Thursday, October 4, 2012

യുഗങ്ങളുടെ ചരിത്രകാരന്‍

യുഗങ്ങളുടെ ചരിത്രരചന നടത്തിയ അതികായനായ മാര്‍ക്സിസ്റ്റ് സാമൂഹ്യ ചരിത്ര പണ്ഡിതനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എറിക് ഹോബ്സ്ബാം. 1789 മുതല്‍ 1848 വരെയുള്ള യൂറോപ്പിന്റെ ചരിത്രം വിപ്ലവയുഗമായി അദ്ദേഹം വ്യാഖ്യാനിച്ചു. ഫ്രഞ്ച് വിപ്ലവവും വ്യാവസായിക വിപ്ലവവും യൂറോപ്പിന്റെ സാമ്പത്തിക- സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളില്‍ വമ്പിച്ച ചലനങ്ങള്‍ സൃഷ്ടിച്ച ഒരു യുഗമായി അദ്ദേഹം ആ കാലഘട്ടത്തെ അവതരിപ്പിച്ചു. അതുപോലെ, 1848 മുതല്‍ 1875 വരെയുള്ള യൂറോപ്യന്‍ ചരിത്രത്തെ മൂലധനയുഗമായി വ്യാഖ്യാനിച്ചു. 1875 മുതല്‍ 1914 വരെയുള്ള യൂറോപ്യന്‍ ചരിത്രത്തെ സാമ്രാജ്യത്വയുഗമായും.

ഹോബ്സ്ബാം തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി(സിപിജിബി)യില്‍ സജീവമായി പ്രവര്‍ത്തിച്ചു. പാര്‍ടിയിലെ പ്രമുഖ സൈദ്ധാന്തികനും പാര്‍ടിയുടെ ആഗോളസംരംഭങ്ങളുടെ സംഘാടകനും ആയിരുന്നു. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ എന്ന നിലയിലും ലോകപ്രശസ്തനായി. മാര്‍ക്സിന്റെ സിദ്ധാന്തങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ഒരു ഗ്രന്ഥമായി പ്രസിദ്ധപ്പെടുത്തി. അത് സാമൂഹ്യ ശാസ്ത്ര ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയുണ്ടായി. മാര്‍ക്സിന്റെ ബൃഹത്തായ ഗ്രന്ഥങ്ങള്‍ മുഴുവനും വായിക്കാന്‍ സാവകാശം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്സിന്റെ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നു നല്‍കുന്ന മികച്ച സഹായപഠനം എന്ന നിലയ്ക്ക് ഈ കൃതികള്‍ വിഖ്യാതമാണ്. മികച്ച സൈദ്ധാന്തിക പ്രവര്‍ത്തനത്തിന് 1998ല്‍ കംപാനിയന്‍ ഓഫ് ഹോണര്‍ എന്ന ബഹുമതിക്ക് അര്‍ഹനായി. വിശ്വവിഖ്യാതനായ ചരിത്രകാരന്‍ എന്ന നിലയില്‍ ബള്‍സാര്‍ പ്രൈസ് ലഭിച്ചു. യൂറോപ്യന്‍ ചരിത്രം ഇത്ര ബൃഹത്തായ രീതിയില്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തമനുസരിച്ച് ചരിത്രരചന നടത്തുക എളുപ്പമല്ല. എളുപ്പമാണെന്ന് പറയുന്നവര്‍ യാന്ത്രിക ഭൗതികവാദമാണ് മാര്‍ക്സിസ്റ്റ് ചരിത്രസിദ്ധാന്തമെന്ന് ധരിച്ചവരാണ്. പക്ഷേ, മാര്‍ക്സിന്റെ ചരിത്രസിദ്ധാന്തം യാന്ത്രികമല്ല. യാന്ത്രികമായ സാമ്പത്തികവാദമാണ് അതെന്ന് പറയുന്നവര്‍ മാര്‍ക്സിന്റെ ചരിത്രസിദ്ധാന്തം മനസിലാക്കിയവരല്ല. സാമൂഹ്യചരിത്ര പ്രക്രിയയുടെ സമഗ്രസിദ്ധാന്തമാണ് മാര്‍ക്സ് നടത്തിയത്. എല്ലാം സാമ്പത്തിക വാദത്തിലേക്ക് സംക്ഷേപിക്കുന്ന രീതി അതിലില്ല. അങ്ങനെ വിശ്വസിക്കുന്നവരും അതനുസരിച്ച് ചരിത്രരചന നടത്തുന്നവരുമുണ്ട്.

മാര്‍ക്സിന്റെ സിദ്ധാന്തപ്രകാരമുള്ള ചരിത്ര വ്യാഖ്യാനം അഗാധ പാണ്ഡിത്യമുള്ളവര്‍ക്കേ കഴിയൂ. മാര്‍ക്സിന്റെ ചരിത്രാധിഷ്ഠിത ഭൗതികവാദത്തിലും ചരിത്രത്തിന്റെ തെളിവ് സാമഗ്രികളിലും അഗാധമായ പാണ്ഡിത്യം വേണം. ഹോബ്സ്ബാമിന്റെ കൃതികള്‍ പരിശോധിച്ചാല്‍ അത് ബോധ്യമാകും. ആധുനിക സമൂഹത്തിന്റെ ചരിത്രരചന നടത്തുമ്പോള്‍ ഉല്‍പ്പാദന വ്യവസ്ഥാ സിദ്ധാന്തം, വര്‍ഗസമര സിദ്ധാന്തം, മിച്ചമൂല്യസിദ്ധാന്തം എന്നിവ മനസിലാക്കി അവധാനപൂര്‍വം തെളിവ് സാമഗ്രികള്‍ പരിശോധിച്ച് സത്യസന്ധമായി വ്യാഖ്യാനിച്ചു മാത്രമേ മാര്‍ക്സിസ്റ്റ് ചരിത്രരചന പൂര്‍ത്തിയാക്കാനാകൂ. തെളിവു സാമഗ്രികളുടെ അപഗ്രഥനവും തെളിവുകളുടെ വ്യാഖ്യാനവും ആണല്ലോ ചരിത്രരചനാ രീതിശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. തെളിവ് സാമഗ്രികള്‍ തിരിച്ചറിയാനും സ്ഥിരീകരിക്കാനും വിശ്വാസ്യത ഉറപ്പുവരുത്താനും ചരിത്രഗവേഷകര്‍ സാധാരണയായി പ്രയോഗിച്ചുപോരുന്ന രീതിശാസ്ത്ര പദ്ധതികള്‍തന്നെയാണ് മാര്‍ക്സിസ്റ്റ് ചരിത്രകാരനും പിന്തുടരുന്നതെന്ന് ഹോബ്സ്ബാമിന്റെ കൃതികള്‍ വ്യക്തമാക്കുന്നു.തെളിവുസാമഗ്രികളുടെ സ്വഭാവം, പശ്ചാത്തലം, ചരിത്രപരമായ സന്ദര്‍ഭം, ഉള്ളടക്കത്തിന്റെ യുക്തി, പൊരുത്തം, വിശ്വാസ്യത, ആധികാരികത തുടങ്ങിയ നാനാവശങ്ങള്‍ വിമര്‍ശാവബോധത്തോടെ പരിശോധിച്ച് ബോധ്യപ്പെടുന്നതിനു വേണ്ട എല്ലാ നിഷ്കര്‍ഷകളും മാര്‍ക്സിസ്റ്റ് ചരിത്രകാരനും പാലിക്കണം.

തെളിവ് സാമഗ്രികള്‍ തിരിച്ചറിയാനും അവയില്‍നിന്ന് തെളിവുകള്‍ ചികഞ്ഞെടുക്കാനും സിദ്ധാന്തജ്ഞാനം അത്യന്താപേക്ഷിതമാണ്. അവിടെയാണ് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ പ്രസക്തി. മാര്‍ക്സിസ്റ്റ് ചരിത്രസിദ്ധാന്തം എന്നപോലെ ശാസ്ത്രീയം എന്നുപറയാവുന്ന വേറൊരു സിദ്ധാന്തവുമില്ല. ആര്‍ക്കും ചെന്ന് ശേഖരിക്കാവുന്ന വിധം തുറന്നുകിടക്കുന്നവയല്ല ചരിത്രരചനയ്ക്ക് ആവശ്യമായ തെളിവുകള്‍. തെളിവുകള്‍ സൈദ്ധാന്തികമായി ചരിത്രകാരന്‍ നിര്‍വഹിച്ചെടുക്കുന്നവയാണ്. സാമാന്യ ബുദ്ധിയനുസരിച്ച് തെളിവ് സാമഗ്രികളില്‍നിന്ന് നേരിട്ടു ഹാജരാക്കുന്നവയല്ല. സൈദ്ധാന്തികമായി അപഗ്രഥിച്ച് കണ്ടെത്തുന്നവയാണ് തെളിവുകള്‍. അതിന് സാമൂഹ്യപരിണാമ പ്രക്രിയകളെപ്പറ്റിയുള്ള സൈദ്ധാന്തികജ്ഞാനം ആവശ്യമാണ്. അതായത് സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും ആയ പ്രക്രിയകളുമായി ബന്ധപ്പെട്ട അടിസ്ഥാന സിദ്ധാന്തങ്ങള്‍ മുഴുവനും അറിയണം എന്നര്‍ഥം. ഈ സൈദ്ധാന്തികജ്ഞാനമാണ് മാര്‍ക്സിന്റെ ചരിത്രസിദ്ധാന്തം പകര്‍ന്നു തരുന്നത്. ഈ സൈദ്ധാന്തികജ്ഞാനം വീശുന്ന വെളിച്ചത്തിലേ വ്യാഖ്യാനാത്മക ചരിത്രരചനയ്ക്ക് ആവശ്യമായ തെളിവുകള്‍ കാണുകയുള്ളൂ. ആ കാഴ്ചശക്തിയുള്ളവര്‍ക്ക് മുമ്പിലേ അപഗ്രഥനഗോചരങ്ങളായ തെളിവുകള്‍ മിഴിതുറക്കുകയുള്ളൂ. ഹോബ്സ്ബാമിന്റെ യുഗചരിത്രങ്ങളോരോന്നും ഇക്കാര്യം വ്യക്തമായി നമ്മെ ഉല്‍ബോധിപ്പിക്കുന്നു.

സമൂഹം, സാമൂഹ്യവ്യവസ്ഥ, സാമൂഹ്യബന്ധങ്ങള്‍, ബന്ധങ്ങളിലെ മേല്‍ക്കീഴ് വ്യവസ്ഥ, ആശയ സമുച്ചയം, സ്ഥാപനങ്ങള്‍, അവയുടെ ധര്‍മം, രാഷ്ട്രീയഘടന ഇവയുടെയെല്ലാം പരസ്പരബന്ധം, രൂപവല്‍ക്കരണം, പരിവര്‍ത്തനം എന്നുവേണ്ട ഏതുവിഷയവും മനസിലാക്കാനാവശ്യമായ തെളിവുകള്‍ സിദ്ധാന്തമറിയാവുന്നവര്‍ക്കു മുന്നിലേ പ്രത്യക്ഷപ്പെടുകയുള്ളൂ. ഒരര്‍ഥത്തില്‍ ഏതു ചരിത്രവും വ്യാഖ്യാനമാണെങ്കിലും വ്യാഖ്യാനാത്മക ചരിത്രം എന്നറിയപ്പെടുന്ന ഒരു തരമുണ്ട്. അടിസ്ഥാന സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങള്‍ അനുസരിച്ചുള്ള വ്യാഖ്യാനമടങ്ങുന്ന ചരിത്രം. സംഭവങ്ങളുണ്ടാകുന്നതിന്റെ സാമൂഹ്യശാസ്ത്രം വ്യാഖ്യാനിക്കുന്ന വിജ്ഞാനരൂപമാണത്. ആ ചരിത്രരചനയ്ക്ക് അനുപേക്ഷണീയമാണ് മാര്‍ക്സിന്റെ സിദ്ധാന്തം. സിദ്ധാന്തമില്ലെങ്കില്‍ ചരിത്രമില്ലെന്ന് ഹോബ്സ്ബാം വാദിച്ചത് ഇക്കാര്യത്തില്‍ ഉറച്ച ബോധ്യമുള്ളതുകൊണ്ടായിരുന്നു. മൂലധനവ്യവസ്ഥയുടെ തീക്ഷ്ണമായ വിമര്‍ശം നടത്തിക്കൊണ്ടിരുന്ന ഊര്‍ജസ്വലനായ വിപ്ലവകാരിയായിരുന്നു ഹോബ്സ്ബാം.

ഇരുപതാം നൂറ്റാണ്ടിലെ മൂലധന വ്യവസ്ഥയുടെ പ്രശ്നങ്ങള്‍ യുദ്ധംകൊണ്ട് പരിഹരിക്കാമെന്ന് കരുതുന്ന അമേരിക്ക മൂഢ സ്വര്‍ഗത്തിലാണ് ചിന്തകള്‍ കരുപിടിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഒരു രാഷ്ട്രം ചരിത്രത്തിന്റെ സൃഷ്ടിയാണെന്നും ചരിത്രമില്ലെങ്കില്‍ രാഷ്ട്രമില്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചു. ചരിത്രമില്ലാത്ത രാഷ്ട്രം ഒരു വൈരുധ്യമാണ്. രാഷ്ട്രത്തെ ഉണ്ടാക്കുന്നതും ന്യായീകരിക്കുന്നതും അര്‍ഥവത്താക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതും ചരിത്രകാരന്മാരാണ്. ആ അര്‍ഥത്തില്‍ ചരിത്രകാരന്മാര്‍ രാഷ്ട്രനിര്‍മാതാക്കളാണെന്നും പറയാം. ഹോബ്സ്ബാം ഇക്കാര്യം യുഗചരിത്രകാരന്മാരുമായി മാത്രമേ ബന്ധിപ്പിക്കുന്നുള്ളൂ. സാമ്രാജ്യയുഗത്തിന്റെ ചരിത്രകാരന്‍ രാഷ്ട്രചരിത്ര വ്യാഖ്യാന മണ്ഡലത്തില്‍ ദീര്‍ഘകാലം ഒരു യുഗപ്രഭാവന്റെ സ്ഥാനം അലങ്കരിച്ചുകൊണ്ടിരിക്കും. ചരിത്രഗവേഷകരെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയ ചരിത്രരചനയ്ക്ക് മികച്ച മാതൃകയായി അദ്ദേഹത്തിന്റെ പഠനങ്ങള്‍ നിലനില്‍ക്കും.

*
ഡോ. രാജന്‍ ഗുരുക്കള്‍ ദേശാഭിമാനി 04 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുഗങ്ങളുടെ ചരിത്രരചന നടത്തിയ അതികായനായ മാര്‍ക്സിസ്റ്റ് സാമൂഹ്യ ചരിത്ര പണ്ഡിതനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എറിക് ഹോബ്സ്ബാം. 1789 മുതല്‍ 1848 വരെയുള്ള യൂറോപ്പിന്റെ ചരിത്രം വിപ്ലവയുഗമായി അദ്ദേഹം വ്യാഖ്യാനിച്ചു. ഫ്രഞ്ച് വിപ്ലവവും വ്യാവസായിക വിപ്ലവവും യൂറോപ്പിന്റെ സാമ്പത്തിക- സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളില്‍ വമ്പിച്ച ചലനങ്ങള്‍ സൃഷ്ടിച്ച ഒരു യുഗമായി അദ്ദേഹം ആ കാലഘട്ടത്തെ അവതരിപ്പിച്ചു. അതുപോലെ, 1848 മുതല്‍ 1875 വരെയുള്ള യൂറോപ്യന്‍ ചരിത്രത്തെ മൂലധനയുഗമായി വ്യാഖ്യാനിച്ചു. 1875 മുതല്‍ 1914 വരെയുള്ള യൂറോപ്യന്‍ ചരിത്രത്തെ സാമ്രാജ്യത്വയുഗമായും.