Monday, December 31, 2012

സ്ത്രീപീഡനങ്ങളുടെ തലസ്ഥാനം

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ബസിനുള്ളില്‍ ഒരു പെണ്‍കുട്ടിക്കുനേരെയുണ്ടായ പീഡനം വാക്കുകൊണ്ട് വിവരിക്കാനാകാത്ത വിധം മനുഷ്യത്വരഹിതമാണ്. എല്ലാ തരത്തിലുള്ള സുരക്ഷാസംവിധാനങ്ങളും ഏതുസമയത്തും ഉണ്ടെന്നു പറയപ്പെടുന്ന തലസ്ഥാനഗരിയിലാണ് ഒരു പെണ്‍കുട്ടി ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍വച്ച് അതിക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടത്. പെണ്‍കുട്ടിയും പുരുഷസുഹൃത്തും ബസ് കാത്തിരിക്കുമ്പോഴാണ് അതുവഴി വന്ന ബസ്സില്‍ കയറുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശത്തിനു വിരുദ്ധമായി കറുത്ത ഫിലിം ഒട്ടിച്ച, കര്‍ട്ടന്‍ ഇട്ട ബസ് പൊലീസ് പെട്രോളിങ് വാഹനങ്ങളുടെ കണ്‍മുമ്പിലൂടെയാണ് ഓടിക്കൊണ്ടിരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും ആ വാഹനം പരിശോധിച്ചില്ല. അങ്ങേയറ്റം തകര്‍ന്ന പൊലീസ് സംവിധാനത്തിന്റെ പ്രകടമായ അനുഭവമാണ് ഇതില്‍ തെളിയുന്നത്.

മൃഗീയം എന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍പോലും പ്രതിഷേധിക്കുന്ന വിധത്തിലുള്ള പീഡനമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. പുരുഷസുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. മാനം രക്ഷിക്കുന്നതിനായി പരമാവധി ശ്രമിച്ച അവരെ ഇരുമ്പുവടിക്ക് അടിച്ചുവീഴ്ത്തി. ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു. വയറ്റിനു ചവിട്ടിവീഴ്ത്തി. അബോധാവസ്ഥയിലായ അവരെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയെയും സുഹൃത്തിനെയും പുറത്തേക്ക് വലിച്ചെറിഞ്ഞു. എങ്ങനെയാണ് ഇതു സഹിക്കുന്നത്? പാര്‍ലമെന്റില്‍ സംസാരിച്ച പലരും വിതുമ്പി. തനിക്ക് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ജയ ബച്ചന്‍ പറഞ്ഞു. സംസാരം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ അവര്‍ വിതുമ്പി ക്കരഞ്ഞു. തനിക്ക് എന്താണ് പറയേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും അറിയുന്നില്ലെന്നും അവര്‍ സൂചിപ്പിച്ചു. പെണ്‍കുട്ടികളെ ആരുടേയും കൂടെ ഒറ്റക്ക് വിടാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളതെന്ന് അവര്‍ പറഞ്ഞു. ഏതു പുരുഷനെയും സംശയത്തോടെ മാത്രം നോക്കാന്‍കഴിയുന്ന ഭീതിജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലൂടെ സഞ്ചരിക്കാന്‍ സ്ത്രീകള്‍ ഭയപ്പെടുന്ന സാഹചര്യത്തെ കുറിച്ചും ഇന്നത്തെ പ്രശ്നം നേരിടേണ്ടതിന്റെ നിര്‍ദ്ദേശങ്ങളുമാണ് ടിഎന്‍ സീമ ഉള്‍പ്പെടെയുള്ള എംപിമാര്‍ പങ്കുവച്ചത്. രണ്ടു സഭകളും ഗൗരവമായി ഈ പ്രശ്നം ചര്‍ച്ച ചെയ്തു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയാത്തവിധം ആഴത്തിലുളളതാണ് ഈ പ്രശ്നം. ഇതൊരു സ്ത്രീപ്രശ്നം മാത്രമല്ലെന്ന താണ് യാഥാര്‍ഥ്യം. ഇതിനു പിന്നിലുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങള്‍ വേണ്ടത്ര പര്യാപ്തമല്ലെന്ന വിമര്‍ശനവും പ്രസക്തമാണ്. യഥാര്‍ഥത്തില്‍ നിലവിലുള്ള നിയമങ്ങള്‍ എത്രമാത്രം പ്രയോഗത്തില്‍ വരുന്നുണ്ടെന്നും പരിശോധിക്കേണ്ടതാണ്. സ്ത്രീപീഡന നിയമങ്ങള്‍ അനുസരിച്ച് ചാര്‍ജ് ചെയ്യുന്ന കേസുകളില്‍ തന്നെ ശിക്ഷിക്കപ്പെടുന്നതിന്റെ ശതമാനം വളരെ കുറവാണ്. യഥാര്‍ഥത്തില്‍ ഈ വിചാരണ സംവിധാനം തന്നെ പലപ്പോഴും അപമാനകരമായ അനുഭവമായി മാറുന്നു. പൊലീസ് പ്രതികളെ പിടിച്ചുകഴിഞ്ഞാല്‍ പിന്നെ തിരിച്ചറിയല്‍ പരേഡാണ്. ഈ ഘട്ടത്തിലെല്ലാം സ്ത്രീക്കുണ്ടായ മാനസികമായ പീഡനങ്ങള്‍ ആരും പരിഗണിക്കുന്നില്ല. പ്രതികള്‍ ആരാലും തിരിച്ചറിയാതെ സമൂഹത്തില്‍ പരസ്യമായി വിലസുമ്പോള്‍ ഇരകള്‍ സമൂഹത്തില്‍ എപ്പോഴും തിരിച്ചറിയുന്ന അവസ്ഥയിലായിരിക്കും. കഠിനമായ പീഡനത്തിനുശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും പ്രതികളെ തിരിച്ചറിയാന്‍പോലും കഴിഞ്ഞെന്നുവരില്ല. പലപ്പോഴും മാനഭംഗശ്രമത്തിനിടയില്‍ സ്ത്രീകള്‍ ബോധം നഷ്ടപ്പെടുന്ന സ്ഥിതിയിലായിരിക്കും. അപ്പോള്‍ പിന്നെ എങ്ങനെയാണ് അവര്‍ക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നത്? ഇതെല്ലാം കാണിക്കുന്നത് ഗൗരവമായ പുനര്‍വിചിന്തനം അന്വേഷണസംവിധാനത്തെ സംബന്ധിച്ചും നിയമവ്യവസ്ഥയെകുറിച്ചും നടത്തേണ്ടതുണ്ടെന്നാണ്. ഈ പ്രശ്നം ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്നയൊന്നല്ല.

പ്രബുദ്ധമാണെന്ന് കരുതിയിരുന്ന കേരളത്തിലെ സ്ഥിതിയും ഞെട്ടിപ്പിക്കുന്നതാണ്. എല്ല ബന്ധങ്ങളെയും അപ്രസക്തമാക്കി മാറ്റുംവിധമാണ് അനുഭവങ്ങള്‍ പുറത്തുവരുന്നത്. അച്ഛനാലും സഹോദരനാലും മറ്റു ബന്ധുക്കളാലും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍. എട്ടുംപൊട്ടും തിരിയാത്ത കുട്ടികള്‍ വരെ പീഡനങ്ങള്‍ക്ക് ഇരയാകുന്നു. അമ്മയും അച്ഛനും ചേര്‍ന്ന് മക്കളെ കൊണ്ടുനടന്നു വില്‍ക്കുന്നു. എങ്ങോട്ടാണ് നാടിന്റെ പോക്ക് എന്ന ചോദ്യം എല്ലായിടത്തും ഉയരുന്നു. എല്ലാത്തിനെയും വില്‍പ്പനചരക്കാക്കുന്ന മുതലാളിത്തത്തെ സംബന്ധിച്ച് മാര്‍ക്സ് എഴുതിയ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിത്. എല്ലാ ബന്ധങ്ങളുടേയും പ്രഭാവലയത്തെ മുതലാളിത്തം പിച്ചിച്ചീന്തി.

എല്ലാത്തിനെയും റൊക്കം പൈസയുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്ന കാലമാണിത്. ആഗോളവല്‍ക്കരണകാലം ഈ എല്ലാ പ്രവണതകളെയും ശക്തിപ്പെടുത്തിയിരിക്കുന്നു. സ്ത്രീയെയും ഈ കാലം ചരക്കുവല്‍ക്കരിക്കുന്നു. വില്‍ക്കാനുള്ളതു മാത്രമാണ് ചരക്ക് എന്ന നിര്‍വചനത്തിലേക്ക് പലയിടങ്ങളിലും സ്ത്രീയും വരികയാണ്. കമ്പോളവല്‍ക്കരണം സൃഷ്ടിക്കുന്ന ഈ അപകടകരമായ പ്രവണതയും ചര്‍ച്ചചെയ്യേണ്ടതാണ്. ഇതു വിദ്യാഭ്യാസത്തിലും പ്രകടമാണ്. സ്ത്രീയെ സ്വതന്ത്ര വ്യക്തിയായി കാണാന്‍ പഠിപ്പിക്കാത്ത കരിക്കുലമാണ് പിന്തുടരുന്നത്. സ്ത്രീപുരുഷ ബന്ധങ്ങളെ സംബന്ധിച്ചും ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കുന്നതേയില്ല. സ്ത്രീയെ കേവലം ചരക്കും ശരീരവും മാത്രമായി കാണുന്ന അവസ്ഥ ശക്തിപ്പെടുകയാണ്. താലി കഴുത്തിലില്ലാത്ത സ്ത്രീക്ക് പുരുഷന്റെ ഒപ്പം നടക്കാന്‍ അനുവാദമില്ലാത്ത അവസ്ഥയിലേക്കുള്ള കേരളത്തിന്റെ മാറ്റം ഞെട്ടിപ്പിക്കുന്നതാണ്. ഇതെല്ലാം കൊണ്ടുതന്നെ പെണ്‍മക്കളുണ്ടാകുന്നതിനെ ഭയപ്പെടുന്നവരുടെ എണ്ണം കൂടുന്നു.

ഇപ്പോള്‍ അയ്യായിരം രൂപ ചെലവഴിച്ചാല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് അഞ്ചുലക്ഷം ലാഭിക്കാമെന്ന് പരസ്യം ചെയ്ത അബോര്‍ഷന്‍ സെന്റര്‍ എന്നു വിളിക്കാവുന്ന ഹോസ്പിറ്റല്‍ വരെയുണ്ടായിരുന്ന രാജ്യമാണ് നമ്മുടേത്. ഭ്രൂണഹത്യകളെ സംബന്ധിച്ച് അന്വേഷിച്ച പെറ്റീഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന കാലത്തെ അനുഭവം ഒരിക്കല്‍ ഈ കോളത്തില്‍ എഴുതിയതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. സലിംകുമാര്‍ എന്ന നടന്റെ കഴിവുകള്‍ പുറത്തുകൊണ്ടുവന്ന അച്ഛനുറങ്ങാത്ത വീട് എന്ന സിനിമ ഓര്‍മയില്ലേ? യഥാര്‍ഥത്തില്‍ പെണ്‍മക്കളുള്ള വീടുകളിലെല്ലാം ഇതുതന്നെയാണ് ഇന്നത്തെ അവസ്ഥ. അങ്ങേയറ്റം ഭയപ്പെടുത്തുന്ന തരത്തിലേക്ക് പോകുന്ന നാടിനെ തിരിച്ചുപിടിക്കേണ്ടതുണ്ട്. വിശാലമായ അവബോധം രൂപപ്പെടുത്താന്‍ കഴിയുന്ന കൂട്ടായ്മകള്‍ ആവശ്യമാണ്. ഡല്‍ഹിയില്‍ ഈ സാഹചര്യം ശക്തിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്മാരും ഭരണത്തിലിരിക്കുന്നവരും മറുപടി പറയണം. ഇതുതന്നെയാണ് കേരളത്തിലേയും അവസ്ഥ. നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശമെന്ന ചോദ്യം എല്ലാ മനുഷ്യരുടെ ബോധത്തിലേക്കും ചാട്ടുളി പോലെ തുളഞ്ഞുകയറട്ടെ.

*
പി രാജീവ് ദേശാഭിമാനി

No comments: