Monday, December 31, 2012

ഇവള്‍ ഇന്ത്യയുടെ മകള്‍

ആ പെണ്‍കുട്ടിയുടെ പേരറിയില്ല. നാടിനെക്കുറിച്ചും വേണ്ടത്ര വ്യക്തതയില്ല. എന്നിട്ടും അവള്‍ രാജ്യത്തിന്റെ മുഴുവന്‍ നൊമ്പരമായി. രാജ്യം മുഴുവന്‍ അവള്‍ക്കുവേണ്ടി പ്രാര്‍ഥനയില്‍ മുഴുകി; വേദനകൊണ്ട് വിതുമ്പി; രോഷംകൊണ്ട് തെരുവിലിറങ്ങി; അധികാരശാസനങ്ങളുടെ പടച്ചട്ടകള്‍ക്കുമുന്നില്‍ വിരിമാറുകാട്ടി പ്രതിഷേധിച്ചു; നീതിക്കുവേണ്ടി മുറവിളി കൂട്ടി; കാട്ടാളത്തം ലജ്ജിച്ചുപോകുന്ന ക്രൂരതയോട് സമരസപ്പെടാനാകില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. വേദനകൊണ്ടും രോഷംകൊണ്ടും ഡല്‍ഹിയിലെ തണുത്തുറഞ്ഞ പകലുകളെ സമരഭരിതമാക്കിയവരില്‍ രാജ്യത്തിന്റെ മുഴുവന്‍ മനസ്സുമുണ്ടായിരുന്നു. ഭാഷയും മതവും ജാതിയുമൊന്നും അവിടെ വേര്‍തിരിവുണ്ടാക്കിയില്ല; തരതമഭേദവും കണ്ടില്ല. ജീവിതമെന്തെന്ന് അറിഞ്ഞുതുടങ്ങുന്നതിനുമുമ്പേ നരാധമന്മാരുടെ പൈശാചികതയ്ക്ക് സ്വന്തം ജീവിതം ബലികൊടുക്കേണ്ടിവന്ന ഇരുപത്തിമൂന്നുകാരിയുടെ ദുരന്തം സ്വന്തം മകളുടെ, സഹോദരിയുടെ, അമ്മയുടെ ദുരവസ്ഥയായി രാജ്യം മനസ്സോടുചേര്‍ക്കുകയായിരുന്നു. അപരനെക്കുറിച്ചുള്ള ആകുലത ഹൃദയപക്ഷത്തുകാട്ടി രാജ്യമൊന്നടങ്കം സംസ്കാരത്തിന്റെ മഹനീയമാതൃക കാട്ടി. പക്ഷേ, അത്യന്തം ലജ്ജാകരമായ സംസ്കാരവിരുദ്ധത പിച്ചിച്ചീന്തിയ ഒരു പെണ്‍കുട്ടിയുടെ ദുര്യോഗം വേണ്ടിവന്നു ഈയൊരു ഉണര്‍വിന്റെ മാതൃക സൃഷ്ടിക്കാന്‍ എന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ മായ്ച്ചുകളയാനാകാത്ത കറുത്ത പാടായി. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെപ്പോലെ, കിളിരൂരിലെ പെണ്‍കുട്ടിയെപ്പോലെ ഇപ്പോള്‍ ഡല്‍ഹിയിലെ പെണ്‍കുട്ടിയെന്ന പേരും നാം അവള്‍ക്കു സമ്മാനിച്ചിട്ടുണ്ട്. ഈ പേര് കേള്‍ക്കുന്നതുതന്നെ ജീവിച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭീതിദമായ ഓര്‍മകളായിരിക്കും നല്‍കുക.

അത്യന്തം വഷളന്‍ മാനസികവൈകൃതത്തില്‍ നിന്നുണ്ടായ കൂട്ടബലാത്സംഗമോ കുട്ടമാനഭംഗമോ ആയി ചുരുക്കി കാണാവുന്നതല്ല ആ പെണ്‍കുട്ടിയുടെ ശരീരവും മനസ്സും ഏറ്റുവാങ്ങേണ്ടിവന്ന പറയാനറയ്ക്കുന്ന, കേട്ടാല്‍ ഞെട്ടുന്ന ക്രൂരത. എന്നിട്ടും അവള്‍ തളര്‍ന്നില്ല. ഓര്‍മകള്‍ മാഞ്ഞുതുടങ്ങുന്നതിനുമുമ്പുളള നിമിഷങ്ങളിലൊക്കെ അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനും പൊരുതാനും തന്നെയായിരുന്നു ആശിച്ചതെന്ന് നമുക്കറിയാം. ഇത് നമ്മുടെ പെണ്‍കരുത്തിന്റെ പുതിയ പാഠങ്ങളാകേണ്ടതാണ്. എന്നാല്‍, ഒരു പെണ്‍കുട്ടിയോടുള്ള ഈ ക്രൂരത മുഴുവന്‍ അരങ്ങേറിയത് ഒരു പെണ്‍കുട്ടിയുടെ അമ്മകൂടിയായ ഷീല ദീക്ഷിത് ഭരിക്കുന്ന ഡല്‍ഹിയിലായിരുന്നുവെന്നോര്‍ക്കണം. മറ്റൊരു പെണ്‍കുട്ടിയുടെ അമ്മയായ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന യുപിഎ ഭരണസംവിധാനത്തിന്റെ ശ്രീകോവിലിനുള്ളിലാണെന്നും മറന്നുകൂടാ. ക്രൂരതയ്ക്കിരയായ പെണ്‍കുട്ടി നരകയാതനകളില്‍ മുങ്ങിത്താഴുമ്പോഴും അതില്‍ മനസ്സുരുകി ആയിരങ്ങള്‍ തെരുവിലിറങ്ങിയപ്പോഴും ഷീല ദീക്ഷിത്തെന്ന അമ്മയായ മുഖ്യമന്ത്രി ഷിംലയിലെ ശീതീകരിച്ച മുറിയില്‍ ചൂടുപിടിച്ച രാഷ്ട്രീയചര്‍ച്ചകളില്‍ ലയിച്ചിരിക്കുകയായിരുന്നുവെന്നതും നമ്മുടെ നാണക്കേടാകേണ്ടതാണ്. ഈ നാണക്കേടിന് ജനങ്ങള്‍ നല്‍കിയ മറുപടിയായിരുന്നു കഴിഞ്ഞ ദിവസം അവര്‍ക്കു നേരിടേണ്ടിവന്നത്. അംഗരക്ഷകരുടെ പേശീബലത്തിലാണ് അവര്‍ ജനരോഷത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
പെണ്‍കുട്ടിയുടെ ജീവനെക്കുറിച്ചോര്‍ത്ത് രാജ്യം മുഴുവന്‍ കേണുകൊണ്ടിരുന്നപ്പോഴും ഭരണാധികാരികള്‍ പുലര്‍ത്തിയത് അലസമായ സമീപനമായിരുന്നെന്ന ആക്ഷേപം ഇതിനകം നാനാകോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയെ സിംഗപ്പൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനം വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം അവഗണിച്ചാണെന്ന വിമര്‍ശം ഇതിനകം ശക്തമാണ്. സര്‍ക്കാര്‍ കൈക്കൊണ്ട രാഷ്ട്രീയതീരുമാനത്തിന് ഡോക്ടര്‍മാര്‍ വഴങ്ങുകയായിരുന്നു. ഒരേസമയം ഒന്നിലധികം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്താനുള്ള സൗകര്യമുണ്ടെന്ന കാരണം പറഞ്ഞാണ് സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ആന്തരികാവയവങ്ങളാകെ തകര്‍ന്ന് അണുബാധ കലശലായ സമയത്ത് ഒരുതരത്തിലുള്ള ശസ്ത്രക്രിയയും പ്രായോഗികമല്ലെന്നും അതുകൊണ്ട് അത്തരമൊരവസ്ഥയില്‍ വിദേശത്തേക്ക് കൊണ്ടുപോയത് ശരിയായില്ലെന്നും ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ട്. അതിന്റെയര്‍ഥം, ഡല്‍ഹിയില്‍ അണപൊട്ടിയൊഴുകിയ ജനരോഷം തണുപ്പിക്കാന്‍ അധികാരികള്‍ കണ്ടുപിടിച്ച വിദ്യയായിരുന്നു സിംഗപ്പൂര്‍ ചികിത്സയെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നാണ്. മറ്റൊന്നുകൂടിയുണ്ട്. ലോകത്തെ ഏത് വന്‍ ആശുപത്രിയോടും കിടപിടിക്കാവുന്ന സൗകര്യങ്ങളുള്ള ആശുപത്രിയാണ് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. മെഡിക്കല്‍ ടൂറിസത്തിന്റെയും മറ്റും പേരുപറഞ്ഞ് സിംഗപ്പൂരില്‍ നിന്നും മലേഷ്യയില്‍നിന്നുമൊക്കെ ആളുകള്‍ ഇങ്ങോട്ട് ചികിത്സതേടി വരുമ്പോഴാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയതെന്നുമോര്‍ക്കണം.
മൃതദേഹം നാട്ടിലേക്കുകൊണ്ടുവരുന്നതിലും അധികമാരെയും കാണിക്കാതെ അടക്കംചെയ്യുന്നതിലും അധികാരികള്‍ കാട്ടിയ അമിതാവേശവും സംശയങ്ങള്‍ക്കിടനല്‍കുന്നതാണ്.

പ്രധാനമന്ത്രിക്കും സോണിയ ഗാന്ധിക്കും വരെ പകല്‍വെളിച്ചത്തില്‍ പോയി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായത് എന്തുകൊണ്ടാണെന്ന് അവര്‍തന്നെ ആലോചിക്കണം. പെണ്‍കുട്ടിയോട് കാട്ടാളത്തം കാട്ടിയവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് രാജ്യം ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. അത് താമസംവിനാ ചെയ്യുമെന്ന് അധികാരികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ, നമ്മുടെ പല അനുഭവങ്ങളും ഇത് മുഖവിലയ്ക്കെടുക്കാന്‍ വിഷമമുണ്ടാക്കുന്നതാണ്. കാരണം കുറച്ചുദിവസം കഴിയുമ്പോള്‍ ഈ രോഷപ്രകടനങ്ങളുടെയെല്ലാം അലയൊലി പതുക്കെ കെട്ടടങ്ങും. പുതിയ വിഷയങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും നാം വീണുപോകും. അതിനേക്കാള്‍ പ്രശ്നസങ്കീര്‍ണതകളിലേക്ക് അധികാരികളും ചെന്നുപെടും. അപ്പോള്‍ എല്ലാം പഴയപടിയാകുന്ന സ്ഥിതി ഉണ്ടായിക്കൂടാ. വൈകിയെത്തുന്ന നീതി നീതിനിഷേധമാണെന്നാണ് പറയാറുള്ളത്. രാജ്യം മുഴുവന്‍ രോഷംകൊണ്ട ഈ വിഷയത്തിലെങ്കിലും അതുണ്ടായിക്കൂടാ. സമയബന്ധിതമായി കേസ് വിചാരണയും ശിക്ഷയും ഉണ്ടാകണം. അതോടൊപ്പം സമാനമായ ദുരനുഭവങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിച്ചുകൂടാ. അതിന് സഹായകരമായ നിയമങ്ങള്‍ പാസാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ആര്‍ജവവും പ്രതിജ്ഞാബന്ധതയും കാട്ടാന്‍ ഡല്‍ഹിയിലെ ഭരണാധികാരികള്‍ തയ്യാറാകണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സിപിഐ എമ്മും മറ്റും സമര്‍പ്പിച്ചിട്ടുള്ളതാണ്. അത് പാര്‍ലമെന്റിനുമുന്നിലുണ്ടുതാനും. അത് ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതോടൊപ്പം ഇന്ത്യന്‍ ശിക്ഷാനിയമം ഇതിന് സഹായകരമായ രീതിയില്‍ പരിഷ്കരിക്കാന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള നിര്‍ദേശങ്ങളും നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടിയെടുക്കണം. അല്ലെങ്കില്‍ ഇത്തരം ദുരന്തങ്ങളും വിലാപങ്ങളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

*
ദേശാഭിമാനി മുഖപ്രസംഗം 31 ഡിസംബര്‍ 2012

No comments: