Thursday, December 20, 2012

ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ജനവിരുദ്ധ വകുപ്പുകള്‍ തിരുകി കയറ്റിയ ബാങ്കിംഗ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ നിത്യേന ലിസ്റ്റ് ചെയ്യുകയും എങ്ങനെയെങ്കിലും പാസാക്കാനുമാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെ വമ്പിച്ച പ്രതിഷേധമാണ് പാര്‍ലമെന്റിനകത്ത് ഉയര്‍ത്തിയിട്ടുള്ളത്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പരിഗണിച്ച ബില്ലില്‍ ഉള്‍പ്പെടാതിരുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ ഏകപക്ഷീയമായി കൂട്ടിച്ചേര്‍ത്ത് പാസാക്കാനുള്ള ശ്രമം ജനാധിപത്യ ലംഘനമാണെന്ന് പ്രതിപക്ഷ എം പി മാര്‍ ആരോപിച്ചു. പക്ഷേ, അതൊന്നും ഗൗനിക്കാത്ത മട്ടിലാണ് പാര്‍ലമെന്റ് ട്രഷറി ബെഞ്ച് മാനേജര്‍മാര്‍. പ്രസ്തുത ബില്ലിന് വിവിധ ഭേദഗതികള്‍ ഗുരുദാസ് ദാസ് ഗുപ്ത തുടങ്ങിയ ഇടതുപക്ഷ എം പിമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിര്‍ദ്ദിഷ്ട ബില്‍ നടപ്പായാല്‍ പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വോട്ടവകാശ പരിധി ഒരു ശതമാനത്തില്‍നിന്നും പത്ത് ശതമാനത്തിലേക്ക് ഉയര്‍ത്തപ്പെടും സ്വകാര്യ ബാങ്കുകളിലെ ഓഹരി വോട്ടവകാശപരിധി പത്ത് ശതമാനത്തില്‍നിന്ന് 26 ശതമാനമായി ഉയര്‍ത്തപ്പെടും ബി ആര്‍ ആക്ട് 3 എ വകുപ്പ് റദ്ദാക്കി ബാങ്കുകള്‍ക്ക് ഉല്‍പ്പന്ന അവധി വ്യാപാരത്തിന് അനുമതി നല്‍കും, കോമ്പറ്റീഷന്‍ നിയമപരിധിയില്‍നിന്ന് ബാങ്കുകള്‍ ഒഴിവാക്കപ്പെടും.

ഇതിനിടയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആന്‍ഡ് റിക്കവറി ഓഫ് ഡെബ്റ്റ് ലോ അമെന്റ്‌മെന്റ് ബില്‍ 2011 എന്ന പേരില്‍ സര്‍ഫേസി, ഡെബ്റ്റ് റിക്കവറി നിയമങ്ങള്‍ ഭേദഗതി ചെയ്യുവാനുള്ള ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുണ്ടായി. ഈ ബില്ലിലെ ഒരു സുപ്രധാന വകുപ്പ് പ്രകാരം കമ്പനികള്‍ക്ക് ബാങ്കുകള്‍ നല്‍കിയ കടങ്ങള്‍ കുടിശ്ശിക വരുത്തുന്ന പക്ഷം  ആ കമ്പനിയുടെതന്നെ ഓഹരികളാക്കി മാറ്റുവാന്‍ അനുമതി നല്‍കുന്നു. കിട്ടാക്കടത്തെ വെള്ളപൂശി ഓഹരി കടലാസാക്കി മാറ്റുന്നത് വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍വേണ്ടി മാത്രമാണ്. ആയിരക്കണക്കിന് കോടി രൂപ വായ്പാകുടിശ്ശിക വരുത്തിയ കിംഗ് ഫിഷറിനെ സഹായിക്കാന്‍ ഭരണകൂടം ബാങ്കുകളെ നിര്‍ബന്ധിച്ച കഥകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. വായ്പാകുടിശിക വരുത്തുന്ന ചെറുകിടക്കാര്‍ക്ക് ജപ്തിയും വന്‍കിടക്കാര്‍ക്ക് സ്വസ്തിയും സമ്മാനിക്കുന്നതിന് നീതികരണമില്ല.

യുപിഎ ഗവണ്മെന്റ് ആക്രമണോത്സുകതയോടെ 'പരിഷ്‌ക്കാര' നടപടികള്‍ തുടരുകയാണ്. വ്യോമയാനം, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, പാചകവാതക സബ്‌സിഡി വെട്ടിക്കുറക്കല്‍, പൊതുമേഖലാ ഓഹരിവില്‍പ്പന തുടങ്ങിയവയുമായി ഗവണ്മെന്റ് തിരക്കിട്ട് നീങ്ങുകയാണ്. ചില്ലറ വ്യാപാരമേഖലകളില്‍ വര്‍ധിത വിദേശ നിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നു. രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസഹമാക്കുന്നു. മറുഭാഗത്ത് അഴിമതിക്കഥകള്‍ ധാരാളം. ബാങ്കിംഗ് മേഖലയില്‍ വ്യവസായഗ്രൂപ്പുകള്‍ക്കും ബാങ്കിതര സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്കുകളാരംഭിക്കുവാനുള്ള ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടിയന്തിരമായി ആരംഭിക്കണമെന്നാണ് ബാങ്കര്‍മാരുടെ വാര്‍ഷിക ബൗദ്ധിക വ്യായാമ സമ്മേളനമായി കരുതുന്ന 'ബാങ്കണില്‍' പങ്കെടുത്തുകൊണ്ട് കേന്ദ്ര ധനമന്ത്രി പി ചിദംബരം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. ബാങ്കിംഗ് നിയമഭേദഗതി ബില്‍ പാസാകുവാനൊന്നും കാക്കാതെ നടപടികള്‍ നീക്കണമെന്നാണ് ധനമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍.

ബാങ്കണില്‍ ധനമന്ത്രി നടത്തിയ വേറൊരു അഭിപ്രായം 'ബാങ്ക് കണ്‍സോളിഡേഷന്‍' (ലയനം) അനിവാര്യമാണെന്നതാണ്. രണ്ടോ മൂന്നോ ബാങ്ക് ഭീമന്മാര്‍ ഉണ്ടാകണമത്രേ. പുതിയ ബിസിനസ് മാതൃകകള്‍ സൃഷ്ടിക്കണം; സ്വത്വവും അഭിമാനവും മാറ്റിവെച്ച് ബാങ്കുകളെ സംയോജിപ്പിക്കണം എന്നാണ് ധനമന്ത്രിയുടെ ആഹ്വാനം. ഇതിനകം തന്നെ പൊതുമേഖലാ ബാങ്കുകളില്‍ താരതമ്യേന വലിയ ഏഴു ബാങ്കുകള്‍ കോര്‍ഡിനേറ്റര്‍മാരായി പൊതുമേഖലാ ബാങ്കുകളെ ഇവര്‍ക്കു വിഭജിച്ചു നല്‍കിയിരിക്കുകയാണ്. എസ് ബി ഐയ്ക്ക് അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും; പഞ്ചാബ് നാഷണല്‍ ബാങ്കിന് ദേനാ ബാങ്കിനേയും, വിജയ ബാങ്കിനേയും; സെന്‍ട്രല്‍ ബാങ്കിന് ഇന്ത്യന്‍ബാങ്ക്, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര; ബാങ്ക് ഓഫ് ബറോഡയ്ക്ക് ഐ ഡി ബി ഐ. ബാങ്ക്, യൂക്കോ ബാങ്ക്; ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒ ബി സി, ആന്ധ്രബാങ്ക്; യൂണിയന്‍ ബാങ്കിന് യുണൈറ്റഡ് ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്; കനറാ ബാങ്കിന് ഐ ഒ ബി, സിന്‍ഡിക്കേറ്റ് ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നത്.

ആഭ്യന്തര നയങ്ങളും നടപടിക്രമങ്ങളും മെച്ചപ്പെടുത്തുവാനാണിതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഹ്യൂമന്‍ റിസോഴ്‌സ്, ഇ-ഗവേര്‍ണന്‍സ്, ഓഡിറ്റ്, ക്രമക്കേടുകള്‍ കണ്ടെത്തല്‍, സുരക്ഷ, വായ്പാതിരിച്ചുപിടിക്കല്‍, നിക്ഷേപ-വായ്പാ സന്തുലനം, ബിസിനസ് പ്രോസസ് റീ-എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ കൂട്ടായി ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തിക്കുകയും വേണമെന്നാണ് ധനമന്ത്രാലയ നിര്‍ദ്ദേശം. എന്നാല്‍, ശാഖാ അടച്ചുപൂട്ടലുകള്‍ക്കും ചെറുകിട ഇടപാടുകാരേയും ജീവനക്കാരേയും വെട്ടിച്ചുരുക്കാനും ലക്ഷ്യമിടുന്ന പൊതുമേഖലാ ബാങ്ക് ലയനത്തിന് മുന്നോടിയായുള്ള ആസൂത്രിത നീക്കമാണിത്.

ചരിത്രത്തെ പുറകോട്ടു നയിക്കുന്ന നീക്കങ്ങളാണ് അരങ്ങേറുന്നത്. വന്‍കിടവ്യവസായ കുടുംബങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്കുകളെ ദേശവല്‍ക്കരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കിയതിനുള്ള കാര്യകാരണങ്ങള്‍ ഇന്നും പ്രസക്തമാണ്. സ്വജനപക്ഷപാതവും ക്രമക്കേടുകളും പ്രകടമാകുകയും ബാങ്കുനിക്ഷേപങ്ങള്‍ സ്വന്തം ബിസിനസ് താല്‍പര്യങ്ങള്‍ക്കനുസൃതമായി വിനിയോഗിച്ച് ലാഭം മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന രീതികള്‍ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യുന്നില്ലെന്ന് കണ്ടാണ് ബാങ്കുകളെ കുത്തക മുതലാളിമാരുടെ കൈകളില്‍നിന്നും 1969-ല്‍ മോചിപ്പിച്ചത്. വന്‍കിട ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് ലോകം സാക്ഷ്യം വഹിച്ചത് വിദൂരകാലത്തൊന്നുമല്ല. അമേരിക്കയില്‍ മാത്രം 2008ന് ശേഷം 464 ബാങ്കുകള്‍ തകര്‍ന്നു. ആ തകര്‍ച്ചയാകട്ടെ തുടരുകയുമാണ്. ബാങ്കുകളെ കൂട്ടിലയിപ്പിച്ച് വലുതാക്കി വന്‍കിടക്കാരുടെ മാത്രം വായ്പാസ്രോതസ്സാക്കുവാനുള്ള നീക്കം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണ്.

ഗ്രാമീണ ബാങ്ക് ശാഖകള്‍ക്ക് പകരം സ്വകാര്യ ബാങ്കിംഗ് കറസ്‌പോണ്ടന്റിന് കമ്മിഷന്‍ വ്യവസ്ഥയില്‍ ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ നല്‍കുന്ന രീതിക്ക് അള്‍ട്രാ സ്‌മോള്‍ ബ്രാഞ്ച് എന്ന ചെല്ലപ്പേരിട്ട് കൊണ്ടുവരുന്നു. സബ്‌സിഡികള്‍പോലും പൊതുമേഖലാ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കും എന്നുപറയുമ്പോള്‍ തന്നെ ജനകീയ പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തെ തളര്‍ത്തുന്നതും ബാങ്കിതര (ബ്ലേഡ്) കമ്പനികളേയും കോര്‍പ്പറേറ്റുകളേയും ബാങ്ക് തുടങ്ങാന്‍ അനുവദിക്കുന്നതും ജനവിരുദ്ധമാണ്. അര്‍ഥവത്തായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ലക്ഷ്യമായി കൊട്ടിഘോഷിക്കുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പൊതുമേഖലാ ബാങ്കിംഗ് വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്. 65 ലക്ഷം കോടി രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ നിയന്ത്രണവും വിനിയോഗവും ജനക്ഷേമമോ രാഷ്ട്രവികസനമോ അജണ്ടയിലില്ലാത്ത ലാഭം മാത്രം ലാക്കാക്കുന്ന സ്വകാര്യ വിദേശ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കം രാജ്യത്തിനും ജനതയ്ക്കും ഗുണകരമല്ലതന്നെ.
നഗ്നമായ കോര്‍പറേറ്റ് പ്രീണന പാതയിലൂടെ ചരിക്കുന്ന യുപിഎ ഭരണാധികാരികളുടെ ഇത്തരം നയങ്ങള്‍ക്കെതിരെ വമ്പിച്ച പ്രക്ഷോഭം വര്‍ധിതവീര്യത്തോടെ ഉയരുകയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഒരു പരിധിവരെ ഇന്ത്യയെ രക്ഷിച്ച് യശസ്സുയര്‍ത്തിയ ഇന്ത്യന്‍ മോഡല്‍ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം സ്വകാര്യ ഓഹരി വോട്ടവകാശ പരിധി നിയന്ത്രണങ്ങളോടെ ലോകത്തിന് മാതൃകയായി നില്‍ക്കുന്നു. അത് തകര്‍ക്കാനുള്ള സ്വകാര്യ - വിദേശ വല്‍ക്കരണ ലയന നീക്കങ്ങള്‍ അനുവദിക്കാനാവില്ല. ഇത്തരം നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ വ്യാപകമായി എഐബിഇഎ, എഐബിഒഎ, ബിഇഎഫ്‌ഐ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഡിസം. 20ന് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും അഖിലേന്ത്യാ വ്യാപകമായി പണിമുടക്കുകയാണ്.

*
സി ഡി ജോസണ്‍ (ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ഘടകമായ ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയും ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയുടെ സംസ്ഥാന കണ്‍വീനറുമാണ് ലേഖകന്‍)

No comments: