Wednesday, December 26, 2012

പടിയിറക്കം; പടികയറ്റം


രാജ്യത്തെ സമരതാരകം എന്ന് വിശേഷിപ്പിക്കപ്പെട്ട ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ഉജ്വല വ്യക്തിത്വത്തിന്റെ വിയോഗവും വാനോളം ഉയര്‍ന്ന സുനിത വില്യംസിന്റെ ഉയര്‍ച്ചയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട വര്‍ഷമാണ് കടന്നുപോകുന്നത്. സ്ത്രീകളുടെ പോരാട്ടചരിത്രത്തില്‍ പുത്തന്‍ ഏടുകള്‍ക്ക് ജന്മംകൊടുത്ത വര്‍ഷം എന്ന ഖ്യാതിയും സ്വന്തം. പ്രതിഭാ പാട്ടീലിന്റെ പടിയിറക്കവും, മേരികോം, സൈനനെഹ്വാള്‍ തുടങ്ങിയവരുടെ കായികനേട്ടങ്ങളും അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ മലാലയ്ക്ക് വെടിയേറ്റ സംഭവവും ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ പിച്ചിച്ചീന്തിയതും വാര്‍ത്തകളില്‍ നിറഞ്ഞു. ഫേസ്ബുക്കിലെ പ്രതികരണത്തിന് രണ്ടു പെണ്‍കുട്ടികള്‍ക്ക് ലോക്കപ്പില്‍ കിടക്കേണ്ടി വന്നത് രാജ്യത്തിന് നാണക്കേടുണ്ടാക്കി. റേഡിയോ ജോക്കികളുടെ കടന്ന തമാശ ഒരു ഇന്ത്യന്‍ യുവതിയുടെ ജീവനാണ് അപഹരിച്ചത്.

ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ലക്ഷ്മി സൈഗാള്‍ തന്റെ പോരാട്ടപാതയില്‍ സിപിഐ എമ്മിനോടൊപ്പം ചേര്‍ന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ പ്രധാന ഏടായിരുന്നു. ഡോക്ടര്‍കൂടിയായ അവര്‍ ആതുരശുശ്രൂഷാരംഗത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കിയ സേവനത്തിന്റെ ആഴം അളക്കാവുന്നതല്ല. സുനിത ബഹിരാകാശത്ത് താമസമായപ്പോള്‍ ഇന്ത്യയുടെ അഭിമാനവും ആകാശംമുട്ടി. ലോകത്തെമ്പാടും സുനിതയുടെ നാമം മുഴങ്ങി. മാനംമുട്ടെ വളരാനും പെണ്ണിന് കഴിയുമെന്ന് സുനിത ലോകത്തിന് കാട്ടിക്കൊടുത്തു. 195 ദിവസമാണ് ബഹിരാകാശത്ത് സുനിത താമസിച്ചത്. ഒഹിയോയാണ് സുനിതയുടെ ജന്മദേശമെങ്കിലും അച്ഛനും അമ്മയും ഇന്ത്യക്കാരാണ്. ഇന്ത്യയുടെ മിസൈല്‍ വനിത എന്ന നിലയിലേക്ക് ഉയര്‍ന്ന കൊച്ചുകേരളത്തിന്റെ മകള്‍ ടെസ്സി തോമസ് 2012ലെ മറ്റൊരു വിസ്മയമായി. ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അവാര്‍ഡ് പ്രസിഡന്റിന്റെ കൈയില്‍നിന്ന് അവര്‍ ഏറ്റുവാങ്ങി. അമ്മയെ കാണാന്‍ ഇടയ്ക്കിടെ ആലപ്പുഴയില്‍ എത്തുന്ന ടെസ്സി മലയാള പത്രങ്ങളിലും നിറഞ്ഞുനിന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലൂടെ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കൊച്ചുസുന്ദരിയാണ് മലാല യൂസഫ്സായി എന്ന സുന്ദരിക്കുട്ടി. സ്വാത് താഴ്വരയില്‍നിന്ന് പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ഉയര്‍ന്ന മലാലയുടെ ശബ്ദം ബിബിസി ഏറ്റുചൊല്ലിയത് ലോകം മുഴുവനും തരംഗമായി. ബിബിസിയിലൂടെ പുറംലോകം വായിച്ചറിഞ്ഞ അവളുടെ വാക്കുകളില്‍ അസഹിഷ്ണുതപൂണ്ട താലിബാന്‍ മതതീവ്രവാദികള്‍ നിറയൊഴിച്ചപ്പോള്‍ ലോകം മുഴുവനും മലാലയ്ക്കൊപ്പംനിന്നു. ഇന്ത്യയുടെ പരമോന്നത ഔദ്യോഗിക പീഠത്തില്‍നിന്ന് പ്രതിഭ പടിയിറങ്ങി. അധികാരത്തിന്റെ ഇടനാഴികളിലെ വളകിലുക്കം അപൂര്‍വമായിരുന്നകാലത്ത് രാഷ്ട്രീയ ജീവിതത്തിലേക്ക് പടികടന്ന പ്രതിഭാ പാട്ടീല്‍ ഭാരതത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചത് ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയുടെ രോഗത്തെ സംബന്ധിച്ച അഭ്യൂഹങ്ങളും 2012നെ ചുറ്റിപ്പറ്റിനിന്നു. പിടിപ്പുകെട്ട കേന്ദ്രഭരണം, സംസ്ഥനതെരഞ്ഞെടുപ്പകളിലെ മോശം പ്രകടനം എന്നിവയ്ക്കും സോണിയ പഴികേട്ട വര്‍ഷം.

മണിപ്പുരിലെ ആദിവാസിമേഖലയില്‍നിന്ന് ഇന്ത്യയുടെ ഇടിക്കൂട്ടിലെത്തിയ ഇരട്ടക്കുട്ടികളുടെ അമ്മയായ മേരികോം തിരുത്തിയെഴുതിയത് ഇന്ത്യയുടെ കായികചരിത്രമാണ്. 2012ലെ ഒളിമ്പിക്സില്‍ ബോക്സിങ്ങില്‍ വെങ്കലമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മേരികോം. സ്പോര്‍ട്സില്‍ ഇന്ത്യയുടെ മറ്റൊരു വനിതാരത്നംകൂടി 2012ല്‍ തിളങ്ങിനിന്നു. ബാറ്റ്മിന്റനില്‍ ഇന്ത്യ നേടുന്ന ആദ്യ ഒളിമ്പിക്സ് മെഡല്‍ എന്നത് സൈനയുടെ നേട്ടത്തില്‍ കൂട്ടിവായിക്കപ്പെട്ടു. സൂപ്പര്‍ സീരീസില്‍ ഇടംനേടിയ ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടവും സൈനയ്ക്കുമാത്രം അവകാശപ്പെടാനാകുന്നതാണ്. ക്രിക്കറ്റ് താരങ്ങളെ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന കായികതാരമാണ് സൈനനെഹ്വാള്‍.

ബ്ലെസിയുടെ പുതിയ ചിത്രത്തിനുവേണ്ടി പ്രസവരംഗം ചിത്രീകരിച്ചെന്ന പേരില്‍ വിവാദത്തിന്റെ നടുവിലായ ശ്വേതാമേനോന്‍ ഏവര്‍ക്കും മറുപടി പറഞ്ഞത് മൗനംകൊണ്ടാണ്. പ്രസവചിത്രീകരണം ലോകസിനിമയില്‍ ധാരാളം ഉണ്ടായിട്ടുണ്ടെന്നും പുതുമയില്ലെന്നും തെളിയിച്ച് കൂടുതല്‍പേര്‍ രംഗത്തുവന്നതോടെ വിവാദംമാത്രം ഭക്ഷിക്കുന്ന ചിലരുടെ വായ അടഞ്ഞു.
 
മോളിവുഡിലെ നക്ഷത്രലോകത്തുനിന്ന് ഒരു വനിതയുടെ തിരനോട്ടം ഉണ്ടായ വര്‍ഷംകൂടിയാണ് 2012; അഞ്ജലിമോനോന്‍. ഡോക്യുമെന്ററികളിലും ടെലിഫിലിമുകളിലും പ്രകടിപ്പിച്ച കഴിവുകളെ വലിയ ക്യാന്‍വാസിലേക്ക് പകര്‍ന്നു. 2008ലെ ഫിലിം ഫെസ്റ്റിവലില്‍ നല്ല മലയാള സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ "മഞ്ചാടിക്കുരു" പ്രദര്‍ശനത്തിനെത്തി. അഞ്ജലി രചിച്ച് 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടല്‍ അവര്‍ക്ക് പേരും പെരുമയും നേടിക്കൊടുത്തു. കോഴിക്കോട്ട് ജനിച്ച് ദുബായില്‍ വളര്‍ന്ന അഞ്ജലി യിലെ പ്രതിഭയെ തേച്ച്മിനുക്കിയത് ലണ്ടന്‍ ഫിലിം സ്കൂളാണ്്. ബാല്‍താക്കറെയുടെ മരണത്തെത്തുടര്‍ന്ന് മുംബൈയില്‍ നടന്ന നിര്‍ബന്ധിത ദുഃഖാചരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച ഷെഹീന്‍ദാദയെന്ന പെണ്‍കുട്ടിയെയും ആ പോസ്റ്റ് ലൈക് ചെയ്ത റിനി ശ്രീനിവാസനെയും അറസ്റ്റു ചെയ്ത് രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവവും 2012ന്റെ സംഭാവന. രാജ്യമെങ്ങും ഉയര്‍ന്ന കടുത്ത പ്രതിഷേധത്തിനൊടുവിലാണ് അവരെ വിട്ടയച്ചത്.

ലണ്ടനില്‍ യുകെ ആശുപത്രിയിലെ ഇന്ത്യക്കാരിയായ നേഴ്സ് ജസീന്തസാധന ജീവനൊടുക്കിയത് രണ്ട് ഓസ്ട്രേലിയന്‍ ജോക്കികളുടെ ആള്‍മാറാട്ടത്തെതുടര്‍ന്നാണ്. ആശുപത്രിയില്‍ കഴിയുന്ന രാജകുമാരി കെയ്റ്റിന്റെ പ്രസവവിശേഷങ്ങള്‍ അറിയാന്‍ കൊട്ടാരത്തില്‍നിന്നാണെന്ന വ്യാജേന ജോക്കികള്‍ ഫോണ്‍വിളിച്ചു. ജസീന്തയാകട്ടെ ഔദ്യോഗികമായി പരമരഹസ്യമാക്കിവച്ചിരിക്കുന്ന വിവരങ്ങള്‍ ജോക്കികളെ തെറ്റിദ്ധരിച്ച് പറഞ്ഞുകൊടുക്കുകയുംചെയ്തു. തുടര്‍ന്നുണ്ടായ തിക്താനുഭവങ്ങള്‍ ജസീന്തയെ മരണത്തിലേക്ക് നയിക്കുകയായിരുന്നു.

സമരചരിത്രത്തില്‍ പുതിയൊരു വഴിവെട്ടി വീട്ടമ്മമാരുടെ സംഘടന കുടുംബശ്രീ കടന്നുപോകുന്ന വര്‍ഷത്തെ സമരവിജയികളാണ്. ലക്ഷക്കണക്കിനു കുടുംബങ്ങളിലെ ഭക്ഷണവും വിളക്കുമായ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരായ സമരം ജീവിക്കാന്‍തന്നെയുള്ള സമരമായിരുന്നു. സമരത്തിലേക്കുള്ള സ്ത്രീകളുടെ ഒഴുക്ക് കണ്ട് അക്ഷരാര്‍ഥത്തില്‍ തിരുവനന്തപുരം മാത്രമല്ല ഇവിടത്തെ മാധ്യമങ്ങളും സര്‍ക്കാരും ഞെട്ടി.

തുച്ഛമായ ശമ്പളം നല്‍കി രാപ്പകലില്ലാതെ ജോലിചെയ്യിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നേഴ്സുമാര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് മറ്റൊരു സമരമുന്നേറ്റം. ഒട്ടേറെ ആശുപത്രികളില്‍ കാവല്‍മാലാഖമാരുടെ സമരച്ചൂട് 2012നെ സജീവമാക്കിയിരുന്നു. സര്‍ക്കാരിന്റെ അധികാര ഇടനാഴികളെ പിടിച്ചുലച്ച നേഴ്സുമാരുടെ സമരം പൂര്‍ണവിജയത്തിലെത്തിയില്ലെങ്കിലും പോരാട്ടവഴികളിലാണ്. ഇങ്ങനെ ഒറ്റയ്ക്കും കൂട്ടായും ജീവനത്തിന്റെയും അതിജീവനത്തിന്റെയും പാതയില്‍ കാലിടറാതെ മിന്നിമറഞ്ഞ സ്ത്രീസാന്നിധ്യങ്ങള്‍ വരുംവര്‍ഷങ്ങളിലും പ്രതിധ്വനിക്കുമെന്നുറപ്പാണ്.

*
ആര്‍ ഹേമലത ദേശാഭിമാനി

No comments: