Thursday, April 26, 2012

ഏഷ്യയ്ക്കായി അമേരിക്കന്‍ ചാരക്കണ്ണ്

ഏഷ്യന്‍മേഖലയെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കാന്‍വേണ്ടി എന്ന് പരസ്യമായി പ്രഖ്യാപിച്ചുതന്നെ അമേരിക്ക ചാരപ്രവൃത്തികള്‍ക്കായുള്ള പുതിയ ഏജന്‍സിക്ക് രൂപംനല്‍കുന്നുവെന്നത് ഇന്ത്യയെയും ഉല്‍ക്കണ്ഠപ്പെടുത്തേണ്ടതാണ്. എന്നാല്‍, ഇതേക്കുറിച്ച് ഒരു അക്ഷരംകൊണ്ടുപോലും പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശമന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. ഏഷ്യന്‍മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളെ നിരീക്ഷിക്കുന്നതിനും അവ അമേരിക്കയ്ക്ക് പ്രതികൂലമാവാതിരിക്കാനുള്ള ഇടപെടലുകള്‍ നടത്തുന്നതിനുമാണ് പുതിയ ചാര ഏജന്‍സി രൂപപ്പെടുത്തുന്നത് എന്ന് പെന്റഗണ്‍ സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ നേരിട്ട് ഇടപെടുമെന്ന ധാര്‍ഷ്ട്യംനിറഞ്ഞ സ്വരമാണിതിലുള്ളത്. എന്നാല്‍, പെന്റഗണിന്റെ ഈ ഭീഷണി കേട്ട മട്ടേയില്ല യുപിഎ ഭരണത്തിന്!

പെന്റഗണ്‍ പുതിയ ഇന്റലിജന്‍സ് ഏജന്‍സി ആരംഭിക്കുന്നത് ഇറാനെയും ചൈനയെയും ഉദ്ദേശിച്ചാണ് എന്നുനടിച്ച് ഇതിന്റെ ഗൗരവത്തെ കുറച്ചുകാണാനാണ് യുപിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ് കരുതേണ്ടത്. ഇങ്ങനെ കണ്ണടച്ച് ഇരുട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നത് അമേരിക്കയുമായുള്ള തന്ത്രപരമായ സൈനിക സഖ്യങ്ങളില്‍ ജൂനിയര്‍ പങ്കാളിയായി നില്‍ക്കുന്നതുമൂലമുള്ള രാഷ്ട്രീയസമ്മര്‍ദങ്ങളുടെ ഫലമായാണെന്നതുകാണാന്‍ വിഷമമില്ല. എന്നാല്‍, ഇന്ത്യയുടെ സ്വാതന്ത്ര്യം, പരമാധികാരം തുടങ്ങിയവയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടമുണ്ടാക്കുന്നതിന്റെ മുന്നോടിയാണ് ഈ മൗനമെന്ന് അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും കാണാനാവുന്നതേയുള്ളൂ.

ലജ്ജാകരമായ യുഎസ് ദാസ്യത്തിന്റെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനം. രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുള്‍കലാമിനുവരെ അമേരിക്കന്‍ വിമാനത്താവളത്തില്‍ അപമാനകരമായ ശരീരപരിശോധനയ്ക്ക് വിധേയനാകേണ്ടിവന്ന വേളയില്‍പോലും സര്‍ക്കാര്‍ ആത്മാഭിമാനത്തിന്റെ ഭാഷയില്‍ പ്രതികരിച്ചില്ല എന്നോര്‍ക്കണം. ഇന്ത്യന്‍ കോടതികളില്‍ വിസ്തരിക്കപ്പെടേണ്ട യൂണിയന്‍ കാര്‍ബൈഡിന്റെ വാറന്‍ ആന്‍ഡേഴ്സണ്‍ മുതല്‍ സിഐഎയുടെയും ലഷ്കര്‍ ഇ തോയ്ബയുടെയും ഇരട്ടച്ചാരനായ ഡേവിഡ് ഹെഡ്ലിവരെയുള്ള കുറ്റവാളികളെ അമേരിക്കന്‍ കല്‍പ്പനകള്‍ക്കു വഴങ്ങി രക്ഷപ്പെടാനുവദിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നതോര്‍ക്കണം.

ഇറാനും അഫ്ഗാനിസ്ഥാനുമെതിരായ അമേരിക്കന്‍ സൈനിക നീക്കങ്ങളില്‍ ഇന്ത്യ പങ്കാളിയായിക്കൊള്ളണമെന്ന് ഇന്ത്യന്‍ മണ്ണില്‍ വന്നുനിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ആജ്ഞയുടെ സ്വരത്തില്‍ പറഞ്ഞപ്പോള്‍ ഇന്ത്യന്‍ വിദേശനയം അതിനുവദിക്കുന്നില്ലെന്നു പറയാനുള്ള ധൈര്യമില്ലാതെ തലകുലുക്കി കേട്ടിരുന്നത് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍സിങ്ങാണെന്നത് ഓര്‍മിക്കണം. ഇറാനുമായുള്ള വാതക കരാര്‍ ഒപ്പുവയ്ക്കാറായ ഘട്ടത്തില്‍ ജോര്‍ജ് ബുഷിന്റെ നിര്‍ദേശപ്രകാരം അതുപേക്ഷിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിനെപ്പോലും വിശ്വാസത്തിലെടുക്കാതെ ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്കാകെ വിരുദ്ധമായ നിലയില്‍ അമേരിക്കയുമായി ആണവകരാറില്‍ ഒപ്പുവച്ചത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയാണ്. ആണവ ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം അന്താരാഷ്ട്രതോതനുസരിച്ച് നല്‍കാനുള്ള ബാധ്യതയില്‍നിന്നുപോലും അമേരിക്കന്‍ കമ്പനികളെ മോചിപ്പിച്ചുകൊടുത്തത് ഈ ഭരണമാണ്.

ഇറാനെ ആക്രമിക്കുന്ന വേളയില്‍ ഇന്ത്യന്‍മണ്ണ് യുഎസ് സൈന്യത്തിന് ഇടത്താവളമായി ഉപയോഗിക്കാമെന്ന് സമ്മതിച്ചുകൊടുത്തതും അമേരിക്കയുമായും ഇസ്രയേലുമായും ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തുടരെ സൈനികാഭ്യാസങ്ങള്‍ നടത്തുന്നതും ഫ്രാന്‍സില്‍നിന്നു കിട്ടാവുന്ന യോജ്യവും എന്നാല്‍ വിലകുറഞ്ഞതുമായ ആയുധങ്ങളുപേക്ഷിച്ച് അമിതവിലയുള്ള അമേരിക്കന്‍ പടക്കോപ്പുകള്‍ ഇറക്കുമതിചെയ്യുന്നതും ഈ ഭരണത്തിലാണ്. പാര്‍ലമെന്റിലെ വിശ്വാസവോട്ടിന്റെ സന്ദര്‍ഭത്തില്‍ കാലുമാറുന്ന എംപിമാര്‍ക്ക് കൊടുക്കാനുള്ള നോട്ടുകെട്ടുകള്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുകാണിച്ച് ബോധ്യപ്പെടുത്തിക്കൊടുത്തത് കോണ്‍ഗ്രസ് നേതാക്കളാണ്.

കോണ്‍ഗ്രസിന്റെയും യുപിഎ ഭരണത്തിന്റെയും അനന്തമായി നീളുന്ന അമേരിക്കന്‍ ദാസ്യപ്രവൃത്തികളുടെ പരമ്പരയിലെ പുതിയ ഇനമാണ് ഏഷ്യന്‍ മേഖലയെയാകെ ചാരവലയത്തില്‍പെടുത്താനുള്ള അമേരിക്കയുടെ പ്രഖ്യാപിത നീക്കത്തെ കണ്ടില്ല എന്നുനടിക്കല്‍. സിഐഎയുമായി യോജിച്ചും ഏകോപിച്ചും ഏഷ്യന്‍മേഖലയില്‍ പുതിയ ചാര ഏജന്‍സി കരുക്കള്‍ നീക്കുമെന്നാണ് പെന്റഗണ്‍ പറയുന്നത്. യുഎസ് പ്രതിരോധസെക്രട്ടറി ലിയോണ്‍-ഇ-പെനെറ്റെയുടെ പ്രത്യേക ആശീര്‍വാദത്തോടെയാണ് ഏഷ്യയെ ചാരവലയത്തിലാക്കുന്നത്. ഏഷ്യയുടെ സുരക്ഷാസംവിധാനങ്ങളില്‍ അമേരിക്കയ്ക്ക് ഉല്‍ക്കണ്ഠയുണ്ടെന്ന് പ്രതിരോധസെക്രട്ടറി പറയുന്നു. ഏഷ്യയെക്കുറിച്ചോര്‍ത്ത് അമേരിക്ക വിഷമിക്കേണ്ട കാര്യമെന്തിരിക്കുന്നുവെന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി ചോദിക്കേണ്ടതാണ്. ഒരിക്കല്‍ ചേരിചേരാപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തുനിന്ന് പ്രവര്‍ത്തിച്ച ഇന്ത്യ അമേരിക്കയുടെ മുഖത്തുനോക്കി ചോദിക്കേണ്ട ചോദ്യമാണത്. എന്നാല്‍, മന്‍മോഹന്‍സിങ്ങും കൂട്ടരും ആ ചോദ്യം വിഴുങ്ങുന്നു. പാകിസ്ഥാന്‍ സര്‍ക്കാരിനെപ്പോലും അറിയിക്കാതെ (?) പാക് അതിര്‍ത്തി കടന്നുകയറി ഒസാമ ബിന്‍ ലാദനെ വധിച്ച ജോയിന്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡിന്റെ തലവനായിരുന്ന ലഫ്റ്റനന്റ് ജനറല്‍ മൈക്കിള്‍ ടി പ്ലിന്‍ അടക്കമുള്ളവരുടെ ഉപദേശപ്രകാരമാണ് പുതിയ ഏജന്‍സി രൂപീകരിക്കുന്നത്. മൈക്കിള്‍ പ്ലിന്നിനെ അഫ്ഗാനിസ്ഥാനിലെ ഏറ്റവും ഉന്നതനായ ഇന്റലിജന്‍സ് ഓഫീസറായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ചാര ഏജന്‍സിയുണ്ടാക്കുന്നുവെന്ന പ്രഖ്യാപനം അമേരിക്കന്‍ പ്രതിരോധകാര്യാലയം പുറത്തുവിട്ടത്.

ഏതായാലും ഇറാനും ചൈനയ്ക്കുമെതിരെ മാത്രമല്ല, ഈ മേഖലയിലെ സകല രാജ്യങ്ങള്‍ക്കുമെതിരെയുള്ളതാവും ഈ നീക്കം. ഇത് തിരിച്ചറിയാന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍, അഥവാ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കുന്നില്ലെങ്കില്‍ നാളെ രാജ്യം വലിയ വിലയാവും നല്‍കേണ്ടിവരിക.

*
ദേശാഭിമാനി മുഖപ്രസംഗം 26 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏഷ്യന്‍മേഖലയെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കാന്‍വേണ്ടി എന്ന് പരസ്യമായി പ്രഖ്യാപിച്ചുതന്നെ അമേരിക്ക ചാരപ്രവൃത്തികള്‍ക്കായുള്ള പുതിയ ഏജന്‍സിക്ക് രൂപംനല്‍കുന്നുവെന്നത് ഇന്ത്യയെയും ഉല്‍ക്കണ്ഠപ്പെടുത്തേണ്ടതാണ്. എന്നാല്‍, ഇതേക്കുറിച്ച് ഒരു അക്ഷരംകൊണ്ടുപോലും പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശമന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. ഏഷ്യന്‍മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളെ നിരീക്ഷിക്കുന്നതിനും അവ അമേരിക്കയ്ക്ക് പ്രതികൂലമാവാതിരിക്കാനുള്ള ഇടപെടലുകള്‍ നടത്തുന്നതിനുമാണ് പുതിയ ചാര ഏജന്‍സി രൂപപ്പെടുത്തുന്നത് എന്ന് പെന്റഗണ്‍ സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ നേരിട്ട് ഇടപെടുമെന്ന ധാര്‍ഷ്ട്യംനിറഞ്ഞ സ്വരമാണിതിലുള്ളത്. എന്നാല്‍, പെന്റഗണിന്റെ ഈ ഭീഷണി കേട്ട മട്ടേയില്ല യുപിഎ ഭരണത്തിന്!