Sunday, March 17, 2013

ആഗോള താരകം

മരങ്ങോട്ടുപള്ളിയില്‍നിന്ന് ഉദിച്ചുയര്‍ന്ന ആഗോളതാരകമെന്നു വിളിക്കുന്നതില്‍ തെറ്റില്ല. റെക്കോഡുകളുടെ കളിത്തോഴനായി കോട്ടയത്തും പാലായിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഭൂമിമലയാളത്തിലാകെയും ഇങ്ങനെയൊരാളില്ല. 80 വയസ്സിന്റെ പ്രായവും 800 വയസ്സിന്റെ കീര്‍ത്തിയുമായി അങ്ങ് ലണ്ടനിലെ പാര്‍ലമെന്റ് ഹാളില്‍വരെ എത്തിയ സൈദ്ധാന്തികന് കേരളത്തിന്റെ ഒരുകൊല്ലത്തെ ബജറ്റ് അവതരിപ്പിക്കുന്നത് ചായകുടിപോലെ ഒരു സാധാരണ കൃത്യം. ബജറ്റുനോവിനെക്കുറിച്ച് ചോദിച്ചാല്‍ "പത്തു പ്രസവിച്ച അമ്മച്ചിക്ക് പതിനൊന്നാമത്തെ പ്രസവത്തിനെന്തു പേടി"യെന്ന് കരിങ്ങോഴയ്ക്കല്‍ മാണി മകന്‍ മാണി എന്ന മാണിസാര്‍ തിരിച്ചാരായും.

ഇവിടെയൊന്നും നില്‍ക്കേണ്ട നേതാവല്ല. പെട്ടുപോയ തൊഴുത്താണ് പ്രശ്നം. എങ്ങനെ തൂക്കിയാലും അളന്നാലും ഉമ്മന്‍ചാണ്ടിക്ക് മേലെയാണ്. 10 മന്ത്രിസഭകളില്‍ അംഗം, 11 തവണ മന്ത്രിയായി സത്യപ്രതിജ്ഞ, 11 ബജറ്റവതരണം, ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിപദവി, ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തിന്റെ പ്രതിനിധി-മാണിസാറിനെ വെല്ലാന്‍ ജീവിച്ചിരിക്കുന്ന ഒരാളും ഇല്ല. സ്വന്തം പേരില്‍ ഒരുപാര്‍ടി. അതിന്റെ ഹൈക്കമാന്‍ഡും സുപ്രീം കമാന്‍ഡുമെല്ലാം താന്‍തന്നെ. മലയോരംമുതല്‍ മലയോരംവരെ ഉരുക്കുപോലെ ഉറച്ച വോട്ടുബാങ്ക്. ഇതൊക്കെയുണ്ടായിട്ടെന്ത്. എല്ലാകാലത്തും മൂന്നാമനോ നാലാമനോ ആയിരിക്കാനാണ് യോഗം. യുഡിഎഫില്‍ പച്ചക്കുപ്പായമിട്ടാലേ അടുക്കളയില്‍ ഊണ് വിളമ്പൂ. പാലായില്‍നിന്ന് ചെല്ലുന്നവര്‍ക്ക് പിന്നാമ്പുറത്താണ് പകര്‍ച്ച. അനുഭവത്തിനും റെക്കോഡിനുമൊന്നും അവിടെ വിലയില്ല- കൈയൂക്കുള്ളവരാണ് കാര്യക്കാര്‍. "അധ്വാനവര്‍ഗ സിദ്ധാന്തം" രചിച്ചും ആളെ മയക്കുന്ന ബജറ്റവതരിപ്പിച്ചും മാനവകുലത്തിനു നല്‍കുന്ന സംഭാവനകള്‍ക്കൊന്നും ഒരു വിലയുമില്ല. മലപ്പുറത്തുനിന്ന് ചെല്ലുന്നത് ഒരാള്‍മാത്രമായാലും കേന്ദ്രമന്ത്രി പദവി ഉറപ്പാണ്.

മലയോരത്തുനിന്ന് കഷ്ടപ്പെട്ട് സ്വന്തംമകനെത്തന്നെ ജയിപ്പിച്ചയച്ചിട്ടും ഡല്‍ഹിയലുള്ളവര്‍ തിരിഞ്ഞുനോക്കുന്നില്ല. കോണ്‍ഗ്രസാണെങ്കില്‍ വഴിയേ പോയവരെല്ലാം കേന്ദ്രമന്ത്രിമാരാകും. ചുരുങ്ങിയ പക്ഷം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനെങ്കിലുമാകും. മധ്യകേരളത്തില്‍ യുഡിഎഫിന്റെ കൊടി പൊങ്ങണമെങ്കില്‍ താനും പാര്‍ടിയുംതന്നെ വേണം. പാലം കടന്നുകഴിഞ്ഞാല്‍പ്പിന്നെ കൂരായണയാണ്. 23 സീറ്റ് ചോദിപ്പോള്‍ കിട്ടിയത് 15. അതില്‍ ഒമ്പതെണ്ണം വിജയിച്ചപ്പോള്‍ രണ്ടു മന്ത്രിയെ മാത്രമേ തരൂ എന്നായി. അവിടെയും അവഗണനതന്നെ. രണ്ടുമൂന്നു പാര്‍ടികള്‍ ലയിച്ച് ഒന്നായപ്പോള്‍ കിട്ടേണ്ടതിന്റെ പാതിപോലും ആയില്ല. എന്നിട്ടും സഹിച്ചു. ചുമലിലിരുന്ന് ചെവികടിക്കുന്ന വഷളന്മാരെ തൃപ്തിപ്പെടുത്താന്‍ ഒരു ചീഫ് വിപ്പ് സ്ഥാനം തരപ്പെട്ടത് മഹാഭാഗ്യമായി. ഇന്നോളം രണ്ടിടത്തേ തോറ്റിട്ടുള്ളൂ. പാലാക്കാരുടെ സ്നേഹത്തിനുമുന്നിലും ഈരാറ്റുപേട്ടക്കാരന്റെ ആലിംഗനത്തിലും. സ്നേഹിച്ച് സ്നേഹിച്ച് പാലാക്കാര്‍ തോല്‍പ്പിക്കാനിരുന്നതാണ്. മാണിസാര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടുന്നതെന്തിന്; ശേഷിച്ച കാലം തങ്ങളോടൊപ്പം വിശ്രമജീവിതം നയിക്കട്ടെ എന്ന് അവര്‍ ചിന്തിച്ചുപോയി. ആ കട്ടില്‍കണ്ട് മാണി സി കാപ്പന്‍ കൊതിച്ചുപോയതുമാണ്. മന്ത്രിസഭയിലെ ഒന്നാമനാകാന്‍ ഇത്തവണയെങ്കിലും അവസരം കിട്ടിയാലോ എന്ന ശങ്കയില്‍ അവസാന നിമിഷം പാലാക്കാര്‍ മാണിക്യത്തെത്തന്നെ നിയമസഭയിലേക്ക് വിട്ടു. എന്ത് ഫലം. ഇരിപ്പ് പിന്നയും പിന്നാമ്പുറത്തുതന്നെ. കോണ്‍ഗ്രസ് വലിയ കേരളാ കോണ്‍ഗ്രസായതാണ് യഥാര്‍ഥപ്രശ്നം.

ബജറ്റവതരിപ്പിച്ച് കൈയടി വാങ്ങിയതുകൊണ്ടോ പി സി ജോര്‍ജിനെപ്പോലും താങ്ങിനിര്‍ത്തിയതുകൊണ്ടോ മാണിസാറിന് പ്രത്യേക നേട്ടമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. മിച്ചമായാലും കമ്മിയായാലും മെച്ചമുണ്ടാകില്ല എന്നര്‍ഥം. പിളരുന്തോറും വളരുന്ന പാര്‍ടിയെ പിളര്‍ത്താതെ ലയിപ്പിച്ച് വലുതാക്കിയ നേതാവ് 35 കൊല്ലം മുമ്പത്തെ അതേ പദവിയില്‍ പ്രൊമോഷനൊന്നുമില്ലാതെ ബജറ്റവതരിപ്പിച്ച് കളിക്കുകയും പ്രസംഗിച്ച് തളരുകയും ശ്ലോകംചൊല്ലി വാര്‍ത്ത സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍, ""നിങ്ങളുടെ കര്‍മങ്ങള്‍ ഒന്നായിരിക്കട്ടെ, നിങ്ങളുടെ ഹൃദയങ്ങള്‍ ഒന്നായിരിക്കട്ടെ, നിങ്ങളുടെ മനസ്സുകള്‍ ഒന്നായിരിക്കട്ടെ"" എന്ന ഋഗ്വേദ സൂക്തം നമുക്ക് മാണിസാറിനെ കേള്‍പ്പിക്കാം. ഒരു ബജറ്റ് പ്രസംഗത്തില്‍ ഇതേ സൂക്തം മാണിസാര്‍തന്നെ പാടിയതാണ്.

*
സൂക്ഷ്മന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 മാര്‍ച്ച് 2013

No comments: