്സംഗത കാട്ടുന്ന സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരിന്റെയും നടപടിയെ ഈയൊരു പ്രയോഗംകൊണ്ടേ വിശേഷിപ്പിക്കാനാകൂ. കേരളത്തോട് കടുത്ത ശത്രുതയുള്ളതുപോലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്കിടയ്ക്ക് അരിവിഹിതം വെട്ടിക്കുറയ്ക്കുന്നത്. ഫുഡ്കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം ശേഖരിക്കാന്‍ സ്ഥലമില്ലാതെ വരികയും പലപ്പോഴും ഭക്ഷ്യധാന്യം കടലില്‍ ഒഴുക്കിക്കളയുകയുമൊക്കെ ചെയ്യുമ്പോഴാണ് അരിയുടെയും ഗോതമ്പിന്റെയും വിഹിതം വെട്ടിക്കുറയ്ക്കുന്നത്. എന്നുമാത്രമല്ല, ഓണം, വിഷു തുടങ്ങിയ മലയാളികളുടെ ആഘോഷാവസരങ്ങള്‍ നോക്കി ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറയ്ക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത്തവണ സംഭവിച്ചതും അതുതന്നെയാണ്.

നിത്യോപയോഗസാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റത്തിന്റെയും മറ്റു ജീവിതദുരിതങ്ങളുടെയും പൊല്ലാപ്പുകള്‍ക്കിടയില്‍ എങ്ങനെയെങ്കിലും വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ക്ക് വിഷുക്കണിക്കു പകരം വിഷുക്കെണി ഒരുക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിസഭയില്‍ ഭക്ഷ്യവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേരളീയനായ കെ വി തോമസ് കൂടിയിരുന്നാണ്് മലയാളിയുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന ഈ കൊലച്ചതി ചെയ്തത്. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ ആളുകളുടെയും അരിയുടെയും ഗോതമ്പിന്റെയും വിഹിതമാണ് പകുതിയായി വെട്ടിക്കുറച്ചത്. എപിഎല്‍ വിഭാഗക്കാര്‍ക്ക് കാര്‍ഡൊന്നിന് നിലവില്‍ 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് നല്‍കുന്നത്. വെട്ടിക്കുറവു വരുത്തിയതോടെ ഇത് ആറു കിലോ അരിയും ഒരു കിലോ ഗോതമ്പുമായി കുറയും. എപിഎല്‍ സബ്സിഡി വിഭാഗത്തിന് 19 കിലോ അരിയും ഏഴുകിലോ ഗോതമ്പും നല്‍കിയിരുന്നത് ഇനി പകുതിയാകും. ബിപിഎല്‍ വിഭാഗത്തിന് ഇപ്പോള്‍ കാര്‍ഡൊന്നിന് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പുമാണ് ലഭിക്കുന്നത്. അതിനി 18 കിലോ അരിയാകും. സംസ്ഥാനത്ത് 60.25 ലക്ഷം എപിഎല്‍ കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 42.22 ലക്ഷം പേര്‍ സബ്സിഡി നിരക്കില്‍ റേഷന്‍ സാധനങ്ങള്‍ക്ക് അര്‍ഹതയുള്ളവരാണ്. രണ്ടു വിഭാഗങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ 6,18,168 ടണ്‍ അരിയും 2,00,912 ടണ്‍ ഗോതമ്പുമാണ് നല്‍കിയിരുന്നത്. ഇതില്‍ ഗണ്യമായ വെട്ടിക്കുറവു വരുത്തിയതോടെ ഇനി ലഭിക്കുക 4,32,672 ടണ്‍ അരിയും 1,41,324 ടണ്‍ ഗോതമ്പുമായിരിക്കും. 14.53 ലക്ഷം ബിപിഎല്‍ കാര്‍ഡുടമകള്‍ക്കായി 5,36,495 ടണ്‍ അരിയും 1,71,957 ടണ്‍ ഗോതമ്പുമാണ് നേരത്തെയുണ്ടായിരുന്നത്. ഇത് യഥാക്രമം 3,18,792 ടണ്ണും 83,566 ടണ്ണുമായാണ് കുറയുന്നത്. അരിയും അരിയുമായി ബന്ധപ്പെട്ട വിഭവങ്ങളുമാണ് കേരളീയരുടെ ദൈനംദിന ആഹാരത്തിലെ ചേരുവകളെന്നതുകൊണ്ട് സ്വാഭാവികമായും ഇപ്പോഴുണ്ടായ വെട്ടിക്കുറവ് നിത്യജീവിതത്തെ വല്ലാതെ ബാധിക്കും. ഉത്സവവേളയില്‍ കേരളീയരൊന്നടങ്കം ഇത്തരം കടുത്ത ആശങ്കയില്‍ ഉഴലുമ്പോള്‍ കണക്കിലെ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി പരസ്പരം കലഹിക്കുകയും കേരളീയരെ പരിഹസിക്കുകയുമാണ് ഭക്ഷ്യധാന്യവിതരണത്തിന്റെ ചുമതലക്കാരായ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ചെയ്യുന്നത്.

അരിവിഹിതം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ സംസ്ഥാനമന്ത്രി അനൂപ് ജേക്കബ് കേന്ദ്രമന്ത്രി കെ വി തോമസുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഇരുവരും വെവ്വേറെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കുകമാത്രമാണ് ചെയ്തത്. കേരളത്തിനുള്ള ഭക്ഷ്യധാന്യവിഹിതം ഒരു മണിപോലും വെട്ടിക്കുറച്ചിട്ടില്ലെന്നും നേരത്തെ അനുവദിച്ച കേന്ദ്രവിഹിതത്തിന്റെ 57 ശതമാനം മാത്രമേ കേരളം എടുത്തുള്ളൂ എന്നുമാണ് കെ വി തോമസ് പറഞ്ഞത്. എന്നാല്‍, ഇത് ശരിയല്ലെന്നും 77 ശതമാനം എടുത്തിട്ടുണ്ടെന്നുമാണ് അനൂപ് ജേക്കബ്ബിന്റെ വാദം. ഈ രണ്ടുവാദവും ശരിയാകാന്‍ സാധ്യതയില്ലല്ലോ. ഒന്നുകില്‍ കേന്ദ്രമന്ത്രി കള്ളം പറയുന്നു, അല്ലെങ്കില്‍ സംസ്ഥാനമന്ത്രി കള്ളം പറയുന്നു. എന്നാല്‍, കള്ളം പറയുന്നതാരെന്നു കണ്ടുപിടിക്കുകയല്ല ഇപ്പോഴത്തെ ആവശ്യം; കേരളത്തിന് ന്യായമായും കിട്ടേണ്ട ഭക്ഷ്യധാന്യവിഹിതം കിട്ടുകയെന്നതാണ്. അത് കേരളത്തിന് ലഭ്യമാക്കാന്‍ അനൂപ് ജേക്കബ്ബിനെന്നതുപോലെ കെ വി തോമസിനും ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റാന്‍ ഇരുവരും, ഒപ്പം രണ്ടു സര്‍ക്കാരുകളും തയ്യാറാവുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.

കേരളത്തിന് ന്യായമായ ഭക്ഷ്യധാന്യവിഹിതം ലഭിക്കേണ്ടത് ആരുടെയും ഔദാര്യമല്ല. സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം നടപ്പാക്കിയ കാലത്ത് കേന്ദ്രം സമ്മതിച്ച കാര്യമാണത്. കേരളം സുഗന്ധവ്യഞ്ജനകൃഷിയില്‍ ശ്രദ്ധിക്കുകയും ഇവയുടെ കയറ്റുമതിയിലൂടെ രാജ്യത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിക്കൊടുക്കുകയും ചെയ്യുന്നതിനു പകരം കേരളത്തിന്റെ ഭക്ഷ്യധാന്യത്തിലുള്ള കുറവു പരിഹരിക്കുന്നതിന് സഹായകമായ നിലയില്‍ കേന്ദ്രപൂളില്‍നിന്ന് നല്‍കാനുള്ള ഉത്തരവാദിത്തം കേന്ദ്രം നാലര പതിറ്റാണ്ടുമുമ്പുതന്നെ ഏറ്റെടുത്തതാണ്. ഇതനുസരിച്ചാണ് കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് അരിയും ഗോതമ്പും നല്‍കുന്നത്. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം കുറ്റമറ്റരീതിയില്‍ നടന്നതും ഇതുകൊണ്ടാണ്. ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ സമീപനംമൂലം ഇതെല്ലാം തകരുകയും ജനങ്ങള്‍ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എടുത്തെറിയപ്പെടുകയുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 12 ഏപ്രില്‍ 2013

No comments: