Thursday, May 31, 2012

നെയ്യാറ്റിന്‍കരയുടെ ചുവരെഴുത്ത്

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എഫ് ലോറന്‍സ് വന്‍ വിജയം നേടുമെന്നത് ഉറപ്പാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയപോരാട്ടമാക്കി മാറ്റാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ച യുഡിഎഫിന്റെ കുതന്ത്രത്തിനും കാലുമാറ്റത്തിനും എതിരായ ജനവിധിയാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകാന്‍ പോകുന്നത്. 1982ല്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഉദുമയിലെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ നിയമസഭാംഗത്വം രാജിവച്ച് അതേ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. ആ വഞ്ചനക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച അഡ്വ. കെ പുരുഷോത്തമനെ വിജയിപ്പിച്ച ഉദുമയിലെ ജനങ്ങളുടെ ജനാധിപത്യബോധമാണ് നെയ്യാറ്റിന്‍കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ആവര്‍ത്തിക്കാന്‍ പോകുന്നത്.

തിരുവനന്തപുരം ജില്ലയില്‍ മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫിന്റെ മുന്നേറ്റത്തിന് നാന്ദികുറിച്ച സംഭവങ്ങളാണ്. 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷംനടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ എം കനത്ത പരാജയം ഏറ്റുവാങ്ങിയശേഷം തിരുവനന്തപുരം ഈസ്റ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥി കെ അനിരുദ്ധനെ വിജയിപ്പിച്ച് ജനങ്ങള്‍ രാഷ്ട്രീയ മുന്നേറ്റത്തില്‍ ഇടതുപക്ഷ വീക്ഷണമാണ് ശരി എന്നുറക്കെ പ്രഖ്യാപിച്ചു. 1979ല്‍ പാറശാല മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥി എം സത്യനേശന്‍ വിജയിച്ചു. ആ വിജയത്തിലൂടെ വമ്പിച്ച രാഷ്ട്രീയമാറ്റത്തിന് ഇടയാക്കിയ സംഭവവികാസങ്ങള്‍ ഉരുത്തിരിയുകയും അന്നത്തെ യുഡിഎഫ് തകരുകയും 1980ല്‍ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരികയുംചെയ്തു. 1982ല്‍ നേമം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജെ തങ്കപ്പനെ വിജയിപ്പിച്ചാണ് ജനദ്രോഹം മുഖമുദ്രയാക്കിയ യുഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ പ്രഹരമേല്‍പ്പിച്ചത്. ഈ ചരിത്രമുള്ള തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര അതേ അനുഭവമാണ് ആവര്‍ത്തിക്കുക.

യുഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ജനദ്രോഹനയങ്ങള്‍ക്കും യുപിഎ സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ജനവിരുദ്ധ നടപടികള്‍ക്കും എതിരായ ജനവിധിയാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകാന്‍ പോവുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലാവുമെന്ന് പറഞ്ഞ യുഡിഎഫ് ഇപ്പോള്‍ മാര്‍ക്സിസ്റ്റ് അക്രമമെന്ന പതിവു പല്ലവിയിലേക്ക് പിന്‍വാങ്ങി. സെല്‍വരാജിന്റെ കാലുമാറ്റത്തിനെതിരായി ഉയരുന്ന ജനരോഷത്തെ മാര്‍ക്സിസ്റ്റ് അക്രമമെന്ന പേരില്‍ പ്രചാരണം നടത്തി ഗതി തിരിച്ചുവിടാമെന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും വ്യാമോഹിക്കുന്നത്. ഒരു വര്‍ഷത്തെ ഭരണത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്തെ ശവപ്പറമ്പാക്കി. 62 കര്‍ഷകരാണ് ചുരുങ്ങിയ കാലംകൊണ്ട് കടഭാരം കാരണം ആത്മഹത്യചെയ്തത്. കാര്‍ഷികമേഖല വിറങ്ങലിച്ച് നില്‍ക്കുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കൃത്യമായി വിതരണംചെയ്യുന്നില്ല. എല്‍ഡിഎഫ് പ്രഖ്യാപിച്ച കര്‍ഷകപെന്‍ഷന്റെ വിതരണം നിലച്ചു. സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍പ്രകാരം നല്‍കേണ്ടുന്ന ആനുകൂല്യങ്ങളെല്ലാം മുടക്കി. റേഷന്‍കടകളിലൂടെയുള്ള മണ്ണെണ്ണവിതരണവും ഗോതമ്പ് വിതരണവും അനിശ്ചിതത്വത്തിലായി. ഒരു രൂപയുടെ അരി ലഭിക്കുന്നവരുടെ എണ്ണം പത്ത് ലക്ഷത്തില്‍ താഴെമാത്രമായി. അതും മുടങ്ങുകയാണ്. എല്‍ഡിഎഫ് ആവിഷ്കരിച്ച രണ്ടുരൂപ അരിവിതരണപദ്ധതി നിഷ്കരുണം അട്ടിമറിച്ചു. വിലക്കയറ്റത്തിന് കാരണക്കാരായ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരമാണ് പ്രധാനമായും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തിറക്കിയ പ്രൈസ് ബുള്ളറ്റിനില്‍ സംസ്ഥാന ശരാശരിയായി, മട്ട അരി കിലോയ്ക്ക് 20.07 രൂപ വിലയുണ്ടായിരുന്നത് ഇന്ന് തിരുവനന്തപുരം പൊതുവിപണിയില്‍ 27 രൂപയാണ്. 2009ല്‍ 20 രൂപയുള്ള ചമ്പാ അരിക്ക് 24 രൂപയായി. 21.77 രൂപ വിലയുള്ള ആന്ധ്ര വെള്ള അരിക്ക് 27 രൂപയാണിന്ന്. ഉഴുന്നിന് 2009ല്‍ 50.07 രൂപയായിരുന്നത് 62 ആയി, എറണാകുളത്ത് 80ഉം. ചെറുപയറിന് 2009ല്‍ 47.7 രൂപ ഉണ്ടായിരുന്നത് 64 ആയി. 54.79 രൂപയായിരുന്ന തുവരപ്പരിപ്പിന് ഇപ്പോള്‍ 68 രൂപയാണ്. 2009ല്‍ പഞ്ചസാരയ്ക്ക് സംസ്ഥാനശരാശരി വില 22.37 ആയിരുന്നു. ഇപ്പോള്‍ 33 രൂപയാണ്. 20 രൂപയ്ക്ക് ലഭിച്ചിരുന്ന മില്‍മപാലിന്റെ വില ലിറ്ററിന് 27 രൂപയായി. വെളിച്ചെണ്ണയ്ക്ക് 2009ല്‍ സംസ്ഥാന ശരാശരി വില ലിറ്ററിന് 54.50 രൂപയായിരുന്നു. ഇന്ന് വെളിച്ചെണ്ണ ലൂസിന് 72 രൂപയും കേര വെളിച്ചെണ്ണയ്ക്ക് 85 രൂപയും കെഎല്‍എഫ് നിര്‍മലിന് 95 രൂപയും കൊടുക്കണം. ഈ പട്ടിക വളരെ വലുതാണ്.

സംസ്ഥാനസര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ രേഖകള്‍തന്നെയാണ് ഈ വിലവിവരം വെളിപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ പൊതുവിപണിയില്‍നിന്ന് മെയ് 26നാണ് അവര്‍ ഈ വിലവിവരം ശേഖരിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ത്രിവേണി സ്റ്റോറുകളില്‍ പോലും ഇത്തരത്തില്‍ വില വര്‍ധിച്ചിരിക്കുന്നു. സര്‍ക്കാര്‍ നോക്കുകുത്തിയായി. പച്ചക്കറിവില ഇത്രയേറെ വര്‍ധിച്ച സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. മാംസം, മുട്ട തുടങ്ങിയവയുടെ വിലയും ക്രമാതീതമായി വര്‍ധിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പാലിന്റെ വിലയില്‍മാത്രം എട്ടു രൂപയുടെ വര്‍ധനയാണ് വരുത്തിയത്. പെട്രോള്‍ വില ലിറ്ററിന് 75.74 രൂപയായി വര്‍ധിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയൊരു കാര്യംപോലെ അതിലെ നികുതിവരുമാനം വേണ്ടെന്നു വയ്ക്കുന്നു. അതിന്റെ പേരില്‍ പെരുമ്പറയടിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു. എന്നാലും ലിറ്ററിന് 74.11 രൂപ കൊടുക്കണം. ഒറ്റയടിക്ക് 6.29 രൂപയുടെ വര്‍ധന. സാധാരണക്കാര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ പറ്റാത്ത അവസ്ഥ. ഓട്ടോറിക്ഷ ഓടിച്ച് വീടുപുലര്‍ത്തുന്ന കുടുംബസ്ഥരുടെ വയറ്റത്തടിച്ചതിനെക്കുറിച്ച് യുഡിഎഫിന് വിശദീകരണമില്ല.

ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില വര്‍ധിപ്പിക്കാന്‍ പോകുന്നു. ഇതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസിനു മാത്രമാണ്. യുഡിഎഫ് മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന ആ കോണ്‍ഗ്രസിനെതിരായ കേരളജനതയുടെ വികാരമാണ് പ്രതിഷേധമായി, പ്രതിരോധമായി, യുഡിഎഫിനെതിരായ വോട്ടായി നെയ്യാറ്റിന്‍കരയില്‍ പ്രതിഫലിക്കാന്‍ പോകുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരാല്‍ കുത്തിനിറയ്ക്കപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍നിന്ന് ഇതിലുമേറെ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ആറ് മന്ത്രിമാര്‍ വിജിലന്‍സ് കേസില്‍ പ്രതികളാണ്. പാമൊലിന്‍ കേസിലും സൈന്‍ബോര്‍ഡ് കേസിലും ആരോപണവിധേയനായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചെടുക്കാന്‍ ഭരണസംവിധാനത്തെ ഉപയോഗപ്പെടുത്തുന്നു. അഴിമതി നിരോധനവകുപ്പിനെ രാഷ്ട്രീയവല്‍ക്കരിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ഇത്തരം സാമൂഹ്യപ്രശ്നങ്ങള്‍ യുഡിഎഫിനെതിരായ പ്രതികരണമായി രൂപംകൊണ്ടാല്‍, യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് തള്ളിനീക്കപ്പെടും. ആ ആശങ്കയാണ് കുത്തക മാധ്യമങ്ങളെ കൂട്ടുപിടിച്ച് മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്ക് ആക്കം കൂട്ടാന്‍ യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്. യുഡിഎഫും ബിജെപിയും രണ്ടാംസ്ഥാനത്തിനു വേണ്ടിയാണ് നെയ്യാറ്റിന്‍കരയില്‍ മത്സരിക്കുന്നത്. സിപിഐ എം രൂപം കൊണ്ടശേഷം അഞ്ഞൂറ്റിപ്പത്ത് പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടത് സിപിഐ എമ്മില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ്. അങ്ങനെയുള്ള ഒരു പാര്‍ടിക്കെതിരെ അക്രമകഥകള്‍ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് വിധിയെ അട്ടിമറിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം വിഫലമാവാന്‍ പോവുകയാണ്.

ഇടുക്കിയിലെ എസ്എഫ്ഐ ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് രാജനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി മൂന്ന് മാസമായിട്ടും പ്രതികളെ പിടികൂടാത്ത ഉമ്മന്‍ചാണ്ടിസര്‍ക്കാരാണ് നിഷ്പക്ഷമായ നീതിനിര്‍വഹണത്തെക്കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്നത്. സിപിഐ എമ്മുകാര്‍ പ്രതികളാണെന്ന് ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ കൈകാര്യംചെയ്യുന്ന രീതിയും കോണ്‍ഗ്രസുകാര്‍ പ്രതികളായ കേസുകള്‍ കൈകാര്യംചെയ്യുന്ന രീതിയും എങ്ങനെയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇടതുപക്ഷത്തിനെതിരായ ഏറ്റവും വലിയ കടന്നാക്രമണമാണ് യുഡിഎഫ് ഇപ്പോള്‍ നടത്തുന്നത്. രണ്ട് അംഗങ്ങളുടെമാത്രം ഭൂരിപക്ഷമുള്ള ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യും എന്നതാണ് എംഎല്‍എയുടെ കാലുമാറ്റവും തുടര്‍ന്ന് ഉയര്‍ന്ന സംഭവങ്ങളും സ്വീകരിക്കുന്ന നിലപാടുകളും വ്യക്തമാക്കുന്നത്.

ഭീഷണി ഉണ്ടായതുകൊണ്ടാണ് പാര്‍ടി വിട്ടതെന്നും ക്വട്ടേഷന്‍സംഘത്തില്‍പെട്ട ആള്‍തന്നെയാണ് തനിക്ക് വിവരം നല്‍കിയതെന്നും സെല്‍വരാജ് പറയുകയുണ്ടായി. തമിഴ്നാട്ടിലെ മലയടിയിലെ ക്വട്ടേഷന്‍ സംഘമാണ് ഇതിനു പിന്നിലെന്ന് സെല്‍വരാജ് ആരോപിച്ചപ്പോള്‍ പൊഴിയൂരിലെ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചതായാണ് വിവരം ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു! ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഈ വ്യക്തമാക്കലുകളുടെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍പ്പെട്ട ഒരാളെപ്പോലും പിടികൂടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തില്‍ ഈ ആരോപണങ്ങളും തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള കുപ്രചാരണമായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു.

ഇത്തരം പ്രചാരണങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലും കോണ്‍ഗ്രസുകാര്‍ നടത്തും. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നേതൃത്വത്തില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. പൊലീസിനെയും ഭരണ സംവിധാനത്തെയും ഉപയോഗിച്ച്, നുണപ്രചാരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങളുടെ സഹായത്തോടെ, പണക്കൊഴുപ്പിന്റെ ആര്‍ഭാടത്തില്‍ നടത്തുന്ന നെയ്യാറ്റിന്‍കര മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. അത്തരത്തിലുള്ള എല്ലാ വഴിവിട്ട പരിശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിക്കാന്‍ നെയ്യാറ്റിന്‍കരയിലെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാളേറെ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്താന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സാധിക്കും.

*
കോടിയേരി ബാലകൃഷ്ണന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എഫ് ലോറന്‍സ് വന്‍ വിജയം നേടുമെന്നത് ഉറപ്പാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയപോരാട്ടമാക്കി മാറ്റാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ച യുഡിഎഫിന്റെ കുതന്ത്രത്തിനും കാലുമാറ്റത്തിനും എതിരായ ജനവിധിയാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകാന്‍ പോകുന്നത്. 1982ല്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഉദുമയിലെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ നിയമസഭാംഗത്വം രാജിവച്ച് അതേ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. ആ വഞ്ചനക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച അഡ്വ. കെ പുരുഷോത്തമനെ വിജയിപ്പിച്ച ഉദുമയിലെ ജനങ്ങളുടെ ജനാധിപത്യബോധമാണ് നെയ്യാറ്റിന്‍കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ആവര്‍ത്തിക്കാന്‍ പോകുന്നത്.