Tuesday, July 17, 2012

ബിജെപിയുടെ ഗതികേടിന്റെ രാഷ്ട്രീയം

അഴിമതി, കാലുമാറ്റം, കുതിരക്കച്ചവടം, അധാര്‍മികത, കഴിവുകെട്ട നേതൃത്വം, തമ്മിലടി തുടങ്ങിയ മാറാരോഗങ്ങള്‍ കാരണം കോണ്‍ഗ്രസ് പാര്‍ടി അവമതിപ്പെട്ട്, അധഃപതിച്ച്, ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട്, നാണക്കേടിെന്‍റ നെല്ലിപ്പടിയില്‍ എത്തിയ അവസരത്തിലാണ്, ""വേറിട്ടൊരു പാര്‍ടി"" എന്ന ലേബലില്‍ ഭരണവര്‍ഗം ബിജെപിയെ രംഗത്തിറക്കിയത്. കോണ്‍ഗ്രസ്സിെന്‍റ സാമ്രാജ്യത്വാനുകൂല - നവലിബറല്‍ സാമ്പത്തികനയങ്ങള്‍, അതിനേക്കാള്‍ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ തയ്യാറുള്ള ബിജെപിയെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട്, അമേരിക്കന്‍ മോഡലില്‍ രണ്ട് ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളുടെ വിഹാരരംഗമായി ഇന്ത്യന്‍ ജനാധിപത്യം വളര്‍ച്ച പ്രാപിച്ചുവെന്ന് കൊട്ടിഘോഷിയ്ക്കാനും അവര്‍ മറന്നില്ല. കോണ്‍ഗ്രസ്സിേന്‍റതില്‍നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നതിനുവേണ്ടി തീവ്രഹിന്ദുത്വ നിലപാടു കൈക്കൊണ്ട ബിജെപിയുടെ ചാലകശക്തി ഫാസിസ്റ്റ് ശൈലിയിലുള്ള ആര്‍എസ്എസ് ആണെന്നത്, ബിജെപിയുടെ അധിക ഗുണമായിട്ടാണ് ബൂര്‍ഷ്വാസിയും വലതുപക്ഷ മാധ്യമങ്ങളും കണ്ടത്. അവരതിനെ ആവോളം ഊതിവീര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട്, കോണ്‍ഗ്രസ്സിനേക്കാള്‍ ഏറെ നാണംകെട്ട പാര്‍ടിയാണ് തങ്ങളുടേതെന്ന്, ഭരണം ലഭിച്ച് ഏറെ നാളുകള്‍ ചെല്ലും മുമ്പുതന്നെ ബിജെപി നേതാക്കന്മാര്‍ തെളിയിച്ചു.

ഭരണം കിട്ടി മൂന്ന് പതിറ്റാണ്ടിനുള്ളിലാണ് കോണ്‍ഗ്രസ്സിന് ഏറ്റവും വലിയ അധഃപതനം സംഭവിച്ചതെങ്കില്‍, അതിന്റെ പത്തിലൊന്ന് സമയം കൊണ്ടുതന്നെ അധഃപതനത്തിലേക്കുള്ള നീക്കം ബിജെപി വ്യക്തമാക്കിയിരുന്നു. അതിന്റെ ഏറ്റവും വലിയതും ഏറ്റവും ഒടുവിലത്തേതുമായ ഉദാഹരണമാണ് കര്‍ണാടകത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. നാലുകൊല്ലത്തിനുള്ളില്‍ ആ സംസ്ഥാനത്ത് മൂന്ന് മുഖ്യമന്ത്രിമാരെ വാഴിയ്ക്കേണ്ട ഗതികേടിലെത്തിച്ചേര്‍ന്ന ബിജെപി നേതൃത്വം തല്‍ക്കാലം മുഖ്യമന്ത്രിയാക്കിയിട്ടുള്ള ജഗദീഷ് ഷെട്ടാര്‍, ആ സ്ഥാനത്ത് എത്രകാലം തുടരും എന്ന സംശയം ഇപ്പോള്‍ത്തന്നെ ഉദിച്ചിരിക്കുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാലാവധിയ്ക്ക് മുമ്പ് ഭരണമാറ്റമുണ്ടാകുന്നത് പ്രതിപക്ഷത്തിന്റെ കുതന്ത്രങ്ങള്‍മൂലമായിരുന്നെങ്കില്‍, കര്‍ണാടകത്തില്‍ അത് ഭരണകക്ഷിയ്ക്കുള്ളിലെ അച്ചടക്കമില്ലായ്മയും കേന്ദ്ര നേതൃത്വത്തിന്റെ കഴിവുകേടും മൂലമാണെന്നത്, ബിജെപിയുടെ തകര്‍ച്ചയുടെ വൈപുല്യം വ്യക്തമാക്കുന്നു. സഹസ്രകോടികളുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു നേതാവിനെ അടക്കിയിരുത്താന്‍ ധാര്‍മികവും സംഘടനാപരവുമായി കഴിവില്ലാത്ത ബിജെപിയുടെ കേന്ദ്രനേതൃത്വം തെറ്റില്‍നിന്ന് തെറ്റുകളിലേക്കാണ് തെറിച്ചുവീഴുന്നത് എന്ന് കര്‍ണാടകം തെളിയിച്ചുകാണിക്കുന്നു.

കരകയറാനാവാത്ത പടുകുഴിയിലേക്കാണ് ബിജെപി ചെന്നു ചാടിയിരിക്കുന്നത്. ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തിക്കാണിയ്ക്കാവുന്ന ഏതെങ്കിലും നയത്തിേന്‍റയോ ആദര്‍ശത്തിേന്‍റയോ പേരിലല്ല നിലവിലുണ്ടായിരുന്ന മുഖ്യമന്ത്രി സദാനന്ദ ഗൗഡയെ മാറ്റി ഷെട്ടാറെ പ്രതിഷ്ഠിച്ചതെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. ഖനി പാട്ടത്തിനു കൊടുക്കുന്നതിലും നഗരഭൂമി പതിച്ചു നല്‍കുന്നതിലും മറ്റും കോടികളുടെ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതു കാരണം ലോകായുക്തയുടെ പ്രതികൂല പരാമര്‍ശത്തിന് വിധേയനായ യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ്, യദ്യൂരപ്പയെ മാറ്റി ഗൗഡയെ മുഖ്യമന്ത്രിയാക്കാന്‍ കഴിഞ്ഞവര്‍ഷം ബിജെപി നേതൃത്വം നിര്‍ബന്ധിതമായത്. യദ്യൂരപ്പയുടെ സ്വന്തക്കാരനായ ഗൗഡ യദ്യൂരപ്പയുടെ നോമിനിയോ ബിനാമിയോ ആണെന്നുപോലും വ്യക്തമാക്കപ്പെട്ടിരുന്നു. ഭരണസ്വാധീനമുപയോഗിച്ച്, ഗൗഡ തന്നെ കേസില്‍നിന്ന് രക്ഷപ്പെടുത്തുമെന്നും വീണ്ടും തനിക്ക് മുഖ്യമന്ത്രിയാകാമെന്നും യദ്യൂരപ്പ കണക്കുകൂട്ടിയിരുന്നു. ലോകായുക്തയുടെ ചില പരാമര്‍ശങ്ങളും യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണര്‍ ഭരദ്വാജിെന്‍റ അനുമതിയും ഹൈക്കോടതി മാര്‍ച്ച് 7ന് റദ്ദാക്കിയതോടെ തെന്‍റ തിരിച്ചുവരവിനുള്ള മാര്‍ഗം തുറന്നുവെന്ന് യദ്യൂരപ്പ സമാശ്വസിക്കുകയും അതിന്നുള്ള സമ്മര്‍ദ്ദം കേന്ദ്ര നേതൃത്വത്തില്‍ ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. കല്‍ക്കരി - ഇരുമ്പ് ഖനി മാഫിയ, ഭൂമാഫിയ, അവരെല്ലാം ഒഴുക്കുന്ന അന്തമില്ലാത്ത കള്ളപ്പണം, കര്‍ണാടകത്തില്‍ തുടക്കംതൊട്ടേ രാഷ്ട്രീയ മേധാവിത്വം സ്ഥാപിച്ചിരുന്ന ജാതിരാഷ്ട്രീയം തുടങ്ങിയ നാനാഭീഷണികളുടെ നടുവില്‍ നട്ടം തിരിഞ്ഞുനില്‍ക്കുന്ന കേന്ദ്ര നേതൃത്വത്തെ വരച്ചവരയില്‍ നിര്‍ത്താന്‍, ലിംഗായത്ത് സമുദായത്തിന്റെയും മതാചാര്യന്മാരുടെയും ശക്തമായ പിന്തുണ അവകാശപ്പെട്ടുകൊണ്ട് യദ്യൂരപ്പയ്ക്ക് കഴിഞ്ഞിരുന്നു. അങ്ങനെ കഴിഞ്ഞ ജൂലൈ മാസത്തില്‍ താന്‍ തന്നെ നോമിനേറ്റ് ചെയ്ത ഗൗഡയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി തന്നെ അവിടെ വാഴിയ്ക്കാന്‍ കേന്ദ്ര നേതൃത്വത്തെക്കൊണ്ട് സമ്മതിപ്പിക്കുന്നതിന് യദ്യൂരപ്പയ്ക്ക് കഴിഞ്ഞു.

അതിന്നിടയിലാണ് യദ്യൂരപ്പയ്ക്ക് മേലുള്ള അഴിമതിയാരോപണം അന്വേഷിക്കുന്നതിനും കേസ് ചാര്‍ജ് ചെയ്യുന്നതിനും സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് മെയ് മാസത്തില്‍ സുപ്രീംകോടതിയുടെ വിധിയുണ്ടായത്. ""സമാജപരിവര്‍ത്തന സമുദായ"" എന്ന സംഘടന നല്‍കിയ ഹര്‍ജിയിന്മേലാണ് ആ വിധി വന്നത്. ജിന്‍ഡാല്‍ ഗ്രൂപ്പിെന്‍റ ഉടമസ്ഥതയിലുള്ള സൗത്ത് വെസ്റ്റ് മൈനിങ്ങ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് യദ്യൂരപ്പ സര്‍ക്കാര്‍ അനധികൃതമായി ഭൂമി ഖനത്തിന് അനുവദിച്ചുവെന്നും അതിന് പ്രത്യുപകാരമായി ആ കമ്പനി, യദ്യൂരപ്പയുടെ മക്കളും മരുമകനും ഉടമകളായ പ്രേരണ എജൂക്കേഷന്‍ സൊസൈറ്റി എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന് 10 കോടി രൂപ സംഭാവന നല്‍കിയെന്നും സുപ്രീംകോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 2009-10 വര്‍ഷത്തില്‍ വെറും 5.73 കോടി രൂപ മാത്രം ലാഭമുണ്ടാക്കിയ സൗത്ത് വെസ്റ്റ് മൈനിങ് ലിമിറ്റഡ് ഒറ്റയടിക്ക് 10 കോടി രൂപ സംഭാവന നല്‍കുന്നത് അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് യദ്യൂരപ്പ അദ്ദേഹത്തിന്റെ മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര, മരുമകനായ സോഹന്‍കുമാര്‍ എന്നിവര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചതോടെ, മുഖ്യമന്ത്രിയായി തിരിച്ചുവരാമെന്ന യദ്യൂരപ്പയുടെ മോഹം വീണ്ടും പൊലിഞ്ഞു. എന്നിട്ടും തെന്‍റ കൂടെയുണ്ടെന്ന് പറയപ്പെടുന്ന എഴുപത് എംഎല്‍എമാരെ (അത്രയൊന്നുമില്ല, അതിന്റെ മൂന്നിലൊന്നേയുള്ളൂ) റിസോര്‍ട്ടില്‍ വിളിച്ചുകൂട്ടിയും പത്തോളം മന്ത്രിമാരില്‍നിന്ന് രാജിക്കത്ത് എഴുതിവാങ്ങിച്ചും സ്വന്തമായി പാര്‍ടിയുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയും ബാംഗ്ലൂരില്‍ അതിനുവേണ്ടി ""ജനസമ്പര്‍ക്ക ഓഫീസ്"" തുറന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ഈശ്വരപ്പയേയും കേന്ദ്ര നേതൃത്വത്തിലെ സംസ്ഥാനത്തുനിന്നുള്ള എച്ച് എന്‍ അനന്തകുമാര്‍ (നാഷണല്‍ ജനറല്‍ സെക്രട്ടറി) തുടങ്ങിയവരേയും സദാസമയം കുറ്റപ്പെടുത്തിയും ഒരിടയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധിയെ പ്രശംസിയ്ക്കുകപോലും ചെയ്തും കേന്ദ്ര നേതൃത്വത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന യദ്യൂരപ്പ, ഒടുവില്‍ സദാനന്ദഗൗഡയെ മാറ്റി ഷെട്ടാറെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നു. അതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന ഘടകത്തിനുള്ളിലുണ്ടായ പൊട്ടിത്തെറികള്‍, കേന്ദ്ര നേതൃത്വത്തിന് മറ്റൊരു തലവേദനയായിരിക്കുന്നു. മൂന്നുകൊല്ലക്കാലത്തെ ഭരണംകൊണ്ട് അടിച്ചെടുത്ത വമ്പിച്ച കള്ളപ്പണവും ലിംഗായത്ത് വോട്ടുബാങ്കും ഖനി മാഫിയകളുടെ ധന - മസില്‍ സ്വാധീനവും കാട്ടി ഭീഷണിപ്പെടുത്തി നേതൃത്വത്തെക്കൊണ്ട് യദ്യൂരപ്പ, മുഖ്യമന്ത്രിയെ മാറ്റിയെങ്കിലും അതെന്തിനുവേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കുന്നില്ല. അസംബ്ലി തിരഞ്ഞെടുപ്പിന് പത്തുമാസം കൂടിയേയുള്ളൂ എന്ന സ്ഥിതിയില്‍, ഗൗഡയെ മാറ്റി, ഷെട്ടാറെ വാഴിച്ചതെന്തിനെന്ന് വിശദീകരിയ്ക്കാന്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനും കഴിയുന്നില്ല. ഇതിനേക്കാള്‍ ഭേദം അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയായിരുന്നുവെന്ന എല്‍ കെ അദ്വാനിയുടെ പ്രസ്താവന, കേന്ദ്ര നേതൃത്വത്തിലെ അഭിപ്രായഭിന്നതകളെയാണ് കാണിക്കുന്നത്.

പക്വതയും പ്രായോഗികതയും ചേര്‍ന്ന ആ നിര്‍ദേശംപോലും തട്ടിക്കളഞ്ഞ്, കര്‍ണാടകത്തില്‍ ആത്മഹത്യാപരമായ ഒരു നിലപാട് കൈക്കൊണ്ട ബിജെപി, വളരെയേറെ നെറികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. ദ്വികക്ഷി ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പൊള്ളത്തരവും കാപട്യവും ആണ്, കോണ്‍ഗ്രസ്സിെന്‍റയും ബിജെപിയുടെയും അഴിമതിയിലധിഷ്ഠിതമായ ഭരണം വെളിപ്പെടുത്തുന്നത്. പശ്ചിമ ബംഗാളില്‍ 34 വര്‍ഷം നിലനിന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെക്കുറിച്ചും ത്രിപുരയില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെക്കുറിച്ചും ഒരൊറ്റ അഴിമതിയാരോപണവും ഉയര്‍ന്നുവന്നിട്ടില്ല എന്ന് നാം ഓര്‍ക്കണം. കേരളത്തിലെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരും ഇക്കാര്യത്തില്‍ മാതൃക കാണിക്കുന്നു. ഇന്ത്യയുടെ ഭാവിരാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാണത്.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത 20 ജൂലൈ 2012

No comments: