Thursday, March 28, 2013

കയ്യൂര്‍ രക്തസാക്ഷിത്വത്തിന് എഴുപത് വര്‍ഷം

കയ്യൂരിന്റെ അനശ്വരരക്തസാക്ഷിത്വത്തിന് എഴുപത് വര്‍ഷം. പോരാട്ടവഴിയിലെ ജ്വലിക്കുന്നൊരേടായ കയ്യൂര്‍ ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിലെ അഗ്നിബിന്ദുവായിരുന്നു. കുറ്റാരോപണത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനയിലാണത്രെ ആ നാലു ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. വിചാരണ ചെയ്യുന്ന ജഡ്ജിയുടെ മുന്നില്‍ അവര്‍ ശരിയുടെയും സത്യത്തിന്റെയും കെട്ടുകളഴിച്ച് നിവര്‍ത്തിക്കാട്ടിയെങ്കിലും അതൊന്നുമുള്‍ക്കൊള്ളാതെ വിധിപ്രസ്താവം വന്നു. അഞ്ചുപേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അതിലൊരാള്‍ക്ക് വയസ്സ് കുറവായിരുന്നു. അതുകൊണ്ട് ഒഴിവാക്കപ്പെട്ടു. വേലക്കാര്‍ മരിച്ചുപോകുന്നവരാണ്, എന്നാല്‍ വേല അനശ്വരമാണ് എന്ന് പറഞ്ഞതുപോലെ ജീവന്‍ വെടിഞ്ഞെങ്കിലും ആ നാലുയോദ്ധാക്കള്‍ അമരന്‍മാരാണ്. അവരെക്കുറിച്ച് നിരഞ്ജന ഒരു നോവലും ഒരു ചെറുകഥയുമെഴുതിയിട്ടുണ്ട്.

 ഗര്‍ഭത്തില്‍ കുഞ്ഞിനെ വഹിക്കുന്ന സുന്ദരിയായ മാതാവിനെപോലെ വശ്യത തോന്നിപ്പിക്കുന്നതാണ് തേജസ്വിനി നദിയെന്ന് നിരഞ്ജന എഴുതുന്നു. മലകള്‍ക്കിടയിലൂടെ കാടുകള്‍ പിന്നിട്ട് കണ്ണുപൊത്തിക്കളിച്ചുകൊണ്ട് ഒഴുകിവരുന്ന തേജസ്വിനിക്ക് നവയുവതിയുടെ പ്രസരിപ്പും ചുറുചുറുക്കുമുണ്ട്. തേജസ്വിനിയുടെ തീരത്ത് നെല്‍വയലുകളാണ്. നീണ്ടുപരന്നു കിടക്കുന്ന വയലുകള്‍. പൊന്നുവിളയുന്ന ഭൂമിയെന്നാണ് പറയുക. കയ്യൂരെന്നഗ്രാമത്തിന്റെ ഭാഗമാണാഭൂമി. കണ്ണാടിപോലെ ഒളിമിന്നുന്ന പുഴയ്ക്കരയിലെ ഗ്രാമത്തില്‍ തൊഴിലാളികളും കൃഷിക്കാരും സംഘടിക്കുകയായിരുന്നു. പത്രങ്ങള്‍ വായിച്ചും കാര്യങ്ങള്‍ ചര്‍ച്ചചെയ്തും അവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും ബോധവാന്‍മാരാവുകയായിരുന്നു. സന്ധ്യയ്ക്ക് ചിമ്മിണി വിളക്ക് കൊളുത്തിവെച്ച് അവര്‍ അക്ഷരം പഠിക്കാന്‍ ശ്രമിച്ചു. രാത്രികളില്‍ കുന്നിന്‍ ചരിവിലിരുന്ന് ആശയങ്ങള്‍ തൊട്ടറിഞ്ഞു. കര്‍ഷകസംഘത്തില്‍ ചേര്‍ന്നവരെല്ലാം ഉത്തരവാദിത്വമുള്ള പുരുഷന്‍മാരാവുകയായിരുന്നു. നാടുവാഴിത്തത്തിനും ജന്മിത്തത്തിനുമെതിരെയുള്ള സന്ദേശവുമായി നേതാക്കള്‍ രാത്രികാലങ്ങളില്‍ കയ്യൂരില്‍ സഞ്ചരിച്ചു. നേതാക്കളുടെ വാക്കുകള്‍ ജനതയെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കയും ചെയ്തുകൊണ്ടിരുന്നു. മറുഭാഗത്ത് പോലീസും ഗുണ്ടകളും നാട്ടില്‍ അഴിഞ്ഞാടി. സംഘം പ്രവര്‍ത്തകര്‍വേട്ടയാടപ്പെട്ടു. പോലീസ് ഭീകരതയ്ക്കെതിരെ പൊരുതിയിറങ്ങിയ കയ്യൂരിലെ ജനത പുതിയ ചരിത്രം രചിക്കുകയായിരുന്നു.

മാനവചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് സോവിയറ്റുറഷ്യയിലെ ഒക്ടോബര്‍ വിപ്ലവം വിലയിരുത്തപ്പെടുന്നത്. ലോകത്തെങ്ങുമുള്ള കോളനികളില്‍ ആ വിപ്ലവത്തിന്റെ അലകളിളകി. സ്വാതന്ത്ര്യത്തിനായുള്ള ജനാഭിലാഷം അവിടങ്ങളിലെല്ലാം ത്വരിതപ്പെട്ടു. ഇന്ത്യയിലും റഷ്യന്‍ വിപ്ലവം തിരയടിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ അത് വളരെയധികം സ്വാധീനിച്ചു. ഇതുസംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഇന്ത്യയിലെ ഉല്‍പതിഷ്ണുക്കളെ ആവേശം കൊള്ളിച്ചു. കേരളത്തിലും കമ്യൂണിസ്റ്റ് ദര്‍ശനത്തിന്റെ തിരയിളക്കങ്ങളുണ്ടായി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തി കേരളത്തിലെ പാര്‍ടിപ്രവര്‍ത്തകര്‍ക്കിടയിലും വിതരണം ചെയ്തു. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായി സംഘടിതമായ മുന്നേറ്റം അനിവാര്യമാക്കുന്ന അന്തരീക്ഷം സംജാതമായി. കര്‍ഷകരും തൊഴിലാളികളും സംഘടിച്ചു. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടു. മലബാര്‍ തീവ്രസമരങ്ങളുടെ അരങ്ങായിത്തീര്‍ന്നു. യുദ്ധം, ദാരിദ്ര്യം, പട്ടിണി, രോഗം, ചൂഷണം, അടിമത്തം തുടങ്ങിയവ ഇല്ലാതാക്കാനുള്ള പോരാട്ടം നാടിന്റെ നാനാഭാഗങ്ങളിലും നടന്നു. കൃഷ്ണപിള്ളയെപ്പോലുള്ളവര്‍ ഒളിവിലിരുന്ന് പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബഹുജനപ്രക്ഷോഭങ്ങള്‍ തീവ്രഗതിയിലായി. 1946 സപ്തംബര്‍ 15ന് വടക്കെമലബാറില്‍ പലയിടങ്ങളിലും സംഘര്‍ഷങ്ങളുണ്ടായി. കണ്ണൂര്‍ ജില്ലയിലെ മൊറാഴയില്‍ അതിരൂക്ഷമായ സംഘട്ടനം തന്നെ നടന്നു. ഒരുപോലീസ് സബ് ഇന്‍സ്പെക്ടര്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് കെ പി ആര്‍ ഗോപാലനെ വധശിക്ഷയ്ക്ക് വിധിച്ചു. കര്‍ഷകസംഘവും കമ്യൂണിസ്റ്റ്പാര്‍ടിയും നയിച്ച സാമ്രാജ്യത്വവിരുദ്ധ- ജന്മിത്വവിരുദ്ധ സമരങ്ങള്‍ ഇന്നത്തെ കാസര്‍ഗോഡ്ജില്ലയിലെ കയ്യൂരിനെ വേറിട്ടൊരു പ്രക്ഷോഭത്തിലേക്ക് നയിച്ചു. അങ്ങനെ കയ്യൂരെന്ന കര്‍ഷകഗ്രാമം വിമോചനസമരങ്ങളുടെ ഭൂപടത്തില്‍ ഏറ്റവും ശ്രദ്ധേയമായിത്തീര്‍ന്നു.

1941 മാര്‍ച്ച് 28നാണ് കയ്യൂര്‍ സംഭവം നടന്നത്. അന്ന് കയ്യൂരില്‍ മര്‍ദനത്തിനെതിരെ പ്രതിഷേധജാഥ നടക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് കയ്യൂരില്‍ വന്നിറങ്ങിയ പോലീസ് സംഘം പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. അന്ന് പലര്‍ക്കും സാരമായ അടിയേറ്റു. രണ്ടുപ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയുമുണ്ടായി. ജനങ്ങളെ ഇതെല്ലാം അരിശം കൊള്ളിച്ചിരുന്നു. ചുവന്ന കൊടികളേന്തി മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധ ജാഥ കയ്യൂരിന്റെ ഒരറ്റത്തുനിന്നാരംഭിച്ചു. കാക്കിട്രൗസ്സറും ഷര്‍ട്ടും ധരിച്ച വളണ്ടിയര്‍മാരും ജാഥയിലണിനിരന്നിരുന്നു. ജന്മിത്തം നശിക്കട്ടെ എന്നും സാമ്രാജ്യത്വം നശിക്കട്ടെ എന്നും അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ജാഥയെ ഒറ്റയ്ക്ക് നേരിടാനുള്ള ധിക്കാരമാണ് പോലീസ് കോണ്‍സ്റ്റബിള്‍ പ്രകടിപ്പിച്ചതെന്ന് ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ രേഖപ്പെടുത്തുന്നു. പ്രായമെത്താത്തതിന്റെ പേരില്‍ വധശിക്ഷയില്‍നിന്നും ഒഴിവാക്കപ്പെട്ട വ്യക്തിയാണ് കൃഷ്ണന്‍ നായര്‍. ഇരുനൂറോളം വരുന്ന ജനങ്ങളുടെ വികാരത്തെ ഒറ്റയ്ക്ക് തളര്‍ത്തിക്കളയാമെന്നത് വെറും വ്യാമോഹം മാത്രമായിരുന്നു. പരാജിതനായ അയാള്‍ ചെങ്കൊടി പിടിച്ച് നടക്കാന്‍ നിര്‍ബ്ബന്ധിതനായി. അപമാനിതനായ കോണ്‍സ്റ്റബിളിന്റെ പരാക്രമമാണ് പിന്നീടുണ്ടായതത്രെ. രംഗം സംഘര്‍ഷത്തിലെത്തിയപ്പോള്‍ രക്ഷപ്പെടാനുള്ള വഴിയാണ് അയാള്‍ ചിന്തിച്ചത്. പുഴയിലൂടെ നീന്തിരക്ഷപ്പെടാന്‍ സാധിക്കുമെന്നയാള്‍ കരുതിയിരിക്കണം. പക്ഷേ ആ ശ്രമം പരാജയപ്പെട്ടു. അയാള്‍ക്ക് ജീവാപായം സംഭവിക്കുകയും ചെയ്തു. കോണ്‍സ്റ്റബിളിന്റെ മരണത്തോടെ കയ്യൂര്‍ സമരം വഴിത്തിരിവായി.പോലീസ് സംഘര്‍ഷത്തിന്റെ കൈപ്പിടിയിലായി പിന്നീടാഗ്രാമം. പുരുഷന്‍മാരെല്ലാം ഒളിവില്‍ പോയി. കാടുകളിലും കുന്നിന്‍പുറങ്ങളിലും അവരഭയം തേടി. പോലീസ് നായാട്ട് ഹോസ്ദുര്‍ഗ് ഉപതാലൂക്കിലാകെ വ്യാപിച്ചു. കോണ്‍സ്റ്റബിളിന്റെ മരണത്തെത്തുടര്‍ന്ന് കൊലക്കേസ് റജിസ്റ്റര്‍ചെയ്തു. പ്രതികളെ പടികൂടാനായി പിന്നത്തെ ശ്രമം. കയ്യൂരിന്റെ കുന്നിന്‍പുറങ്ങളിലും കാടുകളിലും ഏറെക്കാലം ഒളിവില്‍ കഴിയുക അസാധ്യമായിരുന്നു. പോലീസിനെ സഹായിക്കാന്‍ ജന്മിമാരുടെ ഗുണ്ടകളും രംഗത്തിറങ്ങി. കര്‍ഷകസംഘത്തിന്റെ പ്രധാനപ്രവര്‍ത്തകരെയെല്ലാം പ്രതികളാക്കി. ക്യൂണിസ്റ്റുപ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ഒരു ശ്രമം എന്ന നിലയിലാണ് സര്‍ക്കാര്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തിയത്. കേസ്സിന്റെ ബലത്തിനായി സാക്ഷികളെയും ഉണ്ടാക്കി. അറുപത്തൊന്നുപേരെ പ്രതികളായി ചേര്‍ത്ത് പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കി. ഒളിവില്‍ കഴിയുകയായിരുന്നു ഇ. കെ നായനാര്‍ മൂന്നാം പ്രതിയായിരുന്നു. ഒന്നാംപ്രതിയാണ് മഠത്തില്‍ അപ്പു. രണ്ടാംപ്രതി വി വി കുഞ്ഞമ്പുവും. നായനാരെ പിടികിട്ടാത്തതുകൊണ്ട് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ജപ്തിചെയ്യാന്‍ മജിസ്ട്രേട്ട് ഉത്തരവ് പുറപ്പെടുവിച്ചു. എന്നിട്ടും പിടികിട്ടിയില്ല. അതുകൊണ്ട് നായനാരെ കേസ്സില്‍ നിന്നൊഴിവാക്കി. അറുപതുപേരാണ് വിചാരണ നേരിട്ടത്. മംഗലാപുരം ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി അഞ്ചുപേരെ വധിശിക്ഷയ്ക്ക് വിധിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒരാളെ ദുര്‍ഗുണപരിഹാര പാഠശാലയിലേക്കയക്കാന്‍ ജഡ്ജി ശുപാര്‍ശചെയ്തു.

1943 മാര്‍ച്ച് 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് നാലുപേരെയും വധശിക്ഷയ്ക്ക് വിധേയരാക്കി. കെ. മാധവന്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നു: ""ലോകതൊഴിലാളിവര്‍ഗത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ അതിദാരുണരംഗം കണ്ണൂര്‍ജയിലില്‍ അരങ്ങേറി. മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പൊടോരകുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നീസഖാക്കളുടെ ഭൗതികമായ ജീവിതം വൈദേശികമേധാവിത്വം നശിപ്പിച്ചു. എങ്കിലും അവര്‍ ഞങ്ങളോടൊപ്പമുണ്ട്. ലോകത്ത് തൊഴിലാളിവര്‍ഗം ഉള്ളിടത്തോളം കാലം ആ സഖാക്കള്‍ക്ക് മരണമില്ല. ഞങ്ങളെല്ലാം മരിച്ചാലും അവര്‍ ജീവിക്കും. അവര്‍ അനശ്വരരാണ്..""

കയ്യൂര്‍ പ്രതികളുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും കൈയ്ക്കൊണ്ടിരുന്നു. മേല്‍കോടതികളില്‍ അപ്പീല്‍ നല്കി. പ്രതികളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകളും കമ്പികളും നിവേദനങ്ങളും പ്രവഹിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിലും പ്രശ്നം അവതരിപ്പിക്കപ്പെട്ടു. പക്ഷേ, ബഹുജനാഭിപ്രായം മാനിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കയ്യൂര്‍ പ്രതികളോട് യാതൊരു ദയയും ഗവര്‍മ്മെണ്ട് കാട്ടിയില്ല. പിസി ജോഷിയും കൃഷ്ണപിള്ളയും സന്ദരയ്യയും വി വി കുഞ്ഞമ്പുവും ജയിലില്‍ ചെന്ന് കയ്യൂര്‍സഖാക്കളെ കണ്ടിരുന്നു. ജോഷിയോട് കയ്യൂര്‍സഖാക്കള്‍ പറഞ്ഞ മറുപടി ചരിത്രത്തിന്റെ തുടിപ്പുകളായി എന്നെന്നും നിലനില്‍ക്കും. കനത്ത ഇരുമ്പുവാതിലിന്നിടയിലൂടെയാണ് നേതാക്കള്‍ കടന്നുചെന്നത്. നേതാക്കളെ കണ്ടതും അവര്‍ മുഷ്ടിചുരുട്ടിലാല്‍സലാം പറഞ്ഞു. നാലുപേരെയും നാലുസെല്ലുകളിലാണ് അടച്ചിട്ടിരുന്നത്. നാടിന്റെ നാനാഭാഗത്തുനിന്നും കയ്യൂര്‍സഖാക്കള്‍ക്കെഴുതിയ അഭിവാദ്യക്കത്തുകള്‍ ജോഷിയുടെ പക്കലുണ്ടായിരുന്നു. അവയിലെ ഉള്ളടക്കം കേട്ട് അവര്‍ മന്ദഹസിച്ചു. കൃഷ്ണപിള്ളയാണ് മൊഴിമാറ്റം നടത്തിയത്. ജോഷിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. പാര്‍ട്ടി മറ്റാരെക്കാളും നിങ്ങള്‍നാലുപേരെയും കുറിച്ച് അഭിമാനിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുയര്‍ത്തിയ കൊടി ഞങ്ങള്‍ ഉയരത്തില്‍ പറപ്പിക്കും. ഡോ. സി. ബാലന്‍ എഡിറ്റുചെയ്ത "വടക്കന്‍ പെരുമ" എന്ന ഗ്രന്ഥത്തില്‍ ജോഷിയുടെ വാക്കുകള്‍ വിവരിക്കുന്നുണ്ട്. അനശ്വരമായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ് നിങ്ങള്‍ മരിക്കുന്നത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ലോകത്തിന്റെ മുഴുവന്‍ മോചനത്തിനും നന്മയ്ക്കും നീതിക്കും വേണ്ടിയാണ് നാം പോരാടുന്നത്. പ്രിയസഖാക്കളേ, നിങ്ങളെ പാര്‍ടിക്ക് നഷ്ടമാവുകയാണ്. പാര്‍ടിയെ ഇന്നു കാണുന്ന രീതിയില്‍ വളര്‍ത്തിയത് നിങ്ങളെപോലുള്ളവരുടെ ആത്മാര്‍പ്പണമാണ്. രാജ്യമെങ്ങുമുള്ള നല്ല മനുഷ്യര്‍ ഇതിലണിചേരുന്നു. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരായ രക്തസാക്ഷികളെ ഊട്ടിവളര്‍ത്തിയ പ്രസ്ഥാനത്തില്‍ അണിചേരാന്‍ ദേശാഭിമാനികളായ യുവാക്കള്‍ കൊതിക്കും. സഖാക്കളേ, നമ്മളൊടുവില്‍ വിജയിക്കുക തന്നെ ചെയ്യും. നമ്മുടെ പ്രസ്ഥാനവും ലക്ഷ്യവും അനശ്വരമാണ്. നിങ്ങളുടെ രക്തസാക്ഷിത്വം പാര്‍ടിയുടെ യശസ്സ് ഉയര്‍ത്തുകയും ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനും ഇതിലേറെ ഉദാത്തമായ അന്ത്യം വന്നു ചേരാനില്ല. നിങ്ങളെ കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. നിങ്ങള്‍ സ്നേഹിച്ച പാര്‍ടിയുടെ അഭിവാദ്യങ്ങള്‍ ഞാനറിയിക്കുന്നു.""

വടക്കെമലബാറിലെ തേജസ്വിനിക്കരയിലെ കയ്യൂരെന്നഗ്രാമം. കമ്യൂണിസ്റ്റ്- കര്‍ഷകപ്രസ്ഥാനത്തിന്റെ ചെമ്പതാക വാനത്തും ജനഹൃദയങ്ങളിലും ഉയരെ പാറിച്ചുക്കൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ നാലുകര്‍ഷകര്‍ മരണപ്പെട്ടാലും പുറത്തുള്ള പരശ്ശതം ജനതയെ തൂക്കിലേറ്റാനാവില്ല എന്നാണ് അവര്‍ പറഞ്ഞത്. പാര്‍ടിയുടെ വളര്‍ച്ച കണ്ടുകൊണ്ട് മരിക്കാനുള്ള ഭാഗ്യമുണ്ടായതില്‍ അവര്‍ നാലുപേരും ചരിതാര്‍ത്ഥരായിരുന്നു. ഇനിയും ജന്മമുണ്ടായാല്‍ പാര്‍ടിക്കുവേണ്ടി ജീവന്‍ ത്യജിക്കാനാവസരം ലഭിക്കണേ എന്നാണവരാഗ്രഹിച്ചത്. ഇരുമ്പുകവാടങ്ങള്‍ക്കിടയിലൂടെ പി സി ജോഷി അവരുടെ കൈകള്‍ സ്പര്‍ശിച്ചു.. ജയിലഴികള്‍ക്കപ്പുറത്ത് പൂവുകള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ആ പൂവുകള്‍ നശിച്ചുപോവും. പക്ഷേ സഖാക്കളേ, നിങ്ങള്‍ അനശ്വരമായ മാനവികതയുടെ പൂവുകളാണ്. ഒരിക്കലും നശിക്കാതെ സുഗന്ധം പരത്തിക്കൊണ്ടിരിക്കും.

കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകളില്‍ ജൂലിയസ് ഫ്യൂച്ചിക്ക് ഓര്‍മ്മിക്കുന്നു..."" ഈ ചരിത്ര കാലഘട്ടത്തില്‍ ജീവിക്കുന്നവരോട് എനിക്കൊന്ന് പറയാനുണ്ട്. ഈ സമരത്തില്‍ പങ്കെടുത്തവരെ ഒരിക്കലും മറക്കാതിരിക്കുക. നല്ലതിനെയും ചീത്തയെയും ഓര്‍ത്തിരിക്കുക. നിങ്ങള്‍ക്കുവേണ്ടിയും തങ്ങള്‍ക്കുവേണ്ടിയും മരിച്ചവരെപ്പറ്റി കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കുക. വര്‍ത്തമാനകാലം അചിരേണ ഭൂതകാലമായി മാറും. ചരിത്രം സൃഷ്ടിച്ച, പേരറിയപ്പെടാത്ത വീരനായകന്‍മാരെക്കൊണ്ട് നിറഞ്ഞ മഹനീയ കാലഘട്ടമായി ഇതറിയപ്പെടും. അവര്‍ക്ക് പേരുകളും മുഖങ്ങളും ആഗ്രഹങ്ങളുമുണ്ടായിരുന്നു. നിങ്ങളവരെ അറിഞ്ഞിരുന്നാല്‍ പോര. നിങ്ങളുടെ കുടുംബാംഗങ്ങളായിരുന്നാലെന്നതുപോലെ, അഥവാ നിങ്ങള്‍തന്നെ ആയിരുന്നാലെന്നതുപോലെ അത്ര അടുപ്പം അവരോട് തോന്നണമെന്നാണ് ഞാനാഗ്രഹിക്കുന്നത്.?

കല്‍തുറുങ്കുകള്‍ക്കുള്ളില്‍, മരവിച്ച
ഭിത്തികള്‍ക്കപ്പുറമുള്ള സഖാക്കളേ
ഞങ്ങളൊന്നിച്ചാ,ണൊപ്പമാണിപ്പൊഴീ-
മുന്നണികളില്‍ നിങ്ങളില്ലെങ്കിലും....

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍ ചിന്ത 22 മാര്‍ച്ച് 2013

No comments: