Wednesday, March 14, 2012

കര്‍ഷകത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

ജാതി-മതശക്തികളുടെ പിന്‍ബലത്തോടെ അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങളുടെ പിന്‍പറ്റി ജനജീവിതം ദുഃസഹമാക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് അടിത്തറയായി നില്‍ക്കുന്ന ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ പ്രഖ്യാപിച്ചു. പൊതുമേഖലയെ തകര്‍ക്കുന്നതിന് ഉതകുന്ന പൊതു-സ്വകാര്യപങ്കാളിത്തം എന്ന നയം നടപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ കര്‍ഷക ആത്മഹത്യ നിത്യസംഭവമായിരുന്നു. എന്നാല്‍ , പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന് അറുതി വരുത്തി. ആത്മഹത്യചെയ്ത കര്‍ഷകന്റെ കുടുംബത്തിന് 50,000 രൂപവീതം നല്‍കുകയും കാര്‍ഷികകടങ്ങള്‍ എഴുതി തള്ളുകയും ചെയ്തു.

ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ക്ക് പ്രതിമാസപെന്‍ഷന്‍ ഏര്‍പ്പെടുത്തി. തരിശുനിലങ്ങളില്‍ കൃഷിയിറക്കാന്‍ എല്ലാ പ്രോത്സാഹനവും നല്‍കി. നെല്ലു സംഭരണവില പരമാവധി ഉയര്‍ത്തി. പലിശരഹിത വായ്പ നല്‍കുകയും രാസവള സബ്സിഡി ഏര്‍പ്പെടുത്തുകയും ചെയ്തതുവഴി പുതുതായി 60,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍ക്കൃഷി ആരംഭിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ കര്‍ഷക ആത്മഹത്യകളും സാധാരണയായി. 46 കര്‍ഷകരാണ് ഇതുവരെ ആത്മഹത്യചെയ്തത്. പാവപ്പെട്ടവര്‍ക്ക് അത്താണിയായ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുംവിധം സിബിഎസ്ഇ സ്കൂളുകള്‍ എവിടെയും തുടങ്ങാം എന്ന സ്ഥിതിയും ഉണ്ടാക്കിയിരിക്കുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അട്ടിമറിച്ചു. അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി ഉപേക്ഷിച്ചു. അസംഘടിതമേഖലയിലെ സ്ത്രീകള്‍ക്കുള്ള പ്രസവാനുകൂല്യം വേണ്ടെന്നുവച്ചു. മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയും ഇല്ലാതാക്കി. നവജാത ശിശുക്കളുടെ പേരില്‍ 10,000 രൂപ നിക്ഷേപിക്കുന്ന പദ്ധതി ഉപേക്ഷിച്ചു. ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയാക്കി. പത്തരലക്ഷത്തോളം വരുന്ന പാവപ്പെട്ട ജനങ്ങള്‍ക്കാണ് ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയത്. ഇ എം എസ് ഭവനപദ്ധതി അട്ടിമറിച്ചു.കുടുംബശ്രീയെ തകര്‍ക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് വമ്പിച്ച പ്രക്ഷോഭ പരിപാടികള്‍ക്ക് കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി മാര്‍ച്ച് 15ന് സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റിലേക്കും മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തുക, പട്ടികജാതി-വര്‍ഗ വകുപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുക, ബിപിഎല്‍ -എപിഎല്‍ വ്യത്യാസമില്ലാതെ റേഷന്‍വിതരണം ചെയ്യുക, തൊഴിലുറപ്പു പദ്ധതി 200 ദിവസമാക്കുക, വേതനം 200 രൂപയാക്കി വര്‍ധിപ്പിക്കുക, നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുക, തെങ്ങുകയറ്റ തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പദ്ധതി കാര്യക്ഷമമാക്കുക, ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തൊളിലാളികള്‍ മുന്നോട്ട് വയ്ക്കുന്നത്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി രൂപീകരിച്ചത് നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നവര്‍ പിരിയുമ്പോള്‍ 25,000 രൂപയാണ് അന്ന് ലഭിച്ചിരുന്നത്. ഇതിന് കാലോചിതമായി മാറ്റം വരുത്തി 75,000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ആവശ്യപ്പെടുന്നത്. തൊഴിലാളികളുടെ അംശാദായം 10 രൂപയായി വര്‍ധിപ്പിച്ചിട്ടും ആനുകൂല്യങ്ങളില്‍ വര്‍ധന വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചത്. അതിവര്‍ഷാനുകൂല്യം കുടിശ്ശിക നല്‍കാന്‍ 114.9 കോടി രൂപ അനുവദിക്കുകയുണ്ടായി. എന്നാല്‍ , ഇന്ന് ചികിത്സാ സഹായവും വിവാഹസഹായവും പ്രസവാനുകൂല്യവും തുടങ്ങി വിദ്യാഭ്യാസ സഹായംവരെ കുടിശ്ശികയാണ്. ഇത് കൊടുത്തു തീര്‍ക്കുന്നതിന് 100 കോടി രൂപ അനുവദിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണം. ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 400 രൂപയായി വര്‍ധിപ്പിച്ചതും കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരാണ്. ഈ സര്‍ക്കാരാകട്ടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല ഇപ്പോള്‍ ഏഴു മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ പെന്‍ഷന്‍ തുക 1000 രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം കര്‍ഷകത്തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നു. പട്ടികജാതി വിഭാഗങ്ങളുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാന്‍ ഇടതുസര്‍ക്കാര്‍ നടപടി കൈക്കൊണ്ടു. പ്ലാന്‍ഫണ്ട് ചെലവഴിക്കുന്ന കാര്യത്തില്‍ സര്‍വകാല റെക്കോഡാണ് എല്‍ഡിഎഫ് ഭരണകാലത്തുണ്ടായത്. വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യം കൃത്യമായി വിതരണം ചെയ്യുന്നതിനും അവ വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചു. ഇങ്ങനെ പാവങ്ങളുടെ കണ്ണീരൊപ്പാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ പദ്ധതികളും യുഡിഎഫ് തകര്‍ക്കുകയാണ്. ആദിവാസികള്‍ക്കുള്ള സമഗ്ര ആരോഗ്യപദ്ധതി അട്ടിമറിക്കപ്പെടുന്നു. ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നതിനു പുറമെ ചില ജനവിഭാഗങ്ങളെ അത്തരം ലിസ്റ്റില്‍നിന്ന് നീക്കുന്നതിനുള്ള ഗൂഢാലോചനകളാണ് നടക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ ദേശീയതൊഴിലുറപ്പുപദ്ധതി നടപ്പാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ഇടപെടല്‍ നടത്തി. എന്നാല്‍ , ഈ പദ്ധതിയും അട്ടിമറിക്കുന്ന നടപടിയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തൊഴിലാളികള്‍ക്ക് വര്‍ഷം കുറഞ്ഞത് 200 തൊഴില്‍ ദിനമെങ്കിലും ലഭ്യമാക്കണം. വേതനം 200 രൂപയാക്കി വര്‍ധിപ്പിക്കണം. അതിനുള്ള ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്.

ഭൂമാഫിയകളുടെ നീക്കത്തിനെതിരെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് ഉതകുന്ന നിയമം എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നു. എന്നാല്‍ നിലംനികത്തല്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നുണ്ട്. നികത്തിയ നിലത്തിന് മുന്‍കാല പ്രാബ്യലത്തോടെ നിയമസംരക്ഷണം നല്‍കുമെന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന ആശങ്കപ്പെടുത്തുന്നതാണ്. ഇത് അംഗീകരിക്കാനാകില്ല. നെല്‍വയല്‍ സംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. തെങ്ങ്-മരം കയറ്റ തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് ഒരുലക്ഷത്തില്‍നിന്ന് മൂന്നുലക്ഷം രൂപയായി ഉയര്‍ത്തണം. അതിന് അനുബന്ധമായി ഇതര അപകട ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണം. ഇന്‍ഷുറന്‍സ് പ്രീമിയം തദ്ദേശസ്ഥാപനങ്ങള്‍ മുഖേനയാണ് അടച്ചുകൊണ്ടിരിക്കുന്നത്. യഥാസമയം പ്രീമിയം അടയ്ക്കാതെ വരുന്ന ഇടവേളകളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരമോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ലഭിക്കുന്നില്ല. ഇതിനൊക്കെ ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ട്. അതോടൊപ്പം ഈ തൊഴിലിലേക്കു പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ ഉതകുന്ന സേവനവേതന വ്യവസ്ഥയുണ്ടാകണം.

ആയാസകരവും അപകടം നിറഞ്ഞതുമായ ഈ തൊഴിലില്‍ യന്ത്രവല്‍ക്കരണം നടപ്പാക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ചെലവില്‍ യന്ത്രം നല്‍കുകയും പരിശീലനം നല്‍കുകയും വേണം. ഇതൊക്കെ കേരളത്തിലെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ഒഴിവാക്കാനാകാത്ത കാര്യങ്ങളാണ്. സര്‍വരംഗത്തും അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഈ കാര്യങ്ങള്‍ ഒന്നും വിഷയമല്ലായിരിക്കാം. എന്നാല്‍ , നാടിനെ സ്നേഹിക്കുന്ന ജനങ്ങളെല്ലാം ഈ മുദ്രാവാക്യങ്ങളെ അനുകൂലിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളെ സംരക്ഷിക്കുക എന്നത് നാടിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമാണ്. അതോടൊപ്പം പൊതുവായ താല്‍പ്പര്യങ്ങള്‍കൂടി മുന്നോട്ട് വച്ച് കര്‍ഷകത്തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് എല്ലാവിധ പിന്തുണയും അഭ്യര്‍ഥിക്കുന്നു.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 14 മാര്‍ച്ച് 2012

No comments: