Thursday, April 12, 2012

കണ്ണീരും ചോരയും വാര്‍ന്ന പ്രവാസി ജീവിതത്തില്‍നിന്ന് ഒരേട്

ബെന്യാമിന്റെ ആടുജീവിതം സാഹിത്യാസ്വാദകരെ ഞെട്ടിച്ച കൃതിയാണ്. വിദേശ രാജ്യങ്ങളിലെ അസഹനീയമായ കാഴ്ചകളാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്. നാം അനുഭവിക്കാത്ത യാതനകളും ജീവിതവും നമുക്ക് കാട്ടിത്തരികയാണ് ബെന്യാമിന്‍. ഈ നോവല്‍ വായിക്കുന്ന ഏതൊരു മനുഷ്യന്റെ ഹൃദയവും തേങ്ങിപ്പോവും, ഒരു തുള്ളി അശ്രു പൊഴിഞ്ഞുപോവും അത്രയ്ക്കും വികാരഭേദങ്ങളോടുകൂടിയ സൃഷ്ടിയാണ് "ആടുജീവിതം". നമ്മള്‍ വായിച്ചുരസിച്ച കുട്ടിക്കഥകളില്‍ നിന്നും മുത്തശ്ശിക്കഥകളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഈ നോവല്‍. സാഹിത്യ നായകര്‍ അവരുടെ സങ്കല്‍പലോകം തുറന്ന് അതിമനോഹരമായ കാഴ്ചകളും ദയനീയതയും എല്ലാം അവരുടെ നോവലില്‍ എത്തിക്കുമ്പോള്‍ ബെന്യാമിന്റെ ആടുജീവിതം ഒരു മനുഷ്യന്റെ കഷ്ടപ്പാടുകളുടെയും ദയനീയതയുടെയും അയാള്‍ അനുഭവിച്ച യാതനകളുടെയും നേര്‍ക്കാഴ്ചയാണ്.

ഒരു മനുഷ്യന്‍ സ്വയം ജയിലില്‍ പോകാന്‍ ശ്രമിക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ, അപ്പോള്‍ അയാള്‍ അയാളുടെ ജീവിതത്തില്‍ എത്ര യാതനകള്‍ സഹിച്ചിട്ടുണ്ടാവും. വാക്കു കൊണ്ടും അര്‍ഥം കൊണ്ടുമെല്ലാം ബെന്യാമിന്‍ ഈ നോവലിന് മോടി കൂട്ടുന്നുണ്ട്. പ്രകൃതിയും ജീവജാലങ്ങളും മനുഷ്യരെപ്പോലെതന്നെ ഈ നോവലില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മഴയുടെ ശബ്ദവും കാറ്റിന്റെ ഇരമ്പലും അതിമനോഹരമായി വര്‍ണിച്ചിരിക്കുന്നു. ആടുകളുടെ കരച്ചിലും മസറയുടെ ദുര്‍ഗന്ധവും മരുഭൂമിയുടെ സൗന്ദര്യവും മണല്‍പ്പരപ്പിന്റെ പൊള്ളുന്ന ചൂടും തീക്ഷ്ണമായി അലയടിച്ചുകൊണ്ടിരിക്കുകയാണ്. മണല്‍പ്പരപ്പിന്റെ ചൂടിലൂടെ ദാഹിച്ചു തൊണ്ട പൊട്ടി അലയുന്ന മനുഷ്യന്റെ ദീനവിലാപം, അറബിയുടെ ക്രൂരത ഇവ മനുഷ്യമനസ്സുകളില്‍ ആഴ്ന്നിറങ്ങുകയാണ്.

മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കാത്ത കഠിനഹൃദയരായ ആളുകള്‍പോലും നജീബിന്റെ അവസ്ഥ കണ്ട് കരഞ്ഞുപോകും, അയാള്‍ക്കുവേണ്ടി ഒന്നു കൈകൂപ്പിപ്പോകും. ഏതൊരു മലയാളിയെയും പോലെ ഒരു വലിയ ഭരണിയില്‍ നിറച്ച കിനാവുകളുമായാണ് നജീബും വിമാനം കയറിയത്. ടിവി, ഫ്രിഡ്ജ്, പൈസ, ഉടുപ്പ് എന്നിങ്ങനെ സ്വപ്നത്തിന്റെ കൂടാരം തീര്‍ക്കുകയായിരുന്നു നജീബ്. അറബ് രാജ്യത്തിലെ മണല്‍ത്തരിയില്‍ കാലുകുത്തിയപ്പോള്‍ അയാള്‍ അറിഞ്ഞിട്ടുണ്ടാവില്ല, ഒരു തീക്കനലിന്റെ പൊള്ളുന്ന രൗദ്രതയിലേക്കാണ് താന്‍ പോകുന്നതെന്ന്. തന്റെ അര്‍ബാബിനെയും കാത്ത് വിദൂരതയിലേക്ക് കണ്ണുംനട്ട് നജീബ് കാത്തിരുന്നു. കടത്തില്‍ നിന്ന് കരകയറാന്‍ ജീവിതം മുന്നോട്ടുനീക്കാന്‍ ഒരു മലയാളി കൂടി പ്രതീക്ഷയുടെ ചാക്ക് കെട്ടാന്‍ തുടങ്ങിയിരിക്കുന്നു.

ഏറെനേരം കാത്തിരുന്നിട്ടും അര്‍ബാബ് വന്നില്ല. ഒരു മുശടന്‍ ഗന്ധമുള്ള കുപ്പായം ഇട്ട് ഒരു കാപ്പിരി എത്തി എന്തൊക്കെയോ വിളിച്ചുപറയുകയും ശകാരത്തിന്റെ പടക്കത്തിന് തിരി കൊളുത്തുകയും ചെയ്തിരിക്കുന്നു. അതായിരുന്നു നജീബിന്റെ അര്‍ബാബ്. കാലന്‍ കയര്‍ കുരുക്കിക്കഴിഞ്ഞു. മസറയിലെ ജീവിതം വിശദീകരിക്കാന്‍ കഴിയാത്തത്രവിധം ഘോരവും ഭയവും നിറഞ്ഞതായിരുന്നു. അവിടെ വച്ചു കണ്ട ആ ഭീകരരൂപി... ജട പിടിച്ച മുടിയും ഒരു മുശടന്‍ ഗന്ധവും ഭിക്ഷക്കാരനെക്കാളും മോശമായ കോലവും ഉള്ളൊരാള്‍. ആ ചിരിയുടെ അര്‍ഥം അയാള്‍ക്ക് മനസ്സിലായില്ലെങ്കിലും അതില്‍ പുച്ഛമുണ്ടെന്നും സഹതാപമുണ്ടെന്നും ദേഷ്യമുണ്ടെന്നും സങ്കടമുണ്ടെന്നും അയാള്‍ തിരിച്ചറിഞ്ഞു. തന്റെ കരുണ കാട്ടാത്ത ജീവിതത്തെക്കുറിച്ചോര്‍ത്തുള്ള തേങ്ങലായിരുന്നു അത്. കാലത്തിന്റെ യാത്രയ്ക്കൊടുവില്‍ താനും മറ്റൊരു ഭീകരരൂപിയാവുന്നത്അയാള്‍ തിരിച്ചറിഞ്ഞു. തൂറിയിട്ട് ചന്തി കഴുകാതിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. അയാള്‍ക്ക് ഇത്തിരിയെങ്കിലും ആശ്വാസം നല്‍കിയത് അവിടുത്തെ ആടുകളായിരിക്കും. ഹക്കീമിന്റെയും അവസ്ഥ മറിച്ചായിരുന്നില്ല. അവര്‍ക്കൊക്കെ ഒരു രക്ഷകനായെത്തിയത് ഇബ്രാഹിം ഖാദരി ആയിരുന്നു.

വിജനമായ മണല്‍പ്പരപ്പില്‍ ആ മുശടന്റെ ക്രൂരതയില്‍നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിലാണ് പിന്നെ. ഈ ഓട്ടത്തിനിടയില്‍ ഒരു തുള്ളി വെള്ളം കിട്ടാതെ മരിച്ച ഹക്കിമിന്റെ ശരീരം ആ മണലില്‍ വെന്തു വിറങ്ങലിച്ച് എല്ലുപൊടിയായി കിടക്കുന്നുണ്ടാവും. ഒരു മിന്നാമിനുങ്ങുപോലെ വന്ന ഖാദരി ഒരു രാവില്‍ അസ്തമിച്ചതെങ്ങനെ? തെരുവിലൂടെ ഏകാന്തനായി അലഞ്ഞ നബീബിനെ കുഞ്ഞിക്കാ എന്ന ആ നല്ല മനുഷ്യന്‍ കണ്ടില്ലായിരുന്നെങ്കില്‍ ജയിലില്‍ വച്ച് അര്‍ബാബ് അയാളെ വിട്ടില്ലായിരുന്നെങ്കില്‍. ആയിരം നിര്‍ഭാഗ്യ ജീവിതങ്ങളുടെ വിലാപം താണ്ടിവന്ന അയാള്‍ക്കു വീണ്ടും ആ കുരുതിയിലേക്ക് മടങ്ങേണ്ടിവരുമായിരുന്നു. വിധിയുടെ തേരോട്ടക്കളി ഇനിയും അവസാനിക്കുന്നില്ല. തന്റെ വിസക്കാരനല്ല എന്ന് അര്‍ബാബ് പറഞ്ഞത് ഒരു മൂര്‍ച്ചയുള്ള സത്യമാണോ?

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉത്തരമില്ലാത്ത ജീവിതം നയിച്ച ആ മനുഷ്യന്റെ മനസില്‍ വറ്റാതെകിടക്കുന്നുണ്ടാവാം. ആവശ്യങ്ങളാണ് ഓരോ മനുഷ്യനും ജീവിക്കാനുള്ള തന്റേടം നല്‍കുന്നത് എന്ന് ഞാന്‍ തിരിച്ചറിയുന്നു. പൂര്‍ത്തിയാവാത്ത ഒരു പിടി ആഗ്രഹങ്ങള്‍ താക്കോല്‍ കാണാതായ പെട്ടിയില്‍ പൂട്ടിവച്ച പോലെ പലരും അടച്ചുവയ്ക്കുന്നുണ്ട്. തന്റെ കുടുംബം, വളര്‍ന്നുവരുന്ന തന്റെ മകന്‍ എന്നിവയെല്ലാം ഓര്‍ത്തുകൊണ്ടായിരിക്കാം ജീവിക്കേണ്ടത് തന്റെ ആവശ്യമാണെന്ന് മനസിലാക്കിയത് കൊണ്ടായിരിക്കാം ഇത്രയും യാതനകള്‍ സഹിച്ച് അയാള്‍ ജീവിതത്തിനോട് പൊരുതിയത്. ഒരു ചോരവാര്‍ന്ന ജീവിതത്തിന്റെ വികാരങ്ങളാണ് ഈ നോവല്‍. നജീബിന്റെ മാത്രമല്ല പ്രവാസി മലയാളികളുടെ ചോര വാര്‍ന്ന ജീവിതത്തെയാണ് ഇവിടെ വര്‍ണിക്കുന്നത്. ഒരുപാട് സ്വപ്നം കണ്ട് അക്കരെ പോവുന്ന പ്രവാസി മലയാളികളില്‍ പലരും നജീബിനെപ്പോലെ വേദന അനുഭവിച്ചവരാണ്. മണല്‍ത്തരിയില്‍ ദാഹിച്ചു മരിച്ചവരാണ്. ലോകത്തുള്ള എല്ലാവരും വായിക്കേണ്ട ഒരു കൃതിയാണ് ബെന്യാമിന്റെ ആടുജീവിതം. ആരുമറിയാതെ പോയ ആ മനുഷ്യന്റെ കഥ മലയാളികളോടു പറഞ്ഞ ബെന്യാമിന് ഒരായിരം നന്ദി.

*
ശീതള്‍ സന്തോഷ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ബെന്യാമിന്റെ ആടുജീവിതം സാഹിത്യാസ്വാദകരെ ഞെട്ടിച്ച കൃതിയാണ്. വിദേശ രാജ്യങ്ങളിലെ അസഹനീയമായ കാഴ്ചകളാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്. നാം അനുഭവിക്കാത്ത യാതനകളും ജീവിതവും നമുക്ക് കാട്ടിത്തരികയാണ് ബെന്യാമിന്‍. ഈ നോവല്‍ വായിക്കുന്ന ഏതൊരു മനുഷ്യന്റെ ഹൃദയവും തേങ്ങിപ്പോവും, ഒരു തുള്ളി അശ്രു പൊഴിഞ്ഞുപോവും അത്രയ്ക്കും വികാരഭേദങ്ങളോടുകൂടിയ സൃഷ്ടിയാണ് "ആടുജീവിതം". നമ്മള്‍ വായിച്ചുരസിച്ച കുട്ടിക്കഥകളില്‍ നിന്നും മുത്തശ്ശിക്കഥകളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഈ നോവല്‍. സാഹിത്യ നായകര്‍ അവരുടെ സങ്കല്‍പലോകം തുറന്ന് അതിമനോഹരമായ കാഴ്ചകളും ദയനീയതയും എല്ലാം അവരുടെ നോവലില്‍ എത്തിക്കുമ്പോള്‍ ബെന്യാമിന്റെ ആടുജീവിതം ഒരു മനുഷ്യന്റെ കഷ്ടപ്പാടുകളുടെയും ദയനീയതയുടെയും അയാള്‍ അനുഭവിച്ച യാതനകളുടെയും നേര്‍ക്കാഴ്ചയാണ്.

haneef kalampara said...

ഈ പരിജയപ്പെടുത്തലിനു ആയിരം നന്ദി......