Monday, April 16, 2012

സ്വാശ്രയ പ്രൊഫഷണല്‍ കോളേജില്‍ തുല്യ ഫീസ്: അര്‍ഥവും അനര്‍ഥവും

യുഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും മാനേജ്മെന്‍റുകളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്ക പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ചില ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളുടെ കൂട്ടായ്മ പ്രശ്നം പരിഹരിക്കുന്നതിനു തടസ്സം സൃഷ്ടിച്ചു. അവര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ സകല സീറ്റിലേക്കും (എന്‍ആര്‍ഐ ക്വാട്ട ഒഴികെ) ഒരേ ഫീസ് നിശ്ചയിക്കണമെന്നായിരുന്നു അവരുടെ പിടിവാശി. സമര്‍ഥരും ദരിദ്രരുമായ വിദ്യാര്‍ഥികള്‍ക്കും സംവരണാവകാശമുള്ളവര്‍ക്കും കുറഞ്ഞ ഫീസ് എന്ന - രണ്ട് സ്വാശ്രയ കോളേജുകള്‍ സമം ഒരു ഗവണ്‍മെന്‍റ് കോളേജ് എന്ന - തത്വം അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് അടുത്ത അധ്യയന വര്‍ഷം ആകുമ്പോഴേക്ക് പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കും എന്നായിരുന്നു. അത് ഇപ്പോള്‍ ഉണ്ടായിരിക്കുന്നു.

ഈ ചില ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളുടെ നാലു മെഡിക്കല്‍ കോളേജുകളില്‍ ഓരോ സീറ്റിലും 3.75 ലക്ഷം രൂപ വീതമാണ് വാര്‍ഷിക ഫീസ്. 100 കുട്ടികളെ പ്രവേശിപ്പിക്കുന്ന ഒരു കോളേജ് 40 ലക്ഷം രൂപ സര്‍ക്കാരിനെ ഏല്‍പിക്കും. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ്, ആ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ റാങ്ക് പട്ടികയില്‍നിന്ന് സംവരണ മാനദണ്ഡങ്ങളെക്കൂടി അടിസ്ഥാനമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. ഇതാണ് തര്‍ക്കത്തിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളൊഴിച്ച് ബാക്കി സ്വാശ്രയ കോളേജുകളില്‍ അനുവര്‍ത്തിച്ചുവരുന്ന സമ്പ്രദായം. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ആരംഭിച്ച അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശനം സംബന്ധിച്ച ചര്‍ച്ചയിലും ഈ ക്രിസ്ത്യന്‍ മാനേജ്മെന്‍റ് തങ്ങളുടെ മുന്‍നിലപാട് പുനഃപരിശോധിക്കുന്നതിനു തയ്യാറായില്ല. അവര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇതാണ്:

സ്വാശ്രയ കോളേജുകള്‍ പൂര്‍ണമായി സ്വകാര്യമേഖലയിലുള്ളവയാണ്. സര്‍ക്കാര്‍ സഹായമൊന്നുമില്ല. അതുകൊണ്ട് സര്‍ക്കാരിന് അവയുടെമേല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്താനാവില്ല. 50 ശതമാനം പേര്‍ക്ക് സര്‍ക്കാര്‍ ഫീസ് ചുമത്തുമ്പോള്‍ അതുമൂലം മാനേജ്മെന്‍റിന്റെ വരുമാനത്തില്‍ വരുന്ന കുറവ് ബാക്കി 50 ശതമാനം വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കണം. ആ വിദ്യാര്‍ഥികളില്‍ പലരും തങ്ങളുടെ സമുദായത്തില്‍പെട്ടവരാണ്. അവരില്‍നിന്ന് കൂടുതല്‍ ഫീസ് ഈടാക്കി സംവരണ വിഭാഗങ്ങളില്‍പെടുന്ന ദരിദ്രര്‍ക്ക് ഫീസ് ഇളവ് നല്‍കാന്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ നയപരമായി തയ്യാറല്ല. ഇതാണ് പ്രശ്നം. ഈ വാദം ഉമ്മന്‍ചാണ്ടിയും അടൂര്‍ പ്രകാശും അബ്ദു റബ്ബും ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ അംഗീകരിച്ചു. അതുകൊണ്ടാണ് ക്രിസ്ത്യന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 3.75 ലക്ഷം രൂപയും എഞ്ചിനീയറിങ് കോളേജുകളില്‍ 75,000 രൂപയും എല്ലാ വിഭാഗം വിദ്യാര്‍ഥികളും നല്‍കേണ്ട വാര്‍ഷിക ഫീസായി അംഗീകരിക്കപ്പെട്ടത്. അങ്ങനെ ചെയ്തപ്പോള്‍ മാനേജ്മെന്‍റുകള്‍ ചെയ്ത സൗജന്യം ഏതാണ്ട് 10 ശതമാനം പേര്‍ക്ക് ഫീസ് ഇളവ് നല്‍കാന്‍ വേണ്ട സംഖ്യ ഗവണ്‍മെന്‍റിനു അവര്‍ നല്‍കും എന്ന വാഗ്ദാനം മാത്രമാണ്.

കഴിഞ്ഞവര്‍ഷം ഈ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കി 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ പ്രവേശന പരീക്ഷ നടത്തി തയ്യാറാക്കിയ വിദ്യാര്‍ഥിപ്പട്ടികയില്‍നിന്ന് കുട്ടികളെ എടുക്കാന്‍ വിസമ്മതിക്കുകയും എല്ലാവരില്‍നിന്ന് ഒരേ ഫീസ് ഈടാക്കാന്‍ ഏകപക്ഷീയമായി തീരുമാനിക്കുകയും ചെയ്തപ്പോള്‍, തങ്ങളും ആ വഴിക്കു നീങ്ങുമെന്ന് മറ്റ് ചില സ്വകാര്യ മാനേജ്മെന്‍റുകളും ഭീഷണിപ്പെടുത്തിയിരുന്നു. എങ്കിലും അവര്‍ ആ വര്‍ഷം ആ ഭീഷണി പ്രാവര്‍ത്തികമാക്കിയില്ല. ഈ വര്‍ഷം അവരും ഈ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളുടെ മാതൃക സ്വീകരിച്ചാല്‍ ദരിദ്രരും സാധാരണക്കാരുമായ പല വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ - എഞ്ചിനീയറിങ് സ്വാശ്രയ കോഴ്സുകളില്‍ ചേരാന്‍ കഴിയാതെ വരും. അല്ലെങ്കില്‍ സര്‍ക്കാരോ ആ മാനേജ്മെന്‍റുകളോ അത്തരം വിദ്യാര്‍ഥികളുടെ രക്ഷക്കെത്തണം. അനുഭവത്തില്‍നിന്ന് മനസ്സിലാകുന്നത്, ഇത്തരം സ്വാശ്രയ മാനേജ്മെന്‍റുകള്‍ പൊതുവില്‍ സമൂഹനന്മക്കോ സമുദായ നന്മക്കോ വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല, ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ്.

സാമ്പത്തികശേഷി താരതമ്യേന കൂടുതലുള്ള വിദ്യാര്‍ഥികള്‍ അത് തീരെ കുറഞ്ഞവരുടെ ചെലവില്‍ ഒരു ചെറിയ ഭാഗം വഹിക്കുക, മാനേജ്മെന്‍റുകള്‍ അവയുടെ ലാഭത്തിലെ ഒരു വിഹിതം വേണ്ടെന്നുവെക്കുക. അതാണ് ക്രോസ് സബ്സിഡി എന്നു പറയുന്നതിന്റെ അര്‍ഥം. എല്ലാ വിദ്യാര്‍ഥികളില്‍നിന്നും തുല്യ ഫീസ് ഈടാക്കുന്നത്, അല്ലെങ്കില്‍ എല്ലാവര്‍ക്കും ഒരുപോലെ ഫീസ് സൗജന്യം നല്‍കുന്നത് പുരോഗമന നടപടിയായി ചിലര്‍ ചിത്രീകരിക്കാറുണ്ട്. അതില്‍ യുക്തിയില്ല. സാമ്പത്തികശേഷി ഒരുവിധം അല്ലെങ്കില്‍ തൃപ്തികരമായി ഉള്ളവര്‍ക്ക്ഫീസ് അല്‍പം കൂടിയാല്‍ അത് കൊടുക്കാന്‍ അല്‍പം ഞെരുങ്ങേണ്ടി വന്നേക്കാം. ഇതാണ് പരമാവധി സംഭവിക്കുക. എന്നാല്‍, ദരിദ്രരുടെ സ്ഥിതി അതല്ല. അവരില്‍ പലര്‍ക്കും സര്‍ക്കാര്‍ കോളേജുകളിലെ ഫീസ് നല്‍കാന്‍ പോലും ശേഷിയുണ്ടാവില്ല. അതിനാല്‍ ക്രിസ്ത്യന്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ നിര്‍ബന്ധിക്കുന്ന എല്ലാവര്‍ക്കും തുല്യഫീസ് എന്ന തത്വം അത്തരം വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തെ കയ്യെത്താത്ത ദൂരത്താക്കുകയാണ് ചെയ്യുക. അവര്‍ നമ്മുടെ സമൂഹത്തില്‍ ഗണ്യമായ വിഭാഗമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ക്രിസ്ത്യന്‍ സ്വാശ്രയ മാനേജ്മെന്‍റുകളുടെ തുല്യഫീസ് ഏര്‍പ്പെടുത്തുന്നതിനുവേണ്ടിയുള്ള പിടിവാശിയും അതിനെ ഉമ്മന്‍ചാണ്ടി പ്രഭൃതികളായ മന്ത്രിമാര്‍ അതിനു കീഴടങ്ങിയതിനെയും കാണേണ്ടത്.

സാമൂഹ്യമായും സാമ്പത്തികമായും വലിയ അസമത്വം നടമാടുന്ന ഒരു സമൂഹത്തില്‍ തുല്യത കൈവരിക്കുന്നതിനുവേണ്ടിയുള്ള ഏറ്റവും ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസം നല്‍കപ്പെടുന്നത്. അതിന്റെ ഭാഗമായാണ് സ്കൂള്‍ വിദ്യാഭ്യാസം ഇവിടെ പൂര്‍ണമായി സൗജന്യമാക്കപ്പെട്ടത്. പാശ്ചാത്യ സമൂഹങ്ങളില്‍പോലും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം സൗജന്യമായി ലഭിക്കുന്നതിനു അവസരം നല്‍കപ്പെടുന്നു. അത് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളില്‍ വരെയുണ്ട്. ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളും ഉമ്മന്‍ചാണ്ടി സര്‍ക്കാരും കൂടി സ്വീകരിച്ച എല്ലാവര്‍ക്കും തുല്യ ഫീസ് എന്ന തത്വം സ്വാശ്രയ പ്രൊഫഷണല്‍ മേഖലയില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനു തുല്യഅവസരം നിഷേധിക്കലാണ്.

ആഗോളവല്‍ക്കരണം പൊതുവില്‍ നടപ്പാക്കുന്ന ഒരു പിടി ആളുകളില്‍ സമ്പത്ത് കേന്ദ്രീകരിക്കുക എന്ന തത്വത്തിന്റെ മറ്റൊരു രൂപമോ പതിപ്പോ ആണ് സ്വാശ്രയ പ്രൊഫഷണല്‍ രംഗത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളിലൂടെ നടപ്പാക്കുന്നത്. ഇത് കേരളം കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെ കാലമായി വിദ്യാഭ്യാസരംഗത്ത് കൈവരിച്ച പുരോഗതിയുടെ മുന ഒടിക്കും. ഇവരും ഫലത്തില്‍ നടപ്പാക്കുന്നത് ശ്രീ ശ്രീ രവിശങ്കര്‍ കഴിഞ്ഞ ദിവസം മറ്റൊരു രൂപത്തില്‍ നിര്‍ദ്ദേശിച്ച കാര്യമാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ മാവോയിസ്റ്റുകളും മറ്റുമായി വഴിപിഴച്ചുപോകുന്നു. അതിനാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വേണ്ട, സ്വകാര്യവിദ്യാലയങ്ങള്‍ മതി എന്നാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരും ചില ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളും കൂടി നിര്‍ദേശിക്കുന്നത്, ഒരു ഉമ്മറത്ത് രണ്ട് കച്ചവടം (സംവരണ വിഭാഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കുമായി) നടത്തുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വേണ്ട, എല്ലാവര്‍ക്കും ഒരേ ഫീസ് ചുമത്തുന്ന സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ മതി എന്നാണ്. ഇത് കേരളം ഇരുപതാം നൂറ്റാണ്ടില്‍ കൈവരിച്ച സാമൂഹ്യപുരോഗതിയെ അപ്പാടെ നശിപ്പിക്കും.

*
സി പി നാരായണന്‍ ചിന്ത വാരിക

No comments: