Thursday, July 26, 2012

ദിനേശില്‍ തുടങ്ങി റബ്കോയും കടന്ന്...ഊരുകളുടെ കണ്ണ്: 'പാര്‍ട്ടി ഗ്രാമ'ങ്ങളിലൂടെ ഒരു യാത്ര 2

ഒന്നാം ഭാഗം: ഊരുകളുടെ കണ്ണ്: 'പാര്‍ട്ടി ഗ്രാമ'ങ്ങളിലൂടെ ഒരു യാത്ര

""എന്റെ ജീവിതം കരുപ്പിടിപ്പിച്ചത് പിണറായി ഓട്ടുകമ്പനിയിലാണ്. മൂന്ന് മക്കള്‍ ഇപ്പോഴും കമ്പനിയില്‍ പണിയെടുക്കുന്നു. അല്ലലില്ലാത്ത ജീവിതത്തിലേക്ക് ഞങ്ങളെ കൈപിടിച്ചു നടത്തിയ സ്ഥാപനത്തെയും അതിന് നേതൃത്വം നല്‍കുന്നവരെയും എങ്ങനെ മറക്കും""- എണ്‍പതുകാരനായ വടവതി രാമേട്ടന്റെ വാക്കുകള്‍.

പിണറായി ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി(പിക്കോസ്)യിലെ ആദ്യകാല തൊഴിലാളിയായിരുന്നു രാമേട്ടന്‍. കണ്ണൂരില്‍ സഹകരണമേഖല കൈവയ്ക്കാത്ത മേഖലകളില്ല. ദിനേശ്മുതല്‍ റബ്കോവരെ നീളുന്ന സഹകരണ വിസ്മയം കാണാന്‍ കടല്‍കടന്നും പഠനസംഘമെത്തുന്നു. വിനോദത്തിനും ചികിത്സക്കും പഠനത്തിനുമെല്ലാം ആശ്രയമായി സഹകരണ സ്ഥാപനങ്ങള്‍. ശൃംഖലകളായി നീളുന്ന ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അച്ചടിശാല, തൊഴില്‍സംരംഭങ്ങള്‍... എന്തിന് കള്ളുഷാപ്പ് നടത്തിപ്പിനുവരെ സഹകരണസംഘങ്ങളുണ്ടാക്കി വിജയിപ്പിച്ചവരാണ് കണ്ണൂരുകാര്‍. തൊഴില്‍ത്തട്ടിപ്പിനും കോഴനിയമനത്തിനുമാണ് സഹകരണസംഘങ്ങള്‍ എന്ന് വിചാരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് ചതുര്‍ഥിയാണ് ഇടതുകൂട്ടായ്മയില്‍ വിജയക്കൊടി ചൂടിയ കണ്ണൂരിലെ സഹകരണപ്രസ്ഥാനം. വലതുരാഷ്ട്രീയത്തിന് കുഴലൂത്തു നടത്തുന്ന മാധ്യമങ്ങള്‍ സഹകരണപ്രസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്നത് സ്വാഭാവികം. മാടമ്പിയറകളില്‍ നെല്ല് പൂത്തുകിടന്ന പട്ടിണിക്കാലത്ത് ചില്ലറനാണ്യങ്ങള്‍ സ്വരൂപിച്ച് വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഉപ്പില്‍ വിളഞ്ഞതാണ് ഈ പ്രസ്ഥാനമെന്നത് ചരിത്രപാഠം. 1940കളിലെ ഐക്യനാണയ സംഘങ്ങളില്‍നിന്നാണ് ഇന്നത്തെ സഹകരണബാങ്കുകളുടെ പിറവി. 1946-ല്‍ റേഷന്‍ വിതരണത്തിന് രൂപീകരിച്ച പ്രൊഡ്യൂസേഴ്സ് ആന്‍ഡ് കണ്‍സ്യൂമേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റികളും സഹകരണ ബാങ്കുകളായി മാറി. നിസ്വരായ ഗ്രാമീണ ജനതയ്ക്ക് ജീവിതഭദ്രത നേടാനും നാടിന്റെ വികസനത്തിന് ചാലൊരുക്കാനും ഈ പ്രസ്ഥാനം വഴിയൊരുക്കി. 140 സഹകരണ ബാങ്കുകളാണ് കണ്ണൂര്‍ ജില്ലയില്‍. നോണ്‍ ക്രെഡിറ്റ് മേഖലയില്‍ നിരവധി സംഘങ്ങള്‍ വേറെ.

സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ വിധവകള്‍ വരെ സഹകരണ സൊസൈറ്റികളെന്ന കൂട്ടായ്മയില്‍ ജീവിതഭാരം ലഘൂകരിക്കുന്നു. പിണറായി എന്ന സഹകരണ ഗ്രാമം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇടംനേടിയ ഗ്രാമമാണ് പിണറായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരസ്യപ്രവര്‍ത്തനം വിളംബരംചെയ്ത പാറപ്രം ഇവിടെയാണ്. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിനൊപ്പം സഹകരണമേഖലയും വളര്‍ന്നു പന്തലിച്ച കഥയാണ് പിണറായിക്ക് പറയാനുള്ളത്. കൂട്ടായ്മയുടെ വിജയഗാഥ രചിച്ച നാല്‍പതോളം സഹകരണ സ്ഥാപനങ്ങളുണ്ട് പിണറായിയില്‍. നേരിട്ടും അല്ലാതെയും രണ്ടായിരത്തോളം പേരാണ് പിണറായിയില്‍ സഹകരണമേഖലയെ ആശ്രയിച്ചുകഴിയുന്നത്. പിക്കോസില്‍മാത്രം 225 തൊഴിലാളികളും 32 ജീവനക്കാരും. റോഡ്പ്രവൃത്തിയില്‍ നൂറുപേര്‍ വേറെയും. ഇരുന്നൂറിലേറെ പേര്‍ അനുബന്ധമേഖലയിലും പണിയെടുക്കുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിനാവശ്യമായ വൈദ്യുതിപോസ്റ്റ് നിര്‍മിച്ചുനല്‍കുന്ന പോള്‍കാസ്റ്റിങ് യൂണിറ്റ്, കോണ്‍ക്രീറ്റ് റൂഫിങ് ടൈല്‍ നിര്‍മാണ യൂണിറ്റ്, സിമന്റ് ഹോളോബ്രിക്സ് യൂണിറ്റ്, ക്രഷര്‍ യൂണിറ്റ്, സോമില്‍, ഫര്‍ണിച്ചര്‍ യൂണിറ്റ്.... അങ്ങനെ വിവിധ മേഖലകളിലായി പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന സ്ഥാപനം. സര്‍ക്കാരിന്റെ അംഗീകൃത കരാറുകാര്‍കൂടിയാണ് പിക്കോസ്. 15-20 കോടി രൂപ വാര്‍ഷിക ടേണോവറുള്ള പ്രമുഖ സഹകരണ സംരംഭം. സാമുവല്‍ആറോണ്‍ സ്ഥാപിച്ച തലശേരി ടൈല്‍ കമ്പനി പിന്നീടുവന്ന മാനേജ്മെന്റിന്റെ കാലത്ത് അടച്ചുപൂട്ടിയപ്പോള്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ ചേര്‍ന്ന് പിണറായി ടൈല്‍ ആന്‍ഡ് സോമില്‍ വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ സഹകരണസംഘം രൂപീകരിച്ചു. പിണറായി വിജയനായിരുന്നു സംഘത്തിന്റെ ആദ്യ സാരഥി. പതിനാറ് ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നാടിന്റെ അഭിമാനസ്തംഭമായ ഈ സ്ഥാപനം ജനജീവിതത്തില്‍ സൃഷ്ടിച്ച മാറ്റം പറഞ്ഞറിയിക്കാനാവാത്തതാണ്.

ദേശത്തിന്റെ രാഷ്ട്രീയഘടന നിര്‍ണയിച്ചതില്‍ പിണറായി ബീഡിത്തൊഴിലാളി സഹകരണ സംഘം വഹിച്ച പങ്ക് ചെറുതല്ല. പ്രാദേശിക പാഠശാലകളായിരുന്നു ഓരോ കമ്പനിയും. 1969-ല്‍ രൂപീകരിച്ച സംഘത്തിനുകീഴില്‍ ഇപ്പോഴും ആയിരത്തിലേറെ തൊഴിലാളികള്‍ ജോലിചെയ്യുന്നു. പാല്‍സംഭരണവും വിതരണവും നിര്‍വഹിക്കുന്ന ക്ഷീരോത്പാദക സഹകരണസംഘം, സഹകരണ വനിതാ പ്രസ്, പിണറായി സര്‍വീസ് സഹകരണ ബാങ്ക്, സഹകരണ കാന്റീന്‍, പാറപ്രം കയര്‍ സൊസൈറ്റി.... എല്ലാറ്റിനുമുണ്ട് സഹകരണ കൂട്ടായ്മകള്‍. കണ്ണൂരില്‍ കൂട്ടായ്മയുടെ വിജയഗാഥ രചിച്ച മറ്റൊരു തൊഴില്‍ മേഖല കൈത്തറിയുടേതാണ്. ആഗോളീകരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി അടുത്ത കാലത്ത് ക്ഷീണാവസ്ഥയിലാണെങ്കിലും നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ വലുതായ പങ്ക് കൈത്തറി നെയ്ത്ത് മേഖലയ്ക്കുണ്ട്. സഹകരണരംഗം കൈത്തറിയിലും വെന്നിക്കൊടി ഉയര്‍ത്തി.

പാല്‍ നിറമുള്ള വെള്ളൂര്‍

പയ്യന്നൂര്‍ വെള്ളൂരിലെ ജനത ചാരിറ്റബിള്‍ സൊസൈറ്റി നാട്ടില്‍ ധവളവിപ്ലവമുണ്ടാക്കിയ കൂട്ടായ്മയാണ്. 1976-ല്‍ ചെറിയ രീതിയില്‍ തുടങ്ങിയ സൊസൈറ്റി നിലവില്‍ 22 കോടി രൂപ ടേണോവറുള്ള പ്രസ്ഥാനമാണ്. 24,000 ലിറ്റര്‍ പാല്‍ പ്രതിദിനം കൈകാര്യം ചെയ്യുന്നു. പാലും പാലുല്‍പ്പന്നങ്ങളും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വിതരണം. അത്യാധുനിക പ്ലാന്റും മറ്റുമുള്ള സൊസൈറ്റിയില്‍ 58 ജീവനക്കാരുണ്ട്. അഞ്ചുവര്‍ഷം പാല്‍ അളക്കുകയും 65 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത ക്ഷീരകര്‍ഷകര്‍ക്ക് 400 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ഇപ്പോള്‍ നടപ്പാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പെന്‍ഷന്‍പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ക്ഷീരസംഘം. ക്ഷേമനിധിയടക്കമുള്ള ആനുകൂല്യങ്ങളും മാതൃകാപരമായി നടപ്പാക്കുന്നു. അംഗങ്ങള്‍ക്ക് 3000 രൂപ വരെ ചികിത്സാസഹായം നല്‍കും.

വൈവിധ്യങ്ങളുടെ കൂട്ടായ്മ

സഹകരണപ്രസ്ഥാനത്തിന്റെ മറുപേരാണ് ദിനേശ്. ബീഡിവ്യവസായം എരിഞ്ഞുതീരാന്‍ തുടങ്ങിയപ്പോള്‍ വൈവിധ്യവല്‍ക്കരണത്തിന്റെ മാര്‍ഗങ്ങളിലൂടെ ദിനേശ് സൊസൈറ്റി അതിജീവിച്ചു. റബര്‍മരം സംസ്കരിച്ച് മികച്ച ഫര്‍ണിച്ചറുണ്ടാക്കുന്ന റബ്കോയും സഹകരണരംഗത്തെ കരുത്തേറിയ സാന്നിധ്യമാണ്. പരമ്പരാഗതശൈലി മാറ്റി ആധുനിക സാങ്കേതികവിദ്യ സ്വീകരിച്ചതാണ് റബ്കോയുടെ വളര്‍ച്ചക്ക് കാരണം. മലബാര്‍ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന പറശിനിക്കടവ് വിസ്മയ പാര്‍ക്ക് സംസ്ഥാനത്ത് ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന വിനോദസംരംഭമാണ്. സംസ്ഥാനത്തെ 5193 ഷാപ്പുകളില്‍ 1023 എണ്ണമാണ് ചെത്ത്തൊഴിലാളി സഹകരണ സംഘങ്ങള്‍ നടത്തിയത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്ത് നിയോഗിച്ച ഉദയഭാനു കമീഷനാണ് ഷാപ്പ് നടത്തിപ്പ് തൊഴിലാളി സംഘങ്ങള്‍ക്ക് നല്‍കണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലളിതാംബിക കമീഷന്‍ റിപ്പോര്‍ട്ടും മദ്യദുരന്തം തടയാനുള്ള ഫലപ്രദമായ മാര്‍ഗം സംഘങ്ങളാണെന്ന് ശുപാര്‍ശ ചെയ്തു. 2000-ല്‍ നായനാര്‍ സര്‍ക്കാരാണ് ഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെയാണ് പതിറ്റാണ്ടുകളായുള്ള സ്വകാര്യ ലൈസന്‍സി സമ്പ്രദായം ഉത്തര മലബാറില്‍ ഇല്ലാതായത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് തിരികെക്കൊണ്ടുവന്നു. വി എസ് സര്‍ക്കാരാണ് ഷാപ്പുകളെ വീണ്ടും സംഘങ്ങളെ ഏല്‍പിച്ചത്. വ്യാജക്കള്ളുമൂലമുള്ള ദുരന്തങ്ങളും ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാന്‍ സംഘങ്ങള്‍ക്കായി. നാല്‍പതിനായിരത്തോളം തൊഴിലാളികള്‍ക്ക് സംഘങ്ങളിലൂടെ മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് സഹകരണ ഷാപ്പുകള്‍ പ്രവര്‍ത്തിച്ചത്. കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് പ്രസ് അച്ചടിരംഗത്ത് ജില്ലയിലെ പ്രമുഖ സ്ഥാപനമാണ്. പയ്യന്നൂരിലെ കൈരളി ഹോട്ടലും സഹകരണകൂട്ടായ്മയിലെ വ്യത്യസ്തതയാണ്.

ആരോഗ്യമേഖലയിലും

ആരോഗ്യമേഖലയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍ ഏറ്റവും മാതൃകാപരമാണ്. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം, പഠനോപകരണങ്ങള്‍, മരുന്നുവിതരണം തുടങ്ങി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്കും അവ മുന്നേറിയിട്ടുണ്ട്. കണ്ണൂര്‍ എ കെ ജി ആശുപത്രി ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനമാണ്. പയ്യന്നൂരിലും തലശേരിയിലും സഹകരണ ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് തുണയാകുന്നു. കച്ചവടക്കാരില്‍നിന്ന് ജനകീയവഴിയിലേക്കെത്തിയ പരിയാരം സഹകരണമെഡിക്കല്‍ കോളേജും മാതൃകാപ്രവര്‍ത്തനം നടത്തുന്നു. തൊഴിലും സുരക്ഷയുമൊരുക്കി ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ജീവിതപ്രയാസങ്ങളില്‍ അശരണരുടെ കണ്ണീരൊപ്പാനും പ്രസ്ഥാനം എന്നും അവര്‍ക്കൊപ്പമുണ്ട്. (അതേപ്പറ്റി നാളെ....)

*
തയ്യാറാക്കിയത് : നാരായണന്‍ കാവുമ്പായി , പി ദിനേശന്‍ ,  സതീഷ് ഗോപി സങ്കലനം : കെ എന്‍ ബാബു

മൂന്ന്, നാല് ഭാഗങ്ങള്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തൊഴിലും സുരക്ഷയുമൊരുക്കി ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ജീവിതപ്രയാസങ്ങളില്‍ അശരണരുടെ കണ്ണീരൊപ്പാനും പ്രസ്ഥാനം എന്നും അവര്‍ക്കൊപ്പമുണ്ട്.