Friday, April 20, 2012

യുഡിഎഫ് രാഷ്ട്രീയം ജീര്‍ണതയിലേക്ക്

ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അതിന്റെ ജന്മസ്വഭാവം പുറത്തുകാട്ടിത്തുടങ്ങി. 1991ല്‍ കെ കരുണാകരന്‍- ആന്റണി, 2001ല്‍ ആന്റണി- ഉമ്മന്‍ചാണ്ടി എന്നിവര്‍ തമ്മിലുള്ള തര്‍ക്കവും പ്രതിഛായാ ചര്‍ച്ചയും അതിന്റെ ദുര്‍ഗന്ധവും തുടര്‍ന്ന് നേതൃമാറ്റവും ഉണ്ടായതിനു സമാനമായ സ്ഥിതിവിശേഷം. 1991ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് മന്ത്രിസഭയില്‍ പ്രതിഛായാ ചര്‍ച്ചയും നേതൃമാറ്റ ചര്‍ച്ചയും തുടങ്ങാന്‍ മൂന്നുവര്‍ഷമെടുത്തു. 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ നേതൃമാറ്റ ചര്‍ച്ച തുടങ്ങാനും മൂന്നുവര്‍ഷമെടുത്തു. എന്നാല്‍, ഇപ്പോള്‍ അത്തരം ചര്‍ച്ചയ്ക്ക് പത്തുമാസമേ എടുത്തുളളൂ.

കഷ്ടിച്ച് രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് അധികാരത്തില്‍ വന്നതെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീരസ്യം പറയുന്നത് ഭൂരിപക്ഷക്കുറവ് ഭരണത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും ജനവിരുദ്ധ നടപടികളുടെ കാര്യത്തിലും അത് വാസ്തവമാണ്. യുഡിഎഫിന്റെ മുഖപത്രങ്ങളായി പ്രവര്‍ത്തിക്കുന്ന മലയാള മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ പരിലാളനയില്‍ ഊതിവീര്‍പ്പിച്ച പ്രതിഛായയുമായാണ് ഉമ്മന്‍ചാണ്ടി പത്തുമാസം പിന്നിട്ടത്. പാടിപ്പുകഴ്ത്തുന്ന മാധ്യമങ്ങള്‍കൊണ്ട് വ്രണം പുറത്തുകാണിക്കാതെ മൂടിവയ്ക്കാമെങ്കിലും ദുര്‍ഗന്ധമകറ്റാന്‍ കഴിയില്ലല്ലോ. 1994ല്‍ ആന്റണിയുടെ പിന്നില്‍നിന്ന് കരുണാകരനെ പുകച്ച് പുറത്തുചാടിക്കാനും 2005ല്‍ സ്വന്തം നിലയ്ക്കുതന്നെ ആന്റണിയെ പുകച്ച് പുറത്തുചാടിക്കാനും നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിക്ക് പത്തുമാസത്തിനകം അത്തരം ഭീഷണി നേരിടേണ്ടിവന്നിരിക്കുന്നു. കരുണാകരനെ പുറത്തുചാടിക്കാന്‍ ചാരക്കേസ് ഗൂഢാലോചനപോലുള്ള അടവുകള്‍ പയറ്റിയതിനു പിന്നിലെ ശക്തികളെക്കുറിച്ച് മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ.

അഞ്ചാം മന്ത്രിസ്ഥാനവും തുടര്‍ന്നുള്ള വകുപ്പുമാറ്റവുമെല്ലാം ആസൂത്രിതമായ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാവുകയാണ്. മുസ്ലിംലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കാമെന്ന് മന്ത്രിസഭാ രൂപീകരണവേളയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണെന്നും അതനുസരിച്ചാണ് മഞ്ഞളാംകുഴി അലിയെ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചതെന്നും ലീഗ് നേതൃയോഗം വ്യക്തമാക്കുകയുണ്ടായി. അങ്ങനെ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഇതേവരെ പറഞ്ഞിട്ടില്ല. അഞ്ചാംമന്ത്രിസ്ഥാനം മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ പിന്നെന്തിന് സമുദായ സന്തുലനം തകരുമെന്നതിനാല്‍ അഞ്ചാംമന്ത്രിസ്ഥാനം നല്‍കാനാകില്ലെന്ന് പരസ്യപ്രചാരണം നടത്തി, എന്തിനാണ് ഹൈക്കമാന്‍ഡിനെ ഇടപെടുവിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ദില്ലയിലേക്ക് പലതവണ പോയത്, മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയത് - ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.

മുസ്ലിംലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കേണ്ടിവന്നത് അവര്‍ കഴുത്തില്‍ കത്തിവച്ച് ആവശ്യപ്പെടുംപോലെ ഭീഷണിപ്പെടുത്തിയിട്ടാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാര്‍ പറയുന്നത്്. ഭരണത്തിന്റെ ഹുങ്കില്‍ കത്തിയും മറ്റ് ആയുധങ്ങളുമായി പരക്കെ അഴിഞ്ഞാടുകയാണ് ലീഗ് അണികളെങ്കില്‍ നേതൃത്വം അഞ്ചാംമന്ത്രിസ്ഥാനത്തിനുവേണ്ടി ഭരണനേതൃത്വത്തിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഇതിനര്‍ഥം. അങ്ങനെ ഒരു രക്ഷയുമില്ലാതെയാണ് അഞ്ചാംമന്ത്രിസ്ഥാനം നല്‍കേണ്ടിവന്നതെങ്കില്‍ ഉമ്മന്‍ചാണ്ടി അത് തുറന്നുപറയണം. മുസ്ലിംലീഗിന് അഞ്ചാമത് മന്ത്രിസ്ഥാനം നല്‍കിയതിനേക്കാള്‍ ഗൗരവമുള്ള കാര്യം മന്ത്രിസ്ഥാനം രഹസ്യമായി വാഗ്ദാനം ചെയ്യുകയും മന്ത്രിസ്ഥാനം നല്‍കാന്‍ പ്രയാസമുണ്ടെന്ന് പരസ്യമായി പറഞ്ഞ് പ്രശ്നം വര്‍ഗീയവല്‍ക്കരിച്ചതുമാണ്. മുസ്ലിംലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കുന്നത് സമുദായ സന്തുലനം തകര്‍ക്കുമെന്ന ഉറച്ച നിലപാടെടുത്തത് കെപിസിസിയാണ്. മതാധിഷ്ഠിത പാര്‍ടിയായ മുസ്ലിംലീഗിന്റെ ഭരണപങ്കാളിത്തം വര്‍ഗീയത വളരാന്‍ കാരണമാകും; അഞ്ചു മന്ത്രിയായാലും നാലു മന്ത്രിയായാലും. എന്നാല്‍, ഭരണത്തില്‍ ആദ്യമേതന്നെ മുസ്ലിംലീഗിന് അപ്രമാദിത്വം അനുവദിച്ചു നല്‍കിയ കോണ്‍ഗ്രസ് സമുദായ സന്തുലനത്തെക്കുറിച്ച് പറയുന്നതില്‍ ഒരു ആത്മാര്‍ഥതയുമില്ല.

ഭരണമുന്നണിക്കകത്തെയും കോണ്‍ഗ്രസിനകത്തെയും കടുത്ത അധികാരത്തര്‍ക്കമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു പിന്നില്‍. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണവേളയിലുണ്ടായ തര്‍ക്കം പത്തുമാസംകൊണ്ട് യുഡിഎഫിനകത്തും കോണ്‍ഗ്രസിനകത്തും വര്‍ഗീയ- സാമുദായിക ചേരിതിരിവായി വളര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസിനകത്ത് വര്‍ഗീയ-സാമുദായിക സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം ആ സംഘര്‍ഷം പരസ്യമാകുന്നതിന് നിമിത്തമായെന്നു മാത്രം. അധികാരത്തിനും ഭരണനേതൃത്വത്തിനുംവേണ്ടി കോണ്‍ഗ്രസ് നേതൃത്വത്തിനകത്തുതന്നെ വര്‍ഗീയ-സാമുദായിക സംഘര്‍ഷമുണ്ടാക്കുകയും സമൂഹത്തിലാകെ അത്തരമൊരു ഭിന്നിപ്പിനും സംഘര്‍ഷത്തിനും വഴിമരുന്നിടുകയും ചെയ്തുവെന്നതാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെയ്ത സാമൂഹ്യദ്രോഹം.

ബാഹ്യസമ്മര്‍ദത്തിനു വഴങ്ങിയാണ് അഞ്ചാംമന്ത്രിസ്ഥാനം നല്‍കിയതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ആവലാതിപ്പെടുംപോലെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ലീഗ് അത് സാധിച്ചെടുത്തതെങ്കിലും മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നു തെളിയിച്ചിരിക്കുകയാണ്. മന്ത്രിസഭാംഗമായ ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെ കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും മുഖ്യമന്ത്രിയുടെ നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മികാവകാശം ഉമ്മന്‍ചാണ്ടിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.

മന്ത്രിമാരുടെ വകുപ്പുവിഭജനം വര്‍ഗീയ-ജാതീയ അടിസ്ഥാനത്തിലാക്കി പുതിയൊരു പ്രവണതയ്ക്കും ഉമ്മന്‍ചാണ്ടി തുടക്കം കുറിച്ചു. ഐക്യജനാധിപത്യമുന്നണിയുടെയും സര്‍ക്കാരിന്റെയും രാഷ്ട്രീയസ്വഭാവം നഷ്ടപ്പെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. സാമുദായിക-വര്‍ഗീയ ശക്തികളുടെ കോ-ഓര്‍ഡിനേഷനായി യുഡിഎഫ് അധഃപതിച്ചതിനു പുറമെ മന്ത്രിസഭയെയും അധഃപതിപ്പിച്ചു. അഞ്ചാംമന്ത്രിസ്ഥാനത്തെ എന്‍എസ്എസും എസ്എന്‍ഡിപിയും ശക്തമായി എതിര്‍ത്തപ്പോള്‍ അതിനു മറുപടി പറയാനാകാതെ, സഹപ്രവര്‍ത്തകരായ മന്ത്രിമാരെ ജാതിപ്രതിനിധികളായി കണ്ട് തന്നിഷ്ടപ്രകാരം വകുപ്പ് മാറ്റി നല്‍കുകയായിരുന്നു ഉമ്മന്‍ചാണ്ടി. പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതി തനിക്കെതിരെ അന്വേഷണത്തിനുത്തരവിട്ടപ്പോള്‍ മനഃസാക്ഷി സൂക്ഷിപ്പുകാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിജിലന്‍സ് വകുപ്പ് കൈമാറി. ഇപ്പോള്‍ ആഭ്യന്തരവകുപ്പും തിരുവഞ്ചൂരിന് കൈമാറി. തിരുവഞ്ചൂരിന്റെ കൈയിലുണ്ടായിരുന്ന വകുപ്പ് മറ്റൊരു സമുദായാംഗമായ മന്ത്രിക്ക് കൈമാറി. അഞ്ചാംമന്ത്രിസ്ഥാനത്തെ എതിര്‍ത്ത ആര്യാടന് പുതിയൊരു വകുപ്പുകൂടി നല്‍കി. ആഭ്യന്തരവും വിജിലന്‍സും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കുകയെന്നാല്‍ താന്‍തന്നെ കൈകാര്യംചെയ്യുന്നതിന് സമമാണെന്നതാകണം ആ തീരുമാനത്തിനു പിന്നില്‍. ഇത്തരം വകുപ്പുമാറ്റംകൊണ്ട് സമുദായ സംഘടനാ നേതൃത്വങ്ങളെ തണുപ്പിക്കാമെന്നതോ പ്രീണിപ്പിക്കാമെന്നതോ ആണ് ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടൂര്‍ പ്രകാശുമെല്ലാം കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണോ അതോ ഏതെങ്കിലും സമുദായത്തിന്റെ പ്രതിനിധിയായാണോ മന്ത്രിയായിരിക്കുന്നതും വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതും എന്ന് വ്യക്തമാക്കാനുള്ള ബാധ്യത ഉമ്മന്‍ചാണ്ടിക്കുണ്ട്.

ചുരുക്കത്തില്‍ കേരള രാഷ്ട്രീയത്തെ വലിയൊരു പതനത്തിലേക്കും ജീര്‍ണതയിലേക്കുമാണ് മുഖ്യമന്ത്രി എത്തിച്ചിരിക്കുന്നത്. ഒന്നാമതായി ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി മന്ത്രിസഭാംഗങ്ങളുടെ എണ്ണം 21 ആയി വര്‍ധിപ്പിച്ചു. ചീഫ് വിപ്പ് ഉള്‍പ്പെടെ 22 മന്ത്രി പദവി എന്നത് നിയമസഭാംഗങ്ങളുടെ 15 ശതമാനത്തിലധികമാകരുത് മന്ത്രിസ്ഥാനം എന്ന ചട്ടത്തിന്റെ ലംഘനമാണ്. മന്ത്രിപദവികളുടെ എണ്ണം വര്‍ധിപ്പിച്ചതിലൂടെ ഖജനാവിനെ ധൂര്‍ത്തടിക്കുകയാണ്. രണ്ടാമതായി ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസും ചേര്‍ന്ന് വര്‍ഗീയവല്‍ക്കരിച്ചു. മൂന്നാമതായി വര്‍ഗീയവല്‍ക്കരണവും സമുദായസന്തുലനത്തകര്‍ച്ചയും മറ്റ് സമുദായ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയപ്പോള്‍ മന്ത്രിമാരുടെ ജാതി നോക്കി വകുപ്പുകള്‍ വച്ചുമാറി. സര്‍ക്കാരിനെ സാമുദായികവല്‍ക്കരിക്കുക എന്ന സാമൂഹ്യദ്രോഹമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. നേതൃമാറ്റത്തിനുവേണ്ടി കോണ്‍ഗ്രസിനകത്ത് എതിര്‍ഗ്രൂപ്പുകള്‍ ശക്തി സംഭരിക്കുന്നുവെന്ന് മനസ്സിലാക്കി അത് തടയുന്നതിനാണ് മുഖ്യമന്ത്രി വകുപ്പ് പുനഃസംഘടന നടത്തിയതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍, അത്തരം പൊടിക്കൈകള്‍ കേരള രാഷ്ട്രീയത്തെ മോശം പ്രവണതയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 20 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അതിന്റെ ജന്മസ്വഭാവം പുറത്തുകാട്ടിത്തുടങ്ങി. 1991ല്‍ കെ കരുണാകരന്‍- ആന്റണി, 2001ല്‍ ആന്റണി- ഉമ്മന്‍ചാണ്ടി എന്നിവര്‍ തമ്മിലുള്ള തര്‍ക്കവും പ്രതിഛായാ ചര്‍ച്ചയും അതിന്റെ ദുര്‍ഗന്ധവും തുടര്‍ന്ന് നേതൃമാറ്റവും ഉണ്ടായതിനു സമാനമായ സ്ഥിതിവിശേഷം. 1991ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് മന്ത്രിസഭയില്‍ പ്രതിഛായാ ചര്‍ച്ചയും നേതൃമാറ്റ ചര്‍ച്ചയും തുടങ്ങാന്‍ മൂന്നുവര്‍ഷമെടുത്തു. 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ നേതൃമാറ്റ ചര്‍ച്ച തുടങ്ങാനും മൂന്നുവര്‍ഷമെടുത്തു. എന്നാല്‍, ഇപ്പോള്‍ അത്തരം ചര്‍ച്ചയ്ക്ക് പത്തുമാസമേ എടുത്തുളളൂ.