Thursday, April 19, 2012

കുടിവെള്ള മാഫിയായെ സര്‍ക്കാരിനു ഭയമാണോ?

നമ്മുടെ നാട്ടില്‍ എന്തും നടക്കുമെന്ന സ്ഥിതിയായിരിക്കുന്നു. കുടിവെള്ളമെന്ന ലേബലില്‍ മലിനജലം വിതരണം ചെയ്തു കാലങ്ങളായി കോടികള്‍ കൊയ്യുന്നവരെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കും. കൊച്ചിയും തിരുവനന്തപുരവും അടക്കം സംസ്ഥാനത്തെ മഹാനഗരങ്ങളില്‍ നിന്നാണ് വാര്‍ത്തകള്‍ വന്നതെങ്കിലും ഇത് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും നടന്നുവരുന്നുവെന്നു വിശ്വസിക്കാന്‍ കാരണങ്ങളേറെയുണ്ട്,

പെരിയാറില്‍ നിന്ന് വലിയകുഴലുകള്‍ വഴി വെള്ളം ടാങ്കര്‍ ലോറികളില്‍ നിറക്കുന്നതും ആ വെള്ളം വന്‍കിട ഹോട്ടലുകളിലും ഫ്ളാറ്റുകളിലും ശുദ്ധജലമെന്ന വ്യാജേന എത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ തന്നെ ഒരു സ്വകാര്യ വാര്‍ത്താചാനല്‍ കേരളത്തെ കാണിക്കുകയുണ്ടായി. പുഴയില്‍ നിന്ന് യാതൊരു ശുദ്ധീകരണവും ഇല്ലാതെ എടുത്തു വിതരണം ചെയ്യുന്ന ഈ വെള്ളത്തില്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരകവിഷാംശങ്ങള്‍ അടങ്ങിയതായി വാര്‍ത്തകള്‍ പറയുന്നു. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നു പെറ്റുപെരുകുന്ന ക്ളോറോഫോം ബാക്ടീരിയ അനുവദനീയമായതിന്റെ എത്രയോ ഇരട്ടിയാണ് ഈ 'ശുദ്ധജല'ത്തില്‍ അടങ്ങിയിരിക്കുന്നത്!

സംസ്ഥാനത്തിന്റെ പലഭാഗത്തും മഞ്ഞപ്പിത്തവും മറ്റ് പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്നതില്‍ ജലമാഫിയയുടെ പങ്ക് അന്വേഷിക്കപ്പെടേണ്ടതാണ്. വരള്‍ച്ചാ മാസങ്ങളില്‍ പഞ്ചായത്തുകള്‍ തോറും വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരവും സംശയാസ്പദമാണ്. 'നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേട് ആ പണം മാറ്റിക്കൊള്ളു'മെന്ന പഴഞ്ചൊല്ല് മാഫിയാകള്‍ വാഴുന്ന പുതിയ കാലത്തിന്റെ വിശ്വാസ പ്രമാണമായി മാറുകയാണോ? വിഷമയമായ മലിനജലം കുടിപ്പിച്ച് ജനങ്ങളെ കൊല്ലാക്കൊല ചെയ്യാനും ഇക്കൂട്ടര്‍ മടിക്കില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.

ശുദ്ധമായ കുടിവെള്ളം മനുഷ്യന്റെ പ്രാഥമികാവകാശമാണെന്ന് ലോകമാകെ അംഗീകരിച്ചതാണ്. പ്ളാനിംഗ് കമ്മിഷന്‍ രൂപം നല്‍കിയ ദേശീയ ജലനയത്തിലും ഇക്കാര്യം പ്രസ്താവിക്കുന്നുണ്ട് കുടിവെള്ള വിതരണം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കണമെന്ന കമ്പോള ചങ്ങാത്തവാദമാണ് ദേശീയ ജലനയത്തിന്റെ മുഖമുദ്ര. സ്വകാര്യ മേഖല കുടിവെള്ള വിതരണരംഗത്ത് ആധിപത്യം നേടിയാല്‍ എന്തൊക്കെ സംഭവിക്കുമെന്നതിന്റെ ആദ്യത്തെ തെളിവുകളാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ അനാവൃതമായത്. ഇത്തരം ഭീകരമായ ജനദ്രോഹവും പകല്‍ക്കൊള്ളയും നടന്നപ്പോള്‍ ഗവണ്‍മെന്റും അധികൃതരും എന്തുചെയ്യുകയായിരുന്നു? കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ കാട്ടരുവികള്‍വരെ റിസോര്‍ട്ട് ഉടമകള്‍ക്കു 99 കൊല്ലത്തേക്കു പാട്ടത്തിനു കൊടുക്കാന്‍ കേരളത്തിലെ ഒരു പഞ്ചായത്തിന് ധൈര്യം വന്നതെങ്ങനെയാണ്? പണമുള്ളവര്‍ എന്തൊക്കെ പെരുംകൊള്ള നടത്തിയാലും അതിനുമുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കണമെന്നനുശാസിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക നയം തന്നെയാണ് ഇവിടെയും പ്രതിക്കൂട്ടില്‍. അതിന്റെ തണലിലാണ് ജലമാഫിയ കേരളത്തില്‍ അഴിഞ്ഞാടിയത്.

ജലവിതരണ ലോറികള്‍ക്ക് നീല പെയിന്റ് അടിക്കുമെന്നും സ്രോതസുകളില്‍ പരിശോധന നടത്തുമെന്നും കര്‍ശനമായി നേരിടുമെന്നും ഉള്ള മന്ത്രിതല പ്രസ്താവനകള്‍ പതിവുപോലെ ഉണ്ടായിട്ടുണ്ട്. ജല മാഫിയായിലെ കൊള്ളക്കാര്‍ അതുകണ്ട് ഊറിച്ചിരിക്കുന്നുണ്ടാകും. ഏതാനും ദിവസം കഴിയുമ്പോള്‍ സര്‍ക്കാര്‍ പുതിയ കാര്യങ്ങളില്‍ പ്രസ്താവന ഇറക്കുമെന്നും തങ്ങളുടെ കൊള്ള പൂര്‍വാധികം ഭംഗിയായി തുടരാമെന്നും അവര്‍ കണക്കുകൂട്ടുന്നുണ്ടാകും. ആ കണക്കു കൂട്ടല്‍ തെറ്റാണെന്നു തെളിയിക്കാന്‍ സര്‍ക്കാരിന് തന്റേടമുണ്ടോ എന്നറിയാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം 18 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നമ്മുടെ നാട്ടില്‍ എന്തും നടക്കുമെന്ന സ്ഥിതിയായിരിക്കുന്നു. കുടിവെള്ളമെന്ന ലേബലില്‍ മലിനജലം വിതരണം ചെയ്തു കാലങ്ങളായി കോടികള്‍ കൊയ്യുന്നവരെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കും. കൊച്ചിയും തിരുവനന്തപുരവും അടക്കം സംസ്ഥാനത്തെ മഹാനഗരങ്ങളില്‍ നിന്നാണ് വാര്‍ത്തകള്‍ വന്നതെങ്കിലും ഇത് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും നടന്നുവരുന്നുവെന്നു വിശ്വസിക്കാന്‍ കാരണങ്ങളേറെയുണ്ട്,