Monday, September 24, 2012

എയര്‍ ഇന്ത്യാ നടപടി അക്ഷന്തവ്യം

ഗള്‍ഫ് മലയാളികള്‍ നിരന്തരം അനുഭവിച്ചുവരുന്ന യാത്രാക്ലേശം ജനയുഗമടക്കം എല്ലാ മലയാള പത്രങ്ങളുടെയും മുഖപ്രസംഗത്തിനു വിഷയമാവുക പതിവായിരിക്കുന്നു. എന്നാല്‍ ഇത്തവണ എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും 168 സര്‍വീസുകള്‍ റദ്ദുചെയ്ത സംഭവം കേരളത്തോടും ഗള്‍ഫ് മലയാളികളോടുമുള്ള അതിക്രൂരമായ അപരാധമാണ്. സെപ്തംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 28 വരെ യാത്രചെയ്യേണ്ടിവരുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നതും അവരെ തെരുവാധാരമാക്കുന്നതുമായി മുന്നറിയിപ്പുപോലും കൂടാതെയുള്ള റദ്ദാക്കല്‍. ഹജ്ജ് തീര്‍ഥാടനത്തിന്റെയെന്നല്ല എന്തിന്റെതന്നെ പേരിലായാലും ഈ നടപടി കേരളത്തിന്റെ ജീവനാഡിതന്നെ വിച്ഛേദിക്കുന്നതിന് തുല്യമാണ്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച പ്രതിഷേധവും അമര്‍ഷപ്രകടനവും സ്വാഗതാര്‍ഹമെങ്കിലും അതുവഴി അവര്‍ കേരളത്തിന്റെ മുന്നില്‍ അപഹാസ്യരായി മാറുക മാത്രമാണുണ്ടായത്. സ്വന്തമായി ഭൂരിപക്ഷമില്ലാത്ത യു പി എ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്-യു ഡി എഫ് എം പിമാര്‍ക്കും മന്ത്രിസഭയില്‍ അംഗങ്ങളായ ആഭ്യന്തര മന്ത്രി എ കെ ആന്റണിയടക്കം അരഡസന്‍ മന്ത്രിമാര്‍ക്കും എന്തു 'വില'യാണുള്ളതെന്ന് തുറന്നുകാട്ടുന്നതായി കേന്ദ്രസര്‍ക്കാരിന്റെ നെറികെട്ട നടപടി. കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിന്റെയും രാജ്യത്തിന്റെ വിദേശനാണ്യ സ്രോതസിന്റെയും പ്രമുഖ ആശ്രയങ്ങളില്‍ ഒന്നായ ഗള്‍ഫ് മലയാളികളെ ദുരിതത്തിലാഴ്ത്തിയ കേന്ദ്ര നടപടിക്കെതിരെ തലയുയര്‍ത്തി പ്രതിഷേധിക്കാനും തികച്ചും തെറ്റായ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ മലയാളക്കരക്കാകെ അപമാനമാണെന്നു പറയാതെ വയ്യ. കേരളത്തോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നടപടി തിരുത്തിക്കാന്‍ യു ഡി എഫ് സര്‍ക്കാരിനു കഴിയണം. അതിനു കഴിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയും സംഘവും അധികാരത്തില്‍ തുടരുന്നതുതന്നെ അര്‍ഥശൂന്യമാണ്.

എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഏറ്റവും ലാഭകരമായ റൂട്ടുകളാണ് കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് മേഖലയിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍. ഈ റൂട്ടുകളിലായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രം പ്രതിവാരം 260 സര്‍വീസുകള്‍ നടത്തിയിരുന്നുവെന്നതും അവയിലെ യാത്രികാനിരക്ക് എല്ലായിപ്പോഴും 90 ശതമാനത്തിലും അധികമായിരുന്നുവെന്നതും അവയുടെ പ്രാധാന്യവും തിരക്കും ലാഭവുമൊക്കെ വിലയിരുത്താന്‍ മതിയായ സൂചികകളാണ്. ദേശീയ വിമാനക്കമ്പനിയുടെ മറ്റൊരു റൂട്ടിലും ഇത്രയേറെ സര്‍വീസുകളും യാത്രികാനിരക്കും ആര്‍ക്കും കാട്ടിത്തരാനാവില്ല. അത്രയേറെ പ്രാധാന്യമര്‍ഹിക്കുന്ന റൂട്ടില്‍ നിന്നും 40 ദിവസക്കാലത്തേക്ക് 168 സര്‍വീസുകള്‍ റദ്ദുചെയ്തതിന് ഉത്തരവാദികള്‍ ആരുതന്നെ ആയാലും, എത്ര ഉന്നതരെങ്കിലും, അവര്‍ ക്രിമിനല്‍ കുറ്റവിചാരണയ്ക്കും മാതൃകാപരമായ ശിക്ഷയ്ക്കും വിധേയരാവണം. സാമ്പത്തിക അച്ചടക്കത്തെപ്പറ്റിയും പൊതുസേവന തുറകള്‍ ലാഭകരമാക്കണെന്നും നാഴികയ്ക്ക് നാല്‍പതുവട്ടം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുടെയും എയര്‍ ഇന്ത്യയുടെയും നടപടി സാമ്പത്തികകുറ്റമായി കണക്കാക്കി ശിക്ഷണ നടപടികള്‍ക്ക് തയ്യാറാവണം. കേരളത്തിന്റെ വാര്‍ഷിക ബജറ്റിനേക്കാള്‍ 3-4 ഇരട്ടി വിദേശനാണ്യ ഇനത്തില്‍ രാജ്യത്തിനു സംഭാവന നല്‍കുന്ന തൊഴിലാളികളും ഇടത്തരക്കാരുമടങ്ങുന്ന മഹാഭൂരിപക്ഷം ഗള്‍ഫ് മലയാളിക്ക് തൊഴില്‍രംഗത്തടക്കം ഉണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ക്കും, മാനസികമടക്കം, പീഡനങ്ങള്‍ക്കും ആര് ഉത്തരം നല്‍കും? നഷ്ടപരിഹാരം നല്‍കും? എയര്‍ ഇന്ത്യയിലെ പണിമുടക്കുള്‍പ്പെടെ പലവിധ കാരണങ്ങളാല്‍ ഏതാനും മാസങ്ങളായി ഗള്‍ഫ് മലയാളി കനത്ത സാമ്പത്തിക നഷ്ടവും യാത്രാ ദുരിതവുമാണ് അനുഭവിച്ചുവരുന്നത്. ഇതിന് അറുതിവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇപ്പോഴുണ്ടായ തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളസര്‍ക്കാരും സംസ്ഥാനത്തുനിന്നുള്ള ജനപ്രതിനിധികളും ഉറപ്പുവരുത്തണം.

മറ്റ് വിവിധ രംഗങ്ങളില്‍ എന്നതുപോലെ വിമാനയാത്രയുടെ കാര്യത്തിലും അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ അവഗണനയാണ് കേരളം അഭിമുഖീകരിക്കുന്നത്. ഇത് ഇനിയും തുടരാന്‍ അനുവദിച്ചുകൂട. കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുന്നതിനൊപ്പം എയര്‍ കേരള എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. എമര്‍ജിംഗ് കേരളയില്‍ ഉദയംകൊണ്ട സംസ്ഥാനത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കുന്നതിനും വിദേശ താല്‍പര്യങ്ങള്‍ക്ക് അടിയറവയ്ക്കുന്നതിനുമുള്ള ഒരു സംരംഭമായി എയര്‍ കേരള മാറിക്കൂട. ഇതിനോടകം പുറത്തുവന്ന വസ്തുതകള്‍ കേരളത്തിന്റെ സ്വന്തം വ്യോമയാന കമ്പനിയും അതിസമ്പന്നരായ ഒരുപറ്റം ഗള്‍ഫ് സംരംഭകരുടെ സ്വകാര്യസ്വത്താക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. വിദേശ മലയാളികളുടെ പേരില്‍ അവരുടെ നിക്ഷേപംകൊണ്ട് ഒരു പറ്റം സമ്പന്നര്‍ നിയന്ത്രിക്കുന്ന ഒന്നായി അത് മാറിക്കൂട. ഗള്‍ഫ് മലയാളികളടക്കം മുഴുവന്‍ സാധാരണക്കാരായ മലയാളികള്‍ക്കും, സംസ്ഥാനത്ത് തന്നെ ജീവിക്കുന്ന നിക്ഷേപതല്‍പ്പരരുള്‍പ്പെടെ, യഥേഷ്ടം നിക്ഷേപിക്കാനും അവര്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ക്ക് ജനാധിപത്യപരമായി നിയന്ത്രിക്കാനും കഴിയുന്ന ഒരു ജനകീയ സംരംഭമായി എയര്‍ കേരള മാറണം. പൊതുജനങ്ങള്‍ക്കും സമൂഹത്തിനും നിയന്ത്രിക്കാനുള്ള മാതൃകാസംരംഭമായി അതിനെ മാറ്റാന്‍ കഴിയുംവിധം ആലോചനകളും തീരുമാനങ്ങളുമുണ്ടാവണം. ലോക തൊഴില്‍ വിപണിയില്‍ മത്സരിക്കുന്ന ഒരു സുപ്രധാന ശക്തി എന്ന നിലയില്‍ മലയാളിയെ ഏറ്റവും ചുരുങ്ങിയ ചെലവില്‍ ലക്ഷ്യത്തിലെത്തിക്കാന്‍ പ്രാപ്തമായ ഒന്നായി എയര്‍ കേരള പുനര്‍വിഭാവനം ചെയ്യപ്പെടണം. വ്യോമഗതാഗത രംഗത്ത് നാം നേരിടുന്ന നിരന്തര അനീതിക്കും അവഗണനയ്ക്കും പകല്‍ക്കൊള്ളയ്ക്കുമുള്ള കേരളത്തിന്റെ മറുപടിയാക്കി എയര്‍ കേരളയെ മാറ്റാന്‍ ആവശ്യമായ ചിന്തക്കും ചര്‍ച്ചക്കും ഇപ്പോഴത്തെ പ്രതിസന്ധി വഴി തുറക്കണം.

*
ജനയുഗം മുഖപ്രസംഗം 24 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗള്‍ഫ് മലയാളികള്‍ നിരന്തരം അനുഭവിച്ചുവരുന്ന യാത്രാക്ലേശം ജനയുഗമടക്കം എല്ലാ മലയാള പത്രങ്ങളുടെയും മുഖപ്രസംഗത്തിനു വിഷയമാവുക പതിവായിരിക്കുന്നു. എന്നാല്‍ ഇത്തവണ എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും 168 സര്‍വീസുകള്‍ റദ്ദുചെയ്ത സംഭവം കേരളത്തോടും ഗള്‍ഫ് മലയാളികളോടുമുള്ള അതിക്രൂരമായ അപരാധമാണ്. സെപ്തംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 28 വരെ യാത്രചെയ്യേണ്ടിവരുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നതും അവരെ തെരുവാധാരമാക്കുന്നതുമായി മുന്നറിയിപ്പുപോലും കൂടാതെയുള്ള റദ്ദാക്കല്‍.